ജെയിംസ് അഗസ്റ്റിൻ
കർത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കർത്താവേ ഞങ്ങളണയ്ക്കും
പ്രാർത്ഥന സദയം കേൾക്കണമേ
സ്വർഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ
ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രീത്വമേ
ദിവ്യാനുഗ്രഹമേകണമേ
കന്യമേരി വിമലാംബേ
ദൈവകുമാരനു മാതാവേ
രക്ഷകനൂഴിയിലംബികയെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
‘പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു പദ്മരാഗം പുഞ്ചിരിച്ചു’
എന്ന ഗാനമടക്കം അനേകം സിനിമാ -നാടക ഗാനങ്ങൾക്കു സംഗീതം നൽകി മലയാളസിനിമയിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഈണങ്ങൾ തീർത്ത മാളിയേക്കൽ കൊച്ചുകുഞ്ഞു അർജുനൻ എന്ന പേര് 1968-ൽ നമ്മുടെ ഭക്തിഗാനചരിത്രത്തിലും മായ്ക്കാനാവാത്ത വിധം എഴുതപ്പെട്ടു.
നമ്മുടെ തിരുക്കർമങ്ങളിൽ 1968 മുതൽ ആലപിച്ചു വരുന്ന മാതാവിന്റെ ലുത്തീനിയയ്ക്ക് സംഗീതം നൽകിയത് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകൻ അർജ്ജുനൻ മാസ്റ്ററാണ്. മലയാളത്തിൽ തിരുക്കർമഗീതങ്ങൾ ഒരുക്കിയപ്പോൾ സിനിമകൾക്കും നാടകത്തിനും സംഗീതം നൽകിയിരുന്ന അർജുനൻ മാസ്റ്റർക്കാണ് ലുത്തീനിയ ഒരുക്കാൻ ക്ഷണം ലഭിച്ചത്. ഫാ.ആബേൽ എഴുതിയ ലുത്തീനിയ ആദ്യമായി റെക്കോർഡ് ചെയ്തത് 1970 ലാണ്.
ജോളി അബ്രഹാമിനായിരുന്നു ആദ്യറെക്കോർഡിങ്ങിനു ശബ്ദം നൽകാനുള്ള ഭാഗ്യമുണ്ടായത്. ജോളി അബ്രഹാമിന്റെ ആദ്യഗാനവും ഇതായിരുന്നു.
യേശുദാസിന്റെ ശബ്ദവും ആദ്യമായി റെക്കോർഡ് ചെയ്തത് അർജുനൻ മാസ്റ്ററായിരുന്നു.ബാംഗ്ളൂരിലുള്ള ഡെക്കാൻ റെക്കോർഡ്സ് കമ്പനിയായിരുന്നു നിർമാതാക്കൾ. ചെറിയ റെക്കോർഡുകളിൽ ഒരു വശത്തു നാല് മിനുറ്റിൽ താഴെയാണ് പാട്ടുകൾ ചേർക്കാൻ സമയം ലഭിക്കുന്നത്. അതുകൊണ്ട് ലുത്തീനിയ മുഴുവൻ ചേർത്തിട്ടില്ല. രണ്ടു പാട്ടുകൾ മാത്രമുള്ള ചെറിയ റെക്കോർഡിന്റെ മറുവശത്തു ചേർത്തിരുന്നത് ഫാ.ആബേൽ എഴുതി റാഫി ജോസ് സംഗീതം നൽകിയ ‘താലത്തിൽ വെള്ളമെടുത്തു വെൺകച്ചയുമരയിൽചുറ്റി’ എന്നു തുടങ്ങുന്ന പെസഹാദിനഗാനമാണ്. ജോളി അബ്രഹാം തന്നെയായിരുന്നു ഇതും പാടിയത്. കലാഭവന്റെ ആരംഭകാലത്തു ഫാ.ആബേലിനോടൊപ്പം പ്രവർത്തിച്ചിരുന്നവരാണ് കെ.കെ.ആന്റണി മാസ്റ്റർ, റാഫി ജോസ്, ജോളി എബ്രഹാം എന്നിവരെല്ലാം.
‘പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തിൽ’ എന്ന് തുടങ്ങുന്ന ഗാനം ആബേലച്ചൻ എഴുതി കെ.കെ.ആന്റണി മാസ്റ്റർ സംഗീതം നൽകിയശേഷം ആദ്യമായി പാടിപ്പിക്കുന്നത് ജോളി അബ്രഹാമിനെക്കൊണ്ടായിരുന്നു. അന്ന് ഒരു സ്പൂൾ ടേപ്പിൽ റെക്കോർഡ് ചെയ്ത ഗാനം ഈ അടുത്ത നാളുകളിൽ ജോളി എബ്രഹാം തന്റെ പേജുകളിലൂടെ പുറത്തുവിട്ടിരുന്നു. പിന്നീട് ഈ ഗാനം യേശുദാസ് പാടുകയായിരുന്നു.
കൊച്ചിയിലെ നാടകവേദികളിൽ സംഗീതസംവിധായകനായും ഗായകനായും അനേകവർഷം പ്രവർത്തിച്ചശേഷമാണ് അർജ്ജുനൻ മാസ്റ്റർ സിനിമാരംഗത്തെത്തുന്നത്. ശ്രീകുമാരൻ തമ്പിയുടെ രചനകൾക്കാണ് കൂടുതൽ സിനിമകളിൽ അദ്ദേഹം സംഗീതം നൽകിയിട്ടുള്ളത്.
കസ്തൂരി മണക്കുന്നല്ലോ കാറ്റിൽ ,നിന്മണിയറയിലെ നിർമല ശയ്യയിലെ,കുയിലിന്റെ മണിനാദം കേട്ടു, ആദാമിന്റെ സന്തതികൾ, പാലരുവിക്കരയിൽ,നന്ത്യാർവട്ടപ്പൂ ചിരിച്ചു, മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു, ചന്ദ്രക്കല മാനത്തു ചന്ദനനദി താഴത്തു,വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ഓർശലേമിൻ നായകാ, ചെമ്പകത്തൈകൾ പൂത്ത മാനത്തു പൊന്നമ്പിളി,എല്ലാ ദുഃഖവും എനിക്കു തരൂ, ശാന്തരാത്രി തിരുരാത്രി തുടങ്ങി നൂറു കണക്കിനു ഗാനങ്ങൾ കൊണ്ടു മലയാള സിനിമാസംഗീതചരിത്രത്തിൽ ഇടം നേടിയ അർജുനൻ മാസ്റ്റർ വിശേഷിക്കപ്പെടുന്നത് ഋഷിതുല്യനായ സംഗീതജ്ഞനെന്നാണ്.
സംഗീതരംഗത്തെ മൂന്നു തലമുറകളെ പഠിപ്പിക്കാനും പാടിപ്പിക്കാനും കലാരംഗത്തെ എല്ലാവരുടെയും സ്നേഹാദരവുകൾ ഏറ്റുവാങ്ങാനും കഴിഞ്ഞ അർജുനൻ മാസ്റ്റർ 2020 ഏപ്രിൽ 6നു എൺപത്തിനാലാം വയസ്സിൽ ലോകത്തോടു വിടപറഞ്ഞു.
നമ്മുടെ പള്ളികളിൽ മാതാവിന്റെ ലുത്തീനിയ കേൾക്കുമ്പോൾ നന്ദിയോടെ ഓർക്കാം ആബേലച്ചനെയും അർജുനൻ മാസ്റ്ററേയും.