ബിജോ സില്‍വേരി
1993ലാണ് ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘ചെങ്കോല്‍’ എന്ന സിനിമ റിലീസാകുന്നത്. മോഹന്‍ലാലാണ് നായകന്. മോഹന്‍ലാലിനെ സൂപ്പര്താരപദവിയിലേക്കുയര്ത്തിയ ‘കിരീടം’ എന്ന സിനിമയുടെ തുടര്‍ച്ചയായിരുന്നു ‘ചെങ്കോല്‍’. കിരീടത്തേക്കാള്‍ മികച്ച സിനിമയായി നിരൂപകര്‍ വാഴ്ത്തിയ ചെങ്കോല്‍ പക്ഷേ ബോക്സോഫീസില്‍ വലിയ വിജയം കൊയ്തില്ല. അതിനു കാരണമായി തിരക്കഥാകൃത്ത് ലോഹിതദാസ് പറഞ്ഞത് ചെങ്കോലിലെ അമിത വയലന്‍സ് കുടുംബപ്രേക്ഷകരെ തീയറ്ററില്‍ നിന്നുമകറ്റി എന്നാണ്. എം.ടി വാസദേവന്നായരുടെ തിരക്കഥയില്‍ സിബി മലയില്‍ തന്നെ സംവിധാനം ചെയ്ത് തൊട്ടുമുമ്പത്തെ വര്‍ഷമിറങ്ങിയ ‘സദയം’ എന്ന ചിത്രത്തിനും ഈ ചീത്തപ്പേരുണ്ടായിരുന്നു. ഇപ്പോഴത്തെ മലയാള സിനിമയിലെ വയന്സിനെ അടച്ചാക്ഷേപിക്കുന്ന മന്ത്രി ഗണേശ്കുമാര്‍ ആദ്യമഭിനയിച്ച ‘ഇരകള്‍’ (1985) മലയാളത്തിലെ ആദ്യത്തെ എക്സ്ട്രീം വയലന്‍സ് സിനിമയാണെന്നു പറയാം.
2024 ഡിസംബറില്‍ റിലീസ് ചെയ്ത് എ സര്‍ട്ടിഫിക്കറ്റോടെ തീയറ്ററിലെത്തിയ ‘മാര്‍ക്കോ’ മലയാള സിനിമയിലെ വമ്പന്‍ ഹിറ്റുകളുടെ ഭാഗമായി. ഒരു സിനിമ വിജയിക്കുമ്പോള്‍ സന്തോഷിക്കേണ്ടതിനു പകരം പലരും വിലപിച്ചതിനു കാരണം മലയാളസിനിമയില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത വിധം ചോര ചീന്തിയ സിനിമയായിരുന്നു ‘മാര്‍ക്കോ’ എന്നതാണ്. സിനിമ കണ്ട ഒരു സുഹൃത്ത് പറഞ്ഞത് ‘ഇറച്ചിക്കടയില്‍ കയറിയപോലെയായിരുന്നു’ എന്നാണ്. സമീപകാലത്തിറങ്ങിയ പല സിനിമകളും ഇത്തരത്തില്‍ വയലന്സാല് സമ്പുഷ്ടമായിരുന്നു എന്നതാണ് വാസ്തവം. പണി, റൈഫിള്‍ ക്ലബ്ബ്, കില്‍, ആനിമല്‍, ജയിലര്‍ എന്നിങ്ങനെ ഇന്ത്യന്‍ സിനിമതന്നെ വയലന്‍സിന്റെ പാതയിലാണ് സഞ്ചാരം.
‘കില്‍ ബില്‍’ തുടങ്ങിയ ഹോളിവുഡ് സിനിമകളെ പിന്നിലാക്കി എത്തിയ ഏഷ്യന്‍ സിനിമകളാണ് എക്സ്ട്രീം വയലന്‍സ് സിനിമകളുടേയും സീരിയലുകളുടേയും വഴികാട്ടിയായി ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ‘കയ്യടി കിട്ടണമെങ്കില്‍ തലവെട്ടണമെന്നാണ് സ്ഥിതിയെന്ന്’ സംവിധായകന് സുനില്‍ സരയു വിലപിക്കുന്നു. കൊറിയയില്‍ നിന്നും ജപ്പാനില്‍ നിന്നും ഇടമുറിയാതെ ഏറെക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന സിനിമകളും സീരിയലുകളും ചോരപ്പുഴ ഒഴുക്കുന്നവയാണ്. വെറുതേ കൊല്ലുന്നതില്ല, വ്യത്യസ്തമായ കൊലപാതകങ്ങള്‍ എങ്ങിനെ വേണമെന്നാണ് ഈ രാജ്യങ്ങളിലെ സംവിധായകര്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുമ്പേ തലപുകയ്ക്കുന്നതത്രേ.
സിനിമയും സമൂഹവും
കോട്ടയത്ത് ‘പുഷ്പ’ സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സഹപാഠിയെ നഗ്നനാക്കി റാഗ് ചെയ്തത്. ഒരു സിനിമാപാട്ടിന്റെ ചുവടുവയ്പില്‍ തുടങ്ങിയ തര്‍ക്കമാണ് താമരശേരിയില്‍ ഒരു കുട്ടിയെ കൊലയ്ക്കു കൊടുത്തതും അഞ്ചുപേരെ ജയിലിലാക്കിയതും. സിനിമയും ലഹരിയും കൂട്ടക്കൊല നടത്തുന്ന ഭയാനക ഇടമായി കേരളം മാറുകയാണോ?
സ്വാധീനം, പ്ലാനിങ്ങ് ഇതെല്ലാം സിനിമ തന്നാല്‍ ധൈര്യം സംഭരിക്കാന്‍ ലഹരിയുണ്ട് എന്നതാണ് അവസ്ഥ. പണം കണ്ടെത്താന്‍ മോഷണവും കൊലപാതകവും നടത്താന്‍ കുട്ടികള്‍ക്കുപോലും അറപ്പില്ലാത്ത അവസ്ഥ. ഒരു ക്രൂരകൃത്യം എങ്ങനെ നടത്താം എന്നതിനെ കുറിച്ച് നവമാധ്യങ്ങളില്‍ ക്ലാസുകള്‍ വരെ കിട്ടും. എന്തും നിയന്ത്രിക്കേണ്ട ഒരു കാലമുണ്ട്. അതൊരു ലക്ഷ്മണരേഖയാണ്. സിനിമകള്‍ക്ക് പ്രാദേശികമായി തന്നെ സെന്സര്ബോര്ഡുകള് വേണം. ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തുന്ന സീരിയലുകളേയും സിനിമകളേയും അതിസൂക്ഷ്മമായി തന്നെ നിരീക്ഷിക്കണം. പണത്തിനു വേണ്ടിയാണ് സിനിമയില്‍ വയലന്‍സ് തിരുകുന്നതെന്ന ന്യായം അംഗീകരിക്കാന്‍ പാടില്ല. നീതിയുടെ അടിസ്ഥാനം വയലന്സാണെന്നാണ് ഇത്തരം സിനിമകള്‍ നല്കുന്ന സന്ദേശം.
സിനിമകള്‍ ഉള്‍പ്പെടുന്ന കലാരൂപങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുമെന്ന പഠനഫലത്തിന് വളരെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഗവേഷണങ്ങള്‍ പോലും ഇക്കാര്യത്തില്‍ കാര്യമായി നടന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം സിനിമകള്‍ കുടുംബങ്ങളെ എങ്ങിനെയാണ് ബാധിക്കുന്നതെന്ന കാര്യത്തില്‍ പുതിയ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.
ചെങ്കോല്‍ സിനിമ കാണാന്‍ തീയറ്ററില്‍ എത്താന്‍ മടിച്ചിരുന്ന മലയാളി സമൂഹം മാര്‍ക്കോയെ കുടംബചിത്രമായി ആഘോഷിച്ചു എന്നതാണ് ഞെട്ടിക്കുന്ന സംഭവം. വയലന്‍സ് വരുമ്പോള്‍ കണ്ണുപൊത്തുമായിരുന്ന സ്ത്രീകളും കുട്ടികളും ഹാര്‍ഡ്കോര്‍ വയലന്‍സ് രസിക്കുന്നുവെന്നത് ചോര തണുപ്പിക്കുന്ന യഥാര്‍ഥ്യമായി നമ്മുടെ മുന്നില്‍ നില്ക്കുന്നു.
എക്സ്ട്രീം വയലന്‍സ് സിനിമകള്‍ നേരത്തെ ഒരു പ്രത്യേക വിഭാഗം പ്രേക്ഷകരെ മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ഇന്നത് വിശാലമായി വലവീശുന്നു, അതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള അടിസ്ഥാനകുടുംബാംഗങ്ങള് തലകീഴായി വീഴുന്നു. കലാരൂപങ്ങള്‍ പോസറ്റീവായും നെഗറ്റീവായും സമൂഹത്തെ സ്വാധീനിക്കും. ഇതില്‍ ഏതാണ് നമുക്ക് വേണ്ടതെന്ന് വ്യക്തികള്‍ തന്നെ തീരുമാനിക്കണം. സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വേണം.