കൊച്ചി: സഹനങ്ങളുടെ സങ്കടക്കടക്കടലുകൾക്കൊടുവിൽ വിജയത്തിന്റെ വെള്ളിവെളിച്ചമുണ്ടെന്ന പ്രത്യാശയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.യേശു ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിനെ അനുസ്മരിച്ച് ദേവാലയങ്ങളിൽ പാതിരാ കുർബാനയും ഉയിർപ്പ് ശുശ്രൂഷകളും നടന്നു. കേരളത്തിലെ പള്ളികളിൽ ശനിയാഴ്ച രാത്രി തുടങ്ങിയ പ്രാർത്ഥനാ ചടങ്ങുകൾ ഞായറാഴ്ച പുലർച്ചെ വരെ നീണ്ടു. ആയിരക്കണക്കിന് വിശ്വാസികൾ പ്രാർഥനകളിൽ പങ്കാളികളായി.
പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആയിരുന്നു ശുശ്രൂഷ. വരാപ്പുഴ അതിരൂപത ആർച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം കത്തീഡ്രലിൽ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികനായി .കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തിത്തീഡ്രലിൽ ബിഷപ്പ് ഡോ .അംബ്രോസ് പുത്തൻവീട്ടിൽ തിരുകർമ്മങ്ങൾക്ക് കാർമികനായി .
ഓർത്തഡോക്സ് സഭയിലെ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കാർമികത്വം വഹിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ നേതൃത്വം നൽകി. തിരുവാങ്കുളം സെന്റ് ജോർജ് പള്ളിയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റർ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നൽകും. ആ പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ പകരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഈസ്റ്റർ ദിന സന്ദേശത്തിൽ പറഞ്ഞു. പ്രത്യാശയുടെ പ്രകാശത്തെ തടുത്തുനിർത്താൻ ലോകത്ത് ഒരു പ്രതിബന്ധത്തിനും സാധിക്കില്ലെന്ന സന്ദേശമാണ് ഈസ്റ്റർ മുന്നോട്ടുവെക്കുന്നത്. നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന് ഈസ്റ്റർ നമ്മെ ഓർമ്മിപ്പിക്കുന്നു. എല്ലാവരും തുല്യരായി സന്തോഷത്തോടെ വാഴുന്ന നല്ലൊരു നാളെ സ്വപ്നം കാണുന്ന നാമെല്ലാവരെയും സംബന്ധിച്ചിടത്തോളം നവകേരളം കെട്ടിപ്പടുക്കാനായുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ഈസ്റ്റർ ആഘോഷങ്ങൾ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ എന്നും ആദ്ദേഹം നേർന്നു.
പീഡാനുഭവങ്ങൾക്കും കുരിശ് മരണത്തിനും ശേഷമുള്ള ഉയിർപ്പിന്റെ പെരുന്നാളാണ് ഈസ്റ്റർ. ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യരുടെ പ്രതീക്ഷയും സ്വപ്നവുമെല്ലാം ക്രിസ്തുവായി മാറുന്നൊരു കാലമാണ് ഉയിർപ്പിന്റെ പെരുന്നാൾ. മനുഷ്യൻ ചെയ്തു കൂട്ടിയ എല്ലാ പാപങ്ങളുടെയും മോചനത്തിനായി മനുഷ്യ പുത്രൻ സ്വയം ബലിയർപ്പിച്ച് ക്രൂശിതനായതിന്റെ ഓർമ്മകൾ കൂടിയാണിത്. ജീവിതത്തിൽ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചു നിൽക്കാനുള്ള ആത്മവിശ്വാസമാണ് ഈ ഉയിർപ്പിന്റെ പെരുന്നാൾ നൽകുന്നത്. നിങ്ങൾ പ്രത്യാശയുള്ളവരായിരിക്കണം, കാരണം നിങ്ങൾക്ക് വാഗ്ദാനം നൽകിയിരിക്കുന്നയാൾ വിശ്വസ്തനാണ്. എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഈസ്റ്റർ ആശംസ.