കോഴിക്കോട്: മലബാറിന് ഈസ്റ്റർ സമ്മാനമായി വത്തിക്കാനിൽ നിന്നും ശുഭവാർത്തയെത്തി. കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി. വത്തിക്കാനിൽ നടന്ന പ്രഖ്യാപനത്തിലാണ് അതിരൂപതയായി ഉയര്‍ത്തിയത്. ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം ഇവിടെ വായിച്ചത് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ്. അതിരൂപതയായി ഉയർത്തിയതോടെ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് ആയി.
കണ്ണൂര്‍, സുല്‍ത്താന്‍ പേട്ട രൂപതകള്‍ ഇനി മുതല്‍ കോഴിക്കോട് അതിരൂപതയ്ക്ക് കീഴിലാകും. കോഴിക്കോട് രൂപത രൂപീകൃതമായി 102 വര്‍ഷം പിന്നിടുമ്പോഴാണ് രൂപതയെ അതിരൂപതയായി ഉയര്‍ത്തുന്നത്.2012 ലാണ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് ബിഷപ്പായി ചുമതലയേറ്റത്. തൃശൂര്‍ മാള സ്വദേശിയാണ്.

1923 ജൂൺ 12 ന് പയസ് പതിനൊന്നാമൻ മാർപ്പാപ്പ മംഗലാപുരം, മൈസൂർ രൂപതകളിൽ നിന്ന് ഇടവകകൾ ഏറ്റെടുത്തുകൊണ്ട് കോഴിക്കോട് രൂപത നിലവിൽ വന്നു. ഷൊർണൂർ മുതൽ കാസർഗോഡ് വരെ വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ആറ് വടക്കൻ ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു.
തിരുവിതാംകൂറിൽ നിന്നുള്ള സിറിയൻ റീത്ത് കത്തോലിക്കർ പശ്ചിമഘട്ടത്തിലെയും മലബാർ പ്രദേശത്തെയും ഉയർന്ന പ്രദേശങ്ങളിൽ എത്തി താമസമാക്കിയപ്പോൾ 1954-ൽ തലശ്ശേരി രൂപത (ഇപ്പോൾ അതിരൂപത) സ്ഥാപിതമാകുന്നതുവരെ കോഴിക്കോട് രൂപത അവരെ സ്വാഗതം ചെയ്യുകയും പരിപാലിക്കുകയും ചെയ്തു.