ജെക്കോബി
സെല്വരാജന് എന്ന പേരിന് തമിഴില്‍ സമ്പല്‍സമൃദ്ധിയുടെ രാജാവ് എന്നാണ് അര്‍ഥം. ആയിരത്തോളം ഇടവകാംഗങ്ങളുള്ള, രൂപതയിലെ വലിയ ഇടവകസമൂഹങ്ങളിലൊന്നായ വലിയവിളയില്‍ തനിക്ക് സെല്വരാജന് എന്ന പേരു ലഭിച്ചത് നാടിന്റെ സര്വശ്രേയസിന്റെയും നാഥനായ ക്രിസ്തുരാജന്റെ തിരുനാമവുമായി ബന്ധപ്പെട്ടാകണമെന്ന് അദ്ദേഹം കരുതുന്നു. അമ്മ എന്നും ‘മോനേ’ എന്നല്ലാതെ തന്നെ പേരെടുത്തുവിളിച്ചിട്ടില്ലെന്ന് അദ്ദേഹം ഓര്‍ക്കുന്നു. പപ്പാ ‘സെല്‍വാ’ എന്നാണ് വിളിച്ചിരുന്നത്. വിന്‍സെന്റ് സാമുവല്‍ പിതാവും സെല്‍വാ എന്ന് വിളിക്കാറുണ്ട്.”
നമ്മുടെ ജീവിതകാലത്ത് ഈ ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ മനുഷ്യരുടെ കണ്ണീരൊപ്പിയ മനുഷ്യസ്ത്രീ, കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയെ, സാര്‍വത്രിക കത്തോലിക്കാ സഭ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തുന്നതിന് 13 വര്‍ഷം മുന്‍പ്, വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ നാമത്തില്‍ ലോകത്തിലെ തന്നെ ആദ്യ ദേവാലയം നെയ്യാറ്റിന്‍കര രൂപതയിലെ മാറനല്ലൂര്‍ ഇടവകയുടെ ഭാഗമായിരുന്ന മേലാരിയോട് സ്ഥാപിച്ചത്, രൂപതയില്‍ പിന്തുടര്ച്ചാവകാശമുള്ള കോഅജൂത്തോര്‍ മെത്രാനായി മാര്‍ച്ച് 25ന് അഭിഷിക്തനാകുന്ന മോണ്‍. ഡി. സെല്‍വരാജനാണ്.
ഡോ. സെല്വരാജന് മാറനല്ലൂര്‍ സെന്റ് പോള്‍ ഇടവക വികാരിയായിരുന്ന 2001-2008 കാലത്താണ് മാറനല്ലൂരില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയായി മേലാരിയോട് സബ് സ്റ്റേഷനില്‍ സ്ഥലം വാങ്ങി മദര്‍ തെരേസാ നഗര്‍ എന്ന പേരില്‍ അതു വികസിപ്പിച്ചത്. നീലക്കരയുള്ള തൂവെള്ള കോട്ടണ്‍സാരി ഇരുപതാം നൂറ്റാണ്ടിലെ സഭയുടെ കാരുണ്യശുശ്രൂഷയുടെ ആഗോള മുദ്രയാക്കി മാറ്റിയ മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ സ്ഥാപിക, മദര്‍ തെരേസ 1997 സെപ്റ്റംബര്‍ അഞ്ചിനാണ് കൊല്‍ക്കത്തയില്‍ ദിവംഗതയായത്. വിശുദ്ധപദത്തിലേക്കുള്ള നാമകരണ നടപടികള്‍ ആരംഭിക്കാന്‍ മരണാനന്തരം അഞ്ചു വര്‍ഷമെങ്കിലും കഴിയണമെന്ന നിബന്ധനയില്‍ ആദ്യമായി പ്രത്യേക ഇളവ് അനുവദിച്ച് 1999 ജനുവരിയില്‍ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ മദര്‍ തെരേസയെ അതിവേഗം അള്‍ത്താരയുടെ മഹിമയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. മേലാരിയോട് സാധാരണക്കാരായ വിശ്വാസികളുടെ നാല്പതോളം കുടുംബങ്ങളാണുണ്ടായിരുന്നത്. കണ്ണൂര്‍ പട്ടുവത്തെ ദീന സേവന സഭാംഗങ്ങളായ സിസ്റ്റര്മാര് അവര്‍ക്കിടയില്‍ ശുശ്രൂഷചെയ്തിരുന്നു. കരുണാര്‍ദ്രമായ സ്നേഹവായ്പോടെ കൊടുംയാതനകളുടെ ഇരുണ്ട നിലങ്ങളിലേക്കിറങ്ങിച്ചെന്ന്, പരമദരിദ്രരായ മനുഷ്യരെ പൂര്‍ണഹൃദയത്തോടെ ശുശ്രൂഷിച്ച മദര്‍ തെരേസയുടെ സ്വര്‍ഗീയ മാധ്യസ്ഥ്യത്തിന്റെ കൃപാദാനങ്ങള്‍ യാചിച്ചുകൊണ്ട് 800 ചതുരശ്രയടി വലുപ്പമുള്ള ചെറിയൊരു ആരാധനാലയമാണ് സെല്വരാജനച്ചന് പണിതീര്‍ത്തത്. മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ പ്രഖ്യാപിച്ച 2003 ഒക് ടോബര്‍ 19ന്, നെയ്യാറ്റിന്‍കരയുടെ പ്രഥമ ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, മേലാരിയോട് മദര്‍ തെരേസ ദേവാലയം ആശീര്‍വദിച്ചു. പിന്നീട് ഒരു ഇടവക സമൂഹമായി വളര്‍ന്ന മേലാരിയോട് 2014-ല്‍ മനോഹരമായ പുതിയ ദേവാലയം ഉയിര്‍ക്കൊണ്ടു.
കല്‍ക്കട്ട ഡംഡം കന്റോണ്മെന്റിലേതാണ് മദര്‍ തെരേസയ്ക്കു പ്രതിഷ്ഠിക്കപ്പെട്ട ആദ്യ ദേവാലയമായി പരക്കെ അറിയപ്പെടുന്നത്. ആ ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചതാകട്ടെ 2006 ഡിസംബറിലാണ്. കോസൊവോയിലെ പ്രിസ്റ്റീനയിലേതാണ് മദര്‍ തെരേസയുടെ നാമത്തിലുള്ള ആദ്യ കത്തീഡ്രല്‍; അതിനു തറക്കല്ലിട്ടത് 2005-ല്‍, ഉദ്ഘാടനം ചെയ്തത് 2010-ലും. ഫ്രാന്‍സിസ് പാപ്പാ 2016 സെപ്റ്റംബര്‍ നാലിനാണ് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് പാപ്പാ സഭയുടെ ആരാധനക്രമത്തിന്റെ ജനറല്‍ റോമന്‍ കലണ്ടറില്‍ സെപ്റ്റംബര്‍ അഞ്ചിന് വിശുദ്ധ തെരേസയുടെ തിരുനാള്‍ ഉള്‍പ്പെടുത്തുകയുണ്ടായി. വര്‍ഷങ്ങളായി മേലാരിയോട് ദൈവജനവും തീര്‍ഥാടകരും വിശുദ്ധ തെരേസയുടെ തിരുനാള്‍ സെപ്റ്റംബറില്‍ ആഘോഷിച്ചുവരികയാണ്.
പ്രേഷിതരുടെ മധ്യസ്ഥ, ലിസ്യൂവിലെ വിശുദ്ധ ത്രേസ്യയുടെ പേരിന്റെ സ്പാനിഷ് പതിപ്പാണ് മദര്‍ തെരേസ ലൊരേറ്റോ സന്ന്യാസ സമൂഹത്തിലെ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലെസഡ് വെര്‍ജിന്‍ മേരി) തന്റെ ആദ്യ വ്രതവാഗ്ദാനത്തിന് സ്വീകരിച്ചത്. ഉണ്ണിയേശുവിന്റെയും തിരുമുഖത്തിന്റെയും വിശുദ്ധ കൊച്ചുത്രേസ്യ, ചെറുപുഷ്പം എന്നീ പേരുകളില്‍ മലയാളത്തിനു സുപരിചിതയായ വിശുദ്ധ ത്രേസ്യയുടെ നാമത്തില്‍ ലോകത്തിലെ ആദ്യത്തെ ദേവാലയം നൂറു വര്‍ഷം മുന്‍പ്, 1924-ല്‍ സ്ഥാപിക്കപ്പെട്ടത് മേലാരിയോടുനിന്ന് ഏതാണ്ട് ഏഴു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു മിഷന് കേന്ദ്രമായിരുന്ന തൂങ്ങാംപാറയിലാണ്. തിരുവനന്തപുരവും നെയ്യാറ്റിന്‍കരയും കോട്ടാറുമൊക്കെ ഉള്‍പ്പെട്ടിരുന്ന വിശാലമായ കൊല്ലം രൂപതയുടെ മെത്രാനായിരുന്ന കര്‍മലീത്താ ദൈവദാസന് അലോഷ്യസ് മരിയ ബെന്‍സിഗര്‍, കൊച്ചുത്രേസ്യ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടപ്പോള്തന്നെ ആ ദേവാലയപ്രതിഷ്ഠ നടത്തുകയായിരുന്നു. ‘മിഷനറി പാസ്റ്റര്‍, മെന്‍ഡിക്കന്റ് ബിഷപ്’ എന്ന് കീര്‍ത്തിതനായ ബെന്‍സിഗര്‍ പിതാവ്, ‘ചെറിയ കാര്യങ്ങള്‍ ഏറ്റം വിശ്വസ്തതയോടെ ചെയ്യുന്ന’ ആധ്യാത്മിക ‘കുറുക്കുവഴിയുടെ’ ഉപാസികയായ ആ യുവകര്മലീത്താ പുണ്യവതിയുടെ നാമകരണത്തിനായി റോമിലേക്ക് ഏറ്റവുമാദ്യം നിവേദനം സമര്‍പ്പിച്ചവരില്‍ ഒരാളായാണ് രേഖകളില്‍ കാണുന്നത്. പീയൂസ് പതിനൊന്നാമന്‍ പാപ്പായുമായി ‘ആദ് ലീമിന’ സന്ദര്‍ശനത്തിലെ കൂടിക്കാഴ്ചയില്‍ ബെന്‍സിഗര്‍ പിതാവ്, വാഴ്ത്തപ്പെട്ട കൊച്ചുത്രേസ്യയുടെ നാമത്തില്‍ തന്റെ മിഷന് മേഖലയില്‍ ഒരു പള്ളി പണിയാന്‍ സഹായിച്ച ആള്‍ക്ക് വലിയ അനുഗ്രഹങ്ങള്‍ ലഭിച്ചതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. തൂങ്ങാംപാറയിലെ ദേവാലയ നിര്‍മാണത്തിനു സഹായിച്ച വ്യക്തി, കൊച്ചുത്രേസ്യയുടെ പേരില്‍ അഞ്ചു പള്ളികള്‍ കൂടി പണിയാനുള്ള പണം സംഭാവന ചെയ്തെന്നു കേട്ടപ്പോള്‍ പരിശുദ്ധ പിതാവ് ചിരിച്ചുകൊണ്ട് പറഞ്ഞു: ”അങ്ങ് ദേവാലയങ്ങള്‍ പണിതീര്ത്തുകൊള്ളൂ. എന്തായാലും, വൈകാതെ ലിസ്യൂവിലെ ത്രേസ്യയെ നാം വിശുദ്ധയായി നാമനിര്‍ദേശം ചെയ്യുന്നുണ്ട്.”
1925 മേയ് 17ന് കൊച്ചുത്രേസ്യയുടെ വിശുദ്ധപദപ്രഖ്യാപനത്തിന് പീയൂസ് പാപ്പാ ബെന്‍സിഗര്‍ പിതാവിനെ റോമിലേക്കു ക്ഷണിച്ചു, കര്‍മലീത്താ മിഷനറി എന്ന നിലയില്‍ കൊല്ലം ബിഷപ് വത്തിക്കാനിലെ തിരുകര്‍മങ്ങളില്‍ സഹകാര്മികനാകണം എന്നു നിര്‍ദേശിച്ചു. തിരുകര്‍മങ്ങളുടെ സമാപനത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രധാന അള്‍ത്താരയില്‍ നിന്ന് പാപ്പാ വിശ്വാസികളെ ആശീര്‍വദിച്ച നിമിഷം, അള്‍ത്താരയ്ക്കു മുകളിലെ ബാല്ദക്കീനോ മേലാപ്പില്‍ നിന്ന് ആയിരകണക്കിന് റോസാദലങ്ങള്‍ വര്‍ഷിക്കപ്പെട്ടു. വിശുദ്ധ ചെറുപുഷ്പത്തിന്റെ അദ്ഭുതവര്ഷത്തിന്റെ നേര്‍സാക്ഷ്യം. പല നിറങ്ങളിലുള്ള റോസാപ്പൂവിതളുകള്‍ ചുറ്റിലും വന്നുവീഴുന്നതു കണ്ട് ബെന്‍സിഗര്‍ പിതാവ് കുമ്പിട്ട് ഒരു കുടന്ന പൂവിതളുകള്‍ എടുത്ത് പരിശുദ്ധ പിതാവിനു സമര്‍പ്പിച്ചു. വീണ്ടും കൈക്കുമ്പിള്‍ നിറയെ പൂക്കള്‍ തനിക്കായി ശേഖരിച്ചു. ആ പൂവിതളുകള്‍ അദ്ദേഹം തന്റെ യാമപ്രാര്‍ഥനകളുടെ ബ്രീവിയറിയില് സൂക്ഷിച്ചുവച്ചു.
പുണ്യനിയോഗങ്ങളുടെ ദൈവികകൃപാവര്ഷത്തില് തരളിതമാകുന്ന നിമിഷങ്ങളില്‍ സെല്വരാജനച്ചന് എന്നും കൊച്ചുത്രേസ്യയുടെയും മദര്‍ തെരേസയുടെയും ‘കുറുക്കുവഴി’ ആത്മീയമന്ത്രം ധ്യാനിക്കാറുണ്ടായിരുന്നു.
മുതിയാവിള വലിയച്ചന്റെ പിന്‍ഗാമി
തിരുവനന്തപുരം രൂപതാ വൈദികനായി 1987 ഡിസംബര്‍ 23-ന് കുളത്തൂരിലെ തന്റെ ഇടവകയായ വലിയവിളയില്‍ ക്രിസ്തുരാജന്റെ ദേവാലയത്തില്‍ വച്ച് ബിഷപ് ഡോ. ജേക്കബ് അച്ചാരുപറമ്പിലിന്റെ കൈവയ്പ്ശുശ്രൂഷയിലൂടെ പട്ടം സ്വീകരിച്ച ഫാ. സെല്‍വരാജന്റെ പ്രഥമ അജപാലന നിയോഗം ഇരുപത്തഞ്ചാം വയസില്‍ കാട്ടാക്കട മലയോര മേഖലയിലെ മുതിയാവിള സെന്റ് ആല്‍ബര്‍ട് ഇടവക വികാരിയും ആറ് സബ് സ്റ്റേഷനുകളുടെ ചുമതലക്കാരനുമായിട്ടായിരുന്നു.
ബെല്‍ജിയം ഫ്ളാന്‍ഡേഴ്സ് പ്രോവിന്സില് നിന്നുള്ള നിഷ്പാദുക കര്‍മലീത്താ മിഷനറിമാര്‍ തിരുവനന്തപുരം പാങ്ങോട് കാര്‍മല്‍ ഹില്‍ ആശ്രമവും സന്ന്യാസ പരിശീലനകേന്ദ്രവുമെല്ലാം മലബാര്‍ പ്രോവിന്സിലെ തദ്ദേശീയ കര്മലീത്തര്ക്കു കൈമാറി സ്വദേശത്തേക്കു മടങ്ങിയപ്പോള്‍, തന്റെ ജീവിതാന്ത്യം വരെ ഈ പ്രേഷിതഭൂമിയില്ത്തന്നെ തുടരാന്‍ നിശ്ചയിച്ച കര്‍മലീത്താ ദൈവദാസന് ഫാ. അദെയൊദാത്തൂസ് (അദെയൊദാത്തോ ദി സാന്തോ പിയെത്രോ) 1946 മുതല്‍ 1968 വരെ 22 വര്‍ഷം കാരുണ്യശുശ്രൂഷയില്‍ സ്വയം സമര്‍പ്പിച്ച മിഷന്കേന്ദ്രമാണ് മുതിയാവിള. ബെല്‍ജിയത്തില്‍ വൈദികപട്ടം സ്വീകരിച്ച് ഏതാനും ആഴ്ചയ്ക്കകം ഇന്ത്യയിലേക്കു പുറപ്പെട്ട് 1927 നവംബറില്‍ തിരുവനന്തപുരത്ത് കാര്‍മല്‍ ഹില്‍ മൊണാസ്ട്രിയിലെത്തിച്ചേര്ന്ന അദെയൊദാത്തൂസ് തദ്ദേശീയ കര്‍മലീത്താ സന്ന്യാസാര്ഥികളെ പരിശീലിപ്പിച്ചു, ആശ്രമത്തിലെ ബര്‍സാറും പ്രൊഫസറുമൊക്കെയായി പ്രവര്‍ത്തിച്ചു, നൂറനാട് കുഷ്ഠരോഗ പരിചരണകേന്ദ്രത്തിലും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും ആധ്യാത്മികശുശ്രൂഷ ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്ക് ഒരു വര്‍ഷം മുന്‍പ്, മുതിയാവിളയിലെ മിഷന്കേന്ദ്രത്തിലെത്തി അദ്ദേഹം മായം, അമ്പൂരി, തൂങ്ങാംപാറ, കള്ളിക്കാട്, തെക്കുപാറ, ചെട്ടികുന്ന്, കണ്ടംതിട്ട, വാവോട്, മുകുന്തറ, ചെമ്പനകോട്, കുളവുപാറ തുടങ്ങിയ കുടിയേറ്റ മേഖലകളിലും ഉള്‍നാട്ടിലും മലമ്പ്രദേശങ്ങളിലുമുള്ള പാവപ്പെട്ടവരോടൊപ്പം നടന്ന്, അവരോടൊപ്പം ജീവിച്ച്, യൂറോപ്പില്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ പരുക്കേറ്റ സൈനികരെ ശുശ്രൂഷിച്ച പ്രവൃത്തിപരിചയം വച്ച് രോഗികളെയും അവശരെയും പരിചരിച്ച്, എല്ലാവര്ക്കും കാരുണ്യശുശ്രൂഷ ചെയ്ത്, 1968 ഒക് ടോബര്‍ 20ന് മിഷന് ഞായറാഴ്ച, കുരുതംകോട് സബ് സ്റ്റേഷനില്‍ ദിവ്യബലി അര്‍പ്പിക്കാനായി സൈക്കിള്‍ ചവിട്ടിപോകുമ്പോള് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് ദിവംഗതനായത്. ജനങ്ങള്‍ക്ക് അദെയൊദാത്തൂസ് ‘മുതിയാവിള വല്യച്ചന്’ എന്ന പുണ്യരൂപനായ, കരുണാമയനായ ദൈവശുശ്രൂഷകനായിരുന്നു.
വല്യച്ചനെ നേരിട്ടു കണ്ടിട്ടുള്ള, അദ്ദേഹത്തിന്റെ സ്നേഹശുശ്രൂഷ ഏറ്റുവാങ്ങിയിട്ടുള്ള, അദ്ദേഹത്തിന്റെ സുകൃതപുണ്യങ്ങളുടെ ഓര്‍മയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കിടയിലേക്കാണ് അദ്ദേഹത്തിന്റെ കാലശേഷം 20 വര്‍ഷം കഴിഞ്ഞ് നവവൈദികനായ സെല്വരാജന് മുതിയാവിളയിലെ അജപാലകനായി ചെല്ലുന്നത്.
വല്യച്ചന്റെ ഊന്നുവടിയും സൈക്കിളും തടിക്കട്ടിലും ചാരുകസേരയും അദ്ദേഹം ഉപയോഗിച്ചിരുന്ന പല സാധനങ്ങളും തിരുവസ്ത്രവും മറ്റും തിരുശേഷിപ്പുകളായി അവിടെയുണ്ടായിരുന്നു. മുതിയാവിളയിലെ 1988 – 1994 കാലയളവിലെ സെല്വരാജനച്ചന്റെ ഇടവകശുശ്രൂഷയിലെ ഊന്നല്‍ ഫാ. അദെയൊദാത്തൂസിന്റെ സുവിശേഷപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, ചുറ്റുപാടുമുള്ള ക്രൈസ്തവസമൂഹങ്ങളെ വിശ്വാസത്തില്‍ ആഴപ്പെടുത്തുന്നതിലായിരുന്നു. വല്യച്ചന് പലയിടങ്ങളിലും വീടുകള്‍ കേന്ദ്രീകരിച്ച് മതബോധനം നടത്തിയിരുന്നു. മലമ്പ്രദേശങ്ങളില്‍ ഓലഷെഡുകളില് കാറ്റക്കിസം പഠപ്പിച്ചിരുന്നു. മുതിയാവിളയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയായി ചന്ദ്രമംഗലത്ത് വലിയച്ചന് ഒരു ഷെഡില്‍ വിശ്വാസപരിശീലനം നല്‍കിയിരുന്നതായി നാട്ടുമൊഴി പാരമ്പര്യമുണ്ടായിരുന്നു. അവിടെ ഒരു ദേവാലയം നിര്‍മിക്കാന്‍ ഫാ. സെല്വരാജന് നിയോഗമുണ്ടായി.
”പള്ളി പണിയുന്നതിന് സ്ഥലം വാങ്ങുക എളുപ്പമായിരുന്നില്ല. വലിയച്ചന്റെ കര്‍മ്മഭൂമിയില്‍, അദ്ദേഹത്തിന്റെ പുണ്യജീവിതത്തിന്റെ സാക്ഷ്യമായി അവിടെ ഒരു വിശ്വാസിസമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിന് ഒരു ആരാധനാലയം ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി. പതിമൂന്നും മുപ്പതും സെന്റായി പലരില്‍ നിന്നായി സ്ഥലം വാങ്ങി. ഒരു കാറ്റക്കിസ്റ്റ് തന്റെ മകന് സെബാസ്റ്റ്യന്റെ പേരില്‍ എഴുതിക്കൊടുത്തിരുന്ന സ്ഥലവും അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെയാണ് ചന്ദ്രംഗലത്ത് സെന്റ് സെബാസ്റ്റ്യന്‍ പള്ളി നിര്‍മിക്കുന്നത്,” മോണ്‍. സെല്വരാജന് തന്റെ ആദ്യത്തെ അജപാലനദൗത്യത്തിലെ ഒരു പ്രധാനചുവടുവയ്പ് അനുസ്മരിച്ചു. ഫാ. അദെയൊദാത്തൂസിന്റെ പേരില്‍ കമ്യൂണിറ്റി ഹാളും നഴ്സറിയും മറ്റും അവിടെയുണ്ടായി. കപ്പുച്ചിന്‍ വൈദികര്‍ ചന്ദ്രമംഗലം ഇടവകശുശ്രൂഷ പിന്നീട് ഏറ്റെടുത്തു.
മുതിയാവിളയിലെ സുവിശേഷപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചപോലെയാണ് തിരുവനന്തപുരം രൂപതയിലെ ഇവാഞ്ചലൈസേഷന്‍ സെക്രട്ടറിയും കാറ്റെക്കെസിസ് ഡയറക്ടറുമായി ഫാ. സെല്‍വരാജനെ ബിഷപ് സൂസൈപാക്യം നിയോഗിക്കുന്നത്. ”ഉള്‍നാടന്‍ മിഷന് പ്രദേശങ്ങളിലെ ഉപദേശിമാരുടെ രൂപീകരണവും ഇടവകകളിലെ മതബോധകരുടെ പരിശീലനവും ഏറെ പ്രധാനപ്പെട്ട ദൗത്യമായിരുന്നു.”
”കാനോന്‍ നിയമപഠനത്തിനായി ബെല്‍ജിയത്തിലേക്കു പോയപ്പോള്‍, അവിടെ ഗെന്റിലെ കര്‍മലീത്താ ആശ്രമം സന്ദര്‍ശിക്കാനിടയായി. ഗെന്റില്‍ നിന്ന് മിഷന് പ്രവര്‍ത്തനത്തിന് നിയുക്തരായ കര്‍മലീത്തരുടെ പട്ടിക ആശ്രമത്തിലെ ചുമരില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതില്‍ ഫാ. അദെയൊദാത്തൂസിന്റെ വിവരണവുമുണ്ട്. അദ്ദേഹം മുതിയാവിളയില്‍ അന്തരിച്ചു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതു വായിച്ച് എന്റെ ഉള്ളംതുടിച്ചു,” മോണ്‍. സെല്വരാജന് അനുസ്മരിച്ചു.
ഫാ. അദെയൊദാത്തൂസിനെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്താനുള്ള നാമകരണ നടപടികള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് 2018 ഒക്ടോബറില്‍ തിരുവനന്തപുരത്ത് പാങ്ങോട് കാര്‍മല്‍ ഹില്‍ ആശ്രമദേവാലയത്തിലെ തിരുകര്‍മത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. കാര്‍മല്‍ ഹില്‍ മൊണാസ്ട്രി ദേവാലയത്തില്‍ ദൈവദാസന് ആര്‍ച്ച്ബിഷപ് ബെന്‍സിഗറിന്റെ കബറിടത്തിനരികെ മറ്റൊരു കബറിടത്തിലേക്ക്
ഫാ. അദെയൊദാത്തൂസിന്റെ പൂജ്യ ഭൗതികാവശിഷ്ടങ്ങള്‍ 2018 ഒക്ടോബര്‍ 19ന് മാറ്റിപ്രതിഷ്ഠിക്കുകയുണ്ടായി. നെയ്യാറ്റിന്‍കര രൂപതാ തലത്തില്‍ നാമകരണത്തിനായുള്ള ട്രൈബ്യൂണല്‍ രൂപവത്കരിച്ച് ദൈവദാസന്റെ ‘ജീവിതവും പുണ്യസുകൃതങ്ങളും വിശുദ്ധിയുടെ കീര്‍ത്തിയും സംബന്ധിച്ച്’ നൈയാമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കാനോന്‍ നിയമവിദഗ്ധനായ മോണ്‍. സെല്‍വരാജന്റെ പങ്കാളിത്തവുമുണ്ടായിരുന്നു. അദെയൊദാത്തൂസച്ചന്റെ സഹവികാരിയായി മുതിയാവിളയില്‍ 17 വര്‍ഷം ശുശ്രൂഷ ചെയ്ത ഫാ. ജെയിംസ് ഞാറക്കല്‍ നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ഉണ്ടായിരുന്നു. 2024 ഡിസംബര്‍ 10ന് രൂപതാ ട്രൈബ്യൂണല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയുണ്ടായി.
അനുകമ്പയോടെ ശുശ്രൂഷിക്കാന്‍
ദൃഢമായി പിടിച്ചുയര്‍ത്തുന്ന ഒരു കരം ഡോ. ഡി. സെല്‍വരാജന്റെ എപ്പിസ്കോപ്പല്‍ സ്ഥാനികമുദ്രയിലെ മൂര്ത്തബിംബമാണ്. ദൈവകാരുണ്യത്തിന്റെ കരം, സാന്ത്വനത്തിന്റെ കരം, വീണ്ടെടുപ്പിന്റെ കരം, വിശ്വസ്തയുടെ കരം, ആത്മബന്ധത്തിന്റെ അഭയമുദ്ര, സ്നേഹവായ്പിന്റെ മുറുക്കിപ്പിടിത്തം, സുരക്ഷയുടെ ഉറച്ച വാഗ്ദാനം. ‘അനുകമ്പയോടെ ശുശ്രൂഷിക്കാന്‍’ (ടു സെര്‍വ് വിത്ത് കംപാഷന്‍) എന്ന പ്രമാണവാക്യത്തിലെ സുവിശേഷലാളിത്യത്തിന്റെ നൈര്‍മല്യം സിനഡാത്മക പരിവര്‍ത്തനകാലത്തെ സഭാശുശ്രൂഷയെ പ്രകാശപൂരിതമാക്കുന്ന ഇടയന്റെ ഉള്ളുണര്ച്ചയുടെ കൃപാദീപ്തിയാകുന്നു.

”അവന് കരയ്ക്കിറങ്ങിയപ്പോള് വലിയ ജനക്കൂട്ടത്തെ കണ്ട് അവരുടെമേല്‍ അവന് അനുകമ്പ തോന്നി” (മത്തായി 14:14) എന്ന സുവിശേഷവാക്യത്തിലെ ഈശോയുടെ അനുകമ്പ ഹൃദയമുദ്രയാക്കി, ‘യേശുവിനെ കണ്ടുമുട്ടാനുള്ള, അവന്റെ മാധുര്യത്തില്‍ ആയിരിക്കാനുള്ള ഒരു തീര്‍ഥാടനത്തില്‍ ദൈവജനത്തോടൊപ്പം നടക്കാനുള്ള നിയോഗം’ പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ ഏറ്റെടുക്കാന്‍ ഇടയാക്കിയ കൃപാകടാക്ഷത്തില്‍ തരളിതനായി അറുപത്തിരണ്ടുകാരനായ അജപാലകന്, കാരുണ്യശുശ്രൂഷയുടെ അപ്പസ്തോലിക ഐക്യത്തിലേക്ക് അഭിഷേചിക്കപ്പെടുവാന് ശിരസുനമിക്കുകയാണ്.
”ഉന്നതസ്ഥാനീയന്‍ കാരുണ്യപൂര്‍വം മുകളില്‍ നിന്ന് കരംനീട്ടുന്ന രീതിയല്ല യേശുവിന്റേത്. അവന് ജനങ്ങള്‍ക്കൊപ്പം നടന്നു. അവരെ ചേര്ത്തണഞ്ച് അവരുടെ കണ്ണീരൊപ്പി. വിശക്കുന്നവര്‍ക്ക് അപ്പവും മീനും നല്കി. എന്നും ഒപ്പം നില്ക്കുന്ന സ്നേഹസ്വരൂപനെയാണ് ദൈവജനം തേടുന്നത്,” മോണ്‍. സെല്വരാജന് പറയുന്നു.
ലുവെയ്നിലെ ജെസിഡി
കാനോന്‍ നിയമം പഠിക്കാന്‍ കേരളത്തില്‍ നിന്ന് റോമന്‍ കത്തോലിക്കാ വൈദികര്‍ കൂടുതലായും പോകാറുള്ളത് റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റികളിലേക്കാണ്. ഫാ. സെല്വരാജന് ബെല്‍ജിയത്തിലെ ലുവെയ്ന്‍ കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍ (യൂനിവേര്സിത്തേ കാത്തൊലീക് ദെ ലൂവാ) നിന്ന് യൂറിസ് കാനോനിച്ചി ദൊക്തോര് (ജെസിഡി) എന്ന കാനോന്‍ നിയമത്തിലെ ഡോക്ടറേറ്റ് നേടാന്‍ പോയത് എങ്ങനെയാണ്?
”ആലുവ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ ഞങ്ങളുടെ സ്പിരിച്വല്‍ ഫാദറും സേക്രഡ് ലിറ്റര്‍ജി, സ്ക്രിപ്ച്ചര്‍ പ്രൊഫസറുമായിരുന്നു സൂസപാക്യം പിതാവ്. പാളയം സെന്റ് വിന്‍സെന്റ് സെമിനാരിയില്‍ ഞങ്ങളുടെ സ്പിരിച്വല്‍ ഡയറക്ടറായിരുന്നു അദ്ദേഹം, ഞങ്ങള്‍ക്കായി ബൈബിള്‍ ക്ലാസുമെടുത്തിരുന്നു. ആലുവ സെമിനാരിയില്‍ കാനോന്‍ നിയമം പഠിപ്പിച്ചത് ആന്റണി മുക്കത്ത് അച്ചനാണ്. എനിക്ക് കാനോന്‍ നിയമത്തില്‍ ഉപരിപഠനം നടത്താന്‍ താല്പര്യമുണ്ടോ എന്നതിനെക്കുറിച്ച് സൂസപാക്യം പിതാവിന് ഉറപ്പില്ലായിരുന്നു. പിതാവാണ് ലുവെയ്നിലേക്കയച്ചത്.
ലുവെയ്ന്‍ ഒരു സെക്യുലര്‍ യൂണിവേഴ്സിറ്റിയാണ്. റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റികളില്‍ നിന്ന് ലഭിക്കുന്നത് എക്ളേസിയാസ്റ്റിക്കല്‍ ഡിഗ്രിയാണ്; ലുവെയ്നിലേതാകട്ടെ സ്റ്റേറ്റ് ഡിഗ്രിയും. സെക്യുലര്‍ യൂണിവേഴ്സിറ്റികളിലൊക്കെ അതിന് അംഗീകാരമുണ്ട്. ലുവെയ്ന്‍ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ 24 ഫാക്കല്‍റ്റികളില്‍, തിയോളജിക്കും കാനന്‍ ലോയ്ക്കുമായി ഓരോ വകുപ്പുണ്ട്. ഫ്രഞ്ച്, ജര്‍മന്‍, ഡച്ച് ഭാഷകള്‍ സംസാരിക്കുന്ന ബെല്‍ജിയത്തിലെ ഈ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷിലും ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിക്കാം.
‘മിശ്രവിവാഹത്തിന്റെ നിയമ പരിണാമങ്ങള്‍’ എന്ന വിഷയത്തിലായിരുന്നു എന്റെ ലൈസന്‍ഷ്യേറ്റ് പഠനം. ഒരു കത്തോലിക്കാ വിശ്വാസിയും ഇതരമതവിശ്വാസിയും തമ്മിലുള്ള വിവാഹബന്ധത്തെക്കുറിച്ച് പോള്‍ ആറാമന്‍ പാപ്പായുടെ ‘മാട്രിമോണിയ മിക്സ്ത’ എന്ന 1970 ഒക് ടോബറിലെ മോത്തു പ്രോപ്രിയോ അപ്പസ്തോലിക ലേഖനത്തില്‍ നിന്നു തുടങ്ങി, 1983-ലെ കാനന്‍ ലോയിലെ കോഡ് 1124 ഉള്‍പ്പെടെ, നമ്മുടെ ആനുകാലിക സാമൂഹിക ജീവിതത്തിലെ ഒരു പ്രധാന വിഷയമായ മിശ്രവിവാഹത്തെ സംബന്ധിച്ച പഠനമായിരുന്നു അത്. മെത്രാന്മാരുടെ സ്വയംഭരണ അവകാശാധികാരങ്ങളെക്കുറിച്ചായിരുന്നു ഡോക്ടറല്‍ പഠനം. അജപാലനശുശ്രൂഷാ നിര്‍വഹണത്തിന് അനിവാര്യമായ ‘ഓര്‍ഡിനറി, പ്രോപ്പര്‍, ഇമ്മീഡിയറ്റ്’ അധികാരം, റോമിലെ പരിശുദ്ധ സിംഹാസനത്തിനു മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള ‘ഓംനെസ് പൊത്തേന്തെസ്’ അധികാരങ്ങള്‍, ദേശീയ, പ്രാദേശിക മെത്രാന് സമിതികളും രൂപതയിലെ ആലോചനാ സമിതിയും മറ്റുമായി ബന്ധപ്പെട്ട നിബന്ധനകള്‍ എന്നിങ്ങനെ ബിഷപ്പിന്റെ ഓട്ടോണമിയെ ബാധിക്കുന്ന വിവിധ ഘടകങ്ങളെ സംബന്ധിച്ചുള്ള ഗവേഷണം. കഴിഞ്ഞ 25 വര്‍ഷത്തിനിടെ മെത്രാന്മാരുടെ അധികാരാവകാശങ്ങളില്‍ പല പരിണാമങ്ങളും ഉണ്ടായിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പായുടെ മോത്തു പ്രോപ്രിയോയും സിനഡാത്മക സിനഡിന്റെ സമന്വയരേഖയും മറ്റും അധികാരപങ്കാളിത്തത്തെ സംബന്ധിച്ച പുതിയ സമീപനവും ഉള്‍ക്കാഴ്ചയും നല്‍കുന്നുണ്ട്. മുന്‍കാല അക്കാദമിക വ്യാഖ്യാനങ്ങളെക്കാള്‍ ഇന്നത്തെ ലോകത്തെ അജപാലനശുശ്രൂഷയ്ക്ക്, നമ്മുടെ സമൂഹത്തിന് ഏറ്റവും ആവശ്യമായ അധികാരഘടന എന്താണെന്നു നിര്‍ണയിക്കുക വളരെ പ്രധാനമാണ്.
കേരളത്തില്‍ നിന്നു ലുവെയ്നില്‍ പഠിക്കുന്നവരില്‍ അധികവും സീറോ മലബാര്‍ സഭക്കാരാണെന്നത് ഒരു പൊതുനിരീക്ഷണമാണ്. ലുവെയ്നില്‍ എന്റെ സമകാലീനരായി തലശേരി ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി ആര്‍ക്കിഎപ്പിസ്കോപ്പല്‍ വികാറുമായ മാര്‍ ജോസഫ് പാംബ്ലാനി, ഭദ്രാവതി ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത് എംസിബിഎസ്, ഫരീദാബാദ് സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് എന്നിവരുണ്ടായിരുന്നു. ലത്തീന്‍ റീത്തില്‍ നിന്ന് കോട്ടാര്‍ ബിഷപ് നസ്രറീന് സൂസൈ, കുഴിത്തുറ ബിഷപ് ആല്‍ബര്‍ട്ട് ജോര്‍ജ് അലക്സാണ്ടര്‍ അനസ്താസ് എന്നിവരുമുണ്ടായിരുന്നു.
തിരുവനന്തപുരത്ത് സെന്റ് മേരീസ് പാരലല്‍ കോളജില്‍ പ്രീഡിഗ്രി പഠനകാലം മുതല്‍ സൗഹൃദമുള്ളവരാണ് സീറോ മലങ്കര സഭയുടെ പാറശാല ബിഷപ് തോമസ് മാര്‍ യൗസേബിയൂസും ഘഡ്കി-പുണെ ബിഷപ് മാത്യൂസ് മാര്‍ പക്കോമിയോസും മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസും. സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയും തിരുവനന്തപുരം ആര്‍ച്ച്ബിഷപ് തോമസ് നെറ്റോ പിതാവും ആലുവ സെമിനാരിയില്‍ ഒരേകാലഘട്ടത്തില്‍ ഒരുമിച്ചുണ്ടായിരുന്നവരാണ്.”
ആലുവായിലെ ചേരിവാസികള്‍
ആലുവ കാര്‍മല്‍ഗിരിയില്‍ മൂന്നാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥിയായിരിക്കെ, അവിടത്തെ സോഷ്യല്‍ സര്‍വീസ് വിങ് സെക്രട്ടറി എന്ന നിലയില്‍ ബ്രദര്‍ സെല്വരാജന് മുന്‍കൈ എടുത്ത് ആലുവായിലെ ചേരിപ്രദേശങ്ങളില്‍ നടത്തിയ സര്‍വേ ചരിത്രം സൃഷ്ടിച്ച ഒരു സംഭവമാണ്.
വഴിയോരത്തെ കൂറ്റന്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ക്കുള്ളിലും ചേരിപ്രദേശത്തെ ചെറ്റക്കുടിലുകളിലുമൊക്കെയായി കഴിയുന്ന മനുഷ്യരുടെ ജീവിതാവസ്ഥയെക്കുറിച്ച് അന്വേഷിക്കാന്‍ വൈദികവിദ്യാര്‍ഥികള്‍ ഇറങ്ങണം എന്ന ആശയത്തെ കാര്‍മല്‍ഗിരി സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്റ്റും സോഷ്യല്‍ സര്‍വീസ് ഡയറക്ടറുമായിരുന്ന ഫാ. തോമസ് ചക്യത്ത് (പിന്നീട് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാനായി ഇദ്ദേഹം) ശക്തമായി പിന്താങ്ങി.
ജോയി പാല്യക്കരയുടെയും മറ്റും നേതൃത്വത്തില്‍ വേണ്ടത്ര തയാറെടുപ്പോടെ, എന്തൊക്കെ പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയോടെ, ഒരു ദിവസം ബ്രദേഴ്സ് ചേരികളിലേക്കിറങ്ങി. ഓരോ കുടിലിലും കയറി, ഓരോ കുടുംബത്തിന്റെയും കഥകള്‍ അവര്‍ കേട്ടു. ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങള്‍ വിശദമായി എഴുതി, ടീം ലീഡര്‍മാര്‍ അവ ക്രോഡീകരിച്ച് സെമിനാരി വിദ്യാര്‍ഥികള്‍ക്കു മുമ്പാകെ അവതരിപ്പിക്കണമെന്നായിരുന്നു ധാരണ.
വൈദികാര്‍ഥികള്‍ പകര്‍ത്തിയെടുത്ത പച്ചയായ മനുഷ്യജീവിതാഖ്യാനത്തിന്റെ ഓരോ ഏടും കണ്ണീരില്‍ കുതിര്‍ന്നതായിരുന്നു. കാര്‍മല്‍ഗിരിയില്‍ പ്രൊഫസറായിരുന്ന ആന്റണി തിയഡോറച്ചന് – പില്ക്കാലത്ത് ജര്‍മനിയില്‍ ജര്‍മന്‍, ഇംഗ്ലീഷ് ഭാഷകളില്‍ കവിതയെഴുതി പ്രസിദ്ധനാവുന്നതിനു മുന്‍പ്, 1986 സെപ്റ്റംബറില്‍ ബോംബെയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ട് വഴി ന്യൂയോര്‍ക്കിലേക്കുള്ള പാനാം 73 ഫ്ളൈറ്റ് പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ വച്ച് പലസ്തീന് തീവ്രവാദികള്‍ റാഞ്ചി 16 മണിക്കൂര്‍ തടഞ്ഞുവച്ച്, രക്ഷാശ്രമത്തിനിടയില്‍ 400 യാത്രക്കാരില്‍ 16 പേര് കൊല്ലപ്പെട്ടപ്പോള്‍ നാല് വെടിയുണ്ടകളേറ്റെങ്കിലും ജീവനോടെ രക്ഷപ്പെട്ട യാത്രക്കാരന് എന്ന നിലയില്‍ ഈ ആലപ്പുഴക്കാരന് ലോകമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുകയുണ്ടായി – ബ്രദേഴ്സിന്റെ ചങ്കുലയ്ക്കുന്ന ഈ പങ്കുവയ്ക്കലില്‍ ഇടപെട്ടുകൊണ്ട് ഒരു നിര്‍ദേശം വച്ചു: ഇത്രയും തീക്ഷ്ണമായ ഈ അനുഭവം പൊതുസമൂഹവുമായി പങ്കുവയ്ക്കാന്‍ ഇതിനൊരു നാടകാവിഷ്കാരം വേണം! അങ്ങനെയാണ് ബ്രദര്‍ ലാസര്‍ എസ്. പട്ടകടവ് ‘ചേരിവാസികള്‍’ എന്ന നാടകം രചിക്കുന്നത്. ഹൃദയങ്ങളെ മഥിച്ച അവതരണായിരുന്നു അത്.
കരുണാര്‍ദ്രമായ ഒരു സംവാദത്തിന് തുടക്കം കുറിച്ച ബ്രദര്‍ സെല്‍വരാജനും കൂട്ടാളികളും ആലുവായിലെ ചേരിവാസികളില് പരമദരിദ്രരായവരുടെ കണ്ണീരൊപ്പുന്നതിന് തങ്ങള്‍ക്ക് സമൂര്‍ത്തമായി എന്തു ചെയ്യാന്‍ കഴിയും എന്ന് വേവലാതിയോടെ ആരാഞ്ഞു. ഒടുവില്‍ ഒരു പ്രായോഗിക നിര്‍ദേശമുയര്‍ന്നു: സെമിനാരി റെഫക്ടറിയില്‍ ബ്രദേഴ്സിനു കിട്ടുന്ന ഏത്തപ്പഴം പരിത്യജിക്കുക, അതിന്റെ വിഹിതം അഞ്ചോ ആറോ കുടുംബങ്ങള്‍ക്കായി വിതരണം ചെയ്യുക.
ഇതിനുള്ള അപേക്ഷയുമായി സെമിനാരി റെക്ടര്‍ ഗീവര്‍ഗീസ് പണിക്കരച്ചനെ സമീപിച്ചപ്പോള്‍, വൈദികാര്‍ഥികളുടെ ആരോഗ്യത്തെ ബാധിക്കുന്ന പരിത്യാഗമൊന്നും വേണ്ടെന്നായിരുന്നു ആദ്യ പ്രതികരണം, എന്നാല്‍ ബ്രദേഴ്സിന്റെ അനുകമ്പയുടെ തീവ്രത ബോധ്യപ്പെട്ട് അദ്ദേഹം അതിന് അനുവാദം നല്കി.
ആലുവ സെമിനാരി വിദ്യാര്‍ഥിയായിരിക്കെ ബ്രദര്‍ സെല്വരാജന് വരാപ്പുഴ അതിരൂപതയിലെ ചേരാനല്ലൂര്‍ സെന്റ് ജെയിംസ് ഇടവകയിലും, ഡീക്കനായി ഗോതുരുത്ത് സെന്റ് സെബാസ്റ്റിയന് ഇടവകയിലും (ഇപ്പോള്‍ കോട്ടപ്പുറം രൂപതയുടെ ഭാഗം) ശുശ്രൂഷ ചെയ്തിരുന്നു.
കരിപ്പുകട്ടിയും ഞാറും മമ്മ മാര്‍ഗരറ്റും
തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്ന്, പകുതിയോളം തീരപ്രദേശവും പകുതി ഉള്‍നാടും ഉള്‍പ്പെടുന്ന കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വലിയവിള വെങ്കടമ്പ് ഒറ്റപ്ലാവിള ഡി.എം. സദനം എന്ന ചെറിയ വീട് നെയ്യാറ്റിന്‍കര കോഅജൂത്തോര്‍ ബിഷപ് ഡോ. ഡി. സെല്‍വരാജന്റെ പേരിലുള്ള ആറു സെന്റ് സ്ഥലത്താണ്. തന്റെ അമ്മയുടെ സ്മരണയ്ക്കുള്ള വീടാണിതെന്ന് അദ്ദേഹം പറയും. അദ്ദേഹത്തിന്റെ മാതാപിതാക്കളായ ദാസന്-മുത്തമ്മ ദമ്പതികളുടെ ചുരുക്കപ്പേരാണ് ഡി.എം. പഴയ നാട്ടാചാരപ്രകാരം വീട്ടുവളപ്പില്‍ തന്നെയാണ് ഇരുവരുടെയും മൃതസംസ്കാരം നടത്തിയിട്ടുള്ളത്. കുടുംബാംഗങ്ങള്‍ക്കെല്ലാം ഒത്തുകൂടാനുള്ള ഒരിടമായി ഡി.എം സദനം സംരക്ഷിക്കപ്പെടുന്നു. മോണ്‍. സെല്‍വരാജന്റെ സാന്നിധ്യമില്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ പൗരോഹിത്യവാര്‍ഷികവും ഫീസ്റ്റ് ഡേയും – ക്രിസ്തുരാജന്റെ തിരുനാള്‍ – സഹോദരങ്ങള്‍ അവിടെ ഒരുമിച്ചുകൂടി ആഘോഷിക്കാറുണ്ട്.
സെല്വരാജന് എന്ന പേരിന് തമിഴില്‍ സമ്പല്‍സമൃദ്ധിയുടെ രാജാവ് എന്നാണ് അര്‍ഥം. ആയിരത്തോളം ഇടവകാംഗങ്ങളുള്ള, രൂപതയിലെ വലിയ ഇടവകസമൂഹങ്ങളിലൊന്നായ വലിയവിളയില്‍ തനിക്ക് സെല്വരാജന് എന്ന പേരു ലഭിച്ചത് നാടിന്റെ സര്വശ്രേയസിന്റെയും നാഥനായ ക്രിസ്തുരാജന്റെ തിരുനാമവുമായി ബന്ധപ്പെട്ടാകണമെന്ന് അദ്ദേഹം കരുതുന്നു. അമ്മ എന്നും ‘മോനേ’ എന്നല്ലാതെ തന്നെ പേരെടുത്തുവിളിച്ചിട്ടില്ലെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഏറെ കാത്തിരുന്നു കിട്ടിയ, സമാനമായ പേരുചൊല്ലിവിളിച്ച ആദ്യജാതനെ ആ അമ്മയ്ക്കു നഷ്ടപ്പെട്ടിരുന്നു. ”പപ്പാ ‘സെല്‍വാ’ എന്നാണ് വിളിച്ചിരുന്നത്. വിന്‍സെന്റ് സാമുവല്‍ പിതാവും സെല്‍വാ എന്ന് വിളിക്കാറുണ്ട്.”
കുടുംബത്തിലെ രണ്ടാമത്തെ സന്താനമാണ് മോണ്‍. സെല്വരാജന്. അദ്ദേഹത്തിന് ഒരു ചേച്ചിയുണ്ട്: ലില്ലിപുഷ്പം. അമലപുഷ്പം, സെലിന് എന്നിങ്ങനെ രണ്ട് അനുജത്തിമാരും, സില്‍വെസ്റ്റര്‍, സിറിള്കുമാര് എന്നീ അനുജന്മാരുമുണ്ട്.

നെല്‍പ്പാടവും പച്ചക്കറികൃഷിയും കപ്പയും പശുക്കളും കരിമ്പനകളും പനങ്കള്ളില്‍ നിന്നെടുക്കുന്ന കരിപ്പുകട്ടിയുമൊക്കെയായി സാമാന്യം ഭേദപ്പെട്ട കര്‍ഷക കുടുംബമായിരുന്നു ദാസന്-മുത്തമ്മ ദമ്പതികളുടേത്. കുട്ടിക്കാലത്ത്, ദിവസവും സ്കൂളില്‍ പോകുന്നതിനു മുന്‍പ് പച്ചക്കറിതൊടിയിലും ഞാറിടുന്ന പാടത്തുമൊക്കെ ഒരു വയസ് മൂപ്പുള്ള ജ്യേഷ്ഠനോടൊപ്പം ചില്ലറ പണിയൊക്കെ ചെയ്തിരുന്നത് ഡി. സില്‍വെസ്റ്റര്‍ – നെയ്യാറ്റിന്‍കര രൂപത അജപാലന ശുശ്രൂഷ ആനിമേറ്ററും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവുമൊക്കെയാണ് അദ്ദേഹം – ഓര്‍ക്കുന്നുണ്ട്.
മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വ്ളാത്താങ്കര മേഖലയിലെ വട്ടവിളയിലാണ് അമ്മയുടെ കുടുംബം. മോണ്‍. സെല്‍വരാജന്റെ എപ്പിസ്കോപ്പല്‍ നിയമനം സംബന്ധിച്ച ഫ്രാന്‍സിസ് പാപ്പായുടെ കല്പന റോമിലും നെയ്യാറ്റിന്‍കര രൂപതയിലും പ്രഖ്യാപിക്കപ്പെടുന്നതിന് ഏഴു ദിവസം മുന്‍പു വരെ അദ്ദേഹം വികാരിയായി അഞ്ചുവര്‍ഷം ശുശ്രൂഷ ചെയ്ത തിരുപുറം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവക, അമ്മയുടെ നാടാണെന്നു പറയാം. പത്തനാവിള സെന്റ് ജോസഫ് ഇടവകയില്‍ ചാര്‍ജെടുത്ത് ഒരാഴ്ച തികയുമ്പോഴാണ് ഡല്‍ഹിയിലെ അപ്പസ്തോലിക നുണ്‍ഷ്യേച്ചറില്‍ നിന്ന് വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ലെയോപോള്‍ദോ ജിറേല്ലി കോഅജൂത്തോര്‍ മെത്രാനായുള്ള നിയമനവാര്‍ത്ത അദ്ദേഹത്തെ അറിയിക്കുന്നത്.
സൂസപാക്യം പിതാവ് വ്ളാത്താങ്കരയില്‍ സഹവികാരിയായിരുന്ന കാലംതൊട്ടേ സെല്‍വരാജന്റെ പപ്പ ദാസനുമായി അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു. പള്ളിക്കാര്യങ്ങളില്‍ എന്നും ബദ്ധശ്രദ്ധരായിരുന്നു ദാസന്റെ കുടുംബം. തന്റെ ദൈവവിളിയെ ഏറെ സ്വാധീനിച്ചത് ആരാണെന്നു ചോദിച്ചാല്‍, മോണ്‍. സെല്വരാജന് ഏറ്റവുമാദ്യം പറയുക വലിയവിള ക്രൈസ്റ്റ് ദ് കിങ് ഇടവക വികാരിയായിരുന്ന ജോര്‍ജ് ഡാലിവിള അച്ചന്റെ പേരാകും. അദ്ദേഹത്തിന്റെ കൂടെ അള്‍ത്താര ബാലനായി ശുശ്രൂഷ ചെയ്ത നാളുകളില്‍ ‘ഉള്ളിന്റെയുള്ളില്‍ ഈശോയോടുള്ള സ്നേഹം’ ജ്വലിപ്പിച്ചത് അച്ചനാണ്. ഖാദി പ്രസ്ഥാനത്തെ പരിപോഷിപ്പിച്ചിരുന്ന അദ്ദേഹം ഖദര്‍ ളോഹയാണ് ധരിച്ചിരുന്നത്. വട്ടവിള, വലിയവിള പ്രദേശത്ത് ഒട്ടേറെ സാമൂഹിക സേവന പദ്ധതികള്‍ക്കു തുടക്കം കുറിച്ച അച്ചന് ദയയുടെയും കാരുണ്യത്തിന്റെയും പ്രതീകം കൂടിയായിരുന്നു, സെല്വരാജന്.
ഇടവകയിലെ മരിയ സൈന്യത്തിന്റെ ജൂനിയര്‍ പ്രസീഡിയം നേതാവായിരുന്നു സെല്വരാജന്. ലിസ്യൂ ബോയ്സ് ക്ലബിലൂടെ ആകാശവാണിയുടെ ബാലലോകം പരിപാടിയുടെ വലിയവിള യൂണിറ്റ് ലീഡറായും കുട്ടിക്കാലത്ത് സെല്വരാജന് കലാസാഹിത്യ, സംഗീത, സ്പോര്‍ട്സ് രംഗങ്ങളില്‍ സമ്മാനങ്ങള്‍ നേടി. തന്റെ ഇടവകയില്‍ നിന്ന് രണ്ടുപേര്‍ – ജോണ്‍ ഡിക്രൂസും സൈമണ്‍ പീറ്ററും – സെമിനാരിയില്‍ ചേര്‍ന്നത്, വൈദികവിദ്യാര്ഥിയാകാന് തനിക്കും സാധിക്കും എന്ന പ്രതീക്ഷയുണര്‍ത്താന്‍ സഹായിച്ചുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അയല്‍ക്കാരനായ ജോണ്‍ ഡിക്രൂസിന്റെ മാതാപിതാക്കളായ അധ്യാപകര്‍ അവരുടെ പുസ്തകശേഖരത്തില്‍ നിന്ന് ചെറുപ്പത്തില്‍ തനിക്കു വായിക്കാന്‍ നല്കിയ വിശുദ്ധ ഡോണ്‍ ബോസ്കോയുടെ ജീവചരിത്രം, ആ വിശുദ്ധനെക്കുറിച്ചും ടൂറിനില്‍ വല്ദോക്കോയിലെ ഡോണ്‍ ബോസ്കോയുടെ ഓറട്ടറിയെ ഒരു കുടുംബമാക്കി മാറ്റി ചെറുപ്പക്കാരെ സഹായിക്കാന്‍ വിശുദ്ധന്റെ അമ്മ, ധന്യയായ മമ്മ മാര്‍ഗരറ്റ്, വഹിച്ച പങ്കിനെക്കുറിച്ചും പകര്ന്നുനല്കിയത് അനുകമ്പയുടെ മറക്കാനാവാത്ത പാഠമായിരുന്നുവെന്ന് മോണ്‍. സെല്വരാജന് പറയുന്നു: ”അത്രയും വലിയൊരു പുസ്തകം എന്റെ കൂട്ടുകാര്‍ ആരുംതന്നെ അക്കാലത്തു വായിച്ചുകാണില്ല!”
പാളയം സെന്റ് വിന്‍സെന്റ് സെമിനാരിയില്‍ വൈദികാര്‍ഥിയായി സെല്വരാജന് ചേര്‍ന്ന് രണ്ടാംനാള്‍, തിരുവനന്തപുരം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാന് ഡോ. പീറ്റര്‍ ബെര്‍ണാര്‍ഡ് പെരേരാ ദിവംഗതനായി. സെമിനാരിയില്‍ ആധ്യാത്മിക പിതാവായി സൂസപാക്യം അച്ചനുണ്ടായിരുന്നു, അദ്ദേഹമാണ് രൂപതാ വൈദികാര്‍ഥികളെ ബൈബിള്‍ പഠിപ്പിച്ചത്.
അജപാലനത്തിന്റെ 32 വര്‍ഷം
മുപ്പത്തേഴു കൊല്ലത്തെ പൗരോഹിത്യത്തില്‍, അഞ്ചു വര്‍ഷം വിദേശത്ത് പഠിക്കാന്‍ പോയതൊഴിച്ചാല്‍ 32 കൊല്ലവും തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളില്‍ അജപാലകനായി, ഇടവക സമൂഹങ്ങളില്‍ ജനങ്ങളോടൊപ്പം, അവരെ ശ്രവിച്ചുകൊണ്ട് നടക്കാനും, അവരുടെ സന്തോഷത്തിലും സങ്കടങ്ങളിലും പങ്കുചേരാനും, ദൈവികകാരുണ്യത്തില്‍ അവരെ ചേര്‍ത്തുപിടിക്കാനും കഴിഞ്ഞ അഭിഷിക്തനാണ് മോണ്‍. സെല്വരാജന്.
”യേശുവിന്റെ ശുശ്രൂഷയും അങ്ങനെയായിരുന്നുവല്ലോ. യേശു എപ്പോഴും ജനങ്ങളുടെ ഇടയിലായിരുന്നു. അവരെ അലട്ടുന്ന പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ്, അവര്‍ക്ക് സാന്ത്വനവും ശക്തിയും പകര്‍ന്നുകൊടുത്തു. എല്ലാ അജപാലകരും ചെയ്യാന്‍ ശ്രമിക്കുന്നതും ഇതുതന്നെയാണ്. എനിക്ക് അതിന് കൂടുതല്‍ സമയം ലഭിച്ചു എന്നതാണ് യാഥാര്‍ഥ്യം. പൊന്മുടി മുതല്‍ കളിയിക്കാവിള വരെ നീണ്ടുകിടക്കുന്ന നെയ്യാറ്റിന്‍കര രൂപതയില്‍ 253 പള്ളികളുണ്ട്, വൈദികരുടെ സാന്നിധ്യമുള്ള റെസിഡന്‍ഷ്യല്‍ പാരിഷുകള്‍ 90 എണ്ണവും. ഓരോ വൈദികനും കൂടുതല്‍ മിഷന് സ്റ്റേഷനും സബ്സ്റ്റേഷനും നോക്കണം,” മോണ്‍. സെല്വരാജന് വിശദീകരിക്കുന്നു.
ഇടവക വികാരിയായിരുന്നുകൊണ്ടുതന്നെയാണ് രൂപതയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചുപോന്നത് എന്നതാണ് സെല്വരാജനച്ചന്റെ അജപാലനശുശ്രൂഷയുടെ സവിശേഷത. തിരുവനന്തപുരത്ത് മുതിയാവിള വികാരിയായിരിക്കുമ്പോള്‍ രൂപതയുടെ കാറ്റെക്കെസിസ് ഡയറക്ടറുമായി സേവനം ചെയ്തു. നെയ്യാറ്റിന്‍കര രൂപതയില്‍ മാറനല്ലൂര്‍ സെന്റ് പോള്‍ ഇടവക വികാരിയായിരിക്കെ, രൂപതയിലെ സ്കൂളുകളുടെ ഡയറക്ടര്‍, രൂപതാ ട്രൈബ്യൂണലില്‍ ഡിഫന്‍ഡര്‍ ഓഫ് ദ് ബോണ്ട് തസ്തികകളും വഹിച്ചു. അമലോത്ഭവമാതാവിന്റെ കത്തീഡ്രല്‍ വികാരിയായിരിക്കെ രൂപതാ ചാന്‍സലറും ജുഡീഷ്യല്‍ വികറുമായിരുന്നു. സേക്രഡ് ഹാര്‍ട്ട് ഇടവക വികാരിയായിരിക്കെ ലോഗോസ് പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറുമായിരുന്നു. തിരുപുറം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവക വികാരിയായിരിക്കെ നെയ്യാറ്റിന്‍കര റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ എപ്പിസ്കോപ്പല്‍ വികറുമായിരുന്നു. 2007 മുതല്‍ രൂപതയുടെ കോളജ് ഓഫ് കണ്‍സള്‍ട്ടേഴ്സ്, സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള രൂപതാ കൗണ്‍സില്‍ എന്നിവയിലും അംഗമായിരുന്നു.
തിരുവനന്തപുരം രൂപത ഭാഗിച്ച് 1996 ജൂണ്‍ 14ന് നെയ്യാറ്റിന്‍കര രൂപത സംസ്ഥാപിതമാകുമ്പോള് സെല്വരാജനച്ചന് ബെല്‍ജിയത്തായിരുന്നു. വിന്‍സെന്റ് സാമുവല്‍ പിതാവിന്റെ സ്ഥാനാരോഹണവേളയില്‍ അദ്ദേഹം നാട്ടിലുണ്ടായിരുന്നില്ല.
ഇത്രയുംകാലത്തെ അജപാലനശുശ്രൂഷയില്‍, ഒരു കടലോരഗ്രാമത്തില്‍ സെല്വരാജനച്ചന് വികാരിയായിരുന്നത് നാലു മാസം മാത്രമാണ് – ചിന്നത്തുറയിലെ സെന്റ് ജൂഡ് ഇടവകയില്‍. ഒരു സ്കൂളിനെചൊല്ലി തൂത്തൂരിലെ ഇടവകസമൂഹവുമായുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കു വളര്‍ന്ന് രക്തച്ചൊരിച്ചിലിന് ഇടയാക്കിയ പശ്ചാത്തലത്തില്‍ ഫൊറോനയിലെ എട്ടു വൈദികരെയും ഒരുമിച്ചു സ്ഥലംമാറ്റി സൂസപാക്യം പിതാവ് അനുരഞ്ജനദൗത്യവുമായി ചിന്നത്തുറയിലേക്കു നിയോഗിച്ചതാണ് സെല്വരാജനച്ചനെ. ”സംഘര്‍ഷത്തിന്റെ നാളുകളിലും ചിന്നത്തുറയിലെ ജനങ്ങള്‍ എന്നോടു കാണിച്ച സ്നേഹാദരങ്ങളും ഹൃദയാര്‍ദ്രതയും ഒരിക്കലും മറക്കാനാവാത്തതാണ്,” മോണ്‍. സെല്വരാജന് പറയുന്നു.
രൂപതയിലെ ജുഡീഷ്യല്‍ വികാരി എന്ന നിലയില്‍, തന്റെ കരുണാര്‍ദ്രമായ അജപാലന ദര്‍ശനത്തിലൂടെ വിവാഹബന്ധത്തിലെ ഇടര്‍ച്ചകളും തകര്‍ച്ചയും നേരിടുന്ന കുടുംബങ്ങളുടെ കണ്ണുനീരും നിസ്സഹായതയും കണ്ടറിഞ്ഞ് സഭയുടെ നീതിന്യായ സംവിധാനങ്ങളെ സാമൂഹിക യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുത്താന്‍ ശ്രമിച്ച കാനനിസ്റ്റാണ് മോണ്‍. സെല്വരാജന്. ”ദാമ്പത്യബന്ധം ഉലഞ്ഞ് അകന്നുപോകുന്നവരെ ക്രിസ്തുവിന്റെ സ്നേഹത്തില്‍ ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കണം. അവര്‍ അങ്ങനെ വിട്ടുപോകേണ്ടവരല്ല. വിവാഹബന്ധം തകരുമ്പോഴും കൗദാശിക ജീവിതത്തോട് അവരെ ഇണക്കിച്ചേര്‍ക്കുന്ന അജപാലകന്റെ കരുതലും വിവേചനവും ഏറെ നിര്‍ണായകമാണ്.”
വിവാഹമെന്ന കൂദാശയില്‍ ദൈവം യോജിപ്പിച്ചവരുടെ ദാമ്പത്യബന്ധം മരണംവരെയും വേര്‍പെടുത്താനാവാത്ത, അലംഘനീയമായ ഉടമ്പടിയാണെന്ന് സഭ പഠിപ്പിക്കുന്നു. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ വിവാഹബന്ധത്തിന്റെ പവിത്രതയെയും അലംഘനീയതയെയും കുറിച്ചുള്ള അടിസ്ഥാന ധാരണകളില്ലാതെയാണ് പലരും വിവാഹിതരാകുന്നത് എന്നത് ഒരു ദുഃഖസത്യമാണെന്ന് വിവാഹ കൂദാശയ്ക്ക് അനുകൂലമായി വാദിക്കുന്ന രൂപതാ ജഡ്ജ് ആയും അരമനക്കച്ചേരി ട്രൈബ്യൂണലില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മോണ്‍. സെല്വരാജന് ചൂണ്ടിക്കാട്ടുന്നു. വിവാഹേതര ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍, ”പല വിവാഹങ്ങളും ആശീര്വദിക്കപ്പെടുമ്പോള്തന്നെ അസാധുവാണ്.”
റീജ്യണല്‍ കോ-ഓര്‍ഡിനേറ്റര്‍
സഭയുടെ ഭരണപരമായ ഘടനയില്‍, രൂപതയില്‍ ഇടവകകളും, പ്രാദേശികമായി ഏതാനും ഇടവകകള്‍ ഉള്‍പ്പെടുന്ന ഫൊറോന ജില്ലകളുമുണ്ട്. ഇതുപ്രകാരം, ഇടവക വികാരി, ഫൊറോന വികാരി, രൂപതാ വികാരി ജനറല്‍ എന്നീ ശ്രേണിയുമാണ് പരമ്പരാഗതമായി ലത്തീന്‍ റീത്തിലുള്ളത്. പാശ്ചാത്യരാജ്യങ്ങളില്‍ ഡീനറി, ഫൊറേന്‍ വികാരിയേറ്റ് എന്നീ സംവിധാനങ്ങളില്‍ ഡീന്‍, ആര്‍ച്ച്പ്രീസ്റ്റ് തസ്തികയുമുണ്ട്. ഭാഷാപരമായും സാമൂഹികമായും സാംസ്കാരികമായും ഏറെ വൈജാത്യമുള്ള ജനസമൂഹങ്ങളുള്ള രൂപതകളില്‍, ഓരോ പ്രദേശത്തെയും അജപാലനപരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയും പ്രത്യേക ദൗത്യത്തിനായും റീജ്യണല്‍ തലത്തില്‍ എപ്പിസ്കോപ്പല്‍ വികാരിമാരെയും നിയമിക്കാമെന്ന് സഭയുടെ എപ്പിസ്കോപ്പല്‍ കോഡില്‍ (1983) വ്യവസ്ഥ ചെയ്തിട്ടുണ്ട്. വത്തിക്കാനില്‍ നിന്ന് ആറുവര്‍ഷം മുന്‍പ് ഇതു സംബന്ധിച്ച പുതുക്കിയ നിര്‍ദേശങ്ങള്‍ നല്കുകയുണ്ടായി. നെയ്യാറ്റിന്‍കര രൂപതയില്‍ വിന്‍സെന്റ് സാമുവല്‍ പിതാവ്, വിവിധ ഫൊറോനകളെ ഏകോപിപ്പിച്ചുകൊണ്ട് കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നിങ്ങനെ മൂന്നു റീജ്യണുകള്ക്കായി പ്രത്യേക റീജ്യണല്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ വര്‍ഷങ്ങള്‍ക്കു മുന്‍പേ നിയോഗിക്കുകയുണ്ടായി. വിശ്വാസപ്രബോധനത്തിന്റെയും ലിറ്റര്‍ജിയുടെയും അനുഷ്ഠാനങ്ങളുടെയും സുവിശേഷസാക്ഷ്യത്തിന്റെയും പൊതുപരിപാടികളുടെയും കാര്യത്തില്‍ രൂപതയ്ക്ക് ഐകരൂപ്യവും ഏകീകൃത നയവും നിലനിര്‍ത്തുമ്പോള്‍ തന്നെ, ഓരോ പ്രദേശത്തെയും ജീവിതസാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള അജപാലന ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ട്. വലിയ വിശ്വാസിഗണമുള്ള ഇടവകസമൂഹങ്ങളിലെ പാരമ്പര്യശൈലിയില്‍ നിന്നു തികച്ചും വ്യത്യസ്തമായ പ്രേഷിതത്വവും ക്രിസ്തുശിഷ്യത്വവുമാണ് ഒറ്റപ്പെട്ട, പത്തും ഇരുപതും വിശ്വാസികുടുംബങ്ങള് മാത്രമുള്ള ചെറിയ സമൂഹങ്ങളില്‍ സാക്ഷാത്കരിക്കേണ്ടത്. സാമൂഹിക, സാമ്പത്തിക ഇടപെടലുകളിലും ഭിന്നവും നവീനവുമായ കാഴ്ചപ്പാടുകള്‍ ആവശ്യമാണ്.
നെയ്യാറ്റിന്‍കര റീജ്യന്റെ റീജ്യണല്‍ കോ-ഓര്‍ഡിനേറ്ററും എപ്പിസ്കോപ്പല്‍ വികാരിയുമെന്ന നിലയില്‍ മോണ്‍. സെല്വരാജന് നാലു ഫൊറോനകളുടെയും 73 പള്ളികളുടെയും മേല്നോട്ടച്ചുമതലയുണ്ടായിരുന്നു. ഓരോ ഫൊറോനയുടെയും വാര്‍ഷിക സാമ്പത്തിക പ്ലാനും ബജറ്റും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനും ആവശ്യമുള്ള ഇടപെടലുകള്‍ നടത്താനുമുള്ള എക്സിക്യുട്ടീവ് അധികാരം അദ്ദേഹത്തിനുണ്ടായിരുന്നു. രൂപതാ കൂരിയയുടെ കീഴില്‍, അധികാര വികേന്ദ്രീകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും വ്യവസ്ഥാപിത രീതിയില്‍, നിയമപരമായ നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടും സുതാര്യതയോടെ ബന്ധപ്പെട്ടവരെയെല്ലാം കണക്കുബോധിപ്പിച്ചുകൊണ്ടുമുള്ള അഡ്മിനിസ്ട്രേറ്റീവ് സംവിധാനമാണിത്. സഭാഭരണത്തിലെ പല കാര്യങ്ങളും സിവില്‍ ജുഡീഷ്യല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാനുള്ള വെല്ലുവിളികള്‍ വര്‍ധിച്ചുവരുന്ന കാലമാണിതല്ലോ!
വിദ്യാഭ്യാസ മുന്നേറ്റത്തിനു മാര്‍ഗരേഖ
ലുവെയ്നിലെ ഉപരിപഠനം കഴിഞ്ഞ്, നെയ്യാറ്റിന്‍കര രൂപതയിലേക്ക് ഇന്കാര്ഡിനേറ്റ് ചെയ്യപ്പെട്ടതിനുശേഷമുള്ള ആദ്യ അജപാലന നിയോഗത്തില്‍ മാറനല്ലൂരില്‍ വച്ച് രൂപതയിലെ സ്കൂളുകളുടെ ഡയറക്ടറായും ചുമതലയേറ്റ ഡോ. സെല്വരാജന്, സാമൂഹിക വികസനത്തിന്റെ അടിസ്ഥാനഘടകമായ വിദ്യാദാനശുശ്രൂഷയില് ബഹുതല മുന്നേറ്റത്തിന് പദ്ധതിയൊരുക്കി. രൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന കത്തോലിക്കരല്ലാത്തവരെയും, നോണ്‍ടീച്ചിങ് സ്റ്റാഫിനെയും ഉള്‍പ്പെടുത്തി ടീച്ചേഴ്സ് ഗില്‍ഡിന്റെ പ്രവര്‍ത്തനമണ്ഡലം വിപുലപ്പെടുത്തി ഒരു വര്‍ഷത്തെ പരിശീലന പരിപാടികളോടെയായിരുന്നു തുടക്കം. സ്കൂളുകളില്‍ മോറല്‍ സയന്‍സ് പഠനം നിര്‍ബന്ധമാക്കി. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് ഉന്നതപഠനത്തിനു പോകാന്‍ സഹായം നല്‍കുന്നതിനുള്ള ഫണ്ടിലേക്ക് അധ്യാപകരുടെ ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ നിര്‍ദേശിച്ചു. കുട്ടികളില്‍ സിവില്‍ സര്‍വീസിന് അഭിരുചി വളര്‍ത്തുന്നതിന് ‘പ്രതിഭാപോഷണം’ പരിപാടി അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ പ്ലസ്ടു വരെയും പിന്നീട് ഡിഗ്രി തലം വരെയും ആവിഷ്കരിച്ചു. അവധിക്കാലത്ത് കുട്ടികളെ ബാച്ചുകളായി തിരിച്ച് റെസിഡന്‍ഷ്യല്‍ പ്രോഗ്രാമായാണ് ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഓറിയന്റേഷന്‍ ക്ലാസുകള്‍ നടത്തിയത്. ഫൊറോന തലത്തില്‍ എഡ്യുക്കേഷന്‍ ബോര്‍ഡുകള്‍ രൂപവത്കരിച്ച് സ്പോക്കണ് ഇംഗ്ലീഷും പൊതുവിജ്ഞാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളും വ്യാപകമായി പരിശീലിപ്പിക്കുന്നതിന് നോളജ് ക്ലബ്ബുകള്‍ പോലുള്ള സംവാധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്കി. ഇടവക തോറും അടിസ്ഥാന ക്രൈസ്തവ സമൂഹ (ബിസിസി) ശൃംഖലയിലൂടെ ഇത്തരം കാര്യങ്ങള്‍ക്കുള്ള ലഘുലേഖകള്‍ വിതരണം ചെയ്തു.
രൂപതയിലെ വൈദികസംഘവും (പ്രെസ്ബിറ്റീരിയം) സന്ന്യസ്തരും അല്മായ നേതൃത്വവും, വിന്‍സെന്റ് സാമുവല്‍ പിതാവിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന എല്ലാ വികസന പദ്ധതികള്‍ക്കും ശക്തമായ പിന്തുണയാണ് നല്‍കിയിട്ടുള്ളതെന്ന് മോണ്‍. സെല്വരാജന് അനുസ്മരിക്കുന്നു. ബിസിസി റിസോഴ്സ് ടീമിന്റെ നേതൃത്വത്തില്‍ ആറുമാസം കൂടുമ്പോള്‍ നടത്തുന്ന പ്രത്യേക ‘ബോധനി’ പരിശീലന പരിപാടികളിലൂടെ സഭാസമൂഹത്തിന്റെ അടിസ്ഥാനതലം വരെ നവീന ആശയങ്ങളെത്തിക്കാനും സാമൂഹിക മുന്നേറ്റത്തിന് ആക്കം കൂട്ടുന്ന പ്രായോഗിക കര്‍മ്മപദ്ധതികള്‍ നടപ്പാക്കാനും കഴിയുന്നുണ്ട്. പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനരേഖകള്‍ സംഗ്രഹിച്ചുകൊണ്ടുള്ള ‘ബോധനി’ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മെത്രാഭിഷേകം
നെയ്യാറ്റിന്‍കര മെത്രാന്റെ പ്രബോധനാധികാരത്തിന്റെ അടയാളമായ ‘കത്തീദ്ര’ (സിംഹാസനം) സ്ഥിതിചെയ്യുന്നത് അമലോദ്ഭവ മാതാ കത്തീഡ്രലിലാണ്. 2008 – 2014 കാലയളവില്‍ ഈ കത്തീഡ്രല്‍ ഇടവകയുടെ വികാരിയായിരുന്ന മോണ്‍. സെല്‍വരാജന്റെ മെത്രാഭിഷേകം നടക്കേണ്ടത് ഇവിടെയായിരുന്നു. എന്നാല്‍, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ തെക്കന്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഒരു യുഗസംക്രമത്തിന്റെ നിയന്താവായ ആധ്യാത്മിക ആചാര്യന് വിന്‍സെന്റ് സാമുവല്‍ പിതാവിന്റെ അപ്പസ്തോലിക ശുശ്രൂഷയുടെ പിന്തുടര്ച്ചക്കാരന്റെ അഭിഷേകത്തിന് എത്തിച്ചേരുന്ന വന്‍ജനാവലിയെ ഉള്‍ക്കൊള്ളാനുള്ള വിസ്തൃതി ഈ ഭദ്രാസന ദേവാലയത്തിനില്ല.
രൂപതാ ചാന്‍സലര്‍ കൂടിയായിരുന്ന മോണ്‍. സെല്‍വരാജന്റെ നേതൃത്വത്തില്‍, പുതിയ കത്തീഡ്രല്‍ ദേവാലയ നിര്‍മാണത്തിനായുള്ള പദ്ധതി തയാറാക്കി 2010 മേയില്‍ ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ അതിന് അംഗീകാരം നല്‍കിയതാണ്. പാര്‍ക്കിങ് സൗകര്യത്തിന്റെ അപര്യാപ്തതയും സ്ഥലപരിമിതിയും ഉള്‍പ്പെടെ പല സാങ്കേതിക പ്രശ്നങ്ങളും വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് ദേവാലയ നിര്‍മാണപദ്ധതി മരവിപ്പിക്കുകയായിരുന്നു.
ഡോ. സെല്‍വരാജന്റെ എപ്പിസ്കോപ്പല്‍ അഭിഷേകത്തിന്റെ തിരുകര്‍മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയം വേദിയാകുന്നത് ഒരു ചരിത്രനിയോഗം തന്നെയാണ്. റോമന്‍ കത്തോലിക്കാ സമൂഹത്തിന്റേതു മാത്രമായി ചുരുങ്ങാതെ, നാടിന്റെ മുഴുവന്‍ ആഘോഷമായി, ഏവര്‍ക്കും ദൈവാനുഗ്രഹത്തിന്റെയും മാനവസാഹോദര്യത്തിന്റെയും മഹിമയുടെ പ്രഘോഷണമായി അതു മാറും. പ്രത്യാശയുടെ തീര്‍ഥാടനത്തില്‍ അനേകായിരങ്ങള്‍ അങ്ങനെ കൈകോര്‍ക്കുകയാണ്.
‘കര്‍ത്താവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു, എല്ലാറ്റിനുമുപരിയായി സ്നേഹിക്കുന്നു’ എന്ന തന്റെ ഏറ്റം പ്രിയങ്കരമായ ജപം മനസില്‍ ഏറ്റുപറഞ്ഞുകൊണ്ട് നെയ്യാറ്റിന്‍കരയുടെ ‘കൊച്ചുപിതാവ്’ എപ്പിസ്കോപ്പല്‍ സ്ഥാനചിഹ്നങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍, നെയ്യാറും ജനഹൃദയങ്ങളും സ്തോത്രഗീതങ്ങള്ക്കൊപ്പം തുടികൊട്ടും.