ജെയിംസ് അഗസ്റ്റിന്
‘ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
മല്ലീശരന്റെ പൂവമ്പു കൊണ്ടു ‘
അയലത്തെ സുന്ദരി(1974) എന്ന സിനിമയ്ക്കു വേണ്ടി മങ്കൊമ്പ് ഗോപാലകൃഷ്ണന് രചിച്ച്, ശങ്കര്‍-ഗണേഷ് സഖ്യം സംഗീതം നല്കി കെ.ജെ.യേശുദാസ് ആലപിച്ച ഈ ഗാനം മാത്രം മതി മങ്കൊമ്പിനെ നാം മറക്കാതിരിക്കാന്‍.
മങ്കൊമ്പിന്റെ മറ്റൊരു പ്രശസ്തരചനയാണ്
‘നാടന്‍പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
നാട്ടിന്‍പുറമൊരു യുവതി
അവളുടെ പ്രിയസഖി എനിക്കു നീയൊരു
നവവധു നമുക്കെന്നും മധുവിധു’
1975 -ല്‍ ഹരിഹരന് സംവിധാനം ചെയ്ത ബാബുമോന് എന്ന സിനിമയ്ക്ക് വേണ്ടിയാണു ഈ ഗാനം മങ്കൊമ്പ് എഴുതിയത്. എം എസ്.വിശ്വനാഥന്റെ സംഗീതവും യേശുദാസിന്റെ ആലാപനവും ചേര്‍ന്നപ്പോള്‍ ഈ ഗാനവും മറവിതന്‍ മാറിടത്തിലേക്കു പോകാത്തതായി.
മലയാളചലച്ചിത്ര ശാഖയിലെ മറ്റൊരു രചയിതാവിനും ലഭിക്കാത്ത അപൂര്‍വഭാഗ്യവും മങ്കൊമ്പു ഗോപാലകൃഷ്ണന് ലഭിച്ചു. ഇന്ത്യയിലെ പ്രശസ്ത ഗായിക ആശ ബോസ്ലെ പാടിയിട്ടുള്ള ഏക മലയാള ഗാനത്തിന് തൂലിക ചലിപ്പിച്ചത് മങ്കൊമ്പായിരുന്നു.
‘സ്വയംവരശുഭദിനമംഗളങ്ങള്
അനുമോദനത്തിന്റെ ആശംസകള്‍
പ്രിയതോഴീ നിനക്കിന്നേ
പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാന്‍’
സുജാത(1977) എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയ ഈ ഗാനത്തിന് സംഗീതം നല്‍കിയത് രവീന്ദ്ര ജെയിന് ആയിരുന്നു. ഇതേ സിനിമയില്‍ത്തന്നെയാണ് ‘കാളിദാസന്റെ കാവ്യഭാവനയെ കാല്‍ചിലമ്പണിയിച്ച സൗന്ദര്യമേ’ എന്നഗാനവും അദ്ദേഹത്തിന്റെ രചനയില്‍ പിറന്നത്.
1985-ല്‍ റിലീസ് ചെയ്ത ബോയിങ് ബോയിങ് എന്ന സിനിമയിലെ
‘തൊഴുകൈ കൂപ്പി ഉണരും
നെയ് വിളക്കിന് തിരികളില്‍’ (സംഗീതം കെ.ജെ.ജോയ്) എന്ന ഗാനവും അതിപ്രശസ്തമാണ്.
ബോംബെ രവി സംഗീതം നല്കിയ മയൂഖം (2005) എന്ന സിനിമയ്ക്ക് വേണ്ടി നാലു ഗാനങ്ങള്‍ മങ്കൊമ്പ് എഴുതി.
ഇതിലെ ‘കാറ്റിനു സുഗന്ധമാണിഷ്ടം’
‘ഈ പുഴയും കുളിര്‍ക്കാറ്റും’
എന്നീ ഗാനങ്ങള്‍ ഹിറ്റായിരുന്നു.
നിന്നിഷ്ടം എന്നിഷ്ടം(1986) എന്ന സിനിമയ്ക്ക് വേണ്ടി അദ്ദേഹം എഴുതിയ
‘ഇളം മഞ്ഞിന് കുളിരുമായൊരു കുയില്‍…
ഇടം നെഞ്ചില്‍ കൂടു കൂട്ടുന്ന സുഖം..
ഹൃദയമുരളിയില്‍ പുളക മേള തന് രാഗം..
ഭാവം താളം…രാഗം…ഭാവം താളം’
എന്ന ഗാനം കണ്ണൂര്‍ രാജന്റെ സംഗീതവും യേശുദാസ്,എസ്. ജാനകി എന്നിവരുടെ ശബ്ദവും സ്വീകരിച്ചു.
ഇതേ സിനിമയിലെ ഗാനങ്ങളാണ്
‘നാദങ്ങളായി നീ വരൂ’
‘തുമ്പപ്പൂക്കാറ്റില്‍ താനെ ഊഞ്ഞാലാടി’
എന്നിവയും.
ഇന്ത്യയില്‍ത്തന്നെ ഏറ്റവുമധികം ചിത്രങ്ങള്‍ മൊഴിമാറ്റി എഴുതിയതിന്റെ റെക്കോര്‍ഡ് അദ്ദേഹത്തിനായിരിക്കും. ബാഹുബലിയടക്കമുള്ള മെഗാഹിറ്റുകള്‍ മലയാളത്തില്‍ നമ്മെ കേള്‍പ്പിച്ചത് മങ്കൊമ്പായിരുന്നു. മടിശീലയില്‍ നിന്നും നൂറുകണക്കിന് ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച പ്രതിഭയ്ക്കു പ്രണാമം.