ഡോ. മാര്ട്ടിന് എന്‍. ആന്റണി
എല്ലാ രോഗത്തിനും ഒരു നിഗൂഢ തലമുണ്ട്. നമ്മെ ഒരിക്കലും അദ്ഭുതപ്പെടുത്താത്ത തലമാണത്. ആ നിഗൂഢതയിലാണ് നമ്മള് നമ്മുടെ ബലഹീനതയെ മനസ്സിലാക്കുകയും, നമ്മള് ആശ്രയിച്ചിരുന്നവര്ക്കുപോലും സുരക്ഷിതത്വമില്ലെന്ന അവബോധവും ഉണ്ടാകുന്നത്. രോഗം എന്നത് ആശയക്കുഴപ്പത്തിന്റെയും, ഏകാന്തതയുടെയും, ഒരുപക്ഷേ ഭയത്തിന്റെയും നിമിഷങ്ങളാണ്. ദൈവത്തോടുള്ള ഗൃഹാതുരത്വം ശക്തമായി പ്രതിധ്വനിക്കുന്ന അനുഭവം കൂടിയാണ് രോഗം. ആ ഗൃഹാതുരത്വം വിശ്വാസമില്ലെന്ന് വിശ്വസിച്ചിരുന്നവരില്‍ പോലും ശക്തിയോടെ ഉണരും.
ആഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു ഫ്രാന്‍സിസ് പാപ്പ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്. പ്രാര്‍ത്ഥനയുടെ മാനുഷികവും അമാനുഷികവുമായ ശക്തിയെ നമുക്ക് ഒരിക്കല്‍ കൂടി കാണിച്ചുതന്നു എന്നതാണ് ഈയൊരു രോഗാവസ്ഥയില്‍ പാപ്പ നമുക്ക് നല്കിയ ഏറ്റവും വലിയ സമ്മാനം. പാപ്പ സുഖം പ്രാപിക്കുമെന്ന് നാമെല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ലോകം പല മേഖലകളിലും പ്രതിസന്ധിയിലാണെന്നു തോന്നുന്ന ഒരു സമയത്താണ് പാപ്പ ആശുപത്രിയിലായിരിക്കുന്നത്. നിസ്വരായ ഗണത്തിന് ആര്‍ദ്രതയുടെ പ്രവാചകശബ്ദമായ പാപ്പയെ നഷ്ടപ്പെടുന്ന കാര്യം ഒരു നിമിഷം പോലും ചിന്തിക്കാനാകില്ല.
ഫ്രാന്‍സിസ് പാപ്പയെയും അദ്ദേഹത്തിന്റെ നിരന്തരമായ പ്രബോധനങ്ങളെയും ലോകത്തിന് ഇനിയും ആവശ്യമുണ്ട്. സമാധാനത്തെക്കുറിച്ചും കരുണയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ഏറ്റവും താഴ്ന്നവരോടും കഷ്ടപ്പെടുന്നവരോടും ഉള്ള ആര്ദ്രതയെക്കുറിച്ചും ഇനിയും നമ്മോട് സംസാരിക്കാന്‍ അദ്ദേഹം വത്തിക്കാന്‍ ചത്വരത്തിലേക്ക് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സഹിക്കുന്നവരില്‍ സഹിക്കുന്നവനായി അദ്ദേഹം തന്നെ ഇപ്പോള്‍ മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ ശരീരം ചികിത്സകളോട് പ്രയാസത്തോടെ പ്രതികരിച്ചെങ്കിലും, അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകത തടയാനാവാത്ത കടമയാണെന്ന കാര്യവും നമ്മള് ഓര്‍ക്കണം. ഉയര്‍ത്തിപ്പിടിച്ച കരങ്ങളില്‍ ജപമാലയുമായി ജമെല്ലി ആശുപത്രിയുടെ പരിസരത്തും സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുറ്റത്തും വിശ്വാസികള്‍ പ്രാര്‍ത്ഥനാമന്ത്രണങ്ങള്‍ കൊണ്ട് നിറയ്ക്കുന്നുണ്ട്. മരണനിമിഷത്തെ തള്ളിമാറ്റാന്‍ ശ്രമിക്കുകയാണവര്‍.
കഠിനമായ പ്രതിസന്ധിയെ പാപ്പ അതിജീവിച്ചു എന്നാണ് അവസാനമായി വരുന്ന ചില വാര്‍ത്തകള്‍. ചുരുങ്ങിയത് ഈ സമയത്തേക്കെങ്കിലും അപകടനില തരണം ചെയ്തു എന്നു നമുക്ക് വിശ്വസിക്കാം; സുനിശ്ചിതമായി ഒന്നും പറയാന്‍ സാധിക്കില്ല എങ്കില്‍ തന്നെയും. സാഹോദര്യത്തിന്റെ അദ്ഭുതമാണ് ഫ്രാന്‍സിസ് പാപ്പയുടെ ആശുപത്രിവാസത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരേ മനസ്സും ഒരേ ആത്മാവുമായി എല്ലാവരും പ്രാര്‍ത്ഥനയില്‍ ഒരുമിക്കുന്നു. അവിടെ വര്‍ഗ്ഗവര്‍ണ്ണ വ്യത്യാസമില്ല. ഇതാണ് അദ്ഭുതം; പ്രാര്‍ത്ഥിക്കുന്ന മാനവീകതയുടെ ഐക്യമാണത്. കാരണം, എല്ലാവര്ക്കും അദ്ദേഹം പരിശുദ്ധ പിതാവാണ്. ഒരു വ്യാഴവട്ട കാലത്തെ ശുശ്രൂഷയിലൂടെ അദ്ദേഹം തന്റെ ദൗത്യം പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമില്ല. അദ്ദേഹം ഉന്നംവച്ച പലതും അപ്രാപ്യമാണെന്ന് തോന്നുന്നു, പ്രത്യേകിച്ച് യുദ്ധങ്ങള്‍ക്കും ഭിന്നതകള്‍ക്കും ലോകം വീണ്ടും സാക്ഷ്യം വഹിക്കുമ്പോള്‍, രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യവാഗ്വാദങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പുതിയ വാതിലുകള്‍ തുറക്കുമ്പോള്‍, അധികാര പോരാട്ടങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഭരണാധികാരികള്‍ പുതിയ മാനങ്ങള്‍ തേടുമ്പോള്‍.
രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് നമ്മള് നമ്മുടെ നിസ്സഹായവസ്ഥയെ തിരിച്ചറിയുക. അപ്പോഴാണ് ശാസ്ത്രത്തിന് ഇപ്പോഴും അതിന്റേതായ പരിമിതികളുണ്ടെന്നും പല വെല്ലുവിളികളും അതിജീവിക്കാനാകില്ലെന്നും നമ്മള് മനസ്സിലാക്കുന്നത്. രോഗശയ്യയിലാണ് നമ്മള് സ്വയം പുനര്‍വിചിന്തനം നടത്തുകയും, തീവ്രതയോടെ, ചില വഴിതെറ്റിയ നിമിഷങ്ങളെ, ഒരുപക്ഷേ നമ്മിലെ ഭയത്തെ തന്നെ കണ്ടെത്തുന്നതും. അതുപോലെതന്നെ സൗഹൃദത്തിന്റെ ഊഷ്മളതയും പ്രാര്‍ത്ഥനയുടെ പിന്തുണയും നമുക്ക് എത്രത്തോളം നന്മ ചെയ്യുന്നുവെന്ന് നേരിട്ട് അനുഭവിക്കുന്നതും രോഗാവസ്ഥയിലാണ്. ദൈവീക ഇടപെടലിനായി കാത്തിരിക്കുന്നവരുടെ വരിയിലാണ് ഞാനും എന്നൊരു അവബോധം അപ്പോള്‍ നമ്മില്‍ ഉണരും. ആ ഉണര്‍വാണ് നമ്മുടെ അവസാനത്തെ ആശ്രയം.
അനിശ്ചിതത്വങ്ങളുടെ അതിരുകളിലൂടെയാണ് പാപ്പായുടെ ആശുപത്രിവാസം കഴിഞ്ഞു പോയത്. അദ്ദേഹം അസുഖം അതിജീവിക്കുമോ ഇല്ലയോ എന്ന ചോദ്യം ഇപ്പോഴും അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്നുണ്ട്. നിരന്തരമായി നമ്മുടെ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതിലൂടെ ദുര്‍ബല നിമിഷങ്ങളില്‍ ഒരു പിന്തുണയായി നമ്മെ കരുതുന്നവരുടെ സ്നേഹവും ആര്‍ദ്രതയും എത്രത്തോളം വലുതാണെന്ന സത്യം പാപ്പാ നമ്മെ ഓര്‍മിപ്പിക്കുകയാണ്. നിശബ്ദവും ഏകാന്തവുമായ ഈ നിമിഷങ്ങള്‍ തന്നെയാണ് കര്‍ത്താവുമായി ഒരു ആത്മബന്ധം സ്ഥാപിക്കുന്നതിനുള്ള മൂര്ത്തനിമിഷങ്ങളായി മാറുന്നത്. പാപ്പായെ സംബന്ധിച്ച് ഇത് ഒരേസമയം പരിത്യാഗത്തിന്റെയും പ്രാര്‍ത്ഥനയുടെ പാത കൂടിയാണ്. ഗുരുവിനൊപ്പമുള്ള ഒരു ആന്തരിക കാല്‍വരി യാത്ര നടത്തുകയാണ് അദ്ദേഹം.
അസാധാരണവും പ്രത്യക്ഷത്തില്‍ വൈരുദ്ധ്യവുമായ ഒരു നിമിഷത്തിലാണ് യേശു ‘അങ്ങയുടെ ഹിതം നിറവേറട്ടെ’ എന്നു തന്റെ പിതാവിനോടു പറയുകയും ഒപ്പം ‘സാധിക്കുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും നീക്കണമെ’ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്. ഒരുപക്ഷേ, ഫ്രാന്‍സിസ് പാപ്പയും കടന്നുപോകുന്നത് ഈ വൈരുദ്ധ്യാത്മക നിമിഷങ്ങളിലൂടെയായിരിക്കാം. ഒരേ നിമിഷം ദൈവഹിതത്തിലേക്കുള്ള സ്വയം സമര്‍പ്പണവും അതേ നിമിഷം ലോകത്തിന് തന്നെ എത്രത്തോളം ആവശ്യമുണ്ട് എന്ന അവബോധവുമാണ് ഓരോ രോഗാവസ്ഥയും തമ്മിലുണര്ത്തുന്ന ആത്മീയ വൈചിത്ര്യം. തുടങ്ങിവച്ച പലതും അദ്ദേഹത്തിനു പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്നു. നവീകരിക്കപ്പെട്ട മതസൗഹാര്‍ദ്ദവും സാഹോദര്യവും താന്‍ ആരംഭം കുറിച്ച സിനഡാലിറ്റിയും എല്ലാം അതില്‍ പെടുന്നുണ്ട്. തനിക്ക് അല്‍പ്പം കൂടി സമയം നല്‍കണമെന്ന് പാപ്പ ചിലപ്പോള്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്നുണ്ടാകാം.
അസുഖം ആരിലും കടന്നുവരാം. ഒരു ക്രൈസ്തവനെ സംബന്ധിച്ച് അത് കുരിശിന്റെ വഴിക്ക് തുല്യമാണ്. ഏകനായി വഹിക്കേണ്ട കുരിശ് തന്നെയാണത്. അപ്പോഴും ഒരേ സമയം സൗഹൃദവും മാനുഷികവും ദൈവികവുമായ ഒരു മികച്ച അനുഭവം നേടാന്‍ അത് നമ്മെ പ്രാപ്തരാക്കുകയും ചെയ്യും. രോഗാവസ്ഥയില്‍ ഒറ്റയ്ക്കാകാതിരിക്കാനും നമ്മെ പരിപാലിക്കാന്‍ ആരെയെങ്കിലും ആശ്രയിക്കാനും നമുക്ക് ഭാഗ്യമുണ്ടെങ്കില്‍ അതാണ് കൃപ. ഒരു കാരണവശാലും കഷ്ടപ്പെടുന്നവരെ ഒറ്റയ്ക്ക് വിടാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. കാരണം, ആ ചേര്‍ത്തു നിര്‍ത്തലാണ് കാരുണ്യത്തിന്റെ മഹത്തായ പ്രവൃത്തി. ആ കാരുണ്യം നമുക്കെല്ലാവര്‍ക്കും അത്യന്തം ആവശ്യവുമാണ്. അത് അനുഭവിച്ചറിഞ്ഞാല്‍, അതു നമ്മെ കൂടുതല്‍ വിനയാന്വിതരാക്കും, കൂടുതല്‍ മനുഷ്യരാക്കും. രോഗശയ്യയിലെ ഫ്രാന്‍സിസ് പാപ്പ നമുക്ക് തരുന്ന സന്ദേശം ഇതാണ്; ആര്‍ദ്രത നമ്മുടെ അന്തസ്സില്‍ നിന്ന് യാതൊന്നും കവര്‍ന്നെടുക്കില്ല. നൊമ്പരങ്ങളുടെ ഇരുളില്‍ അത് വെളിച്ചമായി തെളിയും.