കൊച്ചി : ഇന്ത്യയില്‍ പലയിടത്തും ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോട് ആശങ്ക അറിയിച്ചു. വഖഫ് നിയമ ഭേദഗതി നടപ്പിലായ സാഹചര്യത്തില്‍ മുനമ്പം വിഷയത്തില്‍ സമയബന്ധിതമായി ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് അദ്ദേഹം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിനെ മെത്രാസന മന്ദിരത്തിലെത്തി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു സന്ദര്‍ശിച്ചപ്പോഴായിരുന്നു ആര്‍ച്ച്ബിഷപ് ഇക്കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
വഖഫ് ഭേദഗതി നിയമത്തിനു ശേഷമുള്ള ചട്ടങ്ങളും മറ്റും വരുന്നതോടുകൂടി പരിഹാരമുണ്ടാകും എന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. നിയമഭേദഗതി നടപ്പിലായതിനാല്‍ മുനമ്പം വിഷയങ്ങള്‍ പോലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ല എന്നും മന്ത്രി പറഞ്ഞു. ക്രൈസ്തവ സഭയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണം എന്നാണ് ഈ സര്‍ക്കാരിന്റെ നിലപാട് എന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് സഭകളിലുണ്ടായിരുന്ന പ്രാതിനിത്യം പുനസ്ഥാപിക്കണമെന്നും പിന്നാക്ക ന്യൂനപക്ഷം എന്ന നിലയില്‍ കേരളത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കണമെന്നും ന്യൂനപക്ഷം എന്നപേരില്‍ സമുദായം നടത്തുന്ന സ്വാശ്രയ കോളേജുകളില്‍ പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്ന അവകാശം പുനഃസ്ഥാപിക്കണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു. തീര സംക്ഷണത്തിന്റെ ഭാഗമായി വൈപ്പിന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കടല്‍ഭിത്തിക്ക് ഫണ്ട് ലഭ്യമാക്കണം. കടല്‍ മണല്‍ ഖനനം സംബന്ധിച്ച നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആര്ച്ച്ബിഷപ്പിനോടൊപ്പം സഹായമെത്രാന്‍ ബിഷപ് ആന്റണി വാലുങ്കല്‍, വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍ മാത്യു ഇലഞ്ഞിമിറ്റം, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ. സോജന് മാളിയേക്കല്‍, ഫാ. സ്മിജോ ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. കേന്ദ്രമന്ത്രിയോടൊപ്പം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, ഷോണ്‍ ജോര്‍ജ് എന്നിവരും ഉണ്ടായിരുന്നു. ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമാക്കി കൊണ്ടുള്ള മെമ്മൊറാണ്ടം ആര്‍ച്ച്ബിഷപ് കേന്ദ്ര മന്ത്രിക്ക് കൈമാറുകയായിരുന്നു.