ജെക്കോബി
പഹല്‍ഗാം ഭീകരാക്രമണത്തിനും പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന് സിന്ദൂര്‍’ മിസൈലാക്രമണങ്ങള്‍ക്കുമിടയില്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ജാതി സെന്‍സസ് നടത്താനുള്ള മോദി സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തെ ആനുകാലിക രാഷ് ട്രീയ സന്ദര്‍ഭത്തില്‍ ചേരുംപടി ചേര്‍ക്കുക ദുഷ്കരമാണ്. എങ്കിലും, പതിറ്റാണ്ടുകള്‍ നീണ്ട ചെറുത്തുനില്‍പ്പിനൊടുവില്‍ ബിജെപി ജാതിസംവരണ രാഷ് ട്രീയത്തിനു വഴങ്ങുന്നു എന്ന മഹാദ്ഭുതത്തിനൊപ്പം, രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക, കീഴാള ജനസമൂഹങ്ങളുടെ പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തുന്ന ജാതികണക്കെടുപ്പിനൊടുവില് സാമൂഹികനീതിയുടെ കാചത്തിലൂടെ രാഷ് ട്രം എങ്ങനെ പുനര്സങ്കല്പ്പിക്കപ്പെടും എന്ന സ്വപ്നദര്‍ശനവും ഈ സന്ദിഷ്ടചരിതത്തില് ഇടകലരുന്നുണ്ട്.
ലോക്സഭയില്‍ 2023-ല്‍ രാഹുല്‍ ഗാന്ധി ജാതി സെന്‍സസിന്റെ ആവശ്യം ഉന്നയിച്ചപ്പോള്‍ പ്രധാനമന്ത്രി മോദി പറഞ്ഞത്, ‘വനിതകള്‍, യുവജനങ്ങള്‍, കര്‍ഷകര്‍, ദരിദ്രര്‍’ എന്നിങ്ങനെ നാലു ജാതികളെ മാത്രമാണ് താന്‍ രാജ്യത്ത് കാണുന്നതെന്നാണ്. കഴിഞ്ഞ വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ജാതി സെന്‍സസിനെക്കുറിച്ച് എഴുതിയത് ആ പാര്‍ട്ടിയുടെ ‘അര്‍ബന്‍ നക്സല്‍’ ചിന്താഗതിയുടെ പ്രതിഫലനമാണെന്നാണ് മോദി ആരോപിച്ചത്. ബിജെപിക്ക് ലോക്സഭയില്‍ നാനൂറിലേറെ സീറ്റ് ഉറപ്പിക്കാന്‍ പ്രധാനമന്ത്രിയും കൂട്ടരും ആഹ്വാനം ചെയ്തത് ദലിതരുടെയും ആദിവാസികളുടെയും പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെയും സംവരണാനുകൂല്യങ്ങള്‍ അട്ടിമറിക്കാനായി ഭരണഘടന മാറ്റിയെഴുതാനാണെന്ന പ്രതിപക്ഷ ആഖ്യാനമാണ് ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്തതിന് കാരണമെന്ന വിലയിരുത്തലുണ്ടായി.
മുപ്പത്തഞ്ചു കൊല്ലം മുന്‍പ്, 1990-ല്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് 27 ശതമാനം സംവരണം ശുപാര്‍ശ ചെയ്ത മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ട് വി.പി സിങ് സര്‍ക്കാര്‍ അംഗീകരിച്ചതിനെതിരെ ഹിന്ദുത്വ രാഷ് ട്രീയ പ്രക്ഷോഭത്തിന് ശംഖനാദം മുഴക്കിയാണ് എല്‍.കെ അദ്വാനി അയോധ്യ രാംജന്മഭൂമി രഥയാത്ര ആരംഭിച്ചത്. ജാതിവിഭജനത്തിന്റെ സംവരണ രാഷ് ട്രീയം ഹൈന്ദവ ഏകീകരണ സംരംഭത്തില്‍ വിള്ളലുണ്ടാക്കും എന്ന ഭയം മണ്ഡല്‍വിരുദ്ധ മന്ദിര്‍ രാഷ്ട്രീയ സംഘര്‍ഷത്തെ ഉത്തേജിപ്പിച്ചു. 1990കളില്‍ ബിഹാറിലും ഉത്തര്‍പ്രദേശിലും ഒബിസി, ദലിത് വിഭാഗങ്ങളുടെ പിന്തുണയോടെ കീഴാളരുടെ പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ പാര്‍ട്ടികളെ അധികാരത്തില്‍ നിന്ന് താഴെയിറക്കി. സവര്‍ണ ഹിന്ദുക്കള്‍ക്കു പുറമെ ചില പിന്നാക്ക വിഭാഗങ്ങളെ കൂടി കൂട്ടുപിടിച്ചുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 2014നുശേഷം വീണ്ടും ആധിപത്യം ഉറപ്പിക്കാനായത്. പിന്നാക്ക ജാതിരാഷ് ട്രീയത്തിന്റെ നെടുങ്കോട്ടയായ ബിഹാറില്‍ സോഷ്യലിസ്റ്റ് നേതാവ് നിതീഷ് കുമാര്‍ നയിച്ച ജനതാദള്‍ (യു)-ആര്‍ജെഡി-കോണ്‍ഗ്രസ് മഹാഗഢ്ബന്ധന് സര്‍ക്കാര്‍ രാജ്യത്ത് ആദ്യമായി ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ ബിജെപി കോടതിയില്‍ പോയി.
ബിഹാറിലെ 2023-ലെ ജാതി സെന്‍സസ് ആ സംസ്ഥാനത്തെ ജനസംഖ്യാപരമായ ഭൂമികയുടെ യഥാര്‍ഥ ചിത്രം വെളിപ്പെടുത്തി. സംസ്ഥാനത്തെ ജനസംഖ്യയുടെ 63 ശതമാനം ഒബിസി, അതിപിന്നാക്ക വിഭാഗങ്ങളാണെന്നും, അതില്‍ 36.01 ശതമാനവും അതിപിന്നാക്ക വിഭാഗമാണെന്നും തെളിഞ്ഞു. സംസ്ഥാനത്ത് 15.5 ശതമാനം വരുന്ന വരേണ്യ വിഭാഗം, 84 ശതമാനം വരുന്ന പാര്‍ശ്വവത്കൃത സമുദായങ്ങളുടെമേല്‍ ആധിപത്യം പുലര്‍ത്തുന്നു. സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും ജനസംഖ്യാനുപാതികമായി അവകാശപ്പെട്ട അധികാര പങ്കാളിത്തം, ജനായത്ത പ്രാതിനിധ്യം, വികസനവിഹിതം, സാമൂഹികനീതി എന്നിവയുടെ നിജസ്ഥിതി വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനുള്ള അടിസ്ഥാനരേഖയായി ജാതി സെന്‍സസ് ഡേറ്റ മാറുന്ന ചിത്രമാണ് ബിഹാറില്‍ കണ്ടത്.
രാഹുല്‍ ഗാന്ധി തന്റെ ഭാരത് ജോഡോ യാത്രയില്‍, ദേശീയതലത്തില്‍ ജാതി സെന്‍സസ് എന്ന ആവശ്യം ഉയര്‍ത്തിയത് രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിന്റെ ഉണര്ത്തുപാട്ടാവുകയായിരുന്നു. പട്നയില്‍ ദേശീയ പ്രതിപക്ഷ കക്ഷിനേതാക്കളുടെ ‘ഇന്ത്യാ സഖ്യ’ മഹാസമ്മേളനം വിളിച്ചുകൂട്ടിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പക്ഷേ, ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പേ മോദിക്കു പിന്തുണ പ്രഖ്യാപിച്ചു.
ബിഹാറില്‍ വരുന്ന ഒക്ടോബര്‍-നവംബര്‍ കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയതിനു പിറ്റേന്ന് പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച കേന്ദ്ര മന്ത്രിസഭയുടെ രാഷ് ട്രീയകാര്യ ഉപസമിതി അടുത്ത പൊതുസെന്‍സസിനൊപ്പം രാജ്യവ്യാപകമായി ജാതി സെന്‍സസ് (സാമുദായിക തലത്തില്‍ ജനസംഖ്യാ കണക്കെടുപ്പ്) നടത്താനും തീരുമാനിച്ചത്.
ബ്രിട്ടീഷ് കോളനിവാഴ്ചയില്‍ 1931 വരെയുള്ള സെന്‍സസില്‍ ജാതി തിരിച്ചുള്ള വിവരശേഖരണം നടന്നിരുന്നു. 1931-ലെ സെന്‍സസില്‍, അക്കാലത്ത് അധഃകൃതര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവര്‍ ഒഴികെ 4,147 ജാതിക്കാരെ രേഖപ്പെടുത്തിയിരുന്നു. ആന്ത്രോപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 6,325 ജാതികളെ വേര്‍തിരിച്ചു കണ്ടു. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി ജാതി സെന്‍സസ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി, തിരഞ്ഞെടുപ്പ് മണ്ഡലം എന്നിവയുടെ കാര്യത്തില്‍ സാമൂഹിക നീതി നടപ്പാക്കുന്നതിന് ജാതിതിരിച്ചുള്ള കൃത്യമായ കണക്ക് എടുത്തിരിക്കണമെന്ന് ഇന്ത്യന്‍ ഭരണഘടന നിഷ്കര്‍ഷിക്കുന്നുണ്ട്. ഒബിസി സംവരണം സംബന്ധിച്ച 1992-ലെ ഇന്ദ്ര സാഹ്നി കേസില്‍ സുപ്രീം കോടതി, സംവരണത്തില്‍ കൂടുതല്‍ ഭാവാത്മക നടപടികള്‍ക്ക് ജാതി സംബന്ധിച്ച സ്ഥിതിവിവരകണക്കുകളുടെ (ക്വാണ്ടിഫയബിള്‍ ഡേറ്റ) ആവശ്യകത എടുത്തുപറഞ്ഞിരുന്നു. ബ്രിട്ടീഷ് കാലത്തെ അവസാനത്തെ ജാതി സെന്‍സസിലെ (1931) അടിസ്ഥാന വിവരങ്ങളെ ആധാരമാക്കിയ അനുമാനങ്ങള്‍ വച്ചാണ് മണ്ഡല് കമ്മിഷന് ഒബിസി സംവരണ ക്വാട്ട നിശ്ചയിച്ചത്!
1951 മുതല്‍ 2011 വരെ നടന്നിട്ടുള്ള ദശവര്‍ഷ സെന്‍സസില്‍ രാജ്യത്തെ പട്ടികജാതി, പട്ടികവര്‍ഗ സമൂഹങ്ങളെ സംബന്ധിച്ച ഡേറ്റ പ്രത്യേകം ശേഖരിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാപരമായി വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കുമായുള്ള സംവരണത്തിന് ഈ രണ്ടു വിഭാഗങ്ങള്‍ക്കൊപ്പം ഒബിസി വിഭാഗവും അര്‍ഹരാണെങ്കിലും അവരെ സമഗ്രമായ വിവരശേഖരണത്തില്‍ നിന്ന് ഒഴിവാക്കി.
പരിമിതമായി ലഭ്യമായ ഡാറ്റ ആഴത്തിലുള്ള അസന്തുലിതാവസ്ഥയാണ് വെളിപ്പെടുത്തുന്നത്. ജസ്റ്റിസ് ജി. രോഹിണി കമ്മിഷന് കേന്ദ്ര സര്‍ക്കാര്‍ നല്കിയ രേഖകളില്‍ പറയുന്നത്, ഒബിസിക്കാരുടെ വിദ്യാഭ്യാസ, സര്‍ക്കാര്‍ ഉദ്യോഗ സംവരണത്തിന്റെ 25 ശതമാനവും പത്ത് ഒബിസി വിഭാഗക്കാര്‍ കൈയടക്കിയിരിക്കുന്നുവെന്നാണ്. ഒബിസി വിഭാഗങ്ങളില്‍ നാലിലൊന്നു വരുന്നവര്‍ 97 ശതമാനം ആനുകൂല്യങ്ങളും സ്വന്തമാക്കിയിരിക്കുന്നു. ഒബിസി വിഭാഗങ്ങളില്‍ 38 ശതമാനം പേര്‍ക്ക് ആനുകൂല്യങ്ങളുടെ മൂന്നു ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ; 37 ശതമാനം വരുന്ന മറ്റുള്ളവര്‍ക്കാകട്ടെ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല.
ക്രീമി ലെയര്‍ കൃത്യമായി നിര്‍വചിക്കപ്പെടണം. പ്രബലരായ ഒബിസി വിഭാഗക്കാര്‍ ആനുകൂല്യങ്ങളില്‍ ആധിപത്യം നിലനിര്‍ത്തുന്നത് തടയാന്‍ സാമുദായിക ഉപവര്‍ഗീകരണം ആവശ്യമാണ്.
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കായി (ഇഡബ്ല്യുഎസ്) വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും 2019-ല്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതോടെ, എല്ലാ ജാതിക്കാരുടെയും സ്ഥിതിവിവരശേഖരം നിയമപരമായ ആവശ്യമായി മാറിക്കഴിഞ്ഞു. 1951 മുതല്‍ എല്ലാ പൊതുസെന്സസിലും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ രണ്ടായിരത്തോളം ജാതികളും ഗോത്രങ്ങളും രേഖപ്പെടുത്തിവരുന്നുണ്ട്. ഒബിസി, മുന്നാക്ക വിഭാഗക്കാരായ നാലായിരത്തോളം ജാതികളുടെ ഡേറ്റ കൂടി ശേഖരിച്ചാല്‍ ജാതി സെന്‍സസ് പൂര്‍ണമാകും.
സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ അടരുകളെയും സാമൂഹിക-സാമ്പത്തിക അസമത്വങ്ങളെയും പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകും ജാതി സെന്‍സസ്. തെലങ്കാനയില്‍ നടപ്പാക്കിയ ജാതി സെന്‍സസ് മാതൃക ദേശീയതലത്തില്‍ സ്വീകരിക്കാവുന്നതാണെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുന്നു. സംവരണപരിധി 50 ശതമാനമായി നിജപ്പെടുത്തിയിട്ടുള്ളത് നീക്കം ചെയ്യണമെന്നും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണ ക്വാട്ട നടപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നുണ്ട്. ജാതി സെന്‍സസിന്റെ കണക്കുകള്‍ വെളിപ്പെടുന്നതുകൊണ്ടു മാത്രം ജനസംഖ്യാനുപാതികമായ സംവരണം നടപ്പാവുകയില്ല. ഏതെങ്കിലുമൊരു പിന്നാക്ക സമുദായത്തിന് പൊതുസേവന രംഗത്ത് മതിയായ പ്രാതിനിധ്യമില്ലെന്ന് തെളിയുന്ന പക്ഷം സംവരണത്തിനായുള്ള പ്രത്യേക വ്യവസ്ഥ ഏര്‍പ്പെടുത്താമെന്നാണ് ഭരണഘടനയുടെ 16(4) അനുച്ഛേദത്തില്‍ പറയുന്നത്. വ്യവസ്ഥാപരമായ വിവേചനം പരിഹരിക്കാനുള്ള സര്‍ഗാത്മക കര്‍മപദ്ധതി കൊണ്ടേ പ്രയോജനമുണ്ടാകൂ.
2021-ല്‍ നടക്കേണ്ടിയിരുന്ന ദശവര്‍ഷ സെന്‍സസ് കൊവിഡ് മഹാമാരി മൂലം മാറ്റിവച്ചു. കൊവിഡ് കടന്നുപോയിട്ട് നാലു വര്‍ഷം പിന്നിടുമ്പോഴും അടുത്ത സെന്‍സസ് എപ്പോള്‍ നടത്തുമെന്ന് കേന്ദ്ര ഗവണ്മെന്റ് വ്യക്തമാക്കിയിട്ടില്ല. സെന്‍സസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ അതിരുകള്‍ മരവിപ്പിക്കല്‍, ബജറ്റ് അലോട്ട്മെന്റ് തുടങ്ങി നിരവധി നടപടിക്രമങ്ങളുണ്ട്.
അമേരിക്കയില്‍ തൊഴില്‍ മേഖലയില്‍ എല്ലാ വിഭാഗക്കാര്‍ക്കും തുല്യ അവസരവും മാന്യതയും ഉറപ്പുവരുത്തുന്ന ‘ഡൈവേഴ്സിറ്റി, എക്വിറ്റി, ഇന്‍ക്ലൂഷന്‍’ (വൈവിധ്യം, സമത്വം, ഉള്‍ച്ചേരല്‍) പദ്ധതി പ്രസിഡന്റ് ട്രംപ് പൊളിച്ചടുക്കുമ്പോള്‍, ‘ജിത്നി ആബാദി, ഉത്നാ ഹഖ്’ (ജനസംഖ്യയെത്രയോ അത്രയും അവകാശം) എന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം ചെവിക്കൊള്ളാനുള്ള സഹിഷ്ണുത മോദി കാണിക്കുന്നത് വലിയ കാര്യം. ജാതി സെന്‍സസിന്റെ കാര്യത്തില്‍ ആരും പ്രതീക്ഷിക്കാത്ത നേരത്ത് മലക്കംമറിഞ്ഞ് ജനങ്ങളെ വല്ലാതെ മോഹിപ്പിച്ച മോദി സര്‍ക്കാര്‍, ഈ വാഗ്ദാനത്തിന് 2023-ലെ വനിതാ സംവരണ ബില്ലിന്റെ ഗതി വരാതെ നോക്കണം!
മധുരയില്‍ ചേര്‍ന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ജാതി സെന്‍സസ് നീട്ടിക്കൊണ്ടുപോകുന്ന മോദി സര്‍ക്കാരിനെ വിമര്‍ശിക്കുകയുണ്ടായി. കേരളത്തില്‍ ജാതി സെന്‍സസ് നടത്തേണ്ടതില്ലെന്നാണ് തീരുമാനമെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയില്‍ പിണറായി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മുന്നാക്ക സമുദായക്കാര്‍ക്കായി മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സംവരണം മുഴുവനായും രാജ്യത്ത് ആദ്യമായി കേരളത്തില്‍ വളരെ തിടുക്കത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കി. ജാതി സെന്‍സസിനോട് എതിര്‍പ്പുള്ള മുന്നാക്ക വിഭാഗക്കാരെ മുഷിപ്പിക്കാതെ നോക്കാനാകും പലര്‍ക്കും താല്പര്യം.
സംസ്ഥാനത്തെ ഒബിസി പട്ടികയില്‍ 84 ജാതികളുണ്ട്. സംസ്ഥാനത്ത് ഈഴവര്‍ക്ക് 14 ശതമാനവും മുസ് ലിംകള്‍ക്ക് 12 ശതമാനവും ലത്തീന്‍ കത്തോലിക്കര്‍ക്ക് നാലു ശതമാനവുമാണ് ഒബിസി സംവരണ വിഹിതം. സര്‍ക്കാര്‍ നിയമസഭയില്‍ വച്ച രേഖകള്‍ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ 22,542 ലത്തീന്‍ കത്തോലിക്കരാണുള്ളത്. മുന്നാക്ക ക്രൈസ്തവര്‍ 73,713 പേരും. സംസ്ഥാനത്ത് അധികാരത്തിലും ഉദ്യോഗത്തിലും കേരളത്തിലെ ജാതിസമൂഹങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുള്ള യഥാര്‍ഥ സ്ഥിതി വിലയിരുത്തേണ്ടത് അനിവാര്യമാണ്.