പ്രഫ. ഷാജി ജോസഫ്
All We Imagine as Light (India/118 minutes/2024)
Director: Payal Kapadia
‘ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന സിനിമ മുംബൈ നഗരത്തിലെ മൂന്ന് സ്ത്രീകളുടെ ജീവിതത്തെ ആഴത്തില്‍ അവതരിപ്പിക്കുന്ന ഒരു ഹൃദയഹാരിയായ ചിത്രമാണ്. പ്രഭ (കനി കുസൃതി), അനു (ദിവ്യ പ്രഭ) എന്നീ രണ്ട് മലയാളി നഴ്സുമാരും, അവര്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ പര്‍വ്വതി (ഛായാ കദം) എന്ന പാചകക്കാരിയുമാണ് ഈ സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങള്‍. മുംബൈയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇവര്‍, നഗരത്തിന്റെ തിക്കിലും തിരക്കിലും അവരുടെ വ്യക്തിഗത പ്രശ്നങ്ങളുമായി പോരാടുന്നു. ചിത്രം ഇവരുടെ ജീവിതത്തിലെ സങ്കീര്‍ണ്ണതകളും ആകാംക്ഷകളും അവതരിപ്പിക്കുന്നു. പ്രഭയുടേത് ഒരു അറേഞ്ച്ഡ് വിവാഹമായിരുന്നു, വിവാഹത്തിന് തൊട്ടുപിന്നാലെ അവളെ ഏകാന്തതയിലേക്ക് തള്ളിവിട്ടുകൊണ്ട് ഭര്‍ത്താവ് ജര്‍മനിയില്‍ ജോലിക്കു പോകുന്നു. അതിനുശേഷം പ്രഭയ്ക്ക് അവനില്‍ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ല. പ്രഭയ്ക്ക് ഡോ. മനോജുമായി (അസീസ് നെടുമങ്ങാട്) സൗഹൃദമുണ്ട്, അവര്‍ക്കിടയില്‍ ഇടക്കിടെ സാഹിത്യവും കവിതയും കടന്നുവരുന്നുണ്ട്. പ്രഭയുടെ റൂംമേറ്റ് അനു, രാത്രിയില്‍ അവളുടെ മുസ്ലീം കാമുകന് ഷിയാസുമായി (ഹൃദു ഹാരൂണ്‍) രഹസ്യമായി കണ്ടുമുട്ടുന്നു. ആശുപത്രിയില്‍ അനുവിനെക്കുറിച്ച് ഗോസിപ്പുകള്‍ നടക്കുന്നുണ്ട്. ഇത് എങ്ങിനെ വീട്ടുകാര്‍ കാണും എന്ന ആശങ്കയുണ്ടവള്ക്ക്. അവരുടെ വിധവയായ സുഹൃത്ത് പാര്‍വ്വതി ആശുപത്രിയില്‍ പാചകക്കാരിയായി ജോലി ചെയ്യുന്നു.
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ മറപറ്റി പതിറ്റാണ്ടുകളായി താമസിച്ചിരുന്ന ഒരു ചെറിയ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പാര്‍വ്വതിയെ പുറത്താക്കുന്നു. അവളുടെ കൈവശം ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഒന്നും ഇല്ല. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഈ മൂന്ന് സ്ത്രീകളുടെ ജീവിതങ്ങളും, അവരുടെ സൗഹൃദവും പരസ്പര പിന്തുണയുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി മുംബൈ നഗരത്തിന്റെ തിരക്കേറിയ ജീവിതത്തെ പകര്‍ത്തുമ്പോള്‍ത്തന്നെ, അതിന്റെ വെല്ലുവിളികളും സൗന്ദര്യവും ഉള്‍ക്കൊള്ളുന്നു. മഹാനഗരത്തിലെ ജീവിതത്തില്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ സ്ത്രീകളുടെ പരസ്പര അടുപ്പവും, പ്രതീക്ഷകളും, പ്രണയവും, വേര്‍പിരിയലും പ്രേക്ഷകന്റെ മനസ്സില്‍ത്തട്ടും. വെളിയില്‍ നിന്ന് നോക്കുമ്പോള്‍ നോര്‍മലാണ് അവരുടെ ജീവിതം, എന്നാല്‍ ചൂഴ്ന്നിറങ്ങുമ്പോള്‍ പ്രശ്നഭരിതമായ വഴികളിലാണ് ഓരോരുത്തരും. മൂന്ന് ആഖ്യാനങ്ങളും പരസ്പരം ഇഴ ചേര്‍ന്നതാണ്, പക്ഷേ വ്യത്യസ്ത പാതകളിലൂടെയാണ് മുന്നോട്ട് പോകുന്നത്. രണ്ടാം പകുതിയില്‍, ഒരിക്കലും പ്രതീക്ഷിക്കാതെ അവര്‍ ഒരു യാത്രക്കിറങ്ങിത്തിരിക്കുന്നു, കഥ പര്വതിയുടെ കടല്ത്തീരഗ്രാമത്തിലേക്ക് നീങ്ങുന്നു, അവിടെ അവര്‍ക്ക് ആത്മപരിശോധനയും ആശ്വാസവും കണ്ടെത്താന്‍ കഴിയുന്നു. ഈ മാറ്റം കഥയുടെ ഗതിയെ മാറ്റുകയും കഥാപാത്രങ്ങളുടെ വികാസത്തിന് വഴിയൊരുക്കുകയും അവരുടെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ അവരുടെ ആകാശം ഉയരുന്നു, അന്തരീഷം കൂടുതല്‍ മിഴിവാര്ന്ന് വരുന്നു.
ചിത്രം ആരംഭിക്കുമ്പോള്‍, തിരക്കേറിയ ട്രെയിനില്‍ നില്ക്കുന്ന പ്രഭയുടെ ഒരു നീണ്ട ഷോട്ടോടെയാണ് സംവിധായിക മഹാനഗരത്തെ പരിചയപ്പെടുത്തുന്നത്. മുംബൈ ആധാരമാക്കിയ പതിവ് ചിത്രങ്ങളിലേതുപോലെ നഗരക്കാഴ്ചകള്‍ തുലോം കുറവാണ് സിനിമയില്‍. പകരം ശബ്ദങ്ങളും മാറിവരുന്ന വെളിച്ചങ്ങളും മനോഹരമായി ഉള്‍ച്ചേര്‍ക്കുന്നു സംവിധായിക. രാത്രിയില്‍ തെരുവുകളിലൂടെ ക്യാമറ സഞ്ചരിക്കുന്നു, ഫ്ളൂറസെന്റ് ലൈറ്റുകള്‍ പ്രകാശിപ്പിച്ച ഔട്ട്ഡോര്‍ മാര്‍ക്കറ്റുകളിലൂടെ കടന്നുപോകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നഗരത്തിലെ അനുഭവങ്ങളെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നത് സൗണ്ട് ട്രാക്കില്‍ നമുക്ക് കേള്‍ക്കാം. പതിവ് സിനിമകളിലെ നഗരക്കാഴ്ചകളില്‍നിന്നും പാടെ വ്യത്യസ്തം. വ്യത്യസ്തരായ ഒരുപാട് മനുഷ്യരുടെ വിഹ്വലതകളാണ് സംവിധായിക ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നത്. മനുഷ്യര്‍ പരസ്പരം ചേര്‍ന്ന് നില്‍ക്കലിന്റെ ആവശ്യം അവര്‍ ഊന്നിപ്പറയുന്നു. സ്നേഹവും സൗഹൃദവും പ്രതീക്ഷകളും മനുഷ്യനെ മുന്നോട്ട് നയിക്കുമെന്ന സംവിധായകയുടെ വിളംബരമാണീ സിനിമ. ടെലിവിഷന്‍ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഗജേന്ദ്ര ചൗഹാനെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ച നടപടിക്കെതിരെ വിദ്യാര്‍ത്ഥി സമരത്തിന്റെ മുന്നിലുണ്ടായിരുന്നു ആ സമയം അവിടെ പഠിച്ചിരുന്ന പായല്‍ കപാഡിയ. 139 ദിവസം നീണ്ട സമരത്തെത്തുടര്‍ന്ന് പോലീസ് കേസില്‍ പ്രതിയായ അവരുടെ സ്കോളര്‍ഷിപ്പ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് റദ്ദാക്കിയിരുന്നു.
സംവിധായിക പായല്‍ കപാഡിയയുടെ പ്രഥമ ചിത്രമായ ‘എ നൈറ്റ് ഓഫ് നോയിംഗ് നതിംഗ്’ 2021 കാന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ‘ഗോള്‍ഡന്‍ ഐ’ പുരസ്കാരം കരസ്ഥമാക്കിയിരുന്നു. 2024 മെയ് 23 ന്, 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാനമത്സരത്തില്‍ ‘ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ്’ ലോക പ്രീമിയര്‍ പ്രദര്‍ശിപ്പിക്കുകയും അവിടെ പാം ഡി ഓറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും, ഗ്രാന്‍ഡ് പ്രിക്സ് നേടുകയും ചെയ്തു. 1994ല്‍ ഷാജി എം കരുണ്‍ സംവിധാനം ചെയ്ത ‘സ്വം’ എന്ന ചിത്രത്തിനു ശേഷം കാനിലെ പ്രധാന മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ ചിത്രമായിരുന്നു ഇത്. 82-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനും, മികച്ച സംവിധായകയ്ക്കു മുള്ള രണ്ട് നോമിനേഷനുകളും ഈ ചിത്രത്തിന് ലഭിച്ചു. 29-ാ മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (IFFK) പായല്‍ കപാഡിയയെ’സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് നല്കി ആദരിക്കുകയുണ്ടായി. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ 2024ലെ സിനിമാ റെക്കമെന്റേഷന്‍ ലിസ്റ്റിലെ ആദ്യത്തെ ചിത്രമായി ചേര്‍ത്തിരിക്കുന്നു ഈ സിനിമ. മികച്ച പ്രകടനങ്ങള്‍ കൊണ്ട് കാണികളെ വശീകരിക്കുന്നു ഈ ചിത്രം. കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം എന്നിവര്‍ പായല്‍ കപാഡിയ എന്ന സംവിധായകയ്ക്ക് കീഴില്‍ മത്സരിച്ചഭിനയിക്കുന്ന ‘ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ്’ ഒരു ശ്രദ്ധേയമായ സിനിമാനുഭവമാണ്.