വത്തിക്കാന്‍ സിറ്റി: സിസ്റ്റീന്‍ ചാപ്പലിന്റെ പരിസരത്ത് ശുഭ്രവെള്ളച്ചുരുളുകള്‍ക്കായി കാത്തു നിന്ന ആയിരക്കണക്കിനു പേരെ ആഹ്ളാദത്തിലാറാടിച്ച് ആഗോളകത്തോലിക്കാ സഭയുടെ പുതിയ തലവന്‍ ആഗതനായി. കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ലിയോ പതിനാലാമന്‍ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ചരിത്രത്തിലെ ആദ്യത്തെ അമേരിക്കന്‍ പാപ്പയാണ് അദ്ദേഹം.
അമേരിക്കയിലെ ഇല്ലിനോയിസിലെ ചിക്കാഗോയില്‍ ജനിച്ച 69 കാരനായ പ്രെവോസ്റ്റ് തന്റെ കരിയറിന്റെ ആദ്യഭാഗം അഗസ്റ്റീനിയന്‍ സഭയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചു. 1985 മുതല്‍ 1986 വരെയും 1988 മുതല്‍ 1998 വരെയും പെറുവില്‍ ഇടവക പാസ്റ്റര്‍, രൂപതാ ഉദ്യോഗസ്ഥന്, സെമിനാരി അധ്യാപകന്, അഡ്മിനിസ്ട്രേറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 2023 ല്‍ അദ്ദേഹം കര്‍ദ്ദിനാളായി നിയമിതനായി. 2023 മുതല്‍ ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായും ലാറ്റിന്‍ അമേരിക്കയ്ക്കായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2015 മുതല്‍ 2023 വരെ പെറുവിലെ ചിക്ലായോ ബിഷപ്പായും 2001 മുതല്‍ 2013 വരെ സെന്റ് അഗസ്റ്റിന് ഓര്‍ഡര്‍ ജനറലായും സേവനമനുഷ്ഠിച്ചു. 2023 ല്‍, ഫ്രാന്‍സിസ് പാപ്പ ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായും പ്രെവോസ്റ്റിനെ നിയമിച്ചു.
പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയില്‍നിന്ന് വെളുത്ത പുക ഉയര്‍ന്നതോടെയാണ് പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്. കോണ്‍ക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ പാപ്പ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.
തിരഞ്ഞെടുപ്പിന്റെ ആദ്യരണ്ടു ഘട്ടങ്ങളിലും സിസ്റ്റീന്‍ ചാപ്പലിലെ പുകക്കുഴലില്‍ നിന്ന് കറുത്ത പുകയാണ് ഉയര്‍ന്നത്. വ്യാഴാഴ്ച ഇറ്റാലിയന്‍ സമയം രാവിലെ 11:51 ന് സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് രണ്ടാമത്തെ തവണയും കറുത്ത പുക ഉയര്‍ന്നതോടെ പാപ്പയ്ക്കായുള്ള കാത്തരിപ്പ് നീളുമോ എന്ന സംശയം ഉദിച്ചു. കോണ്‍ക്ലേവില്‍ വോട്ട് ചെയ്ത കര്‍ദ്ദിനാള്‍മാര്‍ ഇതുവരെ ഒരു പുതിയ പാപ്പയെ തിരഞ്ഞെടുത്തിട്ടില്ല എന്നതിന്റെ സൂചനയായിരുന്നു കറുത്ത പുക. ഏപ്രില്‍ 21 ന് അന്തരിച്ച ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിന് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം – കുറഞ്ഞത് 89 വോട്ടുകള്‍ – ചാപ്പലിനുള്ളിലെ 133 കര്‍ദ്ദിനാള്‍ ഇലക്തോര്‍മാര്‍ നേടിയിട്ടില്ലെന്ന് ഇരുണ്ട പുക സൂചിപ്പിച്ചു. മെയ് 7 ന് ഉച്ചകഴിഞ്ഞ് ആദ്യ റൗണ്ട് ബാലറ്റിംഗോടെ ആരംഭിച്ച കോണ്‍ക്ലേവിലെ വോട്ടെടുപ്പിന്റെ രണ്ടാം ദിവസമായിരുന്നു വ്യാഴാഴ്ച. ചരിത്രത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ഒത്തുകൂടിയിരുന്നു.
ആദ്യറൗണ്ടില്‍ ആര്‍ക്കും മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലെന്നു വ്യക്തമായതോടെ, സന്ധ്യാപ്രാര്‍ഥന ചൊല്ലി കര്‍ദിനാള്‍മാര്‍ കാസാ സാന്താ മാര്‍ത്തയിലേക്കു മടങ്ങിയിരുന്നു. വ്യാഴാഴ്ച രാവിലെ 8.15ന് പൗളിന് കപ്പേളയില്‍ ദിവ്യബലിയര്പ്പിച്ചതിനുശേഷം കര്‍ദിനാള്‍മാര്‍ 9.15ന് സിസ്റ്റീന്‍ ചാപ്പലിലേക്കു പോയി. രണ്ടാം ദിനത്തിലെ ആദ്യ വോട്ടിങ് അപ്പോള്‍ ആരംഭിച്ചു.
പേപ്പല്‍ ആരാധനക്രമ ആഘോഷങ്ങളുടെ ചുമതലക്കാരനായ ആര്‍ച്ച്ബിഷപ് റവേല്ലി, തിരഞ്ഞെടുപ്പ് അംഗീകരിക്കപ്പെട്ടതും പാപ്പായുടെ പേരും രേഖപ്പെടുത്തി രണ്ടു സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ചു. പുതിയ പാപ്പ ”അപ്പോള്‍തന്നെ റോമിലെ സഭയുടെ മെത്രാനും യഥാര്‍ഥ പാപ്പായും മെത്രാന്മാരുടെ സംഘത്തിന്റെ തലവനുമായിത്തീരുന്നു” എന്നാണ് ഊനിവേര്സി ദോമിനിച്ചി ഗ്രേഗിസ് എന്ന ഭരണഘടനയില്‍ പറയുന്നത്. ബാലറ്റുകള്‍ കത്തിക്കുകയും വെള്ളപ്പുക ഉയരുകയും സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ മണികള്‍ മുഴങ്ങുകയും ചെയ്തു.
കണ്ണുനീരിന്റെ മുറിയില്‍ വച്ച് പുതിയ പാപ്പാ കര്‍ദിനാളിന്റെ മേലങ്കി മാറ്റി വെള്ളവസ്ത്രം അണിഞ്ഞു. സിസ്റ്റീന്‍ ചാപ്പലിലേക്ക് തിരിച്ചെത്തുന്ന പാപ്പായുടെ മുന്‍പാകെ കര്‍ദിനാള്‍മാര്‍ ഓരോരുത്തരായി തങ്ങളുടെ കൂറും വിധേയത്വവും പ്രകടിപ്പിച്ചു.
നന്ദി പ്രകടനത്തിനുശേഷം കര്‍ദിനാള്‍ മംബെര്‍ത്തി ബസിലിക്കയുടെ സെന്‍ട്രല്‍ ബാല്‍ക്കണിയിലേക്ക് നടന്നു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കാത്തുനില്ക്കുന്ന ജനങ്ങളെ അദ്ദേഹം സന്തോഷവാര്‍ത്ത അറിയിച്ചു: ”അനുണ്സിയോ വോബിസ് ഗൗദിയും മാഞ്ഞും: ഹബേമൂസ് പാപ്പാം! എമിനെന്തിസ്സിമും ആക് റെവെറെന്തിസ്സിമും ദോമിനും, ദോമിനും സാങ്തേ റൊമാനെ എക്ളേസിയേ കര്ദിനാലെം ക്വി സിബി നോമെന്‍ ഇംപോസുയിത് ലിയോ പതിനാലാമന്‍”
”അത്യന്ത ആനന്ദത്തോടെ ഞാന്‍ വിളംബരം ചെയ്യുന്നു: നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു! അത്യുന്നതനും പരമ വന്ദ്യനുമായ പ്രഭു, (ജ്ഞാനസ്നാനപേര്), വിശുദ്ധ റോമാ സഭയുടെ കര്‍ദിനാള്‍ (കുടുംബപേര്), അദ്ദേഹം സ്വയം ഈ പേരു വിളിക്കുന്നു (ലിയോ പതിനാലാമന്‍).’
പുതിയ പാപ്പാ ബാല്‍ക്കണിയില്‍ ആനീതനായി. ഇറ്റാലിയനില്‍ ഹ്രസ്വമായി സംസാരിച്ചുകൊണ്ട് അദ്ദേഹം റോമിന്റെ മെത്രാനും സാര്‍വത്രിക സഭയുടെ തലവനും എന്ന പദവിയില്‍ തന്റെ ആദ്യത്തെ ‘ഊര്‍ബി എത് ഓര്‍ബി’ (നഗരത്തിനും ലോകത്തിനുമായി) അപ്പസ്തോലിക ആശീര്‍വാദം നല്കി.
തുടര്‍ന്നുള്ള ഏതെങ്കിലും ദിനത്തില്‍, സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ പുതിയ പാപ്പായുടെ സ്ഥാനാരോഹണം നടക്കും. റോമാ രൂപതയടെ കത്തീഡ്രലായ സെന്റ് ജോണ്‍ ലാറ്ററന്‍ ആര്ച്ച്ബസിലിക്കയുടെ ചുമതല ഔപചാരികമായി ഏറ്റെടുക്കുന്നതോടെ സ്ഥാനാരോഹണ നടപടികള്‍ പൂര്‍ണമാകും.