കൊടുങ്ങല്ലൂർ കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി റവ.ഡോ. ഫ്രാൻസിസ്കോ പടമാടനെ ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു.നിലവിൽ പൊയ്യ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരിയും തുരുത്തിപ്പുറം ഫൊറോന വികാരിയുമാണ്. ഫാ. സെബാസ്റ്റ്യൻ ജക്കോബി ഒഎസ്ജെ സ്ഥാനമൊഴിഞ്ഞതിനേ തുടർന്നാണ് പുതിയ നിയമനം.
കോട്ടപ്പുറം രൂപത ചെട്ടിക്കാട് സെൻ്റ് ആൻ്റണീസ് ഇടവക പരേതരായ പടമാടൻ ആന്റണിയുടെയും ട്രീസയുടെയും മകനായി 1960 ഫെബ്രുവരി 25 ന് റവ. ഡോ. ഫ്രാൻസിസ്കോ പടമാടൻ ജനിച്ചു. 1986 ഡിസംബർ 22 ന് ആർച്ച്ബിഷപ്പ് കോർണിലിയൂസ് ഇലഞ്ഞിക്കലിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. റോമിലെ ഉർബാനിയാന യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
കോട്ടപ്പുറം രൂപത ചാൻസലർ, രൂപത മൈനർ സെമിനാരി റെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ, മാള പള്ളിപ്പുറം സെൻ്റ് ആൻ്റണീസ് ,തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി , കീഴുപ്പാടം സൽബുദ്ധി മാത,ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻ, കാര മൗണ്ട് കാർമൽ , സമ്പാളൂർ സെൻ്റ് ഫ്രാൻസിസ് സേവ്യർ എന്നീ ദേവാലയങ്ങളിൽ വികാരിയായും കെടാമംഗലം സെൻ്റ് ജോൺ മരിയ വിയാനി, മേത്തല സെൻ്റ് ജൂഡ് , ചേന്നമംഗലം നിത്യസഹായമാത പള്ളികളിൽ പ്രീസ്റ്റ് ഇൻ ചാർജ് ആയും കൂട്ടുകാട് ലിറ്റിൽ ഫ്ളവർ, ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻ, പള്ളികളിൽ വികാർ കോർപ്പറേറ്ററായും മതിലകം സെൻ്റ് ജോസഫ്സ് ഇടവകയിൽ വികാർ സബ്സ്റ്റിറ്റൂട്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.