പാവപ്പെട്ടവരെയും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും സഭയോടും തന്നോടും ചേര്‍ത്തുപിടിച്ച ഫ്രാന്‍സിസ് പാപ്പായെ അവസാനമായി ഒരുനോക്കുകാണാന്‍ ലക്ഷക്കണക്കിന് തീര്‍ഥാടകരും വിശ്വാസികളുമാണ് വത്തിക്കാനിലേക്ക് ഒഴുകിയെത്തുന്നത്.
വത്തിക്കാന്‍ സിറ്റി: ഈസ്റ്റര്‍ ഞായറിനു പിറ്റേന്ന് രാവിലെ വത്തിക്കാനിലെ സാന്താ മാര്‍ത്ത വസതിയില്‍ വച്ച് നിത്യപിതാവിന്റെ പക്കലേക്ക് യാത്രയായ ഫ്രാന്‍സിസ് പാപ്പായുടെ ഭൗതികശരീരം ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വച്ചതോടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു പ്രാര്‍ഥിക്കാനും അനുഗ്രഹങ്ങള്‍ തേടുവാനുമായി കാത്തുനില്ക്കുന്ന വിശ്വാസികളുടെയും തീര്‍ഥാടകരുടെയും നിര സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ സ്തൂപനിരകള് ചുറ്റി വിയാ ദെല്ല കൊണ്ചിലാത്സിയോനെയും കടന്നു സമീപത്തെ തെരുവുകളിലേക്കു നീണ്ടുപോയി. അര്‍ധരാത്രിവരെയാണ് പൊതുദര്‍ശനം ക്രമീകരിച്ചിട്ടുള്ളതെങ്കിലും ജനപ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമയം നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് വത്തിക്കാന്‍ മാധ്യമകാര്യാലയം സൂചിപ്പിച്ചു.
ബുധനാഴ്ച ഇറ്റാലിയന്‍ സമയം രാവിലെ ഒന്‍പതുമണിയോടെ സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ നിന്ന് പാപ്പായുടെ ഭൗതികശരീരം ബസിലിക്കയിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രാരംഭപ്രാര്ഥനകള് ആരംഭിച്ചു. പരിശുദ്ധ സിംഹാസനം ഒഴിഞ്ഞുകിടക്കുമ്പോള്‍ ഇടക്കാല ഭരണക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്ന കമെര്‍ലെംഗോ കര്‍ദിനാള്‍ കെവിന് ഫാറല്‍, പരിശുദ്ധ പിതാവിലൂടെ ക്രൈസ്തവ ജനതയ്ക്കു ലഭിച്ച അനേകം ദാനങ്ങള്‍ക്ക് ദൈവത്തിനു നന്ദിയര്‍പ്പിക്കുകയും സ്വര്‍ഗീയ ഭവനത്തില്‍ പാപ്പായ്ക്ക് നിത്യസമ്മാനം ലഭിക്കാനും പേപ്പല്‍ കുടുംബത്തിനും റോമിലെ സഭയ്ക്കും ലോകമെമ്പാടുമുള്ള സഭാവിശ്വാസികള്‍ക്കും പ്രത്യാശയുടെ സാന്ത്വനം അനുഭവിക്കുമാറാകുന്നതിനുമായി പ്രാര്‍ഥിച്ചു.
കര്‍ദിനാള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ സാന്താ മാര്‍ത്ത ചത്വരത്തിലൂടെ മണികളുടെ കമാനം കടന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെ ബസിലിക്കയിലേക്ക് വിലാപയാത്രയായി ഭൗതികദേഹം സംവഹിച്ചു. പാത്രിയര്‍ക്കീസുമാരും കര്‍ദിനാള്‍മാരും മെത്രാന്മാരും മോണ്‍സിഞ്ഞോര്‍മാരും മറ്റു വൈദികരുമുള്‍പ്പെടെ നാനൂറിലധികം പേര് പ്രദക്ഷിണത്തില്‍ പങ്കെടുത്തു. ഇരുപതിനായിരത്തോളം വിശ്വാസികള്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ പാപ്പായുടെ ഭൗതികശരീരം കാണാനായി ഇടം പിടിച്ചിരുന്നു. വിശുദ്ധ പത്രോസിന്റെ ചത്വരത്തിന് പുറത്തും സമീപത്തുള്ള വഴികളിലുമായി ബസിലിക്കയിലേക്കെത്താന് ആയിരക്കണക്കിന് ആളുകള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. പാവപ്പെട്ടവരെയും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും സഭയോടും തന്നോടും ചേര്‍ത്തുപിടിച്ച പാപ്പായെ അവസാനമായി ഒരുനോക്കു കാണാന്‍ ലക്ഷക്കണക്കിന് തീര്‍ഥാടകരും വിശ്വാസികളുമാണ് വത്തിക്കാനിലേക്ക് ഒഴുകിയെത്തുന്നത്.
ബസിലിക്കാ അങ്കണത്തിലെ ചവിട്ടുപടികള്‍ താണ്ടി, തുറന്ന പേടകം ബസിലിക്കയുടെ പ്രധാന കവാടത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ സ്നേഹാദരങ്ങള്‍ പ്രകടിപ്പിക്കുംവിധം നിയന്ത്രിതമെങ്കിലും നിലയ്ക്കാത്ത കരഘോഷം മുഴങ്ങി.
വിശുദ്ധ പത്രോസിന്റെ കബറിടത്തിനു മുകളിലുള്ള വിശ്വാസപ്രഘോഷണത്തിന്റെ അള്‍ത്താരയ്ക്കു മുന്നിലായി പാപ്പായുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി വച്ചപ്പോള്‍ പരിശുദ്ധ പിതാവിന്റെ ആത്മശാന്തിക്കായി ഗായകസംഘം ലത്തീനില്‍ സകല വിശുദ്ധരുടെയും ലുത്തീനിയ ആലപിച്ചു.
തുടര്‍ന്ന് കര്‍ദിനാള്‍ ഫാറല്‍ വചനശുശ്രൂഷ നടത്തി. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ (17: 24 – 26), തന്നോടും തന്റെ ശിഷ്യന്മാരോടുമുള്ള ദൈവത്തിന്റെ സ്നേഹം ഉദ്ഘോഷിച്ചുകൊണ്ടുള്ള യേശുവിന്റെ പൗരോഹിത്യ പ്രാര്‍ഥനയുടെ ഭാഗം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. തിരുകര്‍മങ്ങളുടെ സമാപനത്തില്‍ ‘സാല്‍വേ റെജീന’ എന്ന മരിയന്‍ സ്തവം ആലപിച്ചു.
കര്‍ദിനാള്‍ സംഘത്തിലെ അംഗങ്ങള്‍ ആദ്യം പരിശുദ്ധ പിതാവിന് ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കാത്തുനിന്നിരുന്ന വിശ്വാസികളുടെയും വൈദികരുടെയും സന്ന്യസ്തരുടെയും ഊഴമായി.
വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ രാത്രി 12 വരെയും, വെള്ളി രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെയുമാണ് പൊതുദര്‍ശനത്തിന്റെ സമയക്രമം നിശ്ചയിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് പാപ്പായുടെ ഭൗതികശരീരം ഉള്‍ക്കൊള്ളുന്ന പേടകം അടച്ച് ഭദ്രമായി മുദ്രവയ്ക്കുന്ന കര്‍മങ്ങള്‍ക്ക് കര്‍ദിനാള്‍ ഫാറല്‍ നേതൃത്വം വഹിക്കുമെന്ന് ആരാധനക്രമകാര്യങ്ങള്‍ക്കായുള്ള കാര്യാലയം അറിയിച്ചു.
ശനിയാഴ്ച രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ന്, ഫ്രാന്‍സിസ് പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകളുടെ ഭാഗമായുള്ള വിശുദ്ധ കുര്‍ബാന വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെടും. കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ ജൊവാന്നി ബത്തിസ്ത്ത റേ ആയിരിക്കും ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കുക. ദിവ്യബലിയുടെ അവസാനം അന്തിമോപചാരശുശ്രൂഷ നടക്കും. തദനന്തരം ഫ്രാന്‍സിസ് പാപ്പായുടെ ഭൗതികദേഹം അടങ്ങിയ മഞ്ചം വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലേക്കും അവിടെ നിന്ന്, തന്റെ ഐഹികയാത്ര അവസാനിക്കേണ്ട ഇടമെന്ന് ഫ്രാന്‍സിസ് പാപ്പാ ഒസ്യത്തില്‍ വ്യക്തമാക്കിയിരിക്കുന്ന, റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്കും കൊണ്ടുപോയി അവിടെ അടക്കം ചെയ്യും.
കര്‍ദിനാള്‍മാരായ റോജര്‍ മൈക്കള്‍ മഹോണി, ഡൊമിനിക് മംബേര്‍ത്തി, പത്രോസിന്റെ ബസിലിക്കയുടെ അര്ച്ച്പ്രീസ്റ്റ് മൗറോ ഗംബെത്തി എന്നിവര്‍ തിരുകര്‍മങ്ങളില്‍ പങ്കെടുക്കും. കര്‍ദിനാള്‍ പിയെത്രോ പരൊളിന്‍, റോം രൂപതയുടെ വികാര്‍ ജനറല്‍ കര്‍ദിനാള്‍ ബാള്ദസാരെ റെയ്ന, കാരുണ്യപ്രവര്ത്തങ്ങളുമായി ബന്ധപ്പെട്ട ഡികാസ്റ്ററി പ്രീഫെക്റ്റ് കര്‍ദിനാള്‍ കോണ്‍റാഡ് ക്രയേവ്സ്കി, സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ പൊതുകാര്യങ്ങള്‍ക്കായുള്ള സബ്സ്റ്റിറ്റിയൂട്ട് ആര്‍ച്ച്ബിഷപ് പെഞ്ഞ പാറ, അസിസ്റ്റന്റ് കമര്‍ലെങ്കോ ആര്‍ച്ച്ബിഷപ് ഇല്‍സണ്‍ ദേ ഹെസൂസ് മോന്തേനാരി, പൊന്തിഫിക്കല്‍ ഭവനത്തിന്റെ റീജന്റ് ആര്‍ച്ച്ബിഷപ് ലെയൊനാര്‍ദോ സപിയെന്സ, വത്തിക്കാന്‍ ചാപ്റ്ററിന്റെ കാനോനിക്കോകള്, പരിശുദ്ധ പിതാവിന്റെ സെക്രെട്ടറിമാരായിരുന്ന വൈദികര്‍ തുടങ്ങിയവരും, മാസ്റ്റര്‍ ഓഫ് സെറിമണി ആര്‍ച്ച്ബിഷപ് ദിയേഗോ റവേല്ലി അനുവദിക്കുന്നവരും സന്നിഹിതരായിരിക്കും.
അറുപതോളം കര്‍ദിനാള്‍മാരുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പതു മുതല്‍ 10.30 വരെ കര്‍ദിനാള്‍മാരുടെ സംഘത്തിന്റെ പ്രഥമ ഔദ്യോഗിക പൊതുസമ്മേളനം നടന്നു. പരിശുദ്ധസിംഹാസനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതുവരെ സഭാപരമായ കാര്യക്രമങ്ങള്‍ സംബന്ധിച്ചുള്ള ‘ഊനിവേഴ്സി ദൊമിനിചി ഗ്രേജിസ്’ എന്ന അപ്പസ്തോലിക ഭരണഘടനാച്ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുമെന്ന് കര്‍ദിനാള്‍മാര്‍ വാഗ്ദാനം ചെയ്തു. ഫ്രാന്‍സിസ് പാപ്പായ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് അദ്സുമൂസ് എന്ന ഗാനം ആലപിക്കപ്പെട്ടു.
സെദേ വക്കാന്തെ കാലയളവില്‍ കമെര്ലെംഗോയെ സഹായിക്കേണ്ടതിന് കര്‍ദിനാള്‍ സംഘത്തില്‍ നിന്ന് മൂന്ന് അംഗങ്ങളുടെ ആദ്യ കമ്മിഷനെ മൂന്നു ദിവസത്തേക്കു തിരഞ്ഞെടുത്തു. വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിന് (മെത്രാന് ശ്രേണി), കര്‍ദിനാള്‍ സ്റ്റാനിസ്ലാവ് റൈല്‍ക്കോ (വൈദിക ശ്രേണി), കര്‍ദിനാള്‍ ഫാബിയോ ബാജ്ജോ (ഡീക്കന്‍ ശ്രേണി) എന്നിവരാണ് ആദ്യ സമിതിയിലുള്ളത്. മൂന്നു ദിവസം കഴിയുമ്പോള്‍ അടുത്ത സമിതിയെ തിരഞ്ഞെടുക്കും.
ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ, വിശുദ്ധരുടെ നാമകരണച്ചടങ്ങുകള്‍ക്കായുള്ള ഡികാസ്റ്ററി പ്രസിദ്ധീകരിച്ച്, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാനായി തീരുമാനിച്ചിരുന്ന ധന്യപദവിയിലുള്ളവരുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ പുതിയ പാപ്പായെ തിരഞ്ഞടുത്ത ശേഷം അദ്ദേഹത്തിന്റെ കൂടി തീരുമാനപ്രകാരമായിരിക്കുമെന്ന് കര്‍ദിനാള്‍ സംഘം തീരുമാനിച്ചു. ഏപ്രില്‍ 27ന് ദിവ്യകരുണയുടെ തിരുനാള്‍ ദിനത്തില്‍ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂത്തിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന നടപടികള്‍ കഴിഞ്ഞ ദിവസം വത്തിക്കാന്‍ താത്കാലികമായി മാറ്റിവച്ചതിന് പുറമെയാണ് ഈ തീരുമാനം.
രണ്ടാമത്തെ സമ്മേളനത്തില്‍ 103 കര്‍ദിനാള്‍മാര്‍ പങ്കെടുത്തു. ‘വേനി സാങ്തേ സ്പിരിത്തൂസ്’ എന്ന പരിശുദ്ധാത്മാവിനോടുള്ള ഗാനം ആലപിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് പരിശുദ്ധ പിതാവിനുവേണ്ടിയുള്ള പ്രാര്‍ഥന ചൊല്ലി.
പരിശുദ്ധ പിതാവിന്റെ ദേഹവിയോഗത്തില്‍ പരമ്പരാഗതമായി ആചരിക്കുന്ന ദുഃഖാചരണത്തിന്റെ നവനാള്‍ തിരുകര്‍മങ്ങളില്‍ ഓരോ ദിവസവും മുഖ്യകാര്‍മികത്വം വഹിക്കുന്ന കര്‍ദിനാള്‍മാരുടെ പേരുവിവരങ്ങള്‍ ഈ സമ്മേളനത്തില്‍ നിശ്ചയിച്ചു.
പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷം, ഏപ്രില്‍ 27നു ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ കര്‍ദിനാള്‍ പിയെത്രോ പരൊളിന്‍ മുഖ്യകാര്‍മികനായിരിക്കും. പാപ്പായ്ക്കുവേണ്ടി അര്‍പ്പിക്കപ്പെടുന്ന നവനാള്‍ കുര്‍ബാനയില്‍ രണ്ടാമത്തേതായിരിക്കും ഇത്. തുടര്‍ന്നുള്ള ഏഴു ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചുമണിക്ക് പാപ്പായ്ക്കുവേണ്ടി വിശുദ്ധബലി അര്‍പ്പിക്കപ്പെടും.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഫ്രാന്‍സിസ് പാപ്പായ്ക്കുവേണ്ടി അര്‍പ്പിക്കപ്പെട്ട ജപമാലപ്രാര്ഥനയ്ക്ക് കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്ത്ത റേ നേതൃത്വം നല്കി.