ഷാജി ജോര്‍ജ്
സമൂഹത്തിന് നന്മയും ഭാവിയിലേക്കുള്ള കരുതലും നീക്കിവെച്ച് നന്മയുടെ പാതയില്‍ നടന്ന രണ്ടു വൈദിക ശ്രേഷ്ഠര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറിയ ഒരു പുസ്തകമുണ്ട്. രണ്ടുപേരും കൈമാറിയ പുസ്തകങ്ങള്‍ ഒന്നുതന്നെയായിരുന്നുവെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഫലദായകമായ പൗരോഹിത്യ ജീവിതത്തിന് സഹായകമാകുന്ന ധ്യാന പുസ്തകം ‘എനിക്ക് ദാഹിക്കുന്നു.’ ഏഴു പതിറ്റാണ്ടിനുമുമ്പ് ഇറ്റലിക്കാരനായ സലേഷ്യന്‍ വൈദികന് ജുസേപ്പെ തോമസെല്ലിയാണ് ‘സിസിയോ’ (എനിക്ക് ദാഹിക്കുന്നു) എന്നു പേരുള്ള ഈ പുസ്തകം രചിച്ചത്. 1959ല്‍ ന്യൂയോര്‍ക്ക് അതിരൂപതാംഗം ഫാ. തോമസ് ഡൊനെല്ലി അത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു ‘ഐ തേഴ്സ്റ്റ്’ എന്ന പേരില്‍ പ്രസിദ്ധികരിച്ചു. ഫാ. ജുസേപ്പെ തോമസെല്ലി 63 വര്‍ഷങ്ങള്‍ക്കിടയിലുള്ള തന്റെ ജീവിതത്തില്‍ നൂറിലധികം അധ്യാത്മിക പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സലേഷ്യന്‍ സഭാവൈദികന്‍, അജപാലകന്, ധ്യാനഗുരു, ഗ്രന്ഥകാരന് എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനാണ്. ഫാ. ജുസേപ്പെയുടെ ‘സിസിയോ’ മലയാളത്തിലേക്ക് മുന്നു വര്‍ഷം മുന്‍പ് കണ്ണൂര്‍ രൂപതയിലെ മുതിര്‍ന്ന വൈദികന് ഫാ. മാര്ട്ടിന് രായപ്പന് വിവര്‍ത്തനം ചെയ്തു ‘എനിക്കു ദാഹിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തുടക്കത്തില്‍ പരമാര്‍ശിച്ച രണ്ടുവൈദിക ശ്രേഷ്ഠരെ കുറിച്ച് അറിയണമല്ലോ. നിര്‍ധനരായ സഹജീവികള്‍ക്ക് ഏഴായിരത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു കൈമാറിയ മലബാറിലെ മഹാമിഷനറി പുണ്യശ്ലോകനായ ഫാ. ലീനസ് മരിയ സുക്കോളും സമൂഹത്തിന് നന്മയുടെ പ്രകാശം പരത്തിയ കേരള ടൈംസ് പത്രത്തിന്റെ നടത്തിപ്പുകാരനും മരട് പി. എസ്. ഹോസ്പിറ്റലിന്റെ സ്ഥാപകനും കപ്പല്‍ മാതൃകയില്‍ എറണാകുളത്തെ സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലിന്റെ നിര്‍മ്മാണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത മോണ്‍സിഞ്ഞോര്‍ അലക്സാണ്ടര്‍ വടക്കുംതലയുമാണ് ആ രണ്ടു ശ്രേഷ്ഠവൈദികര്. തങ്ങളുടെ പ്രവര്‍ത്തന പാന്ഥാവില് വഴിവിളക്കായി സഹായിച്ച ‘ഐ തേഴ്സ്റ്റ്’ എന്ന പുസ്തകം സുക്കോളച്ചന് ഫാ. മാര്ട്ടിന് രായപ്പനും മോണ്‍. വടക്കുംതല ഫാ. അലക്സ് വടക്കുംതലയ്ക്കും (ഇപ്പോള്‍ കണ്ണൂര്‍ ബിഷപ്പ്) സമ്മാനിച്ചു. അവരും ആ പ്രകാശത്തില്‍ നടക്കുന്നു.
മലയാളത്തിലേക്ക് പുസ്തകം വിവര്‍ത്തനം ചെയ്യാനിടയായ സാഹചര്യം ഫാ. മാര്ട്ടിന് രായപ്പന് ഇങ്ങനെ വിവരിക്കുന്നു: പുണ്യമിഷനറി ലീനസ് മരിയ സുക്കോള്‍ അച്ചന് ആണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് ‘സിസിയോ’ യുടെ ഒരു കോപ്പി തന്നത്. കുറച്ചുനാള്‍ അത് വായിച്ചുവെങ്കിലും വേണ്ട രീതിയില്‍ ധ്യാനിക്കുവാനോ പ്രാര്‍ത്ഥിക്കുവാനോ മുതിര്‍ന്നില്ല. അതൊരു വലിയ നഷ്ടമായി ഇന്ന് കാണുന്നു. എന്നാല്‍ 2020 ലെ ലോക്ക് ഡൗണ്‍ കാലത്ത് ആ പുസ്തകം വീണ്ടും വായിച്ച് ധ്യാനിക്കുന്നതിന് ഒരു പ്രചോദനം ലഭിച്ചു. വൈകുന്നേരങ്ങളില്‍ ഏകാന്തമായി പരിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവെച്ച് ദേവാലയത്തില്‍ ആരാധിക്കുമ്പോള്‍ ഈ പുസ്തകം ധ്യാനിച്ചു. മെയ് മാസം 2-ാം തീയതി മാസാദ്യ ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് അഭിവന്ദ്യ കണ്ണൂര്‍ രൂപതാദ്ധ്യക്ഷന് അലക്സ് പിതാവിനെ ഫോണില്‍ വിളിച്ചു. പരസ്പരം കുശലാന്വേഷണങ്ങള്‍ നടത്തി. സിസിയോ എന്ന പുസ്തകത്തെക്കുറിച്ച് ഞാന്‍ പറയുകയും അതിന്റെ മലയാള പരിഭാഷയുണ്ടോ എന്ന കാര്യം പിതാവിനോട് അന്വേഷിച്ചു. ആ പുസ്തകം അപ്പോള്‍ പിതാവിന്റെ മേശപ്പുറത്തുണ്ടെന്നും തന്റെ പിതൃസഹോദരനായ മോണ്‍. അലക്സാണ്ടര്‍ വടക്കുംതല തനിക്ക് സമ്മാനിച്ചതാണെന്നും അത് താന്‍ വായിച്ച് ധ്യാനിക്കുന്നുണ്ടെന്നും മാര്‍ച്ച് 23 ന് തന്റെ മെത്രാഭിഷേകദിനത്തില് കണ്ണൂര്‍ ഹോളി മൗണ്ടില്‍ ഏകാന്തമായിരുന്ന് ആ പുസ്തകം ധ്യാനിച്ച് പ്രാര്‍ത്ഥിച്ച കാര്യവും പിതാവ് പറഞ്ഞപ്പോള്‍ വലിയ അതിശയം തോന്നി. പുസ്തകത്തിന് ഒരു മലയാള പരിഭാഷ ഇല്ലെന്നും എന്തു കൊണ്ടായിക്കൂടാ അച്ചന് അത് തുടങ്ങണം എന്നുമുള്ള പിതാവിന്റെ പ്രചോദനാത്മകമായ നിര്‍ദ്ദേശം കേട്ടപ്പോള്‍ അതൊരു ദൈവനിമിത്തമാണെന്ന് തോന്നി. ‘പരിശുദ്ധ അമ്മയുടെ ദിവസമാണ് ഇന്ന്; അതിനാല്‍ പ്രാര്‍ത്ഥിച്ചു തുടങ്ങുക’ എന്ന് പിതാവ് ഉപദേശിച്ചു. പിതാവ് പറഞ്ഞതനുസരിച്ച് പരിശുദ്ധ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ട് പുസ്തകവിവര്ത്തനം ആരംഭിച്ചു. ഇതെനിക്ക് കഴിയുമോ എന്ന് സംശയിച്ചുവെങ്കിലും പരിശുദ്ധ കുര്‍ബാനയുടെ മുമ്പാകെ എന്നും പ്രാര്‍ത്ഥിച്ചുകൊണ്ട് ശക്തി സംഭരിച്ച് മുന്നോട്ട് പോകുകയായിരുന്നു.
‘എനിക്ക് കുടിക്കാന്‍ തരിക’ എന്ന ശീര്‍ഷകമുള്ള ആദ്യ അധ്യായത്തോട് കൂടി പുസ്തകം ആരംഭിക്കുന്നു. ഉപസംഹരിക്കുന്നത് ആകട്ടെ പുരോഹിതന് (സാസിര്ഡോസ്) എന്ന അധ്യായത്തോടുകൂടിയും. 30 അധ്യായങ്ങള്‍.
‘ഓ പുരോഹിതാ ക്രൂശിതനെ ധ്യാനിക്കുക. കുരിശിലെ നിന്റെ ദൈവത്തെ നീ എത്ര പ്രാവശ്യം, ഒന്നും ചെയ്യാതെ തന്നെ നോക്കിയിരുന്നിട്ടുണ്ടാവാം, എന്റെ സഹനങ്ങളുടെ ആ കാഴ്ച നിന്റെ ഓര്‍മ്മയില്‍ എത്രയോ സല്‍ചിന്തകള്‍ കൊണ്ടുവന്നിരിക്കാം?
എന്റെ പീഢാസഹനത്തിന്റെ മണിക്കൂറുകള്‍ നിന്റെ മനസ്സിലേക്ക് കൊണ്ടുവരുക, നിണമൊഴുകിയ വീണ്ടെടുപ്പിന്റെതായ മണിക്കൂറുകള്‍… നിഷ്ക്കളങ്കനായ ഞാന്‍ അപരാധിയെപ്പോലെ കുരിശില്‍ ആണികളാല്‍ തറയ്ക്കപ്പെട്ടു!
ദാരുണ പീഢകളേറ്റ എന്റെ ശരീരം അതിതീക്ഷ്ണമായ ശരീരോഷ്മാവിന് ഇരയായിത്തീര്‍ന്നു. ഒരു തുള്ളി ജലമെങ്കിലും അല്പം ആശ്വാസമാകുമായിരുന്നു. അതിനു ഞാന്‍ യാചിച്ചു: ‘എനിക്കു ദാഹിക്കുന്നു.’
”എനിക്കു ദാഹിക്കുന്നു.’ എന്ന നിലവിളി ഒരു സ്വാഭാവിക ആവശ്യകതയായിരിക്കാം എന്നുവരുകിലും, അതൊരു പ്രതീകാത്മക രോദനമാണ്……. ഞാന്‍ കുടിനീരല്ല തേടുന്നത്….. ആത്മാക്കള്‍ക്കുവേണ്ടിയുള്ള ദാഹമാണ് എനിക്കുള്ളത്. സ്നേഹത്തിനുവേണ്ടിയുള്ള ഒരു ദാഹമാണ് എന്റേത്.
ഈ ചിന്തയോടെ ആരംഭിക്കുന്ന പുസ്തകം സമാപിക്കുന്നത് പുരോഹിതന് എന്ന വാക്കിന്റെ അര്‍ത്ഥം വ്യാഖ്യാനിച്ചുകൊണ്ടാണ്.
ദൈവത്തിന്റെ സേവകാ, നീ തിരുപ്പട്ടം സ്വീകരിച്ചു എന്നുവരുകിലും വൈദീകോചിത തിരുവസ്ത്രങ്ങള്‍ ധരിക്കുന്നു എങ്കിലും നിന്റെ പദവിയുടെ ഔന്നിത്യത്തിലല്ലായെങ്കില് അതില്‍ എന്തു അര്‍ഹതയാണ് നിനക്കുണ്ടാകുക?
എന്ന മനഃസാക്ഷിയോടുള്ള ചോദ്യവും അവസാന അധ്യായം പങ്കുവെയ്ക്കുന്നു.
മദര്‍ തെരേസയുടെ കോണ്‍വെന്റുകളില്‍ നിര്‍ബന്ധമായും പ്രതിഷ്ഠിക്കുന്ന ഒരു ചിത്രമുണ്ട്. ക്രൂശിതനായ ഈശോയുടെ ചിത്രത്തിന് താഴെ ‘എനിക്ക് ദാഹിക്കുന്നു’ എന്ന് ആലേഖനം ചെയ്തിട്ടുള്ള ചിത്രം. യേശുവിന്റെ ദൗത്യം പൂര്‍ത്തികരിക്കാനുള്ള പ്രചോദനമാണ് ആ ചിത്രം സന്ന്യാസിനികള്‍ക്ക് നല്‍കുന്നത്. അതിനു സമം തന്നെയാണ് ഫാ. ജുസേപ്പെ തോമസെല്ലിയുടെ പുസ്തകം. അതിന്റെ മലയാള വിവര്‍ത്തനത്തിലൂടെ അനേകരെ പ്രചോദിപ്പിച്ച ഫാ.മാര്ട്ടിന് രായപ്പനും അഭിനന്ദനം അര്‍ഹിക്കുന്നു.