ഷാജി ജോര്‍ജ്
കേരളത്തിന്റെ ചരിത്രത്തില്‍ വലിയൊരു സംഭവം നടന്നിരിക്കുന്നു. ആനിമസ്ക്രീനെ കുറിച്ച് ഒരു പുസ്തകം പുറത്ത് വന്നിരിക്കുന്നു. ഇന്ത്യന്‍ഭരണഘടന രൂപപ്പെട്ടത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് അതില്‍ ഒപ്പുവെച്ച ധീര വനിത ആനി മസ്ക്രീന്റെ ജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധീകൃതമാകുന്നത്. അതാകട്ടെ ആ മഹതിയുടെ മരണശേഷം 62 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തണം.
അതുകൊണ്ടുതന്നെ ഈ ചരിത്ര പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് തയ്യാറായ കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷനെ (കെഎല്സിഎച്ചഎ) ആദരപൂര്‍വം അഭിനന്ദിക്കുന്നു. 1963 ജൂലൈ 19ന് തന്റെ 62-മത്തെ വയസ്സില്‍ തിരുവനന്തപുരത്ത് ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലായിരുന്നു ആനിമസ്ക്രീന്റെ അന്ത്യം.
സമൂഹത്തിന്റെയും സമുദായത്തിന്റെയും അവഗണനയുടെയും ഒറ്റപ്പെടുത്തലിന്റെയും ശിക്ഷ ഏറ്റുവാങ്ങി കൊണ്ടായിരുന്നു ആ വിയോഗം. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുവാനോ അനുശോചനം അറിയിക്കുവാനോ രാഷ്ട്രീയ നേതാക്കളോ മറ്റ് അധികാരികളോ എത്തിയില്ല. തിരുവനന്തപുരം പാറ്റൂര്‍ പള്ളി സെമിത്തേരിയില്‍ ഒരു സാധാരണ വ്യക്തിക്ക് നല്കുന്ന മരണാനന്തര ശുശ്രൂഷകളാണ് ആ ധീര വനിതയ്ക്ക് ലഭിച്ചത്. (പേജ് 150, ഡോ. ബീറ്റ ജോണ്‍).
ആദരണീയായ ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മൂ 2025 ജനുവരി 26ലെ റിപ്പബ്ലിക് ദിനസന്ദേശത്തില്‍ ആനിമസ്ക്രീനെ കുറിച്ച് പറഞ്ഞ വിശേഷണം ആ മഹതിക്ക് ലഭിച്ച മരണാനന്തര ബഹുമതിയായി കരുതണം. ‘ആനി മസ്ക്രീന് സ്വാതന്ത്ര്യ സമര സേനാനി മാത്രമല്ല; നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കാനുള്ള ദൗത്യത്തിന്റെ പ്രചാരകയുമായിരുന്നു.’ പുസ്തകത്തിന്റെ ആരംഭത്തില്‍ ഈ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയെന്നതും അഭിനന്ദനീയമാണ്.
തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, കണ്ണൂര്‍ ബിഷപ്പും കെസിബിസി സെക്രട്ടറി ജനറലുമായ ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവരുടെ സന്ദേശങ്ങളോടെയാണ് പുസ്തകം ആരംഭിക്കുന്നത്. 15 ലേഖനങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോ. ചാള്‍സ് ഡയസ്, മലയിന്‍കീഴ് ഗോപാലകൃഷ്ണന്, ലിഡ ജേക്കബ്, മോണ്‍. യൂജിന്‍ പെരേര, ഡോ. എസ.് റെയ്മണ്‍, ജോണ്‍ കച്ചിറമറ്റം, ആന്റണി ആല്‍ബര്‍ട്ട്, ഡോ. രജിത ടി, ജോയ് ഗോതുരുത്ത്, ഇഗ്നേഷ്യസ് തോമസ്, ഡോ. ഗ്രിഗറി പോള്‍, ഡോ. മഞ്ജു എസ്.എസ്, ഡോ. ബീറ്റാ ജോണ്‍, ഡോ. സുരേഷ് ജെ, മനു എസ്. എസ്. എന്നിവരാണ് ലേഖനകര്‍ത്താക്കള്‍.
കേരള ലാറ്റിന്‍ കാത്തലിക്ക് ഹിസ്റ്ററി അസോസിയേഷന് വേണ്ടി ഇഗ്നേഷ്യസ് തോമസ് (എഡിറ്റര്‍) റവ. ഡോ. ആന്റണി പാട്ടപറമ്പില്‍, ഡോ. എസ് റെയ്മന്‍, പ്രഫ. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്രാധിപസമിതിയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
ആനി മസ്ക്രീനെ കുറിച്ച് മലയിന്‍കീഴ് ഗോപാലകൃഷ്ണന്റെ ലേഖനത്തിലെ വിവരണം ഇങ്ങനെയാണ്. മലയാളക്കരയിലെ ആദ്യത്തെ വനിതാമന്ത്രി ആര്? പഠിപ്പും വിവരവു മുള്ളവര്‍ പോലും പെട്ടെന്ന് പറയും അത് കെ.ആര്. ഗൗരിയമ്മ ആണെന്ന്, എന്നാല്‍ അതാണോ ശരി? ഗൗരിയമ്മ കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രിയാണ്. കേരളം ഒന്നാകുന്നതിനുമുമ്പ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങളായി വേര്‍തിരിഞ്ഞ് കിടന്നിരുന്നു. തിരുവിതാംകൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ രാജാക്കന്മാരും മലബാറില്‍ ജില്ലാ കളക്ടറും ആണ് ഭരിച്ചിരുന്നത്. സ്വാതന്ത്ര്യലബ്ധിവരെയും അതിനു ശേഷവും ഏതാനും വര്‍ഷത്തോളം ഈ സ്ഥിതി തുടര്‍ന്നു. അക്കാലത്ത് മൂന്നായി കിടന്ന കേരളത്തെ മലയാളക്കര എന്നാണ് പൊതുവേ വിളിച്ചിരുന്നത്. 1949 ജൂലൈ ഒന്നിനാണ് തിരുവിതാംകൂറിനെയും കൊച്ചിയെയും ഒന്നാക്കി തിരുക്കൊച്ചി സംസ്ഥാനമാക്കിയത്. തിരുക്കൊച്ചി സംസ്ഥാനത്ത് ഒരു വനിതാമന്ത്രി ഉണ്ടായിരുന്നു. അവരുടെ പേരാണ് തിരുവനന്തപുരം സ്വദേശിയായ ആനി മസ്ക്രീന്. അവരാണ് മലയാളക്കരയിലെ ആദ്യത്തെ വനിതാ മന്ത്രി. പിന്നേയും ഏഴു വര്‍ഷം കഴിഞ്ഞ് കൃത്യമായി പറഞ്ഞാല്‍ 1956 നവംബര്‍ ഒന്നിനാണ് തിരുക്കൊച്ചിയോട് മലബാറിനെക്കൂടി ഉള്‍പ്പെടുത്തി ഐക്യകേരളം രൂപീകരിച്ചത്. കേരള സംസ്ഥാനത്തിന്റെ ആദ്യമന്ത്രിസഭ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരം ഏറ്റത് 1957 ഏപ്രില്‍ അഞ്ചിനാണ്. ആ മന്ത്രിസഭയിലാണ് കെ.ആര്. ഗൗരിയമ്മ അംഗമായത്. അപ്പോള്‍ മലയാളക്കരയിലെ ആദ്യത്തെ വനിതാ മന്ത്രി ആനി മസ്ക്രീന് ആണെന്ന കാര്യത്തില്‍ സംശയം ഇല്ല. ആനി മസ്ക്രീന് എന്ന വനിതാ നേതാവിന് ചരിത്രത്തില്‍ ഉള്ള സ്ഥാനമെന്ത്? കേരള രാഷ്ട്രീയചരിത്രത്തില്‍ തമസ്കരിക്കപ്പെട്ട നേതാവാണ് അവര്‍. രാജഭരണത്തിനും ദിവാന്‍ഭരണത്തിനുമെതിരെ അചഞ്ചലമായി പോരാടിയ ധീരവനിത, അഭിഭാഷക എന്നീ നിലയിലും തിരുവിതാംകൂറിലെ ഉത്തരവാദ ഭരണത്തിനുവേണ്ടിയും ഇന്ത്യയൊട്ടാകെ പ്രവര്‍ത്തിച്ച വ്യക്തി, ഗാന്ധിജിയുടെയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും മുമ്പില്‍ തനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ ധൈര്യം കാട്ടിയ നേതാവ്, തിരുവിതാംകൂര്‍ ദിവാന് സര് സി.പി. രാമസ്വാമി അയ്യരുടെ എല്ലാ തന്ത്രങ്ങളും, കുതന്ത്രങ്ങളും പൊളിക്കുകയും ദീര്‍ഘകാലം ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വനിതാ നേതാവ്, ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സഭയില്‍ അംഗമാകുകയും ഭരണഘടനയുടെ കരടില്‍ ഒപ്പിടുകയും ചെയ്ത മലയാളക്കരയിലെ വനിതാ അംഗം, സഹമന്ത്രി അഴിമതി കാട്ടി എന്ന ആരോപണത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ആദര്‍ശശാലി, പാര്‍ലമെന്റ് മെമ്പര്‍ തുടങ്ങി എത്രയോ നിലയില്‍ ആനിമസ്ക്രീനെ വിലയിരുത്താം.
ആനി മസ്ക്രീനെ കുറിച്ചുള്ള വിലപ്പെട്ട രേഖകള്‍ പുസ്തകത്തിലുണ്ട്. ഒന്നാം ലോകസഭാരേഖകളിലെ അവരുടെ ജീവിതരേഖ, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ സാക്ഷ്യപത്രം, വിശദമായ ജീവിത നാള്‍വഴികള്‍, സ്കൂള്‍ രേഖകള്‍, ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങള്‍ ഇവ അതില്‍ ഉള്‍പ്പെടുന്നു.
1949 നവംബര്‍ 18ന് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടത്തിയ പ്രസംഗവും ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.
എന്നാല്‍ ഭരണഘടന നിര്‍മിതിയില്‍ ആനി മസ്ക്രീന്റെ സംഭാവനകളെ കുറിച്ച് പുസ്തകത്തിലെ ലേഖനം നിരാശപ്പെടുത്തുന്നു. മൂന്ന് പാരഗ്രാഫുകളില് മാത്രം ഒതുങ്ങുന്നു ആ പഠനം. പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നുവെന്നത് പുസ്തകത്തിലെ ഒരു അപാകം തന്നെയാണ്.
വനിതാ ദിനാഘോഷത്തില്‍ നെഞ്ചോട് ചേര്‍ക്കാന്‍ ഒരു പുസ്തകം നമുക്ക് ലഭിച്ചു. ആനി മസ്ക്രീന് സ്വാതന്ത്ര്യ സമരചരിത്രത്തിലെ സമുജ്ജ്വല താരകം.