ജെയിംസ് അഗസ്റ്റിൻ
നാഥാ ഞങ്ങള്‍ കൈകൂപ്പിടുന്നു
നിന്ദിവ്യയാഗ സന്നിധിയില്‍
നല്കുന്നു ഞങ്ങള്‍തന്‍ ത്യാഗഫലങ്ങള്
നല്ക്കാഴ്ച നിന് പാദെ ജീവിതവും
2025 മെയ് രണ്ടാം തിയതി രാവിലെ 8.30നു വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുടെ അനുസ്മരണ ദിവ്യബലിയില്‍ ആലപിക്കപ്പെട്ട മലയാളഗാനത്തിന്റെ സൃഷ്ടാവ് എറണാകുളത്തുകാരനാണെന്നത് എല്ലാ കേരളീയര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ലോകത്തിലെ ഒരു കൊച്ചു ഭാഷയെ കത്തോലിക്കാ സഭയുടെ ആസ്ഥാന രാജ്യത്ത്, അതും ഒരു പാപ്പായുടെ ചരമശുശ്രൂഷയുടെ ഭാഗമായ വിശുദ്ധബലിയില്‍ പങ്കു ചേര്‍ത്തുവെന്നതില്‍ ദൈവത്തിനു നന്ദി പറയാം. വരാപ്പുഴ അതിരൂപ തയിലെ സെന്റ് ഫ്രാന്‍സിസ് അസ്സീസ്സി കത്തീഡ്രല്‍ ഇടവകാംഗമായ പ്രശസ്ത വയലിനിസ്റ്റ് മരിയദാസ് വട്ടമാക്കല്‍ എഴുതി സംഗീതം നല്കിയ ഗാനമാണ് സഭയുടെ അത്യുന്നത വേദിയില്‍ ആലപിക്കപ്പെട്ടത്. കര്‍ദിനാള്‍ ക്ലോഡിയോ ഗുഗരോത്തി മുഖ്യ കാര്‍മികനായിരുന്ന ദിവ്യബലിയില്‍ വൈദികരും സന്യസ്തരും കൂടി ഉള്‍പ്പെടുന്ന മലയാളികളാണ് ഈ കാഴ്ചവയ്പ് ഗീതം ആലപിച്ചത്. ഈ ഗാനം രചിച്ചതിന്റെ അന്‍പതാം വര്‍ഷം കൂടിയാണിത്.
ഈ ഗാനത്തിന്റെ പിറവിയെ ക്കുറിച്ച് മരിയദാസിന്റെ ഓര്‍മകള്‍ വായിക്കാം.
‘പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ത്തന്നെ ഗായകസംഘത്തില്‍ പാട്ടുകാരനായി എന്നെ ചേര്‍ത്തിരുന്നു. 1972-ല്‍ കര്‍മ്മലീത്താ വൈദികനായ സക്കറിയാസ് പുല്ലയില്‍ ഒസിഡിയായിരുന്നു കാര്‍മല്‍ യൂത്ത് സെന്ററും കാര്‍മല്‍ ഡിവൈന്‍ വോയ്സ് എന്ന പേരില്‍ ഗായകസംഘത്തിനും തുടക്കം കുറിച്ചത്. അന്ന് എന്നോടൊപ്പം സണ്ണി, സ്റ്റീഫന്‍, എം.ഇ. ജോസി എന്നിവരുമുണ്ടായിരുന്നു. ഗായകനായി വന്ന ഞാന്‍ പതിയെ ഹര്‍മോണിയവും വയലിനും വായിക്കാന്‍ തുടങ്ങി. ഞങ്ങളുടെ ഗായകസംഘത്തിനു പാടാനായി പാട്ടുകള്‍ എഴുതി സംഗീതം ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. അങ്ങനെ 1975 -ല്‍ ഞാന്‍ എഴുതി സംഗീതം നല്കിയ ഗാനമാണ് ‘നാഥാ ഞങ്ങള്‍ കൈകൂപ്പിടുന്നു നിന് ദിവ്യയാഗസന്നിധിയില്’ എന്ന് തുടങ്ങുന്ന കാഴ്ച്ചവയ്പു ഗാനം.
ആദ്യം ഈ ഗാനം ചിട്ടപ്പെടുത്തിയത് 7/8 എന്ന സ്കെയിലില്‍ ആയിരുന്നു. പിന്നീട് 3/4 എന്ന താളത്തിലേക്കു മാറ്റുകയായിരുന്നു. ഞങ്ങളുടെ ഗായകസംഘം ആലപിക്കുന്നത് കേട്ട അയല്‍ ഇടവകകളിലെ സുഹൃത്തുക്കള്‍ ഈ ഗാനം അവരുടെ പള്ളികളിലും നൊവേന കേന്ദ്രങ്ങളിലും പാടിത്തുടങ്ങി. വരാപ്പുഴ അതിരൂപതയിലെ വലിയ ചടങ്ങുകളില്‍ ഉള്‍പ്പെടുത്തിയതോടുകൂടി ഈ ഗാനം കൂടുതല്‍ ഗായകര്‍ പാടാന്‍ തുടങ്ങി. എന്നാലും ഇങ്ങനെ വിലമതിക്കാനാവാത്തൊരു മഹാഭാഗ്യം ഈ പാട്ടു വഴി എനിക്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ല. നമ്മള് ഒരിക്കലും ചിന്തിക്കാത്ത, സ്വപ്നം കാണാത്ത സമ്മാനം ദൈവം നമുക്ക് തരുമെന്നതിനു വേറെ തെളിവെന്തിന്? ഈ ഗാനം പാടുന്ന എന്റെ അടുത്ത കൂട്ടുകാര്‍ക്കു പോലുമറിയില്ലായിരുന്നു ഈ ഗാനത്തിന് പിന്നില്‍ ഞാനായിരുന്നു എന്നത്. ഫ്രാന്‍സിസ് പാപ്പായുടെ അനുസ്മരണബലിയില്‍ ഈ ഗാനം തെരഞ്ഞെടുത്തത് എന്നെ അറിയാത്ത, ഞാന്‍ അറിയാത്ത ചിലരാണ്. എല്ലാവരെയും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഉന്നതമായൊരു വിരുന്നിനു ഈ എളിയവനും വിളിക്കപ്പെട്ടല്ലോ. നന്ദി ദൈവമേ.’ മരിയദാസ് പറഞ്ഞു നിര്‍ത്തി.
എ.ആര്. റഹ്മാന്, കീരവാണി എന്നിവരുടെ സംഘാംഗമായ മരിയദാസ് അമ്പതു വര്‍ഷത്തിലധികമായി റെക്കോര്‍ഡിങ്, ഗാനമേള രംഗത്ത് സജീവമായി നിലകൊള്ളുന്നു.
ജോഷി ഇല്ലത്ത് സംവിധാനം ചെയ്യുന്ന ബൈബിള്‍ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് മരിയദാസാണ്. സംഗീത സംവിധായകരായ ബേണി – ഇഗ്നേഷ്യസ്, അലക്സ് പോള്‍ എന്നിവരുടെ സിനിമാ റെക്കോര്‍ഡിങ്ങുകളില്‍ അസ്സിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.