റോമിലെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ ലഭിക്കുമ്പോഴും രണ്ടു മാസം ഫ്രാന്‍സിസ് പാപ്പാ ചികിത്സാവിധിയുമായി വത്തിക്കാനില്‍ പൂര്‍ണ വിശ്രമത്തില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഇരുകോശങ്ങളെയും ബാധിച്ച ന്യൂമോണിയയില്‍ നിന്ന് ക്ലിനിക്കലായി മുക്തി നേടിയിട്ടുണ്ടെങ്കിലും ശ്വാസകോശങ്ങളില്‍ ചില ബാക്റ്റീരിയ അണുബാധ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇത് പൂര്‍ണമായും അപ്രത്യക്ഷമാകാന്‍ മാസങ്ങളെടുക്കുമെന്ന് ജെമെല്ലിയിലെ മെഡിക്കല്‍ സര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സെര്‍ജോ അല്‍ഫിയേരി വിശദീകരിച്ചു.
റോം: അഞ്ച് ആഴ്ച നീണ്ട ആശുപത്രിവാസത്തിനുശേഷം ഫ്രാന്‍സിസ് പാപ്പാ ഇന്ന്, ഞായറാഴ്ച ഉച്ചയ്ക്കുശേഷം വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തിലേക്കു മടങ്ങും. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യന്‍ സമയം വൈകുന്നേരം 4.30) ‘കര്‍ത്താവിന്റെ മാലാഖ’ (ആഞ്ജലുസ്) എന്നു തുടങ്ങുന്ന ത്രികാലജപ പ്രാര്‍ഥനയോടനുബന്ധിച്ച് റോമിലെ അഗൊസ്തീനോ ജെമെല്ലി യൂണിവേഴ്സിറ്റി പോളിക്ലിനിക്കിന്റെ പത്താം നിലയിലെ പേപ്പല്‍ അപ്പാര്‍ട്ടുമെന്റിന്റെ ജനാലയ്ക്കല്‍ നിന്ന് ആശുപത്രി അങ്കണത്തിലെ വിശ്വാസികളെയും തീര്‍ഥാടകരെയും ആശീര്‍വദിച്ചു കഴിഞ്ഞാവും പരിശുദ്ധ പിതാവ് ആശുപത്രി വിടുകയെന്ന് പാപ്പായെ ചികിത്സിച്ച വിദഗ്ധ സംഘത്തിന്റെ തലവനും ജെമെല്ലിയിലെ മെഡിക്കല്‍ സര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറുമായ ഡോ. സെര്‍ജോ അല്‍ഫിയേരി, പരിശുദ്ധ പിതാവിന്റെ പേഴ്സണല്‍ ഡോക്ടറും വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുമായ ഡോ. ലൂയിജി കര്ബോണെ എന്നിവര്‍ ഇന്നലെ വൈകീട്ട് ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആശുപത്രിയില്‍ നിന്ന് വിടുതല്‍ ലഭിക്കുമ്പോഴും രണ്ടു മാസം പാപ്പാ ചികിത്സാവിധികളുമായി വത്തിക്കാനില്‍ പൂര്‍ണ വിശ്രമത്തില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഇരുകോശങ്ങളെയും ബാധിച്ച ന്യൂമോണിയയില്‍ നിന്ന് ക്ലിനിക്കലായി മുക്തി നേടിയിട്ടുണ്ടെങ്കിലും ശ്വാസകോശങ്ങളില്‍ ചില ബാക്റ്റീരിയ അണുബാധ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇത് പൂര്‍ണമായും അപ്രത്യക്ഷമാകാന്‍ മാസങ്ങളെടുക്കുമെന്ന് ഡോ. അല്‍ഫിയേരി വിശദീകരിച്ചു.
ഉയര്‍ന്ന തോതിലുള്ള ഓക്സിജന്‍ പ്രവാഹത്തിന്റെ ഹൈ-ഫ്ളോ തെറപ്പി ദീര്‍ഘനാള്‍ തുടരേണ്ടിവന്നതിനാല്‍ പാപ്പായുടെ ശബ്ദത്തില്‍ പതര്‍ച്ച സ്വാഭാവികമാണ്. തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ തൊണ്ട പോലെ, ശബ്ദം സാധാരണഗതിയിലാകാന്‍ കുറച്ചുനാളെടുക്കും. അത്രയും കാലം പ്രഭാഷണം നടത്തുക ബുദ്ധിമുട്ടാണ്.
ഫെബ്രുവരി 14ന് പാപ്പായെ ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ ഗുരുതരമായ ശ്വസന തകര്‍ച്ചയ്ക്ക് ഇടവരുത്തുന്ന ബാക്റ്റീരിയ, വൈറസ്, ഫംഗസ് തുടങ്ങി പോളിമൈക്രോബിയല്‍ അണുബാധയും ഇരുശ്വാസകോശങ്ങളിലും തീവ്രമായ ന്യൂമോണിയയും ഉണ്ടായിരുന്നുവെന്ന് ഡോ. അല്‍ഫിയേരി പറഞ്ഞു. ചികിത്സ തുടരുന്നതിനിടെ രണ്ടു തവണ പാപ്പായുടെ ജീവന് അപകടത്തിലാകുന്ന അവസ്ഥയിലെത്തി. സമ്മിശ്ര ചികിത്സാവിധിയിലൂടെ, വിശേഷിച്ച് ഓക്സിജന്‍ തെറപ്പിയിലൂടെയാണ് മെല്ലെ പാപ്പായുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിഞ്ഞത്.
ആശുപത്രിയില്‍ കഴിഞ്ഞ അഞ്ച് ആഴ്ചയും പാപ്പാ ജോലി ചെയ്യുന്നുണ്ടായിരുന്നു. സാന്താ മാര്‍ത്തായിലും അതേ സ്ഥിതി തുടരുമായിരിക്കും. എന്നാല്‍ വലിയ സംഘങ്ങളുമായുള്ള കൂടിക്കാഴ്ചകളും കൂടുതല്‍ ക്ഷീണിപ്പിക്കുന്ന ദീര്‍ഘമായ ചര്‍ച്ചകളുമൊക്കെ പൂര്‍ണമായി ഒഴിവാക്കേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
നിരന്തരം ഓക്സിജന്‍ ചികിത്സ വേണ്ടിവന്നുവെങ്കിലും ഒരിക്കല്‍ പോലും ശ്വാസനാളത്തിലേക്ക് കൃത്രിമ വെന്റിലേഷന് ട്യൂബ് (ഇന്‍ട്യൂബേഷന്‍) ഇറക്കേണ്ടിവന്നില്ല. രണ്ടുവട്ടം അതീവ സങ്കീര്‍ണമായ അവസ്ഥയിലായിരുന്നപ്പോഴും പാപ്പാ ഉണര്‍വോടെ കാര്യങ്ങള്‍ കൃത്യമായി ഗ്രഹിച്ചുകൊണ്ട് പ്രതികരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ഏറെ ആപല്‍ക്കരമായ പ്രതിസന്ധി ഘട്ടത്തിലും ഫ്രാന്‍സിസ് പാപ്പാ തന്റെ സ്വതസിദ്ധമായ നര്‍മബോധം നിലനിര്‍ത്തിയത് ഡോക്ടര്‍മാരെ അദ്ഭുതപ്പെടുത്തി. അത്യാസന്ന നില തരണം ചെയ്ത ഒരുഘട്ടത്തില്‍, എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് മറുപടിയായി പാപ്പാ പറഞ്ഞു: ഞാനിപ്പോഴും ജീവനോടെയിരിപ്പുണ്ട്!
ഫെബ്രുവരി 14ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനുശേഷം പാപ്പാ ജനങ്ങള്‍ക്കു മുന്പില് നേരിട്ടു പ്രത്യക്ഷപ്പെട്ടിട്ടില്ല. ആശുപത്രിയിലായതിനു ശേഷം പാപ്പാ കഴിഞ്ഞ അഞ്ചു ഞായറാഴ്ചകളില്‍ മധ്യാഹ്നപ്രാര്‍ഥന നയിച്ചുകൊണ്ട് പൊതുദര്‍ശനം നല്‍കിയിട്ടില്ല. വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ ജനാലയ്ക്കല്‍ നിന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പാപ്പായുടെ ദര്‍ശനത്തിനും ആശീര്‍വാദത്തിനുമായി തടിച്ചുകൂടുന്ന തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും പൊതുദര്‍ശനം നല്കുന്ന പതിവ് പരിശുദ്ധ പിതാവ് അപ്പസ്തോലിക യാത്രകളിലായിരിക്കുമ്പോള്‍ മാത്രമാണ് സാധാരണഗതിയില്‍ മുടങ്ങാറുള്ളത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് അപ്പസ്തോലിക അരമനയില്‍ നിന്ന് മധ്യാഹ്നപ്രാര്‍ഥന നയിച്ച പാപ്പാ പിന്നീട് ബ്രോങ്കൈറ്റിസ് ലക്ഷണങ്ങളെ തുടര്‍ന്ന് വത്തിക്കാനിലെ കാസാ സാന്താ മാര്‍ത്തായിലെ ചെറിയ ഹാളില്‍ ഇരുന്നുകൊണ്ടാണ് വീഡിയോ ലിങ്കിലൂടെ ഫെബ്രുവരി എട്ടിന് ആഞ്ജലൂസ് സന്ദേശവും ആശീര്‍വാദവും നല്‍കിയത്.
ഇന്ന് ഉച്ചയ്ക്ക് മധ്യാഹ്നപ്രാര്ഥനയില് പങ്കുചേരാന്‍ ആശുപത്രി അങ്കണത്തിലെത്തുന്നവരെ നേരിട്ട് ആശീര്‍വദിക്കാന്‍ പാപ്പാ ആശുപത്രിയുടെ പത്താം നിലയിലെ ജനാലയ്ക്കല്‍ പ്രത്യക്ഷപ്പെടുമെന്ന് വത്തിക്കാന്‍ മാധ്യമകാര്യാലയം ആദ്യം അറിയിപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് വൈകീട്ട് അപ്രതീക്ഷിതമായി മെഡിക്കല്‍ സംഘം പാപ്പായെ ആശുപത്രിയില്‍ നിന്നു വിട്ടയക്കുന്നതിനെക്കുറിച്ച് അറിയിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയത്. ഫ്രാന്‍സിസ് പാപ്പായുടെ പൊന്തിഫിക്കല്‍ ശുശ്രൂഷയുടെ പന്ത്രണ്ടാം വാര്‍ഷികദിനത്തില്‍ പാപ്പാ ആശുപത്രിയിലായിരുന്നു. ഈ പേപ്പല്‍ വാഴ്ചയിലെ ഏറ്റവും നീണ്ട ആശുപത്രിവാസം ഇതാണ്, ഏറ്റവും ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോയതും ഇത്തവണയാണ്.
മുട്ടുകാല് വേദനയും നടുവേദനയും മൂലം കുറച്ചുകാലമായി വീല്‍ചെയര്‍ ഉപയോഗിച്ചുവന്ന പാപ്പായുടെ തൂക്കം കുറച്ചുവര്ധിച്ചിരുന്നു, ഇത്തവണ ആശുപത്രി വാസത്തോടെ അത് കുറഞ്ഞിട്ടുണ്ടെന്ന് ഡോ. അല്‍ഫിയേരി പറഞ്ഞു.
തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നവര്‍ക്ക് ഹൃദയപൂര്‍വം നന്ദിയര്‍പ്പിച്ചുകൊണ്ടുള്ള സ്പാനിഷ് ഭാഷയിലുള്ള പാപ്പായുടെ ഹ്രസ്വ സന്ദേശം സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ പാപ്പായ്ക്കുവേണ്ടിയുള്ള ജപമാലയര്പ്പണ വേദിയില്‍ മാര്‍ച്ച് ആറിന് സംപ്രേഷണം ചെയ്യുകയും, ആശുപത്രിയിലെ ചാപ്പലില്‍ ദിവ്യബലി അര്‍പ്പണത്തിനുശേഷം പാപ്പാ ബലിപീഠത്തിനു മുന്‍പാകെ വീല്‍ചെയറിലിരുന്ന് ധ്യാനിക്കുന്ന ദൃശ്യം കഴിഞ്ഞ ഞായറാഴ്ച വത്തിക്കാന്‍ മാധ്യമകാര്യാലയം പുറത്തുവിടുകയും ചെയ്തതല്ലാതെ കഴിഞ്ഞ ഒരുമാസത്തിലേറെയായി പരിശുദ്ധ പിതാവിന്റെ മറ്റേതെങ്കിലും തരത്തിലുള്ള ദര്‍ശനത്തിനോ ശബ്ദസന്ദേശത്തിനോ അവസരമുണ്ടായിട്ടില്ല.
പാപ്പായുടെ പൊതുവായ ആരോഗ്യനില ആശുപത്രി പ്രവേശനത്തിനു മുന്‍പത്തെ നിലയിലായിട്ടുണ്ടെങ്കിലും ‘ഹൈ ഫ്ളോ ഓക്സിജന്‍ ഏറെനാള്‍ തുടര്‍ന്നതിന്റെ ഫലമായുണ്ടാകുന്ന വരള്‍ച്ച ശബ്ദത്തെ ബാധിക്കാനിടയുണ്ടെന്നും രോഗി വീണ്ടും സംസാരിക്കാന്‍ പഠിക്കേണ്ട അവസ്ഥയുണ്ടാകും എന്നും വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ പ്രീഫെക്ടും പാപ്പായോട് ഏറെ അടുപ്പമുള്ള അര്‍ജന്റീനക്കാരനുമായ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എസിഐ സ്താംപായോട് പറയുകയുണ്ടായി. ആശുപത്രിയില്‍ കഴിയുന്ന പാപ്പായുമായി താന്‍ ബന്ധം പുലര്ത്തുന്നുണ്ടായിരുന്നുവെന്നും കര്‍ദിനാള്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
ബ്രിട്ടനിലെ ചാള്‍സ് രാജാവും കമില രാജ്ഞിയും ഏപ്രില്‍ എട്ടിന് വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തുമെന്ന് ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ വത്തിക്കാന്‍ ഇതു സ്ഥിരീകരിച്ചില്ല. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനെന്ന നിലയ്ക്ക് ചാള്‍സ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് എക്യുമെനിക്കല്‍ പ്രാധാന്യവുമുണ്ട്.
വിശുദ്ധവാരത്തില്‍ വത്തിക്കാനിലെ തിരുകര്‍മങ്ങളില്‍ പരിശുദ്ധ പിതാവ് മുഖ്യകാര്‍മിത്വം വഹിക്കുമോ എന്നതിനെക്കുറിച്ച് ഇനിയും വ്യക്തതയില്ല.
ഇതിനു മുന്‍പ് വന്‍കുടലിലെ ശസ്ത്രക്രിയക്കായി ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍, 2021 ജൂലൈ 11ന് ആശുപത്രിയുടെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ച മധ്യാഹ്നപ്രാര്‍ഥന നയിക്കുകയുണ്ടായി.