ജെക്കോബി
സംസ്ഥാന ആരോഗ്യമേഖലയിലെ മുന്‍നിര പ്രവര്‍ത്തകരായ ആശാ വര്‍ക്കര്‍മാര്‍ അതിജീവന പോരാട്ടത്തിലാണ്. കേരളത്തിന്റെ സാമൂഹ്യ സുരക്ഷാകവചം കാത്തുരക്ഷിക്കുന്ന സ്ത്രീകളുടെ ശ്രേഷ്ഠ ശ്രേണിയില്‍ – കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കുന്നവര്‍, അംഗനവാടി ടീച്ചര്മാര്, കിടപ്പുരോഗികള്‍ക്ക് സാന്ത്വനശുശ്രൂഷ ചെയ്യുന്നവര്‍, ബഡ്സ് സ്കൂളില്‍ ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്നവര്‍ തുടങ്ങിയവരോടൊപ്പം – സമൂഹത്തിനായി നിസ്തുല സന്നദ്ധസേവനം ചെയ്യുന്ന ഈ സഹോദരിമാരുടെ അനന്യമഹിമയും അവരുടെ കഷ്ടപ്പാടുകളും തിരിച്ചറിയുന്നവരെല്ലാം തന്നെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില്‍ 17 ദിവസങ്ങളായി കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് നടത്തിവരുന്ന രാപ്പകല്‍ സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട്.
പാട്ടപ്പിരിവുകാര്‍, ഈര്‍ക്കിലി സംഘടന, മൂന്നാറിലെ ‘പൊമ്പിളൈ ഒരുമ’യുടെ തനിയാവര്‍ത്തനം, ആരോഗ്യമേഖലയെ അട്ടിമറിക്കാനായി അരാജകത്വം സൃഷ്ടിക്കുന്നവര്‍ എന്നിങ്ങനെ ഈ സമരക്കാരെ പരിഹസിക്കാനും അധിക്ഷേപിക്കാനും രാജ്യത്തെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ പടനായകനും സിപിഎം കേന്ദ്ര സമിതി അംഗവുമായ എളമരം കരീമും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മറ്റും രംഗത്തിറങ്ങിയതു പോരാഞ്ഞ്, ‘അന്യായമായി സംഘം ചേര്‍ന്ന് സമരം ചെയ്തതിനും ഗതാഗതതടസം സൃഷ്ടിച്ചതിനും’ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത്, മഹാസംഗമത്തിന് ആശംസയര്‍പ്പിച്ച പ്രമുഖ സാമൂഹ്യപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും 48 മണിക്കൂറിനകം തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നോട്ടീസും നല്കി. സമരം നിര്‍ത്തി ഉടന്‍ ജോലിക്കു ഹാജരായില്ലെങ്കില്‍ എല്ലാവരെയും പിരിച്ചുവിടുമെന്ന് പിണറായി സര്‍ക്കാര്‍ സര്‍ക്കുലറുമിറക്കി. സമരവേദിയിലുള്ളവരുടെ കണക്കെടുപ്പു നടത്തി, തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി പകരം ജീവനക്കാരെ നിയമിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായ സംസ്ഥാന മിഷന് ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും എന്‍എച്ച്എം ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ക്കും നിര്‍ദേശം നല്കി.
പ്രതിമാസ ‘ഓണറേറിയം’ ഏഴായിരം രൂപയില്‍ നിന്ന് 21,000 രൂപയാക്കുക, മുടങ്ങിയ ഓണറേറിയവും ഇന്‍സെന്റീവ് കുടിശികയും നല്‍കുക, വിരമിക്കുമ്പോള്‍ അഞ്ചു ലക്ഷം രൂപ അനുവദിക്കുക, പെന്ഷന് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്നവരെ ചര്‍ച്ചയ്ക്കു വിളിച്ച് സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ അടിസ്ഥാന സര്‍വീസുകള്‍ പൂര്‍ണമായി തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ സത്വര നടപടി സ്വീകരിക്കുന്നതിനു പകരം, അവഹേളിച്ചും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയും പൊലീസിനെ ഇറക്കി വിരട്ടിയും സ്ത്രീതൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താന്‍ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത് എത്ര പരിതാപകരമാണ്! സമരം ശക്തമാകുന്നതും നാള്‍ക്കുനാള്‍ പൊതുസമൂഹത്തിന്റെ പിന്തുണ വര്‍ധിച്ചുവരുന്നതും കണ്ട് ആശാ വര്‍ക്കര്‍മാര്‍ക്ക് രണ്ടു മാസത്തെ വേതന കുടിശിക ധനവകുപ്പ് അനുവദിച്ചു. എന്നാല്‍ അത് പകുതിയോളം പേര്‍ക്കേ കിട്ടിയിട്ടുള്ളൂ. ഏഴായിരം രൂപ ഓണറേറിയത്തില്‍ 500 രൂപ മുതല്‍ 1,000 രൂപ വരെ കുറഞ്ഞതായും പരാതിയുണ്ട്. ഓണറേറിയവും അലവന്‍സും ഉള്‍പ്പെടെ 9,000 രൂപയാണ് വേതനമായി ലഭിക്കുന്നതെന്ന് അസോസിയേഷന് പറയുമ്പോള്‍, 13,200 രൂപ വരെ നല്‍കുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് അവകാശപ്പെടുന്നു.
‘അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്സ്’ എന്ന ആശാ വര്‍ക്കര്‍മാര്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നിര്‍വചനപ്രകാരം തൊഴിലാളികളല്ല, അവര്‍ സന്നദ്ധസേവകരാണ്, സോഷ്യല്‍ വോളന്റിയേഴ്സ്. ദിവസത്തില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ വീതം, ആഴ്ചയില്‍ മൂന്നോ നാലോ ദിവസം പാര്‍ട്ട് ടൈമായി സേവനം ചെയ്യുക എന്നതായിരുന്നു സങ്കല്പം. ജീവിക്കാന്‍ മറ്റു വരുമാനമാര്ഗമുള്ളവര് 11 മാസത്തെ കരാര്‍ വ്യവസ്ഥയില്‍ സേവനം ചെയ്യുന്നു. അവര്‍ക്ക് ശമ്പളമല്ല, ഓണറേറിയമാണ് നല്‍കുന്നത്. നിര്‍ദിഷ്ട സേവനങ്ങളുടെ പട്ടികയില്‍ നിന്ന് ചെയ്തുതീര്‍ക്കുന്ന പണിയുടെ അടിസ്ഥാനത്തില്‍ ഇന്‍സെന്റീവും ലഭിക്കും. സ്റ്റാറ്റിയൂട്ടറി തസ്തികയല്ലാതെ എക്സിക്യുട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിനാല്‍ രാജ്യത്തെ തൊഴില്‍ നിയമമൊന്നും ഇവര്‍ക്കു ബാധകമല്ല. മിനിമം വേതനം, ഇഎസ്ഐ, പ്രൊവിഡന്റ് ഫണ്ട്, ഇന്‍ഷുറന്‍സ്, പെന്ഷന് തുടങ്ങിയ സാമൂഹിക സുരക്ഷാ വ്യവസ്ഥകളൊന്നുമില്ല. വ്യാവസായിക തര്‍ക്കപരിഹാര നിയമപരിധിയില്‍ വരുന്നില്ല, തൊഴില്‍ സുരക്ഷയില്ല.
നാഷണല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ 2011-ല്‍ ആശ പ്രോഗ്രാമിനെ വിലയിരുത്തിക്കൊണ്ട് പ്രസിദ്ധീകരിച്ച 224 പേജുള്ള റിപ്പോര്‍ട്ടില്‍ സേവന വ്യവസ്ഥകളെക്കുറിച്ചോ ക്ഷേമത്തെക്കുറിച്ചോ ഒന്നും പറയുന്നില്ല. എന്നാല്‍ കേരളത്തിലെ ആശാ വര്‍ക്കര്‍മാരില്‍ 57 ശതമാനം പേര്‍ക്കും മറ്റു വരുമാന മാര്‍ഗമൊന്നുമില്ലെന്ന് അതില്‍ വ്യക്തമാക്കിയിരുന്നു. ബംഗാളിലെ ആശാ വര്‍ക്കര്‍മാരില്‍ 91 ശതമാനവും, രാജസ്ഥാനില്‍ 80 ശതമാനം പേരും ഈ ഓണറേറിയം കൊണ്ടാണ് ജീവിക്കുന്നത്. ദേശീയ ആരോഗ്യ മിഷനു പുറമെ, ഗ്രാമങ്ങളിലെ അംഗനവാടി വര്‍ക്കര്‍മാരും സഹായികളും ഉള്‍പ്പെടുന്ന സംയോജിത ശിശു വികസന പദ്ധതി (ഐസിഡിഎസ്), സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി, ദേശീയ തൊഴിലുറപ്പു പദ്ധതി തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ ‘സ്കീമുകളിലും’, ആന്ധ്രപ്രദേശില്‍ 32 തരം സാമൂഹിക സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന വാര്‍ഡ്തല, ഗ്രാമതല വോളന്റിയര്മാരുടേതുപോലുള്ള സംസ്ഥാന സ്കീമുകളിലും ജോലി ചെയ്യുന്നവര്‍ ‘കാഷ്വലൈസേഷന്‍’ സമ്പ്രദായത്തില്‍ രണ്ടാംതരം ജീവനക്കാരായാണ് കണക്കാക്കപ്പെടുന്നത്. സ്റ്റാറ്റിയൂട്ടറി ചട്ടക്കൂടില്ലാത്തതിനാല് സര്‍ക്കാരും അംഗന്‍വാടി വര്‍ക്കറും തമ്മില്‍ തൊഴില്‍ദാതാവ്-തൊഴിലാളി ബന്ധമൊന്നുമില്ലെന്ന് സുപ്രീം കോടതി ഒരിക്കല്‍ നിരീക്ഷിക്കുകയുണ്ടായി. എന്നാല്‍, 2013-ലെ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ അംഗനവാടി കേന്ദ്രങ്ങളുടെ സേവനം അംഗീകരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ അംഗനവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഗ്രാറ്റുവിറ്റിക്ക് അവകാശമുണ്ടെന്ന് പിന്നീട് പരമോന്നത കോടതി വിധിച്ചു. ‘സ്കീം’ വര്‍ക്കര്‍മാര്‍ക്ക് തൊഴില്‍ സുരക്ഷയും തൊഴിലാളികളുടെ ആനുകൂല്യങ്ങളും നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും, പൊതുമേഖലയിലും സര്‍ക്കാര്‍ വകുപ്പുകളില്‍ പോലും കരാറുകാരെയും കണ്‍സള്‍ട്ടന്റുമാരെയും നിയമിക്കുന്നതിനാണ് മോദിക്കു താല്പര്യം.
ആശാ വര്‍ക്കര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം നല്‍കുന്നത് ഔദാര്യമാണെന്ന് സിഐടിയുവിന്റെ ആശാ വര്‍ക്കേഴ്സ് ഫെഡറേഷന് നേതാവ് പറയുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്‍എച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നല്‍കേണ്ട 468 കോടി രൂപ തരാത്തതിനാലാണ് ആശാ വര്‍ക്കര്‍മാര്‍ക്ക് കൃത്യസമയത്ത് ഇന്‍സെന്റീവ് നല്കാന് കഴിയാതെ വന്നതെന്ന് എളമരം കരീം പറയുന്നു. പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ആശാ വര്‍ക്കര്‍മാരുടെ ആശാകിരണ്‍ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രം റദ്ദാക്കിയതായും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കേന്ദ്രത്തില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷം കേരളത്തിന് നാഷണല്‍ ഹെല്‍ത്ത് മിഷന് ഗ്രാന്റായി ലഭിക്കേണ്ടിയിരുന്ന 637 കോടി രൂപ അനുവദിക്കാത്തതിനാല്‍ ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്, എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, 13,000 എന്‍എച്ച്എം ജീവനക്കാരുടെ ശമ്പളം, ഡയാലിസിസ്, പാലിയേറ്റീവ് കെയര്‍ സര്‍വീസുകള്‍ എന്നിവ പ്രതിസന്ധിയിലായെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കേന്ദ്രത്തിലേക്ക് കത്തയച്ചിരുന്നു. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ബ്രാന്‍ഡിങ്ങില്‍ കേന്ദ്രത്തെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ മുഴുവന്‍ ക്രെഡിറ്റുമെടുക്കുന്നു എന്നതിനാലാണ് കേന്ദ്രം 2023-24 വര്‍ഷത്തെ 826 കോടി രൂപയുടെ ഗ്രാന്റ് പിടിച്ചുവച്ചതെന്ന ഒരു ആഖ്യാനവുമുണ്ടായിരുന്നു. രണ്ടു മാസം ശമ്പളം കിട്ടാത്തതിന്റെ പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ എന്‍എച്ച്എം ജീവനക്കാര്‍ പണിമുടക്കുകയുണ്ടായി.
2020 ഓഗസ്റ്റില്‍, കൊവിഡ് മഹാമാരി ആരംഭിച്ച് നാലാം മാസം, തങ്ങള്‍ക്ക് ആവശ്യത്തിന് മാസ്ക്കോ ഗ്ലൗസോ പിപിഇ കിറ്റോ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നൂറ് ആശാ വര്‍ക്കര്‍മാര്‍ സമരം ചെയ്തതിന് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടു വര്‍ഷം കഴിഞ്ഞ് ജനീവയിലെ ലോകാരോഗ്യ സംഘടന, ആഗോള ആരോഗ്യ മേഖലയ്ക്ക് ഇന്ത്യയിലെ ആശാ വര്‍ക്കര്‍മാര്‍ നല്കിയ സംഭാവനയെ ആദരിച്ച് ഗ്ലോബല്‍ ഹെല്‍ത്ത് ലീഡേഴ്സ് അവാര്‍ഡ് സമ്മാനിച്ചു. ഡബ്ല്യുഎച്ച്ഒയുടെ പരമോന്നത ബഹുമതി മോദിയുടെ കൊവിഡ് നയത്തിന്റെ നേട്ടമായാണ് ആഘോഷിക്കപ്പെട്ടത്. പിണറായി വിജയന്റെ കേരള മോഡലും ലോകാത്തരമെന്നു വാഴ്ത്തപ്പെട്ടത് ഇവിടത്തെ പാവപ്പെട്ട ആശാ വര്‍ക്കര്‍മാര്‍ സ്വന്തം സുരക്ഷയ്ക്കുള്ള ഉപാധികള്‍ പോലുമില്ലാതെ, കണ്ടെയ്ന്മെന്റ് സോണില്‍ രോഗബാധയുള്ളവരെ സ്ക്രീന്‍ ചെയ്യാനും, ക്വാറന്റൈന് കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകാനും, പ്രവാസികളുടെയും മറ്റും വീടുകളില്‍ ക്വാറന്റൈന് ഉറപ്പുവരുത്താനും, കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാനും രാപകല്‍ സിസ്വാര്ഥമായി ശുശ്രൂഷ ചെയ്തതുകൊണ്ടാണ്.
കുട്ടികളുടെ അതിജീവനത്തിനും സുരക്ഷിത മാതൃത്വത്തിനും വേണ്ടിയുള്ള ദേശീയ രോഗപ്രതിരോധ ഷെഡ്യൂള്‍ പ്രകാരമുള്ള 11 വാക്സിനുകള്‍ ക്രമംതെറ്റാതെ നല്കുന്നതില് നിന്നു തുടങ്ങി, പ്രാഥമിക ആരോഗ്യപരിപാലനം, കിടപ്പുരോഗികള്‍ക്ക് സാന്ത്വനചികിത്സ, വയോധികരുടെ ആരോഗ്യപരിശോധന, ഗര്‍ഭിണികളുടെ ആരോഗ്യനിലയെ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കല്, നവജാതശിശു പരിചരണത്തിനുള്ള മാര്‍ഗനിര്‍ദേശം, പകര്‍ച്ചവ്യാധി പ്രതിരോധ ജാഗ്രത, ശുചിത്വപാലനം, ജനനവും മരണവും സംബന്ധിച്ച വിവരശേഖരണം, നിരാലംബരായ രോഗികളെ പ്രദേശത്തെ സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തല്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റും ഒപി വിഭാഗത്തെ സഹായിക്കല്‍ എന്നിങ്ങനെ സമൂഹിക ആരോഗ്യ പരിപാലന മേഖലയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ജോലിഭാരമുള്ള ആശാ വര്‍ക്കര്‍മാര്‍ കേരളീയരാണ്. സാമൂഹിക സേവനത്തിലും രാഷ് ട്രനിര്മാണത്തിലും ഇത്രയും വിലപ്പെട്ട പ്രവര്‍ത്തനത്തിന് കൂലിയാകട്ടെ തൊഴില്‍ നിയമങ്ങളുടെ വരമ്പത്തും.
സംസ്ഥാന ആരോഗ്യവകുപ്പ് ആര്‍ദ്രം പദ്ധതിയില്‍, മുപ്പതു വയസ് പിന്നിട്ടവരുടെ ജീവിതശൈലീ രോഗങ്ങളുടെ ആപല്‍സൂചനകള്‍ കണ്ടെത്താന്‍ ശൈലീ ആപ്പിലൂടെ 1.53 കോടി ആളുകളുടെ സ്ക്രീനിങ് നടത്തി. ഇതില്‍ നിന്ന് 13.6 ലക്ഷം പേര് ‘ഹൈ റിസ്ക്’ വിഭാഗത്തില്‍ പെട്ടവരാണെന്നു തിരിച്ചറിഞ്ഞ് ആവശ്യമായ വിദഗ്ധ പരിശോധനയ്ക്കും തുടര്‍ചികിത്സയ്ക്കുമായി റഫര്‍ ചെയ്യാന്‍ കഴിഞ്ഞു. പരിശോധനയ്ക്കു വിധേയരായവരില്‍ 18.14 ശതമാനം പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങി ഏതെങ്കിലുമൊരു പ്രധാന ജീവിതശൈലീരോഗമുള്ളതായി കണ്ടു. ശൈലീ ആപ് സ്ക്രീനിങ്ങിന്റെ രണ്ടാം ഘട്ടത്തില്‍ കുഷ്ഠരോഗം, കാഴ്ചതകരാറുകള്‍, ശ്രവണവൈകല്യം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവ നിര്‍ണയിക്കാനായിരുന്നു പദ്ധതി. വീടുതോറും കയറിയിറങ്ങി 30 വയസിനു മീതെ പ്രായമുള്ള എല്ലാവരെയും സ്ക്രീന്‍ ചെയ്ത് വിവരങ്ങള്‍ ക്രോഡീകരിക്കാനുള്ള ചുമതല ആശാ വര്‍ക്കര്‍ക്കാണ്. ഈ അധിക ജോലിക്ക് മാസം 2,000 രൂപയുടെ ഇന്‍സെന്റീവാണ് നിര്‍ദേശിക്കപ്പെട്ടത്. ഫീല്‍ഡ് വര്‍ക്ക്, ഡേറ്റാ ശേഖരണം, ഓണ്‍ലൈന്‍ ഫയലിങ്, ഇടവിടാതുള്ള ബ്രീഫ്ങ് എന്നിങ്ങനെ ജോലിഭാരത്തിന് ഒരു കുറവുമില്ല.
കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ആശാ വര്‍ക്കര്‍മാരെ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന കാര്യം നിര്‍ദേശിച്ചിരുന്നു. ജനറല്‍ നഴ്സിങ്, മിഡ് വൈഫറി, പാലിയേറ്റീവ് കെയര്‍ മേഖലകളില്‍ തൊഴില്‍നൈപുണ്യം നേടി സ്ഥിരം ജോലിക്കുള്ള സാധ്യത കണ്ടെത്താന്‍ അവരെ ആരു സഹായിക്കും? കേരളത്തിലെ 26,844 ആശാ വര്‍ക്കര്‍മാര്‍ നേരിടുന്ന ജീവിത പ്രതിസന്ധിയില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന വനിതാ കമ്മിഷന് ചെയര്‍പേഴ്സണും ഇടതുമുന്നണിയിലെ സിപിഐയും മറ്റും അവരോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. മിനിമം കൂലി പോലും ലഭിക്കാതെ, 235 രൂപ ദിവസക്കൂലി വാങ്ങുന്നവരുടെ അതിജീവന സമരത്തെ ഇത്ര അവജ്ഞയോടെ കാണാന്‍ സിപിഎമ്മിനല്ലാതെ മറ്റാര്‍ക്കു കഴിയും! ആശാ വര്‍ക്കര്‍മാര്‍ക്ക് അവര്‍ ‘അധികമായി’ ചോദിക്കുന്ന 11,000 രൂപ കൊടുത്താല്‍ സര്‍ക്കാരിന് വരുന്ന അധികച്ചെലവ് വര്‍ഷത്തില്‍ 396 കോടി രൂപയാകും. കേരള പബ്ലിക് സര്‍വീസ് കമ്മിഷന് ചെയര്‍മാനും അംഗങ്ങള്‍ക്കും മാസശമ്പളം മൂന്നര ലക്ഷവും മൂന്നേകാല്‍ ലക്ഷവുമായി കൂട്ടിക്കൊടുക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഒരുമാസം കുറഞ്ഞത് 1,02,000 രൂപയുടെ വര്‍ധന. ഒരു അംഗത്തിന് ഒരു വര്‍ഷത്തില്‍ വരുന്ന അധിക ചിലവ് 12,24,000 രൂപ, 20 അംഗങ്ങള്‍ക്ക് 244.8 ലക്ഷം രൂപയും. ഇതില്‍ നീതി കിട്ടേണ്ടത് ആര്‍ക്കാണ്? മുഖ്യമന്ത്രി മൗനത്തിലാണ്.
കോണ്‍ഗ്രസും മറ്റ് മുഖ്യധാരാ രാഷ് ട്രീയ പ്രസ്ഥാനങ്ങളും, ധാര്‍മ്മികബോധം നഷ്ടപ്പെടാത്ത മനുഷ്യരും ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിസ്വരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ഈ സഹോദരിമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകളുടെ ഏകോപന സമിതിയായ അണ്‍ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് ട്രേഡ് യൂണിയന് അലയന്‍സ് (യുടിഎ) ആവശ്യപ്പെടുന്നു.