പാപ്പായുടെ ആരോഗ്യനിലയെക്കുറിച്ച് അറിയാന്‍ വത്തിക്കാനിലേക്ക് നേരിട്ട് വിളിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുന്നു. സിസ്റ്റേഴ്സ് ഡിസൈപ്പിള്‍സ് ഓഫ് ദ് ഡിവൈന്‍ മാസ്റ്റര്‍ എന്ന സന്ന്യാസ സമൂഹത്തിലെ സിസ്റ്റര്‍മാരാണ് പരിശുദ്ധ സിംഹാസനത്തിലെ ഫോണ്‍സന്ദേശങ്ങളുടെ സ്വിച്ച്ബോര്‍ഡില്‍ കോളുകള്‍ സ്വീകരിച്ച് മറുപടി നല്‍കുന്നത്. ”മക്കള്‍ സ്വന്തം പിതാവിന്റെ വിവരം അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതുപോലെയാണ് ആളുകള്‍ പരിശുദ്ധ പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായുന്നത്,” ഫോണ്‍ സന്ദേശങ്ങളുടെ വിഭാഗത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്ന സിസ്റ്റര്‍ ആന്തൊണി എപി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
വത്തിക്കാന്‍ സിറ്റി: ഒരുമാസത്തിലേറെയായി റോമിലെ ജെമെല്ലി പോളിക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പായ്ക്ക് സൗഖ്യവും പ്രാര്ഥനാശംസകളും നേര്‍ന്നുകൊണ്ട് ലോകമെമ്പാടുനിന്നുമായി ദിവസവും ആയിരകണക്കിന് കത്തുകളാണ് ഇറ്റാലിയന്‍ പോസ്റ്റല്‍ വകുപ്പിന് കിട്ടുന്നത്. റോമില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായുള്ള ഫ്യൂമിച്ചീനോ ലെയൊനാര്‍ദോ ദാവിഞ്ചി വിമാനത്താവളത്തിനടുത്തുള്ള പോസ്റ്റല്‍ സോര്‍ട്ടിങ് സെന്ററില്‍ കഴിഞ്ഞ ഒരുമാസമായി ഫ്രാന്‍സിസ് പാപ്പായുടെ പേരില്‍ ദിവസവും 330 റാത്തലില് (150 കിലോഗ്രാം) കുറയാത്ത കത്തുകള്‍ എത്തിച്ചേരുന്നുണ്ടെന്ന് സോര്‍ട്ടിങ് സെന്റര്‍ ഡയറക്ടര്‍ അന്തൊണെല്ല കിഡികിമോ പറയുന്നു.
സാധാരണഗതിയില്‍ പാപ്പായ്ക്ക് വിവിധ രാജ്യങ്ങളിലെ സ്റ്റാമ്പുകള്‍ പതിച്ച നൂറോളം കത്തുകളാണ് ഓരോ ആഴ്ചയും വത്തിക്കാനിലെ കാസാ സാന്താ മാര്‍ത്താ വിലാസത്തിലേക്ക് വരാറുള്ളത്. ഇപ്പോള്‍ ജെമെല്ലി പോളിക്ലിനിക് എന്ന വിലാസത്തില്‍ ആയിരകണക്കിന് കത്തുകളാണ് ദിവസം വരുന്നത്. കുട്ടികളുടെ കൈയക്ഷരത്തില്‍ പല ആശംസകള്ക്കൊപ്പവും ചിത്രങ്ങള്‍ വരച്ചിട്ടുണ്ടാകും. പലതരം സ്റ്റാമ്പുകളും, കാലിഗ്രഫി ശൈലിയില്‍ ചിത്രപ്പണികളോടെ ഭംഗിയായി അലങ്കരിച്ച കവറുകളും കാണാം.
ഫ്യൂമിച്ചീനോ സോര്‍ട്ടിങ് സെന്ററില്‍ സുരക്ഷാ പരിശോധനയ്ക്കു ശേഷം റോമിലെ ബെല്സിത്തോ വിതരണകേന്ദ്രത്തിലെത്തുന്ന തപാല്‍ ഉരുപ്പടികള്‍ ‘പാപ്പാ ഫ്രാന്‍ചെസ്കോ’ എന്ന ലേബല്‍ ഒട്ടിച്ച മഞ്ഞപെട്ടികളില് നിറച്ചുവയ്ക്കും. ജെമെല്ലി പോളിക്ലിനിക്കില്‍ നിന്ന് എത്തുന്ന ജീവനക്കാര്‍ ആ പെട്ടികള്‍ ആശുപത്രിയിലെ പത്താം നിലയില്‍ പാപ്പായുടെ മുറിയിലെത്തിക്കുകയും ചെയ്യുന്നു. ”ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്രയും സ്നേഹാശംസകള്‍, വിശേഷിച്ച് കുട്ടികളുടെ കൈപ്പടയില്‍, എത്തുന്നത് കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നും. എത്ര വലിയ അനുഗ്രഹമാണ് ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ഥനകള്‍!” ബെല്സിത്തോ പോസ്റ്റല്‍ സെന്ററിന്റെ മേല്‍നോട്ടക്കാരനായ ആന്ത്രെയാ ദി തൊമാസോ പറയുന്നു.
പാപ്പായുടെ ആരോഗ്യനിലയെക്കുറിച്ച് അറിയാന്‍ വത്തിക്കാനിലേക്ക് നേരിട്ട് വിളിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുന്നു. സിസ്റ്റേഴ്സ് ഡിസൈപ്പിള്‍സ് ഓഫ് ദ് ഡിവൈന്‍ മാസ്റ്റര്‍ എന്ന സന്ന്യാസ സമൂഹത്തിലെ സിസ്റ്റര്‍മാരാണ് പരിശുദ്ധ സിംഹാസനത്തിലെ ഫോണ്‍സന്ദേശങ്ങളുടെ സ്വിച്ച്ബോര്‍ഡില്‍ കോളുകള്‍ സ്വീകരിച്ച് മറുപടി നല്‍കുന്നത്.
”മക്കള്‍ സ്വന്തം പിതാവിന്റെ വിവരം അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതുപോലെയാണ് ആളുകള്‍ പരിശുദ്ധ പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായുന്നത്,” ഫോണ്‍ സന്ദേശങ്ങളുടെ വിഭാഗത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്ന സിസ്റ്റര്‍ ആന്തൊണി എപി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
ആശുപത്രിയില്‍ കഴിയുന്ന പാപ്പായുടെ ചിത്രം ആദ്യമായി വത്തിക്കാന്‍ മാധ്യമകാര്യാലയം പുറത്തുവിട്ടപ്പോള്‍, പാപ്പായുടെ കൈയില്‍ നീരു കണ്ടതിനെക്കുറിച്ച് പലരും വിളിച്ചന്വേഷിക്കുകയുണ്ടായി. നോമ്പുകാലത്തെ പര്‍പ്പിള്‍ സ്റ്റോളും വെള്ള ആല്‍ബും അണിഞ്ഞ് പാപ്പാ ആശുപത്രിയിലെ തന്റെ മുറിയോടു ചേര്‍ന്നുള്ള ചാപ്പലില്‍ ദിവ്യബലി അര്‍പ്പിച്ചതിനുശേഷം ബലിപീഠത്തിനു മുന്പില് വീല്‍ചെയറിലിരുന്ന് പ്രാര്‍ഥിക്കുന്ന ദൃശ്യത്തിലാണ് പാപ്പായുടെ ഒരു കരം ഭാഗിമായി കാണാനായത്. കൈയിലെ ആ നീര് സുഖപ്പെട്ടുവെന്ന് പിറ്റേന്ന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം വ്യക്തമാക്കുകയുണ്ടായി.
മാര്‍ച്ച് ഒന്‍പതിന് താന്‍ ആശുപത്രിയില്‍ കണ്ടപ്പോള്‍ പരിശുദ്ധ പിതാവിന്റെ ആരോഗ്യനില ഒരാഴ്ചയ്ക്കു മുന്‍പു കണ്ടതിനെക്കാള്‍ വളരെ മെച്ചപ്പെട്ട നിലയിലായിരുന്നുവെന്നും, സഭാഭരണകാര്യങ്ങളില്‍ പാപ്പാ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കയാണെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന് പറഞ്ഞു.
യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജോ ബൈഡന് തനിക്കു സമ്മാനിച്ച പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പരിശുദ്ധ പിതാവ് അര്‍ജന്റീനയിലെ ബൂനോസ് ഐറിസിലെ തന്റെ മെട്രോപൊളിറ്റന്‍ കത്തീഡ്രലിലേക്ക് കഴിഞ്ഞ ദിവസം സംഭാവന ചെയ്യുകയുണ്ടായി.
”വാക്കുകളെ നമ്മള് നിരായുധീകരിക്കണം. മനസുകളെയും ഭൂമിയെയും നിരായുധീകരിക്കാന്‍ അത് ആവശ്യമാണ്,” ജെമെല്ലി ആശുപത്രിയില്‍ നിന്ന് ‘കൊറിയേരാ ദെല്ല സേരാ’ എന്ന ഇറ്റാലിയന്‍ ദിനപത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ലുച്ചിയാനോ ഫൊന്താനയ്ക്ക് എഴുതി. രോഗാവസ്ഥയില്‍ പാപ്പായ്ക്ക് സൗഖ്യപ്രാപ്തിക്കായി അയച്ച സന്ദേശത്തിനു മറുപടിയായാണ് പാപ്പാ യുദ്ധമെന്ന അസംബന്ധത്തിന് അറുതി കാണുന്നതിനെക്കുറിച്ചും സമാധാനത്തെക്കുറിച്ചും എഴുതിയത്.
”മനനവും ശാന്തതയും സങ്കീര്‍ണതകളെക്കുറിച്ചുള്ള അവബോധവും ഏറെ ആവശ്യമുള്ള സമയമാണിത്. വാക്കുകളുടെ പരമപ്രാധാന്യം പൂര്‍ണമായി മാധ്യമപ്രവര്‍ത്തകര്‍ മനസിലാക്കണം. വാക്കുകള്‍ വെറും വാക്കുകളല്ല, മാനവ അന്തരീക്ഷം സൃഷ്ടിക്കുന്ന വസ്തുതകളാണവ. ബന്ധിപ്പിക്കാനും വിഭജിക്കാനും അവയ്ക്കു കഴിയും, സത്യത്തിനെ സേവിക്കാനും അതിനെ പ്രയോജനപ്പെടുത്താനും വാക്കുകള്‍ക്കു കഴിയും.”