കോട്ടപ്പുറം: ജബൽപ്പൂരിൽ ക്രൈസ്തവ സഭാധികാരികൾക്ക് നേരെ ഉണ്ടായ അക്രമണങ്ങളിൽ കോട്ടപ്പുറം രൂപത രാഷ്ട്രീയകാര്യ സമിതി പ്രതിഷേധിച്ചു. കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള, പ്രത്യേകിച്ച് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ അപലപനീയമാണെന്നും ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങൾ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിണമെന്നും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം ചെറുക്കുന്നതിന് ആവശ്യമായ നടപടികൾ ത്വരിതപ്പെടുത്തണമെന്നും രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു.

കോട്ടപ്പുറം ബിഷപ്പ് ഹൗസിൽ ചേർന്ന യോഗത്തിൽ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി ഡോ. ജിജു അറക്കത്തറ, കെആർഎൽസിബിസി മതബോധന കമീഷൻ സെക്രട്ടറി ഫാ. മാത്യു പുതിയാത്ത്, കെആർഎൽസിസി ട്രഷറർ ബിജു ജോസി, കോട്ടപ്പുറം രൂപതയിലെ വൈദികരടക്കമുള്ള രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സമകാലിക രാഷ്ട്രീയ കാര്യങ്ങളും സാഹചര്യങ്ങളും യോഗം വിലയിരുത്തി.