ബോബന് വരാപ്പുഴ
ആമുഖം ആവശ്യമില്ലാത്ത പുസ്തകമാണ് തീരജീവിതത്തിന് ഒരു ഒപ്പീസ് എന്ന പി.എഫ് മാത്യൂസിന്റെ ലഘുപുസ്തകം. ചരിത്രത്തിലേക്ക് നേരിട്ട് ഒറ്റക്കയറ്റമാണ്. എറണാകുളത്തിന്റെ തീരദേശചരിത്രത്തെയും ഉള്‍നാടന്‍ കത്തോലിക്ക ജീവിത രീതികളെയും ധന്യമാക്കുന്ന, ഒരു കൈപ്പുസ്തകം. പാവപ്പെട്ടവരായ പച്ചമനുഷ്യരായിരുന്നവരുടെയും അവരുടെ ജീവിതാവസ്ഥാന്തരങ്ങളെയും സ്വന്തം അനുഭവങ്ങളുടെ വര്‍ണ്ണ ശോണിമയാല്‍ എളുപ്പത്തില്‍ വരക്കുകയാണ് മാത്യൂസ്. മരണമായാലും കല്യാണമായാലും ജനനമായാലും അധിനിവേശ ശക്തികളില്‍ നിന്ന് കടം കൊണ്ടതും നോക്കി പഠിച്ചെടുത്തതുമായ അനേകം കാര്യങ്ങളെ പാരമ്പര്യങ്ങളോട് ചേര്‍ക്കപ്പെട്ടതിന്റെ നാള്‍വഴികള്‍ വായിക്കാം.
അക്ഷരങ്ങള്‍ ഘനീഭവിക്കുന്ന കട്ടികുറഞ്ഞ വാക്കുകളിലൂടെയുള്ള പ്രദക്ഷിണമാണ് തീരദേശത്തിന് ഒരു ഒപ്പീസ്. ചുരുട്ടുകുറ്റികള്‍ പുകച്ചു നിക്കണയെന്ന കാവ്യപ്രയോഗത്തില് കപ്പലുകള്‍ നങ്കൂരമിട്ടിരുന്ന കൊച്ചിയില്‍ നിന്നുതന്നെ ആരംഭിക്കാം.
അറബിക്കടലിന്റെ റാണിയായ കൊച്ചി.വെല്ലിംഗ്ടണ്‍ ഐലന്റ് 1503-ല്‍ പോര്‍ച്ചുഗീസുകാര്‍ കോട്ട കെട്ടിയതുമുതല്‍ വന്ന വിളിപ്പേരായ കോട്ട കൊച്ചി പരിഷ്ക്കരിക്കപ്പെട്ട ഫോര്‍ട്ടു കൊച്ചിയുടെ ചരിത്രവഴികളിലൂടെ നടക്കാം. വൈദേശിക ശക്തികളുടെ അധിനിവേശം പക്ഷേ, കൊച്ചിക്ക് നല്കിയതത്രയും നന്മകളും പരിഷ്ക്കാരങ്ങളുമായിരുന്നു. ഒപ്പം കാപ്പിരി മുത്തപ്പനെന്ന ഗംഭീരമായൊരു മിത്തിനെയും നല്കി.
യാത്ര മട്ടാഞ്ചേരി ജ്യൂസ് ടൗണിലെത്തുമ്പോള്‍, നൈരാശ്യത്തില്‍ പിറന്ന വിമുഖത നിറഞ്ഞൊരു ജൂത മുഖം കാണാം. ജൂതന് സ്വയം അവനിലേക്ക് തന്നെ മടങ്ങുന്നു. അപ്പോള്‍ രക്ഷിക്കാന്‍ ഒരു കശ്മീരി വരും. പേര് ഐജാസ്. ജൂതന്റെ സംസ്കാരം തന്നെ മട്ടാഞ്ചേരി മറന്നെന്ന അവന്റെ സാക്ഷ്യം കേള്‍ക്കാം.
ആ നഷ്ടബോധവും കൊണ്ട് വൈപ്പിന്കരയിലെ ഓച്ചന്തുരുത്തിലെത്താം. 1537-ല്‍ കച്ചവടത്തിനായി കൊച്ചിയില്‍ വന്ന പോര്‍ച്ചുഗീസ് ചരക്ക് കപ്പല്‍ കടല്‍ ക്ഷോഭത്തില്പ്പെട്ടപ്പോള്, ക്യാപ്റ്റന്‍ ദിയാഗോ ദെ മെനെസിസും കൂട്ടരും വലിയൊരു മരക്കുരിശെടുത്ത് കടലിലിട്ടതും കടല്‍ ശാന്തമായതും ആ കുരിശടുത്ത സ്ഥലത്ത് ക്രൂസ് മിലാഗ്രെസ് പള്ളി നിര്‍മ്മിച്ചതിന്റെയും ചരിത്രമറിയാം…
പോര്‍ച്ചുഗീസുകാരുടെ ശേഷിപ്പുകളില്‍ പ്രമുഖമായ ദേവാസ്തയെന്ന പ്രാര്‍ഥന വിളിയുടെ പൊരുളറിയാം. ശവസംസ്കാരങ്ങളുടെയും ലത്തീന്‍ കത്തോലിക്ക വിവാഹങ്ങളുടെയും അതിനെ പ്രതീകാത്മകവും സ്വാദിഷ്ഠവുമാക്കുന്ന വിശദാംശങ്ങള്‍ മനസിലാക്കാം.
പൂര്‍വ്വിക മീന്‍ പിടുത്തത്തിന്റെ മുതല്‍മുടക്ക,് വരുമാനം, ലാഭ നഷ്ട കണക്ക് മുതലായ ചരിത്രപാഠങ്ങളെ തൊട്ടറിയാം.
അവിടെ നിന്നു പള്ളിപ്പുറത്തേക്ക്, അവിടെ ചീനവലക്കാരന് അനിരുദ്ധനുണ്ട്. കായല്‍ മഹാത്മ്യമറിയുന്ന- കൂട്ടത്തില്‍ ചവിട്ടു നാടകത്തെക്കുറിച്ചും അയാള്‍ വാചാലനാകും. കാരണം അനിരുദ്ധനൊരു ചവിട്ട്നാടക കലാകാരനും കൂടിയാണ്. ചന്തവഞ്ചിക്കാരനായ പിതാവ് നടരാജനുമുണ്ട് കൂട്ടിന്…. അദ്ദേഹവും ചവിട്ട്നാടക ഭ്രമക്കാരനാണ്. അതിനാല്‍ അവര്‍ നമ്മെ നേരെ ഗോതുരുത്തിലേക്ക് തുഴഞ്ഞു കൊണ്ടുപോകും. ചവിട്ട്നാടക രംഗത്ത് സ്വയം ആര്‍ജിച്ചെടുത്ത പൈതൃകചരിത്രം മാത്രമല്ല, കള്ളവാറ്റിന്റെ തണലില്‍ കൂരിരുള്‍ ചുഴ്ന്നുനിന്നൊരു ഇരുണ്ടകാല ചരിത്രം കൂടിയുണ്ട് ഗോതുരുത്തിന് പറയാന്‍.
അമ്പതുകളില്‍ സെബീന റാഫി യുവജന കലാസമിതി ഉണ്ടാക്കിയതും പള്ളി അഞ്ച് സെന്റ് സ്ഥലം നല്കിയതും മനക്കില് തറവാട്ടുകാരുടെ സഹായത്തോടെ, തമിഴ്നാട്ടില്‍ നിന്നും അണ്ണാവിയെ വരുത്തിയതും കാറല്സ്മാന് നാടകം ന്നൃഷ്ടിക്കപ്പെട്ടതും അമ്പത്തൊമ്പതിലെ റിപ്പബ്ലിക്ക് ദിനത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിന് മുമ്പില്‍ ചവിട്ടി തിമിര്‍ത്തതും ആവേശഭരിതനായ പ്രഥമ പ്രധാനമന്ത്രി, റോള്‍ദോന്‍ രാജാവിന്റെ കിരീടമെടുത്ത് സ്വന്തം ശിരസ്സില്‍ വച്ചതും വെള്ളി മെഡലുകള്‍ നല്കിയതും……
ഇനി നേരെ തോപ്പുംപടിയിലേക്ക്… അവിടെ ഐലന്‍ഡ് സ്റ്റേഷനില്‍ ഒരു ട്രെയിന്‍ മദ്രാസിലേക്ക് പായാന്‍ തീ തിന്നു കിടക്കുന്നു. അതില്‍ യാത്ര ചെയ്യേണ്ട ഒരു യുവാവിന്റെ ഉള്ളിലും തീയാണ്. കാരണം യാത്രക്കാവശ്യമായ ദമ്പടി ഒത്തിട്ടില്ല. അതുകൊണ്ടുവരാന്‍ പോയ ഡ്രൈവര്‍ മത്തായിയെ കാണുന്നുമില്ല.
പതിനാറ് രൂപയും ഉണ്ടമ്പൊരിയും വെള്ളമുണ്ടും കുപ്പായവുമായി മത്തായി ഓടിക്കിതച്ചെത്തുമ്പോള്‍ കൈയ്യിലെ മോതിരം അപ്രത്യക്ഷമായി കഴിഞ്ഞിരുന്നത് മറ്റാരും ശ്രദ്ധിച്ചില്ല. സമാനതയില്ലാത്ത ആ സഹായവുമായി മദ്രാസിലേക്ക് പോയ യുവാവ് പിന്നിട് അറിയപ്പെടുന്നത് ഗാനഗന്ധര്വ്വന് ഡോ. കെ.ജെ. യേശുദാസെന്നാണ്.
ബോള്‍ഗാട്ടിയിലേക്ക്…… അധിനിവേശത്തിന്റെ ചരിത്രങ്ങളും ശേഷിപ്പുകളും ഒത്തിരി ഉണ്ടായിട്ടും ബോള്‍ഗാട്ടിയുടെ ചിഹ്നം മച്ചുവ ആയിരുന്നു. ആ സംസ്കൃതിയില്‍ നിന്നു കൂടിയാണ് കുട്ടിസ്രാങ്ക് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ മാത്യൂസ് രൂപപ്പെടുത്തിയത്.
അപ്പോഴതാ പോഞ്ഞിക്കര റാഫിയും ഭാര്യ സബീനറാഫിയും അനശ്വരമാക്കിയ പോഞ്ഞിക്കരയിലെ ചരിത്ര സാഹിത്യ വാതില്‍ തുറക്കുകയായി. അതിലൂടെ പോയാല്‍, ഒരു കാലത്തുണ്ടായിരുന്ന മരപ്പണിമഹാത്മ്യത്തിന്റെയും ശേഷം വാച്ച് റിപ്പയറിംഗിന്റെയും സൂചികയില്‍ മിടിക്കാം…
പൂര്വ്വകാലത്തൊരിക്കല് കൊച്ചിയിലെ മനുഷ്യരുടെ പ്രകൃതിപരമായ ജൈവപ്രക്രിയ്ക്ക് വേദിയായിരുന്നകലൂരിലെ തീട്ട പറമ്പിന്റെ വിശേഷങ്ങള്‍ മനസിലാക്കിക്കഴിഞ്ഞാല്‍, കൊച്ചിയുടെ സ്വന്തം ചലച്ചിത്രാസ്വാദനസ്മരകങ്ങളുടെ വേദനയും മോഹഭംഗങ്ങളുമറിയാം.
ശ്രീധറിലും ലിറ്റില്‍ ഷേണായ്സിലും കോക്കേഴ്സിലും ടിക്കറ്റെടുക്കാന്‍ നിര നില്ക്കുമ്പോള് കഥാകാരനായിരുന്ന വിക്ടര്‍ ലീനസിനെ പോലെയുള്ള പ്രതിഭകളെയും കലാകാരന്മാരുടെ വിയോഗത്തെ ഓര്‍ത്ത് കണ്ണുനീര് വാര്ത്തവരെയും കാണാം.
യാത്ര പള്ളുരുത്തിയിലെത്തുമ്പോള്, സദാചാര പിഴവുകളുടെ പേരില്‍ വിശ്വാസിയെ ശിക്ഷിക്കാന്‍ അധികാരമുണ്ടായിരുന്ന വികാരിമാര്‍ കാത്തിരിപ്പുണ്ട്. കല്യാണം കഴിക്കുന്നതിന് മുമ്പ് അന്യജാതിക്കാരനില് നിന്ന് ഗര്‍ഭം ധരിച്ച് പെറ്റതിനാല്‍ ഒരു ഞായറാഴ്ച്ച കുര്‍ബാന നേരം മുഴുവന്‍ കുരുശുമേന്തി നിന്ന തേത്തോയെന്ന സ്ത്രീയെ കാണാം.
‘ഇതിലും ഭേദം എന്നയാ കുരിശീത്തറച്ച് കൊല്ലു കേര്ന്ന് ‘എന്ന അവരുടെ ദൈന്യം കേള്‍ക്കാം. സ്വന്തം കാര്യം വരുമ്പോള്‍ സത്യവിശ്വാസത്തില്‍ നിന്നും വ്യതിചലിച്ച് അന്ധവിശ്വാസത്തെ ദത്തെടുത്തൊരു പുരോഹിതനെയും കാണാം. മായാവിലാസങ്ങള്‍ രക്തവര്ണ്ണമൊഴുക്കുമ്പോള് വിശ്വാസത്തില്‍ നിന്നും വഴുതി പോയതാണ്. തമ്പുരാന് കര്‍ത്താവിന്റെ അനുഗ്രഹത്താല്‍ കൂടുതല്‍ പരിക്കേറ്റില്ല. ഭാഗ്യം.
റോബര്‍ട്ട് ബ്രിസ്റ്റോയെ ചുറ്റിപ്പറ്റി നില്ക്കുന്ന വെല്ലിംഗ്ടണ്‍ ഐലന്റിലൂടെ മടങ്ങുമ്പോള്‍ ഹോളിവുഡ് നടനായ മലയാളി തോമസ് ബെര്ലിയെന്ന കൊച്ചിക്കാരനെ കണ്ട് അതിശയിക്കാം. 1953-ല്‍ തിരമാല എന്ന ചിത്രത്തില്‍ നായകനായി നടിച്ചപ്പോള്‍ പ്രതിനായകന്, പിന്നിട് മഹാനടനായി വളര്‍ന്ന സത്യനായിരുന്നു.
1831-ല്‍ നിര്‍മ്മിച്ച് 1870-ല്‍ പുനര്‍നിര്‍മ്മിച്ച തോപ്പുംപടിയിലെ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയം പൊളിക്കാനുള്ള നീക്കം ആ ഇടവകയിലെ രണ്ടു പേര് നിയമപരമായി തടഞ്ഞു.
‘ദൈവത്തിന്റെ ആലയം പണിയുമ്പോള്‍ അതിനെതിരെ നില്ക്കുന്നവര് പിശാചിന്റെ സന്തതികളാണെന്ന ‘ പതിവ് വജ്ജ്രായുധം വൈദികര്‍ പ്രയോഗിച്ചെങ്കിലും വിലപ്പോയില്ല അങ്ങനെ 178 വര്‍ഷം പഴക്കമുള്ള പള്ളി സംരക്ഷിത സ്മാരകമായി പ്രഖ്യാപനമുണ്ടായി ..ആ ചരിത്ര വിജയത്തിന്റെ പരിശോധനയോടെ തീരജീവിതത്തിന് ഒരു ഒപ്പീസ് എന്ന ചരിത്രയാത്ര അവസാനിക്കും.