‘അനുകമ്പയോടെ ശുശ്രൂഷിക്കാന്‍’ എന്ന തന്റെ പ്രമാണവാക്യത്തിലെ സുവിശേഷലാളിത്യത്തിന്റെ നൈര്‍മല്യം സിനഡാത്മക പരിവര്‍ത്തനകാലത്തെ സഭാശുശ്രൂഷയെ പ്രകാശപൂരിതമാക്കുമെന്ന പ്രതീക്ഷയോടെ മോണ്‍. ഡി. സെല്വരാജന് നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്ച്ചാവകാശമുള്ള കോഅജൂത്തോര്‍ മെത്രാനായി മാര്‍ച്ച് 25ന് അഭിഷിക്തനായി.
നെയ്യാറ്റിന്‍കര: മൂന്നു നൂറ്റാണ്ടോളം നെയ്യാറ്റിന്‍കര രൂപതയെ മഹനീയ നേതൃത്വത്തോടെ നയിച്ച രൂപതാധ്യക്ഷന്‍ ബിഷപ് വിന്‍സെന്റ് സാമുവലിന്റെ അപ്പസ്തോലിക ശുശ്രൂഷയുടെ പിന്തുടര്ച്ചക്കാരനായ മോണ്‍. സെല്‍വരാജന്റെ എപ്പിസ്കോപ്പല്‍ അഭിഷേക തിരുകര്‍മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയം വേദിയായി. ‘കര്‍ത്താവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു, എല്ലാറ്റിനുമുപരിയായി സ്നേഹിക്കുന്നു’ എന്ന തന്റെ ഏറ്റം പ്രിയങ്കരമായ ജപം മനസില്‍ ഏറ്റുപറഞ്ഞുകൊണ്ട് ബിഷപ് സെല്വരാജന് ഇടയചിഹ്നങ്ങള് ഏറ്റുവാങ്ങി. മെത്രാഭിഷേകം നടന്ന വേദി നിറഞ്ഞു കവിഞ്ഞിരുന്നു.
നെയ്യാറ്റിന്‍കരയിലെ വലിയ ഇടയന് ബിഷപ് ഡോ. വിന്‍സെന്റ് സാമുവലിന്റെ മുഖ്യകാര്‍മികത്വത്തിലും തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, പുനലൂര്മെത്രാന് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവരുടെ സഹകാര്‍മികത്വത്തിലും നടന്ന അഭിഷേകശുശ്രൂഷയിലും തിരുകര്‍മങ്ങളിലും വിവിധ സഭാമേലധ്യക്ഷന്മാരും വൈദികരും സന്ന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും പങ്കുചേര്‍ന്നു.
തിരുകര്‍മങ്ങളുടെ ഹ്രസ്വവിവരണത്തോടെ മാര്‍ച്ച് 25ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ബിഷപ് വിന്‍സെന്റ് സാമുവല്‍, അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലിയോപോള്‍ദോ ജിറേലി എന്നിവരോടൊപ്പമാണ് നിയുക്തമെത്രാന് വേദിയിലേക്കെത്തിയത്. നെയ്യാറ്റിന്‍കര രൂപതയുടെ ചരിത്രം, നിയുക്ത മെത്രാന്റെ ജീവിതരേഖ എന്നിവയുടെ ചെറുവിവരണം എന്നിവ അവതാരകന് നല്കി. തിരുകര്‍മങ്ങള്‍ക്ക് അരങ്ങൊരുക്കുന്ന മുനിസിപ്പല്സ്റ്റേഡിയത്തിന്റെ മുഖ്യകവാടത്തില്‍ മറ്റു വിശിഷ്ടാതിഥികളോടൊപ്പമെത്തിയ നിയുക്ത മെത്രാന് തിരുകര്മങ്ങള്ക്കെത്തിയ സഭാ മേലധ്യക്ഷരെയും ദൈവജനത്തെയും വിശിഷ്ടാതിഥികളെയും കൈകൂപ്പി വന്ദിച്ചു.
‘തിരുസഭാ മാതാവിന്നോമന പുത്രിയാം
നെയ്യാറ്റിന്‍കര രൂപതയില്‍
പുതിയൊരു ഇടയന് അണയുന്നു
പുതിയ ചരിത്രം രചിക്കുവാനായ്
ഒരു മനേസ്സാടെ ഒരുമയോടെ
സ്വാഗതമരുളാം എതിരേറ്റിടാം
അഭിവന്ദ്യ വിന്‍സെന്റ ് സാമുവല്‍ പിതാവിന്റെ
പിന്‍ഗാമിയാകാന്‍ തിരഞ്ഞെടുത്ത
അഭിവന്ദ്യ സെല്വരാജന് പിതാവിനെ
ഹര്ഷാരവേത്താടെ സ്വീകരിക്കാം
എന്ന ഗാനമപ്പോള് ഗായകസംഘം ആലപിച്ചു. ബിഷപ് ഡോ.വിന്‍സെന്റ് സാമുവലും ഡോ.സെല്‍വരാജനും ബലിവേദിയില്‍ പ്രവേശിച്ച് അള്‍ത്താരയ്ക്കു മുമ്പില്‍ മുട്ടുകുത്തി അല്പസമയം പ്രാര്‍ഥനാനിരതരായി. പിന്നീട് ദിവ്യബലിക്കുള്ള വസ്ത്രങ്ങള്‍ ധരിക്കാനായി നീങ്ങി. ദിവ്യബലിക്കായി മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി അള്‍ത്താരയിലേക്കു നീങ്ങി
.‘സ്നേഹദീപം മിഴിതുറക്കുന്നു
നാഥന് നമ്മെ വിളിക്കുന്നു
അനുകമ്പാര്‍ദ്രമാം ശുശ്രൂഷയേകാന്
നാഥന് നമ്മെ വിളിക്കുന്നു
നിത്യ പുരോഹിതന് യേശുവിന്
തിരുബലിയില്‍ പങ്കുചേരാന്‍
സ്നേഹമോടണയാം അണഞ്ഞിടാം’ എന്ന പ്രവേശനഗാനമപ്പോള് മുഴങ്ങി. ദിവ്യബലി ആരംഭിച്ചപ്പോള്‍
ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ആമുഖപ്രഭാഷണം നടത്തി. രൂപതയുടെ ചെറുവിവരണവും അദ്ദേഹം നല്കി. വിശ്വാസികളൊന്നായി ഗ്ലോറിയ ആലപിച്ചു. സമാഹരണ പ്രാര്‍ഥനയ്ക്കു ശേഷം ദൈവവചനപ്രഘോഷണം നടത്തി. ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍നിന്നായിരുന്നു (42 : 1-8). ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്, ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവനു നല്കി; അവന് ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും. അവന് വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവന് മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല. അവന് വിശ്വസ്തതയോടെ നീതി പുലര്‍ത്തും…എന്നുതുടങ്ങുന്ന വായന, അക്ഷരാര്‍ത്ഥത്തില്‍ പുതിയ ഇടയനെ വിശ്വാസികള്‍ക്കു പരിചയപ്പെടുത്തുന്നതു പോലെയായിരുന്നു. നിയുക്തമെത്രാന്റെ സഹോദരന് സെല്വിസ്റ്ററാണ് ലേഖനം വായിച്ചത്. വിശുദ്ധ പത്രോസ് അപ്പോസ്തലന് എഴുതിയ ഒന്നാം ലേഖനത്തില്നിന്നായിരുന്നു രണ്ടാം വായന,(5 :1-4). സിസ്റ്റര്‍ ജില്സിയാണ് ലേഖനം വായിച്ചത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍നിന്നുള്ള വായനയായിരുന്നു സുവിശേഷ പ്രഘോഷണം (21 : 15- 19). മോണ്‍. റൂഫസ് പയസ് ലീനാണ് സുവിശേഷപ്രഘോഷണം നടത്തിയത്.
മെത്രാഭിഷേകകര്മം
സുവിശേഷ പ്രഘോഷണത്തെത്തുടര്ന്ന് മെത്രാഭിഷേകകര്മ ചടങ്ങുകള്‍ ആരംഭിച്ചു. ഗായകസംഘം പരിശുദ്ധാത്മാവിനോടുള്ള പരമ്പരാഗത ലത്തീന്‍ ഗീതം
വേനി ക്രേയാത്തോര് സ്പിരിതൂസ്
മെന്തെസ് തൂവോരും വിസിത്താ
ഇംപ്ലേ സൂപ്പെര്ണാ ഗ്രാസിയാ
ക്വെ തൂ ക്രേയാസ്ത്തി പേക്തോര
ഗായകസംഘവും ജനങ്ങളും ഒന്നുചേര്‍ന്ന് ആലപിച്ചു.
നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷ കോഓര്‍ഡിനേറ്റര്‍ മോണ്‍. വി. പി. ജോസ് മുഖ്യകാര്‍മികനോട് ഇപ്രകാരം അഭ്യാര്‍ഥിച്ചു:
മോണ്‍. : ഏറ്റവും അഭിവന്ദ്യ പിതാവേ, ബഹുമാനപ്പെട്ട സെല്വരാജന് ദാസന് അച്ചനെ സഹമെത്രാനായി അഭിഷേകം ചെയ്യണമെന്ന് നെയ്യാറ്റിന്‍കര രൂപതയിലെ ദൈവജനം അങ്ങയോട് അപേക്ഷിക്കുന്നു.
മുഖ്യകാര്മികന് : അതിനായി നിങ്ങള്‍ക്ക് അപ്പോസ്തലിക സിംഹാസനത്തില്‍ നിന്നുള്ള നിയമനപത്രം ലഭിച്ചിട്ടുണ്ടോ?
മോണ്‍ : ലഭിച്ചിട്ടുണ്ട്.
മുഖ്യകാര്മികന്: എന്നാല്‍ അതിപ്പോള്‍ വായിക്കട്ടെ.
ഫ്രാന്‍സിസ് പാപ്പായുടെ അപ്പോസ്തലിക തിട്ടൂരം (ബൂള) രൂപതാ ചാന്‍സിലര്‍ റവ. ഡോ. ജോസ് റാഫേല്‍ ലത്തീന്‍ ഭാഷയിലും തുടര്‍ന്ന് രൂപതാ വൈസ് ചാന്‍സിലര്‍ ഫാ. അനുരാജ് മലയാളത്തിലും വായിച്ചു. വായന അവസാനിച്ചപ്പോള്‍ എല്ലാവരും ഒന്നുചേര്‍ന്നു കൃതജ്ഞതാസൂചകമായി ദൈവത്തിനു നന്ദി അര്‍പ്പിച്ചു. തുടര്‍ന്ന് കൊല്ലം രൂപത ബിഷപ് എമരിറ്റസ്. ഡോ. സ്റ്റാന്‍ലി റോമന്‍ സുവിശേഷ പ്രഭാഷണം നടത്തി. മിഷണറിമാര്‍ കൊളുത്തിയ വിശ്വാസദീപമാണ് നെയ്യാറ്റിന്‍കര രൂപതയുടെ വളര്ച്ചക്കടിസ്ഥാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ വചനപ്രഘോഷണം നടത്തി അവരെ വിശ്വാസത്തില്‍ നിലനിര്‍ത്താനും വളര്‍ത്താനും നിയുക്തമെത്രാന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പൗരോഹിത്യത്തിന്റെ പൂര്‍ണതയാണ് മെത്രാന്. അതുകൊണ്ടുതന്നെ ക്രിസ്തുവിന്റെ വിശുദ്ധിയുടെതേജസായി മാറാന്‍ പുതിയമെത്രാന് കഴിയട്ടെ. യേശു വീണ്ടും തന്നിലൂടെ ജീവിക്കുന്നുവെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നും ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ ആശംസിച്ചു.
സന്നദ്ധത പ്രകാശനം
ഉദ്ബോധനത്തിനുശേഷം നിയുക്ത സഹമെത്രാന്‍ എഴുന്നേറ്റ് മുഖ്യകാര്‍മികന്റെ മുമ്പില്‍ വന്നു നിന്നു. മുഖ്യകാര്മികന് : മെത്രാനായി അഭിഷേകം ചെയ്യപ്പെടേണ്ടയാള്‍ സത്യവിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കുകയും കടമകള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കുകയും ചെയ്യുമെന്നുള്ള ദൃഢനിശ്ചയം ബഹുജനസമക്ഷം പ്രഖ്യാപിക്കണമെന്ന് സഭാപിതാക്കന്മാരുടെ പരമ്പരാഗതമായ പതിവ് അനുശാസിക്കുന്നു. അതുകൊണ്ട്, ഏറ്റവും പ്രിയപ്പെട്ട സഹോദരാ, അപ്പോസ്തലന്മാര് നമ്മെ വിശ്വസിച്ചേല്പിച്ചിരിക്കുന്നതും ഞങ്ങളുടെ കൈവയ്പുകര്മം മൂലം അങ്ങേക്ക് നല്കാന് പോകുന്നതുമായ മെത്രാനടുത്ത കടമകള്‍, പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താല്‍, ജീവിതാന്ത്യംവരെ വിശ്വസ്തതയോടെ നിര്‍വഹിക്കുവാന്‍ അങ്ങു സന്നദ്ധനാണോ?
നിയുക്ത മെത്രാന് ഞാന്‍ സന്നദ്ധനാണ് എന്നറിയിച്ചു.
മുഖ്യകാര്മികന് : ക്രിസ്തുവിന്റെ സുവിശേഷം വിശ്വസ്തതയോടും നിരന്തരമായും പ്രഘോഷണം ചെയ്യാന്‍ അങ്ങു സന്നദ്ധനാണോ?
നിയുക്ത മെത്രാന്: ഞാന്‍ സന്നദ്ധനാണ്.
മുഖ്യകാര്മികന് : അപ്പോസ്തലന്മാരില്നിന്ന് നമുക്കു ലഭിച്ചിട്ടുള്ളതും തിരുസഭ എന്നും എവിടെയും അമൂല്യമായി കാത്തു സൂക്ഷിച്ചിരുന്നതും അനുവര്ത്തിച്ചിരുന്നതുമായ വിശ്വാസസമ്പത്ത് സംപൂര്‍ണമായും അഭംഗുരമായും കാത്തുസൂക്ഷിക്കാന്‍ അങ്ങ് സന്നദ്ധനാണോ?
നിയുക്ത മെത്രാന്: ഞാന്‍ സന്നദ്ധനാണ്.
മുഖ്യകാര്മികന് : ക്രിസ്തുവിന്റെ മൗതിക ശരീരമാകുന്ന തിരുസഭയെ പരിപോഷിപ്പിക്കാനും മെത്രാന്മാരുടെ സമൂഹവുമായി
ബന്ധപ്പെട്ട്, വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായ പരിശുദ്ധ പിതാവിന്റെ പരമാധികാരത്തിനു വിധേയമായി തിരുസഭയുമായി
ഐക്യം പുലര്‍ത്താനും അങ്ങു സന്നദ്ധനാണോ?
നിയുക്ത മെത്രാന്: ഞാന്‍ സന്നദ്ധനാണ്.
മുഖ്യകാര്മികന് : പത്രോസ് അപ്പോസ്തലന്റെ പിന്‍ഗാമിയെ വിശ്വസ്തതയോടെ അനുസരിക്കാന്‍ അങ്ങു സന്നദ്ധനാണോ?
നിയുക്ത മെത്രാന്: ഞാന്‍ സന്നദ്ധനാണ്.
മുഖ്യകാര്മികന് : അങ്ങയുടെ സഹപ്രവര്‍ത്തകരായ വൈദികരോടും ഡീക്കന്മാരോടും ഒന്നുചേര്‍ന്ന് ഒരു വത്സലപിതാവായി, ദൈവജനത്തെ പരിപാലിക്കാനും രക്ഷയുടെ മാര്‍ഗത്തില്‍ നയിക്കാനും അങ്ങ് സന്നദ്ധനാണോ?
നിയുക്ത മെത്രാന്: ഞാന്‍ സന്നദ്ധനാണ്.
മുഖ്യകാര്മികന് : ദരിദ്രരോടും പരജനങ്ങളോടും ആലംബഹീനരോടും സഹായം അര്‍ഹിക്കുന്ന എല്ലാവരോടും കര്‍ത്താവിന്റെ നാമത്തില്‍ കരുണയും സഹാനുഭൂതിയും പ്രദര്‍ശിപ്പിക്കാന്‍ അങ്ങു സന്നദ്ധനാണോ?
നിയുക്ത മെത്രാന്: ഞാന്‍ സന്നദ്ധനാണ്.
മുഖ്യകാര്മികന് : നല്ല ഇടയനായ ക്രിസ്തുവിന്റെ പ്രതിപുരുഷനായ അങ്ങ്, ഒരു നല്ല ഇടയനെപ്പോലെ വഴിതെറ്റിപ്പോയ ആടുകളെ തേടിപ്പിടിച്ച് ദിവ്യനാഥന്റെ സങ്കേതത്തിലേക്കു കൂട്ടിക്കൊണ്ടുവരാന്‍ സന്നദ്ധനാണോ?
നിയുക്ത മെത്രാന്: ഞാന്‍ സന്നദ്ധനാണ്.
മുഖ്യകാര്മികന് : ജനങ്ങള്‍ക്കുവേണ്ടി സര്‍വശക്തനായ ദൈവത്തോട് അവിരാമം പ്രാര്‍ഥിക്കാനും മഹാപുരോഹിതന്റെ കടമ ക ള്‍ നിരാക്ഷേപം നിര്‍വഹിക്കാനും അങ്ങു സന്നദ്ധനാണോ?
നിയുക്ത മെത്രാന്: ഞാന്‍ സന്നദ്ധനാണ്.
മുഖ്യകാര്മികന് : അങ്ങില്‍ ദൈവം സമാരംഭിച്ച ഈ സത്കര്‍മം ദൈവം തന്നെ പുര്ത്തിയാക്കുമാറാകട്ടെ.
തുടര്‍ന്ന് മുഖ്യകാര്‍മികനും സഹകാര്‍മികരും തങ്ങളുടെ സ്ഥാനങ്ങളില്‍ എഴുന്നേറ്റു നിന്നു. നിയുക്തമെത്രാന് ബലിപീഠത്തിനു മുന്നില്‍ സാഷ്ടാംഗപ്രണാമം ചെയ്തു.
ഗായകസംഘം സകലവിശുദ്ധരുടെയും പ്രാര്ഥനമാല ആലപിക്കുകയും സമൂഹം ഏറ്റുപാടുകയും ചെയ്തു.
കൈവയ്പ്പു ശുശ്രൂഷ
മുഖ്യകാര്‍മികനും സഹകാര്‍മികരും തങ്ങളുടെ ഇരിപ്പിടങ്ങളുടെ മുമ്പില്‍ ജനങ്ങള്‍ക്ക് അഭിമുഖമായി നിന്നു. നിയുക്ത മെത്രാന് എഴുന്നേറ്റ് മുഖ്യകാര്‍മികന്റെ മുമ്പില്‍ വന്നു മുട്ടുകുത്തി നിന്നു. മുഖ്യകാര്മികന് മൗനമായി നിയുക്ത െമത്രാന്റെ ശിരസ്സില്‍ കൈകള്‍ വച്ചു. തുടര്‍ന്നു മറ്റു മെത്രാന്മാരും അപ്രകാരം ചെയ്തു. ഗായകസംഘമപ്പോള് പരിശുദ്ധാത്മാവിന്റെ ഗാനം ആലപിച്ചു.
ദിവ്യാത്മാവിന് ദീപ്തിപൂരത്താല്
ദിവ്യത നിറയ്ക്കേണേ ഹൃത്തില്‍
ഭയഭക്തി വിശ്വാസമുജ്ജ്വലിക്കാന്
താവക ദാനങ്ങള്‍ ഏകിടേണേ….
തുടര്‍ന്ന് മുഖ്യകാര്മികന് നിയുക്ത മെത്രാന്റെ ശിരസ്സിനുമീതെ തുറന്ന സുവിശേഷ ഗ്രന്ഥം വച്ചു. പ്രതിഷ്ഠാപന പ്രാര്‍ഥന പൂര്‍ത്തിയാകുന്നതുവരെ രണ്ട് സഹായവൈദികര് ഇരുവശത്തും നിന്നുകൊണ്ട് സുവിശേഷഗ്രന്ഥം സംവഹിച്ചു.
അംശമുടി ധരിച്ചുകൊണ്ട്് മുഖ്യകാര്‍മികനും സഹകാര്‍മികരും ഉപവിഷ്ടരായി. മുഖ്യകാര്മികന് മടിയില്‍ ഉത്സംഗശീല വിരിക്കുന്നു. അനന്തരം അദ്ദേഹം തന്റെ മുമ്പില്‍ മുട്ടുകുത്തി നില്ക്കുന്ന നിയുക്ത മെത്രാന്റെ ശിരസ്സില്‍ വിശുദ്ധ പ്രതിഷ്ഠാതൈലം പൂശിക്കൊണ്ട് പ്രതിഷ്ഠാപന പ്രാര്‍ഥന ചൊല്ലി.
അധികാര ചിഹ്നങ്ങള്‍ അണിയിക്കല്‍
ഡോ. സെല്‍വരാജന്റെ വലത്തുമോതിരവിരലില് മോതിരം അണിയിച്ചുകൊണ്ട് ഡോ. വിന്‍സെന്റ് സാമുവല്‍ പറഞ്ഞു: ‘വിശ്വസ്തയുടെ മുദ്രയായി ഈ മോതിരം അങ്ങു സ്വീകരിച്ചാലും. കറയില്ലാത്ത വിശ്വാസത്താല്‍ അലംകൃതയായ ദൈവവധുവായ തിരുസഭയെ പരമ വിശ്വസ്തതയോടെ അതിനിര്‍മ്മലയായി കാത്തുസൂക്ഷിക്കുക.
അഭിഷിക്തമെത്രാന്റെ ശിരസ്സില്‍ മുഖ്യകര്മികന് അംശമുടി ധരിപ്പിച്ചുകൊണ്ട് പറഞ്ഞു: ‘ഈ അംശമുടി സ്വീകരിച്ചാലും, വിശുദ്ധിയുടെ പ്രഭഅങ്ങയില് പ്രശോഭിക്കട്ടെ. ഉന്നതനായ ഇടയന് പ്രത്യക്ഷനാകുമ്പോള്‍ അവിടുന്നില്‍ നിന്ന് അനശ്വര മഹത്വത്തിന്റെ കിരീടം സ്വീകരിക്കുന്നതിന് അങ്ങ് അര്ഹനാകട്ടെ.
അനന്തരം അജഗണ പരിപാലനാധികാരചിഹ്നമായ അധികാരദണ്ഡു നല്‍കികൊണ്ട്, ‘അജനപാലന ദൗത്യത്തിന്റെ ചിഹ്നമായ ഈ ദണ്ഡു സ്വീകരിച്ചാലും. പരിശുദ്ധാത്മാവ് അങ്ങയെ ഭരമേല്പിച്ചിരിക്കുന്ന മുഴുവന്‍ അജഗണത്തിന്റെയും കാവല്ക്കാരനായിരുന്നുകൊണ്ട് ദൈവത്തിന്റെ സഭയെ വഴി നടത്തുക.’ എന്നു പറഞ്ഞു.
സമാധാനചുംബനം
ബിഷപ് ഡോ. സെല്വരാജന് അധികാര ദണ്ഡു മാറ്റിവച്ചിട്ട് ഡോ. വിന്‍സെന്റ് സാമുവലില്‍ നിന്നും മറ്റെല്ലാ മെത്രാന്മാരില്‍നിന്നും സമാധാനചുംബനം സ്വീകരിച്ചു. തത്സമയം ഗായകസംഘം ‘മെല്ക്കീസെദേക്കിന് പിന്തുടര്ച്ചയായി നീയെന്നും നിത്യ പുരോഹിതന്, വിശുദ്ധ തൈലത്താല്‍ ദൈവം പവിത്രനാക്കി, ആത്മാവിന് തിരുഅഭിഷേകം നല്കി, ക്രിസ്തുവിന് ദൗത്യം എന്നും തുടരുവാന്‍… എന്നുതുടങ്ങുന്ന സമാധാനാശംസാഗാനം ആലപിച്ചു. അപ്പോള്‍ രൂപതയിലെ വൈദിക, സന്ന്യസ്ത, അല്മായ പ്രതിനിധികള്‍ നവമെത്രാനോടുള്ള തങ്ങളുടെ ആദരവും വിധേയത്വവും പ്രകടമാക്കി മുദ്രമോതിരം ചുംബിച്ചു.
നവാഭിഷിക്തനായ ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി തുടര്‍ന്നു. കാഴ്ചവയ്പില്‍ ബിഷപ് സെല്‍വരാജന്റെ കുടുംബാംഗങ്ങളും രൂപതയിലെ വിവിധ ശുശ്രൂഷാസമിതി അംഗങ്ങളും പങ്കുചേര്‍ന്നു.
ജീവിക്കും ദൈവത്തിന് ആലയത്തില്‍
സ്നേഹാര്പ്പണത്തിന് ബലിയണയ്ക്കാന്
കരുണാമയനായ കര്ത്താവണയുന്നു
ഹൃദയമൊരുക്കിടാം സോദരരേ
എന്ന കാഴ്ചവയ്പുഗാനമപ്പോള് മുഴങ്ങി.
നൈവേദ്യ പ്രാര്‍ഥനയ്ക്കു ശേഷം ദിവ്യകാരുണ്യസ്വീകരണത്തില്‍ ബിഷപ് സെല്‍വരാജന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തില്‍ നിന്നു ദിവ്യകാരുണ്യം സ്വീകരിച്ചു. ഗായകസംഘം
ജീവന്റെ പാഥേയം ദിവ്യ കാരുണ്യം
പ്രത്യാശ നല്കിടും ആത്മഭോജനം
അലിവിന്റെ നാഥന് ആത്മാവിനുള്ളില്‍
ആഗതമാകും സ്വര്‍ഗീയ നിമിഷം
സ്വര്‍ഗീയ സുന്ദരം ഈ നിമിഷം
എന്ന ഗാനം ആലപിച്ചു.
ദിവ്യഭോജനാന്തര പ്രാര്‍ഥനയ്ക്കു ശേഷം തെദേവും ആലപിച്ചു (‘ദൈവമേ ഞങ്ങള്‍ നിന്നേ വാഴ്ത്തുന്നു’) തത്സമയം സഹായവൈദീകരോടൊപ്പം ആനീതനായ അഭിഷിക്തമെത്രാന് ജനമധ്യത്തിലൂടെ നടന്ന് അവരെ ആശീര്‍വദിച്ചു. തുടര്‍ന്ന് അദ്ദേഹം സമാപനാശീര്‍വാദം നല്കി.
ഇന്ത്യയുടേയും നേപ്പാളിന്റേയും അപ്പോസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലിയോപോള്‍ദോ ജിറേലി, സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവനന്തപുരം സീറോ മലങ്കര മേജര്‍ അതിരൂപത സഹായ മെത്രാന് മാത്യൂസ് മാര്‍ പോളികാര്‍പ്സ് എന്നിവര്‍ ആശീര്വാദസന്ദേശങ്ങള് നല്കി. നവമെത്രാന്‍ ഡോ. ഡി. സെല്വരാജന്കൃതജ്ഞത അര്‍പ്പിച്ചു. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍ നന്ദി പറഞ്ഞു.
സാല്‍വേ റെജീന
മാത്തെര്‍ മിസേരികോര്ദിയേ
വീത്താ ദുള്ച്ചേദോ
ഏത് സ്പെസ് നോസ്ത്രാ സാല്‍വേ
ആദ്തേ ക്ലമാമൂസ്
എക്സുളെസ് ഫീലി ഏവേ
എന്ന സമാപനഗാനത്തോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി.

ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. സൂസപാക്യം, ബിഷപ്പുമാരായ ഡോ. അലക്സ്, ഡോ.സെബാസ്റ്റിയന് തെക്കത്തേച്ചേരിയില്, ഡോ. ജെയിംസ് ആനാപ്പറമ്പില്‍, ഡോ. ക്രിസ്തുദാസ്, ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഡോ. ആന്റണി വാലുങ്കല്‍, ഡോ. ജോസഫ് കാരിക്കശേരി, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഡോ. അന്തോണി സാമി പീറ്റര്‍ അബീര്‍ തുടങ്ങി മുപ്പതോളം ബിഷപ്പുമാരും ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്കാരിക പ്രമുഖരും വൈദികരും സന്ന്യസ്തരും പതിനായിരത്തില്‍ പരം വിശ്വാസികളും മെത്രാഭിഷേക ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിച്ചു. തമിഴ്നാട്ടില്‍നിന്നുള്ള വൈദികരും സന്നന്യസ്തരും വിശ്വാസികളും ചടങ്ങിനെത്തിയിരുന്നു.
110 അംഗ ഗായകസംഘത്തെ നയിച്ചത് ക്വയര്‍ കണ്‍വീനറായ ജോണി ബാലരാമപുരമാണ്.