വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായുടെ സംസ്കാരശുശ്രൂഷ ശനിയാഴ്ച ഇറ്റാലിയന്‍ സമയം രാവിലെ 10ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്കുശേഷം 1.30ന്) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കാ ചത്വരത്തില്‍ നടത്തും.
കര്‍ദിനാള്‍മാരുടെ സംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ ജൊവാന്നി ബത്തിസ്താ റേയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പാത്രിയാര്‍ക്കീസുമാരും കര്‍ദിനാള്‍മാരും ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും വൈദികരും സന്ന്യസ്തരും സഹകാര്‍മികരായിരിക്കും.
ആത്മാവിനെ ദൈവികകാരുണ്യത്തിനു സമര്‍പ്പിക്കുന്ന ‘ഉള്ത്തിമ കൊമെന്താസിയോ,’ ‘വലെദിക്സിയോ’ പ്രാര്‍ഥനകളോടെയാണ് ദിവ്യബലി സമാപിക്കുന്നത്. ഒന്പതുനാള് നീളുന്ന ദുഃഖാചരണത്തിനും ഫ്രാന്‍സിസ് പാപ്പായുടെ ആത്മശാന്തിക്കുവേണ്ടിയുള്ള ദിവ്യബലിയര്പ്പണത്തിനുമായുള്ള നൊവെന്ദിയാലെസിന് അതോടെ തുടക്കം കുറിക്കും.
പാപ്പായുടെ ഭൗതികദേഹം വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലേക്കും അവിടെനിന്ന് കബറടക്കത്തിനായി റോമിലെ സെന്റ് മേരി മേജര്‍ പേപ്പല്‍ ബസിലിക്കയിലേക്കും കൊണ്ടുപോകും.
ചെമന്ന മേലങ്കിയും ശിരസില്‍ പേപ്പല്‍ ശിരോവസ്ത്രമായ മൈറ്ററുമണിഞ്ഞ് കൈവിരലുകളില്‍ ജപമാല ചുറ്റി ഫ്രാന്‍സിസ് പാപ്പായുടെ മൃതശരീരം തുറന്ന പേടകത്തില്‍ ഇന്ന് വത്തിക്കാനിലെ കാസാ സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ പ്രദര്‍ശനത്തിനു വച്ചു. സ്വിസ് ഗാര്‍ഡുകളുടെ അകമ്പടിയോടെ ഔദ്യോഗിക ദര്‍ശനത്തിന് സൗകര്യമൊരുക്കിയ ചാപ്പലില്‍ കര്‍ദിനാള്‍മാരും റോമന്‍ കൂരിയായിലെയും വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിലെയും ഉദ്യോഗസ്ഥരും അന്ത്യാഞ്ജലിയര്‍പ്പിച്ചു.
പൊതുദര്‍ശനത്തിനായി ബുധനാഴ്ച രാവിലെ ഇറ്റാലിയന്‍ സമയം ഒന്‍പതുമണിയോടെ ഭൗതികദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു കൊണ്ടുപോകും. കമെര്‍ലെംഗോ കര്‍ദിനാള്‍ കെവിന് ഫാരെലിന്റെ നേതൃത്വത്തില്‍ പ്രാര്ഥനയര്പ്പിച്ചുകൊണ്ടാവും മൃതശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സാന്താ മാര്‍ത്താ ചത്വരവും റോമിലെ ആദിമരക്തസാക്ഷികളുടെ ചത്വരവും മണികളുടെ കമാനവും കടന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്കു പ്രവേശിക്കുക.
ബസിലിക്കയുടെ പ്രധാനകവാടത്തിലൂടെ ഭൗതികശരീരം അകത്തേക്കു സംവഹിക്കപ്പെടും. വിശുദ്ധ പത്രോസിന്റെ കബറിടത്തിന്റെ മുകളിലുള്ള ‘കണ്ഫെസിയോ’ അള്‍ത്താരയില്‍ കര്‍ദിനാള്‍ കമെര്ലെംഗോയുടെ കാര്‍മികത്വത്തില്‍ വചനശുശ്രൂഷ നടത്തും. തുടര്‍ന്നാണ് പൊതുദര്‍ശനം ആരംഭിക്കുന്നത്. ശനിയാഴ്ച വരെ വിശ്വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും അന്ത്യാഞ്ജലിയര്‍പ്പിച്ച് പ്രാര്‍ഥിക്കാന്‍ അവസരമുണ്ടാകും.
പാപ്പായുടെ നിര്‍ദേശപ്രകാരം 2024-ല്‍ പുതുക്കിയ പേപ്പല്‍ സംസ്കാരശുശ്രൂഷയുടെ ലിറ്റര്‍ജിക്കല്‍ ടെക്സ്റ്റ് ‘ഓര്‍ദോ എക്സെക്വിയാരും റൊമാനി പൊന്തിഫീച്ചിസ്’ അനുസരിച്ചായിരിക്കും ശനിയാഴ്ചത്തെ ശുശ്രൂഷകള്‍ നടത്തുക.
സൈപ്രസ് പെട്ടിയില്‍ കിടത്തി ഈയംകൊണ്ടു നിര്‍മിച്ച മറ്റൊരു പെട്ടിയിലും മൂന്നാമതായി ഓക്കുമരത്തില്‍ തീര്‍ത്ത പെട്ടിയിലുമാക്കിയാണ് പരിശുദ്ധ പാപ്പാമാരുടെ കബറടക്കം നടത്തിവന്നിരുന്നത്. എന്നാല്‍ തനിക്കായി നാകം പൊതിഞ്ഞ മരത്തിന്റെ ഒരൊറ്റപെട്ടി മാത്രാണ് ഉപയോഗിക്കേണ്ടതെന്ന് ഫ്രാന്‍സിസ് പാപ്പാ നിര്‍ദേശിച്ചിട്ടുണ്ട്. അതില്‍ കിടത്തി പാപ്പായുടെ മുഖം പട്ടിന്റെ ഒരു ശീലകൊണ്ട് മറയ്ക്കും.
സംസ്കാരശുശ്രൂഷയുടെ ദിവ്യബലിയോടെ ആരംഭിക്കുന്ന നൊവെന്ദിയാലെസ് അനുസ്മരണശുശ്രൂഷകളുടെ ഭാഗമായി സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പാപ്പായുടെ ആത്മശാന്തിക്കായി എട്ടുദിവസം കൂടി നിത്യവും ഓരോ കര്‍ദിനാള്‍മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. ഇതിനുള്ള കര്‍ദിനാള്‍മാരുടെ പട്ടിക ഫ്രാന്‍സിസ് പാപ്പാ നേരത്തെതന്നെ നിര്‍ദേശിച്ചിട്ടുണ്ട്.
ശനിയാഴ്ച സംസ്കാരശുശ്രൂഷയില്‍ സംബന്ധിക്കാന്‍ ലോകരാഷ്ട്രങ്ങളുടെ തലവന്മാരും മറ്റു നേതാക്കളും ആധ്യാത്മികാചാര്യന്മാരും വത്തിക്കാനിലെത്തും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഥമവനിത മെലാനിയോടൊപ്പം അന്ത്യാഞ്ജലി അര്പ്പിക്കാനെത്തുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.