കൊച്ചി: തീരദേശത്തെ ജനങ്ങളുടെ ജീവിതത്തേയും തൊഴിലിനേയും പ്രതികൂലമായി ബാധിക്കുന്നതും പാരിസ്ഥിതിക പ്രത്യാഘതങ്ങൾ ഉണ്ടാക്കുന്നതുമായ കടൽമണൽ ഖനനം ഉപേക്ഷിക്കണമെന്ന് ഫാദർ ഫിർമുസ് ഫൗണ്ടേഷൻ വാർഷിക സമ്മേളനം കേന്ദ്ര ഗവണ്മെൻ്റിനോട് ആവശ്യപ്പെട്ടു.
ശരിയായ ശാസ്ത്രീയപഠനങ്ങൾ നടത്താതെ ഖനനം അനുവദിക്കുന്നത് കോർപ്പറേറ്റുകളെ സഹായിക്കുന്നതിനാണെന്നും ഇതിനെതിരെ നടത്തുന്ന സമരങ്ങളെ പിന്തുണയ്ക്കുന്നതായും യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
ഫൗണ്ടേഷൻ പ്രസിഡണ്ട് മാത്യു ലിഞ്ചൻ റോയി അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയി ഗോതുരുത്ത് വിഷയാവതരണം നടത്തി. ലൂയീസ് തണ്ണിക്കോട്ട്, ഷാജി ജോർജ്, ജോയി കൈമാതുരുത്തി, ജൂലിയറ്റ് വേണാട്ട്, ജെസ്സി ജെയിംസ്, ജോസഫ് ബെന്നൻ, ഐ.എം. ആൻ്റണി, സൈമൺ ജോസ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.
ജനറൽ സെക്രട്ടറി എൻ.സി.അഗസ്റ്റിൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. ആർ ലോറൻസ് വരവ്- ചിലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് പി. ആർ അലോഷ്യസ് സ്വാഗതവും ജോ :സെക്രട്ടറി സിബി ജോയി നന്ദിയും പറഞ്ഞു.