വില്‍സി സൈമണ്‍
അച്ചടക്കം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി അധ്യാപകര്‍ എടുക്കുന്ന നടപടികള്‍ക്കെതിരെ കേസ് എടുക്കുന്നതിനു മുമ്പ് പ്രാഥമികന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഏറെ ആശ്വാസത്തോടെയാണ് അധ്യാപകലോകം സ്വീകരിച്ചത്. കുട്ടികളുടെ നല്ല ഭാവിക്കായി നല്കുന്ന ചെറുശിക്ഷകള്‍ പോലും ക്രിമിനല്‍ കേസാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കാറുണ്ട്. ഈ ഭയം എല്ലാ അധ്യാപകര്‍ക്കും ഉണ്ട്. ഇത്തരം ഭയാശങ്കകളോടെയല്ല അധ്യാപകര്‍ ജോലി ചെയ്യേണ്ടതെന്നും കോടതി വിലയിരുത്തി. റഫീക്ക് അഹമ്മദിന്റെ കവിതയിലെ, എന്തിനും ഏതിനും കോടതി കയറുന്ന കോമന്ചേട്ടനെപ്പോലെയാകരുത് രക്ഷിതാക്കള്‍ എന്നും കോടതി എടുത്തുപറയുന്നു.
കോമന്ചേട്ടന്റെ പ്രത്യേകതയെന്താണ്?
കോഴിക്കാലന് കോമന് ചേട്ടന്
കോടതിയെന്നും കേറിയിറങ്ങും
ഓലയൊടിഞ്ഞാല്‍
വേലിപൊളിഞ്ഞാല്‍
പൊലീസ് സ്റ്റേഷനിലോടിച്ചെല്ലും
കാളനിത്തിരിയുപ്പുകുറഞ്ഞാല്
ഭാര്യയ്ക്കിട്ടും കേസുകൊടുക്കും…..
ഇങ്ങനെ കോടതി കയറിയിറങ്ങിയ കോമന് ചേട്ടന് ഒരിക്കല്‍ കാലനെതിരെ കേസുകൊടുക്കാന്‍ കോടതിയിലേക്ക് കുതിക്കും മുമ്പേ കാലന് കോമന് ചേട്ടനെ കെട്ടിയെടുത്തതായാണ് കവി ഭാഷ്യം.
ആറാം ക്ലാസുകാരനെ ചൂരല്‍കൊണ്ടടിച്ച അധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ എല്ലാം ഹൈക്കോടതി സൂചിപ്പിച്ചത്. വേണമെങ്കില്‍ ഒരു ചൂരല്‍ അധ്യാപകര്‍ക്ക് കൈയില്‍ വയ്ക്കാം. അടിച്ചില്ലെങ്കിലും അത് തെറ്റ് ചെയ്യുന്നതില്‍ നിന്നും കുട്ടികളെ വിലക്കുമെന്നതില് സംശയമില്ല. കുട്ടികള്‍ക്ക് അടി വേണമോ വേണ്ടയോ എന്ന ചോദ്യത്തിന് വേണമെന്നും വേണ്ടയെന്നും ഉത്തരം ഉണ്ടെങ്കിലും ബഹുഭൂരിപക്ഷം ആളുകളും കുട്ടികള്‍ക്ക് തിരുത്തലുകളും ശാസനകളും നല്ലതാണെന്നാണ് അഭിപ്രായപ്പെടുന്നത്. അത് അവരോട് സ്നേഹമില്ലാത്തതുകൊണ്ടല്ല, മറിച്ച് ശരിയും തെറ്റും മനസ്സിലാക്കി കൊടുക്കുന്നതിനും ഇന്ന് സമൂഹത്തില്‍ നടക്കുന്ന അസ്വസ്ഥതകളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ്. ബഹുഭൂരിപക്ഷം അധ്യാപകരും കുട്ടികളുടെ നല്ല ഭാവിയെ ലക്ഷ്യം വച്ചുകൊണ്ടാണ് ചെറിയ ശാസനകളും തിരുത്തലുകളും നല്‍കുന്നത്. അത് സ്വീകരിക്കാനും അംഗീകരിക്കാനും ഭൂരിപക്ഷം രക്ഷിതാക്കളും കുട്ടികളും തയ്യാറാകുന്നില്ലയെന്നതാണ് വാസ്തവം. കുട്ടികളുടെ വ്യക്തിത്വ വികസനത്തില്‍ അധ്യാപകര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. പഠനത്തില്‍ മാത്രമല്ല കുട്ടികളുടെ സ്വാഭാവ രൂപീകരണത്തിലും അധ്യാപകന് ഇടപെടേണ്ടതുണ്ട്.
ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി നിന്നുകൊണ്ട് എന്തു ആഭാസങ്ങള്‍ കാണിക്കാനും അക്രമങ്ങള്‍ ചെയ്യാനും മടിയില്ലാത്ത ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നത് അഭികാമ്യമല്ല. ഒരു സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ നിയമങ്ങള്‍ അനുസരിക്കാന്‍ കുട്ടികള്‍ ബാധ്യസ്ഥരാണ്. സ്കൂള്‍ നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നില്ലെങ്കില്‍ അത് ചൂണ്ടി കാണിക്കാന്‍ പോലും അധ്യാപകര്‍ക്ക് ഇന്ന് പരിമിതികളുണ്ട്. പല രക്ഷിതാക്കളും ഒരിക്കലും മക്കളുടെ സ്വാഭാവത്തിലെ അപാകതകള്‍ അംഗീകരിക്കാറില്ല. കുട്ടികള്‍ എന്തെങ്കിലും ചെയ്യുമോയെന്ന ഭയം രക്ഷിതാക്കള്‍ക്കും ഉണ്ട്. വൃത്തി, വസ്ത്രധാരണം, അച്ചടക്കം , സമയനിഷ്ഠ, അനുസരണം, അച്ചടക്കം ഇവയൊന്നും വേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളാന്‍ പുതുതലമുറയിലെ കുട്ടികള്‍ക്ക് സാധിക്കുന്നില്ല. അധ്യാപകരോടുള്ള ആദരവും സ്നേഹവുമൊക്കെ നിറംമങ്ങിപ്പോയിരിക്കുന്നു. കാര്യങ്ങള്‍ സത്യസന്ധതയോടെ സംസാരിക്കാന്‍ പോലും ഇന്ന് കുട്ടികള്‍ക്കാവുന്നില്ല.
പരീക്ഷയുടെ സമയമാണെങ്കില്‍ പോലും അധ്യാപകര്‍ക്ക് പരീക്ഷണ കാലമാണ്. കോപ്പിയടി പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നമാണ്. ഇനി ഇതിലൊക്കെ വീഴ്ചവരുത്തിവരെ അധ്യാപകര്‍ തിരുത്താന്‍ പോയാല്‍ ഇല്ലാക്കഥകളും അപവാദങ്ങളുമൊക്കെ കേള്ക്കേണ്ടിവരുമെന്നതില് സംശയമില്ല. പിന്നെ അവകാശങ്ങളെക്കുറിച്ച് ചാനല്‍ ചര്‍ച്ചകളാകും. കേസും ആള്കൂട്ടവും വിചാരണകളുമായി അധ്യാപകര്‍ ഒറ്റപ്പെടും. അതുകൊണ്ട് തന്നെ പഴയകാലത്തുണ്ടായിരുന്ന അച്ചടക്കം വീണ്ടെടുക്കാന്‍ ഒത്തിരി കടമ്പകള്‍ കടക്കണം.
നമ്മുടെ കൈപ്പിടിയില്‍ നിന്നും ഒരു തലമുറ ഊര്‍ന്നു പോയിക്കൊണ്ടിരിക്കുകയാണ്. മക്കള്‍മൂലം ഉറക്കം നഷ്ടപ്പെട്ട അമ്മമാര്‍ മരണഭയത്തോടെ പൊലീസിന്റെ സഹായം തേടുന്നത് എത്ര സങ്കടകരമായ അവസ്ഥയാണ്. കൊവിഡ്കാലം കുട്ടികളില്‍ ഏല്‍പ്പിച്ച മാനസികാഘാതങ്ങള്‍ ചെറുതല്ല. അടച്ചിട്ട വീടുകളില്‍ മൊബൈല്‍- ഇന്റര്‍നെറ്റ് ശൃംഖലയില്‍ കുരുങ്ങിയ പഠനങ്ങള്‍ കുട്ടികളുടെ മനസ്സില്‍ പുതിയൊരു നെറ്റ്വര്‍ക്ക് ലോകംതന്നെ സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ നിന്നും പൂര്‍ണമായി ഒഴിവാകാന്‍ ശിക്ഷകളേക്കാളേറെ മനഃശാസ്ത്രപരമായ സമീപനങ്ങളും കാഴ്ചപ്പാടുകളും അധ്യാപകര്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്.
ഇന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ കുടുംബങ്ങളില്‍ സ്നേഹ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. ദൈവവിശ്വാസം വളര്‍ത്തിയെടുക്കുന്നതില്‍ പല രക്ഷിതാക്കളും പരാജയപ്പെട്ടുവെന്നു തന്നെ പറയാം. ഇതൊക്കെ പരിഹരിക്കാന്‍ അധ്യാപകന് ഏറെ പരിമിതികള്‍ ഉണ്ട്. സിലബസും മറ്റു സ്കൂള്‍ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ് കുട്ടികളുടെ പ്രശ്നങ്ങളെ പരിഹരിക്കാന്‍ അധ്യാപകര്‍ക്ക് വേണ്ടത്ര സമയം ലഭിക്കാറില്ല. എങ്കിലും ഒരു ക്ലാസിലെ തന്റെ കുട്ടികളുടെ സ്വഭാവപെരുമാറ്റങ്ങളെക്കുറിച്ചും പഠനപുരോഗതിയെക്കുറിച്ചും അവന്റെ മാനസികവളര്ച്ചയെക്കുറിച്ചെല്ലാം അധ്യാപകര്‍ക്ക് മനസ്സിലാക്കാന്‍ വേഗത്തില്‍ കഴിയും. കുട്ടിയുടെ അശ്രദ്ധയുടെയും അലസതയുടെയും പഠനത്തിലെ പിന്നോക്കവസ്ഥയുടെയും പുറകില്‍ കാരണങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ വേഗത്തില്‍ അധ്യാപകന് കഴിയും. ഒരു കുട്ടിയുടെ സമഗ്രമായ വിവരങ്ങള്‍ കൃത്യവുമായി ശേഖരിച്ചു അടുത്ത ക്ലാസിലെ അധ്യാപകര്‍ക്ക് നല്‍കുന്നത് തുടര്‍ച്ചയായ നിരീക്ഷണത്തിന് നല്ലതാണ്.
കുട്ടികളുടെ കൂടെ നിന്നു ചിന്തിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. അവര്‍ക്ക് സ്കൂളില്‍ വരുവാനും അവരുടെ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും തുറന്നുപറയുവാനുമുള്ള സാഹചര്യങ്ങളും സംവിധാനങ്ങളും സ്കൂളില്‍ ഒരുക്കിയെടുക്കാന്‍ സ്കൂള്‍ അധികൃതര്‍ക്കും സാധിക്കണം. അത് ഒരു പരിധിവരെ ആത്മഹത്യകളും മറ്റു മാനസികപ്രശ്നങ്ങളും ഒഴിവാക്കാന്‍ കുട്ടികളെ സഹായിക്കും.
അധ്യാപകരും സ്വയം മാറേണ്ടതുണ്ട്. സിലബസ്സില്‍ ഒതുങ്ങുന്ന കാര്യങ്ങള്‍ മാത്രം പഠിപ്പിച്ചു ശമ്പളം വാങ്ങുന്നശീലം മാറണം. ഒരു തൊഴില്‍ എന്നതിലുപരി തലമുറകളുടെ രൂപീകരണപ്രക്രിയയാണ് അധ്യാപനം എന്ന ഉള്‍ക്കാഴ്ച അധ്യാപകന് ഉണ്ടാകണം. അധ്യാപകരുടെ മാതൃകാപരമായ ജീവിതവും പ്രവര്‍ത്തനങ്ങളും ദര്‍ശനങ്ങളും വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളാണ്. അത് അവര്‍ക്ക് പ്രചോദനമേകണം.
പിന്കുറിപ്പായി സോമന് കടവൂരിന്റെ ‘എന്തിനാണ്’ എന്ന കവിത.
മഴയുടെ ശാസനയില്‍
ഒരു കൂമ്പും തകര്‍ന്നു പോയിട്ടില്ല
സൂര്യന്റെ സാരോപദേശത്തില്‍
ഒരു തളിരും തളര്‍ന്നു പോയിട്ടില്ല
കാറ്റിന്റെ ശകാരത്തില്‍
ഒരിലയും വാടിപ്പോയിട്ടില്ല
പിന്നെന്തിനാണ് കുഞ്ഞേ
സ്നേഹാധികാരമൊഴികേള്ക്കേ
കൊഴിഞ്ഞു പോകുന്നു നീ..