കൊച്ചി : കെ.സി. വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ കൗൺസിലിംഗ് പ്രോഗ്രാമായ ഇടത്തിന്റെ ഉദ്ഘാടനം വരാപ്പുഴ ബിഷപ് ഹൗസിൽ വച്ച് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി അനു ദാസ് സി. എൽ, ആനിമേറ്റർ സിസ്റ്റര്‍ മെൽന ഡിക്കോത്ത, പ്രസിഡന്റ് കാസി പൂപ്പന, ഡയറക്ടർ ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ, കെ.സി.വൈ.എം. വരാപ്പുഴ രൂപത പ്രസിഡന്റ് രാജീവ് പാട്രിക് എന്നിവർ സംബന്ധിച്ചു.
യുവാക്കളുടെ ജീവിതം വലിയ മാറ്റങ്ങളും വെല്ലുവിളികളും നിറഞ്ഞതാണ്. സാങ്കേതിക മുന്നേറ്റങ്ങൾ, വിദ്യാഭ്യാസ സമ്മർദ്ദങ്ങൾ, തൊഴിൽ പ്രതിസന്ധി, മാനസികാരോഗ്യ പ്രശ്നങ്ങൾ, ബന്ധങ്ങൾ, സ്വപ്നങ്ങൾ എല്ലാം ഒരേ സമയം കൈകാര്യം ചെയ്യേണ്ടി വരുന്ന അവസ്ഥയിൽ അവർ കൂടുതൽ മാനസിക സമ്മർദ്ദങ്ങൾ നേരിടുന്നുണ്ട്.
യുവതലമുറയ്ക്ക് മുന്നോട്ട് പോകാൻ പ്രചോദനവും, ആത്മവിശ്വാസവും നൽകുന്നൊരിടം ആവശ്യമാണ്. മികച്ച മാർഗ്ഗനിർദേശവും, പിന്തുണയും ലഭിച്ചാൽ, അവരവരുടെ ജീവിത പ്രശ്നങ്ങളെ നേരിടാനും വിജയം നേടാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും സാധിക്കും.
ഇത്തരത്തിലുള്ള ഒരു പ്രോജക്ട് നാളെ നമ്മുടെ നാടിൻറെ ഭാവി രൂപപ്പെടുത്താനും, ശക്തമാക്കാനും സമൂഹത്തെ സജീവമാക്കാനും സഹായകമാകും. എന്ന് ലക്ഷ്യത്തോടെയാണ് കെ.സി. വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി കൗൺസിലിംഗ് സംവിധാനമായ ഇടം ഒരുക്കുന്നത് .