വെള്ളറട: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമല 68-ാമത് തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടത്തിൽ പെസഹാ വ്യാഴം ലക്ഷങ്ങൾ മലകയറി പ്രാർത്ഥിച്ചു. രാവിലെ 5 മണിക്ക് സംഗമ വേദിയിൽ നിന്നും നെറുകയിലേയ്ക്ക് ആരംഭിച്ച കുരിശിന്റെ വഴിയക്ക് പിന്നാലെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ തീർത്ഥാടകർ മലകയറി തുടങ്ങി.
വൈകുന്നേരമായതോടെ നെറുകയുംആരാധനാ ചാപ്പലും സംഗമ വേദിയും തീർത്ഥാടകരുടെ തിരക്കിൽ നിറഞ്ഞ് കവിഞ്ഞു.ഇടയ്ക്കിടെ പെയ്ത വേനൽ മഴയെ അവഗണിച്ചാണ് വിശ്വാസികൾ തീർത്ഥാടനം നടത്തിയത്.
തീർത്ഥാടകരെ നിയന്ത്രിക്കാൻ പോലീസും വോളന്റിയേഴ്സും നന്നേ പാടുപ്പെട്ടു. തിരക്ക് രാത്രിയിലും തുടർന്നു.
സംഗമ വേദിയിൽ വൈകുന്നേരം 6 മണിയ്ക്ക് നടന്ന ആഘോഷമായ ദിവ്യബലിയ്ക്കും പാദ ക്ഷാളന ശുശ്രൂഷാ കർമ്മത്തിനും സ്പിരിച്ച്വൽ ആനിമേറ്റർ ഫാ. ഹെൻസിലിൻ ഒ.സി.ഡി മുഖ്യ കാർമ്മികത്വം വഹിച്ചു. കുരിശുമല ഡിവൈൻ ബീറ്റ്സ് ഗാനശുശ്രൂഷ നടത്തി. തുടർന്ന് തിരുമണിക്കൂർ ആരാധനയ്ക്ക് കുരിശുമല, കൂട്ടപ്പു, കൊല്ലകോണം ഇടവകകൾ നേതൃത്വം നൽകി. രണ്ടാം ഘട്ട തീർത്ഥാടനം ദുഃഖവെള്ളിയാഴ്ച സമാപിക്കും. ദു:ഖവെള്ളിയാഴ്ച രാത്രി മുഴുവൻ സമയവും തീർത്ഥാടകർക്ക് മല കയറുന്നതിന് ലൈറ്റും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി സംഘാടക സമിതി അറിയിച്ചു.