കോട്ടയം: സിസിബിഐ യുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന രൂപതാ വൈദികരുടെ കൂട്ടായ്മ സിഡിപിഐ( കോൺഫറൻസ് ഓഫ് ഡയോസിഷൻ
പ്രീസ്റ്സ് ഓഫ് ഇന്ത്യ) യുടെ 21ാ മത് ദേശീയ സമ്മേളനത്തിന് കോട്ടയം വിമലഗിരി പാസ്റ്ററൽ സെൻ്ററിൽ പ്രൌഡോജ്ജ്വല പ്രാരംഭമായി.
27 വരെ നടക്കുന്ന ത്രിദിന അസംബ്ലി കേരള ലത്തീൻ മെത്രാൻ സമിതിയുടെയൂം കേരളാ റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെയും പ്രസിഡൻ്റും സിഡിപിഐ രക്ഷാധികാരിയുമായ കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ ഉൽഘാടനം ചെയ്തു. പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായെ ഉദ്ധരിച്ചുകൊണ്ട്, മാതൃക നൽകി മുന്നിൽനിന്ന് നയിക്കുന്ന, ആടുകളുടെ മണമുള്ള ഇടയനടുത്ത നേതൃത്വം നൽകേണ്ടവരാണ് വൈദീകർ എന്ന് ബിഷപ്പ് ഓർമപ്പെടുത്തി.
സിഡിപിഐ “worshiping, welcoming, witnessing” എന്നീ മൂന്ന് “ഡബ്ലൂ ” കൾ ആർജിക്കേണ്ട വൈദികരുടെ കൂട്ടായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ പ്രസിഡൻ്റ് ഫാദർ റോയ് ലാസർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഭാരതത്തിലെ 132 ലത്തീൻ രൂപതകളിൽ നിന്നുള്ള 150 ഓളം പ്രതിനിധികൾ സംബന്ധിക്കുന്നു. വിജയപുരം ബിഷപ്പ് സെബാസ്ററ്യൻ തേക്കെതേച്ചേരിൽ , സഹായ മെത്രാൻ ഡോ.ജസ്റ്റിൻ മഠത്തിൽ പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു .
“രൂപതാ വൈദികർ പ്രത്യാശയുടെ ദീപസ്തംഭങൾ” എന്നതാണ് അസംബ്ലിയുടെ മുഖ്യ പ്രമേയം. ആലപ്പുഴ വികാരി ജനറാൾ മോൺ.ജോയി പുത്തൻവീട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. സി. സി. ബി. ഐ. ഡെപ്യൂട്ടി സെക്രട്ടറി ഡോ.സ്റ്റീഫൻ ആലത്തറ , ദേശീയ സെക്രട്ടറി ഫാദർ ചാൾസ് ലിയോൺ, ട്രഷറർ ഫാദർ കനുജ് റോയ്, റീജിയണൽ പ്രസിഡൻ്റ് ഫാദർ സ്റ്റീഫൻ തോമസ്, സെക്രട്ടറി ഫാദർ മരിയ മൈക്കിൾ, ഫാദർ ഹിലാരി തേക്കേക്കൂറ്റ് , എന്നിവർ പ്രസംഗിച്ചു. “നാം പ്രത്യാശയുടെ തീർത്ഥാടകർ” എന്ന വിഷയത്തിൽ ക്ലാസ്സുകളും ചർച്ചകളും പഠനങ്ങളും നടത്തി.
വൈകുന്നേരം പ്രസിദ്ധ തീർഥാടന കേന്ദ്രമായ നാഗമ്പടം സെൻ്റ് ആൻ്റണീസ് പള്ളിയിൽ 150 ഓളം വൈദികരുടെ സഹകാർമികത്വത്തിൽ നടന്ന സമൂഹ ദിവ്യബലിക്ക് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു .തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി .
രാത്രി ഫേസ് ഓഫ് ദി ഫെയ്സലെസ് എന്ന സിനിമ പ്രദർശനത്തോടെ ഒന്നാം ദിനം പരിപാടികൾ സമാപിച്ചു .
ഇന്ന് രണ്ടാം ദിനത്തിൽ നടക്കുന്ന സെഷനുകൾക്ക് രാവിലെ 7 ്ന് വിമലഗിരി കത്തീഡ്രലിൽ നടക്കുന്ന സമൂഹ ദിവ്യബലിയോടെ തുടക്കമാവും .സമ്മേളനം നാളെ സമാപിക്കും .