കോഴിക്കോട്: മുനമ്പം ഭൂമി പ്രശ്നം മാനുഷിക പ്രശ്നമായി കണ്ട് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കോഴിക്കോട് അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. മതപരമായ പ്രശ്നമായി ഇതിനെ കാണരുത്. മുനമ്പം വിഷയത്തിൽ, കെ വി തോമസ് ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പുമായി ചർച്ച നടത്തി. കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ആയി ചുമതലയേറ്റ വർഗീസ് ചക്കാലക്കലിനെ ആശംസകൾ അറിയിക്കാനും, മുനമ്പം ഭൂമി പ്രശ്നത്തെ കുറിച്ച് ചർച്ച നടത്താനും എത്തിയതായിരുന്നു പ്രൊഫ. കെവി തോമസ്.
ചർച്ച അരമണിക്കൂറോളം നീണ്ടു. വിഭാഗീയത ഇല്ലാതെ മുനമ്പം വിഷയം കൈകാര്യം ചെയ്യണം. എല്ലാവരും ഒരുമിച്ചിരുന്ന് പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണം. വിഷയത്തിൽ കെ വി തോമസുമായുള്ള കൂടിക്കാഴ്ച തനിക്ക് പ്രതീക്ഷ പകരുന്നതായും ആർച്ച് ബിഷപ്പ് പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ ഒന്നിച്ചു നിൽക്കണം എന്നാണ് തന്റെ ആഗ്രഹം. മതം, ജാതിയായി ഒന്നും ഇതിനെ കാണരുത്. മുനമ്പം നിവാസികൾക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് കരുതുന്നതായും ആർച്ച് ബിഷപ്പ് പറഞ്ഞു. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും. റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം കൂടുതൽ ഇടപെടൽ നടത്താമെന്ന് കെവി തോമസ് ഉറപ്പു നൽകിയതായും ആർച്ച് ബിഷപ്പ് പറഞ്ഞു.