പ്രഫ. ഷാജി ജോസഫ്
The Girl with the Needle (Denmark/123 minutes/2024)
Director: Magnus von Horn
2024-ല്‍ പുറത്തിറങ്ങിയ’ദ ഗേള്‍ വിത്ത് ദ നീഡില്‍’ മാഗ്നസ് വോണ്‍ ഹോണ്‍ സംവിധാനം ചെയ്ത ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമാണ്. 1919ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ ഡെന്മാര്ക്കില് അരങ്ങേറിയ യഥാര്‍ത്ഥ സംഭവത്തെ പിന്‍പറ്റിയുള്ള രചനയില്‍ നിന്നാണ് ചിത്രം. കോപ്പന്‍ഹേഗന്‍ നഗരത്തെ പശ്ചാത്തലമാക്കി, ദരിദ്ര മാതാക്കളുടെ അനാഥ ശിശുക്കളെ ദത്തെടുക്കുന്ന രഹസ്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കരോലിന് എന്ന യുവതിയുടെ കഥയാണ് പറയുന്നത്.
ഡാനിഷ് സീരിയല്‍ കില്ലര്‍ ‘ഡാഗ്മര് ഓവര്‍ബൈ’യുടെ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് സിനിമ. ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കരോലിന് എന്ന യുവതിയുടെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഒന്നാം ലോകമഹായുദ്ധത്തില്‍ യുദ്ധമുന്നണില്നിന്നും തിരിച്ചു വരാതായ അവളുടെ ഭര്‍ത്താവ് പീറ്ററിനെക്കുറിച്ചു യാതൊരു വിവരവുമില്ല.. പീറ്റര്‍ മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നുള്ളതിനാല്‍ കരോളിന് വിധവ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിയുന്നില്ല. അവള് ഒരു പ്രാദേശിക ഫാക്ടറിയില്‍ തയ്യല്‍ക്കാരിയായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതയാകുന്നു. ദാരിദ്ര്യത്തില്‍ നിന്ന് കരകയറാനുള്ള അവളുടെ ശ്രമങ്ങള്‍ ഓരോ വഴിത്തിരിവിലും പരാജയപ്പെടുന്നു: തൊഴില്‍ ഇല്ലാതാകുന്നു, കുടിയൊഴിപ്പിക്കല്‍ നേരിടുന്നു, സമ്പന്നനായ തന്റെ മേലധികാരിയുമായുള്ള ക്ഷണികമായ ബന്ധം നിരസിക്കാന്‍ കഴിയുന്നില്ല അവള്‍ക്ക്.
യുദ്ധത്തില്‍ ക്രൂരമായി അംഗഭംഗം സംഭവിച്ച പീറ്റര്‍ നാളുകള്‍ക്കുശേഷം തിരിച്ചെത്തുന്നു. മുഖം മുഴുവന്‍ തകര്‍ന്ന നിലയില്‍ യുദ്ധക്കളത്തില്‍ നിന്ന് ഭര്‍ത്താവ് തിരിച്ചെത്തുന്നത് സങ്കീര്‍ണ്ണതക്കു ആക്കം കൂട്ടുന്നു. അങ്ങേയറ്റം വികൃതമായ മുഖം മാസ്ക്ക് വച്ച് മറച്ചാണ് അയാള്‍ എത്തുന്നത്. മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസമുള്ള കരോളിന് പീറ്ററിനെ നിരസിക്കുന്നു.
തകര്‍ന്നതും വികൃതവും ആയ മുഖത്തോടെ അയാള്‍ ഒരു സര്‍ക്കസിലെ പ്രദര്‍ശന വസ്തുവായി മാറി ജീവിതം തള്ളുന്നു. കരോളിന് തന്റെ ബോസ് ജോര്ജനുമായി പ്രണയബന്ധം ആരംഭിക്കുന്നു. പക്ഷേ, ഗര്‍ഭിണിയായ അവള് അയാളാല്‍ തിരസ്കൃതയാകുന്നു. കോപ്പന്‍ഹേഗനിലെ ഒരു ബാത്ത് ഹൗസില്‍ സൂചി ഉപയോഗിച്ച് ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിക്കുന്ന കരോളിനെ ഡാഗ്മര് കണ്ടെത്തുകയും അവള്‍ക്ക് ഒരു ബദല്‍ പരിഹാരം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. നിസ്സഹായരായ അമ്മമാരുടെ നവജാതശിശുക്കളെ സ്വീകരിച്ച് സമൂഹത്തിലെ മെച്ചപ്പെട്ട കുടുംബങ്ങളിലേക്ക് ദത്ത് നല്കുന്നു എന്നാണ് ഡാഗ്മര് പറയുന്നത്.
കരോളിന് എന്ന കഥാപാത്രത്തെ വിക് കാര്മന് സോണും, ഡാഗ്മര് എന്ന കഥാപാത്രത്തെ ട്രൈന്‍ ഡിര്ഹോമും അതുല്യമായ മികവോടെ അവതരിപ്പിക്കുന്നു. അവരുടെ പ്രകടനം ചിത്രത്തിന് ആഴവും ആത്മാര്‍ത്ഥതയും നല്കുന്നു. വിക് കാര്മന് സോണ്‍ തന്റെ കഥാപാത്രത്തിന്റെ ദുര്‍ബലതയും ആന്തരിക ശക്തിയും തീവ്രമായി പകര്‍ത്തുന്നു. നിഷ്കളങ്കയായ ഒരു യുവതിയില്‍ നിന്ന് ചുറ്റുപാടുകളുടെ ക്രൂരതയാല്‍ കഠിനയായ ഒരാളിലേക്കുള്ള അവളുടെ മാറ്റം ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
ഈ ചിത്രം 2024-ലെ കാന്‍സ് ചലച്ചിത്രോത്സവത്തില്‍ പാം ഡി’ ഓര് പുരസ്കാരത്തിനായി മത്സരിച്ചിരുന്നതോടൊപ്പം, 2025-ലെ മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള ഓസ്കര് നോമിനേഷനും നേടി. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രത്തെ നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ 2024- ലെ മികച്ച അഞ്ച് അന്തര്‍ദേശീയ ചിത്രങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തു. 82-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്സില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനും 97-ാമത് അക്കാദമി അവാര്‍ഡ്സില്‍ മികച്ച അന്തര്‍ദേശീയ ഫീച്ചര്‍ ചിത്രത്തിനും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 49-ാമത് പോളിഷ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള സില്‍വര്‍ ലയണ്‍സ് നേടി, മികച്ച ഛായാഗ്രഹണം, മികച്ച സഹനടി, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച സ്കോര്‍, മികച്ച വസ്ത്രാലങ്കാരം എന്നിവയ്ക്കുള്ള അവാര്‍ഡുകള്‍ക്കൊപ്പം. ഈ അംഗീകാരങ്ങള്‍ ചിത്രത്തിന്റെ സാങ്കേതിക വൈഭവത്തെയും ആദ്യ ഫ്രെയിം മുതല്‍ അവസാനം വരെ അത് സൃഷ്ടിക്കുന്ന ആഴത്തിലുള്ള അന്തരീക്ഷത്തെയും അടിവരയിടുന്നു മിഖാല്‍ ഡൈമെക്കിന്റെ ഛായാഗ്രഹണവും ഫ്രെഡറിക്ക ഹോഫ്മെയറിന്റെ സംഗീതവും ചിത്രത്തിന്റെ ഭാവനയെ സമ്പന്നമാക്കുന്നു.
ഛായാഗ്രഹണമാണ് ഒരുപക്ഷേ, സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ ഘടകം എന്ന് കാണാം. കറുപ്പും വെളുപ്പും നിറങ്ങളിലുള്ള അഴകാര്‍ന്ന ദൃശ്യങ്ങള്‍ കഥാപാത്രങ്ങളുടെ കാലഘട്ടത്തെയും വൈകാരിക ഒറ്റപ്പെടലിനെയും ഉണര്‍ത്തുന്നു. പലപ്പോഴും ഇംഗ്മര് ബെര്ഗ്മാന്, ഫെഡറിക്കോ ഫെല്ലിനി തുടങ്ങിയ സിനിമാറ്റിക് മാസ്റ്റേഴ്സിന്റെ സൃഷ്ടികളെ ഓര്‍മ്മിപ്പിക്കുന്നു സിനിമ. കഠിനമായ പ്രകൃതി ദൃശ്യങ്ങളും ക്ഷയിച്ചുകൊണ്ടിരിക്കുന്ന നഗര സാഹചര്യങ്ങളും ഏതാണ്ട് കഥാപാത്രങ്ങളെപ്പോലെയാണ് തോന്നുന്നത്, കരോളിന്റെ ദുരന്തകഥ വികസിക്കുന്ന ഇരുണ്ട സാമൂഹിക പശ്ചാത്തലത്തെ അത് എളുപ്പത്തില്‍ പ്രതിനിധീകരിക്കുന്നു. വഞ്ചനയുടെയും ചൂഷണത്തിന്റെയും അക്രമത്തിന്റെയും വലയില്‍ കുടുങ്ങിപ്പോയ കരോലിനോടൊപ്പം പ്രേക്ഷകനും പെട്ടുപോയതായി തോന്നിപ്പിക്കുന്നു. ചിത്രത്തിന്റെ രൂപകല്‍പ്പന, വസ്ത്രാലങ്കാരം, മേക്കപ്പ് വിഭാഗങ്ങള്‍ എന്നിവ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
ഓരോ ഘടകങ്ങളും യുദ്ധാനന്തര കാലഘട്ടത്തെ സൂക്ഷ്മതയോടെ പുനര്‍നിര്‍മ്മിക്കുന്നു, കടുത്ത ദാരിദ്ര്യത്തിന്റെയും, അരക്ഷ്വിതത്ത്വത്തിന്റെയും മൂഡിലേക്ക് കഥയെ നയിക്കുന്നു. ഒന്നാം ലോക മഹായുദ്ധാനന്തരം തകര്‍ന്ന ഡെന്മാര്ക്കിലൂടെയുള്ള വൈകാരികമായി യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു സിനിമ. പൊടിയും ഇരുട്ടും പടര്‍ന്ന ഭയാനകമായ ഒരു പശ്ചാത്തലം നല്കുമ്പോള്, സംഭവങ്ങളുടെ വെറും വിവരണത്തെ മറികടന്ന് സാമൂഹിക അവഗണന, അതിര്‍ത്തികളില്ലാത്ത മനുഷ്യ ക്രൂരതകള്‍ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള വ്യാഖ്യാനമായി ഈ സിനിമ മാറുന്നു. മനുഷ്യപ്രകൃതിയുടെ ഇരുണ്ട ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന, ദൃശ്യപരമായി പിടിച്ചുലയ്ക്കുന്ന ഒരു ക്രൈം ഡ്രാമയായ ‘ദി ഗേള്‍ വിത്ത് ദി നീഡില്‍’ കാണാന്‍ എളുപ്പമായ സിനിമയല്ല. മാഗ്നസ് വോണ്‍ ഹോണിന്റെ സംവിധാനവും അതിശയിപ്പിക്കുന്ന ഛായാഗ്രഹണവും മികച്ച പ്രകടനങ്ങളും ചേര്‍ന്ന്, വരും വര്‍ഷങ്ങളില്‍ ഈ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്കെത്തും എന്നതില്‍ സംശയമില്ല.
ഇരുട്ടും അഴുക്കും, ഇടുങ്ങിയ ഇടവഴികളും, തകര്‍ന്ന മുറികളും നിറഞ്ഞ നഗരം തന്നെ ഛായാഗ്രാഹകന്‍ മൈക്കല്‍ ഡൈമെക്കിന്റെ വൈരുദ്ധ്യമുള്ള കറുപ്പും വെളുപ്പും നിറത്തില്‍ പകര്‍ത്തിയ സിലൗട്ടുകളുടെ കൂട്ടമാണ്, ഓരോ ഫ്രെയിമും ആരോ പൊടിതട്ടിയെടുക്കാന്‍ മറന്നുപോയ ഒരു വിന്റേജ് ഫോട്ടോഗ്രാഫ് പോലെ.
‘ദി ഗേള്‍ വിത്ത് ദി നീഡില്‍’ എന്ന സിനിമയുടെ പ്രധാന കഥാപാത്രം ഡാഗ്മര് അല്ല, കാരണം സംവിധായകന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കരോലിനിലാണ്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സ്ത്രീകള്‍ ലോകമെമ്പാടും തലമുറകളായി അരികുവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണിത്. സ്വന്തം ശരീരത്തിനു മേലുള്ള സ്ത്രീകളുടെ അവകാശങ്ങളും, മറ്റെല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെടുമ്പോള്‍ അവരുടെ അസാധ്യമായ തിരഞ്ഞെടുപ്പുകളും തുറന്നുകാട്ടുന്ന ഈ സിനിമ അസ്വസ്ഥമായ ചോദ്യങ്ങളുമായി പ്രേക്ഷകരെ നേരിടുന്നു, അത് എളുപ്പമുള്ള ഉത്തരങ്ങളോ ആശ്വാസകരമായ പരിഹാരങ്ങളോ നല്‍കുന്നില്ല.