പ്രഫ. ഷാജി ജോസഫ്
Crossing (Georgia/104 minutes/2024)
Director: Levan Akin
ലെവാന് അകിന് സംവിധാനം ചെയ്ത സിനിമ ‘ക്രോസിംഗ്’ ആധുനിക ജീവിതത്തില്‍ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന ഐഡന്റിറ്റി, സ്വീകാര്യത, മനുഷ്യബന്ധം എന്നീ വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. ജോര്‍ജ്ജിയയില്‍ നിന്നുള്ള വിരമിച്ച സ്കൂള്‍ അധ്യാപികയായ ലിയ (എംസിയ അരെബുലി) യാത്രയിലാണ്. മരിച്ചുപോയ തന്റെ സഹോദരിക്ക് നല്കിയ അവസാന വാഗ്ദാനപ്രകാരം സഹോദരിയുടെ മകളെ കണ്ടുപിടിച്ചു തിരികെ എത്തിക്കണം അവര്‍ക്ക്. അതനുസരിച്ചു വീട് വിട്ടിറങ്ങിയ ലിയ ജോര്‍ജ്ജിയയിലെ കരിങ്കടലിനനടുത്ത ബറ്റുമിയില്‍ നിന്നും തുര്‍ക്കിയിലേക്ക് കടക്കുന്നു. അവിടെ ഉണ്ടെന്നു കരുതുന്ന സഹോദരീപുത്രിയെ കണ്ടെത്തുക എന്നതാണ് ലക്ഷ്യം. ഏറെക്കാലമായി വേര്‍പിരിഞ്ഞ തന്റെ മരുമകള്‍ ടെക്ല എന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തേടി ജോര്‍ജ്ജിയയില്‍ നിന്നും തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലേക്കാണ് അവര്‍ യാത്ര പുറപ്പെടുന്നത്. യാത്ര തന്നെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ അവളെ സഹായിക്കുന്നു. മുന്‍വിധികളോ ആളുകളുടെ പ്രതീക്ഷകളോ ഉപേക്ഷിച്ച് മറ്റുള്ളവരിലേക്ക് എത്തിച്ചേരുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ അവള്‍ക്ക് താല്‍പ്പര്യം. അതിര്‍ത്തി പട്ടണത്തില്‍ ലിയ, ആച്ചി (ലൂക്കാസ് കങ്കവ) എന്ന യുവാവുമായി പരിചയപ്പെടുന്നു. സദാ പ്രസന്നനായ അയാള്‍ സഹോദരന്റെ സംരക്ഷണയിലുള്ള പ്രശ്നഭരിതമായ ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാനായി അവരുടെ കൂടെ യാത്രയില്‍ കൂടുന്നു.
കലുഷിതവുമായ ഒരു വീട്ടില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. ആച്ചി എന്ന ചെറുപ്പക്കാരന് ജോര്‍ജ്ജിയ-തുര്‍ക്കി അതിര്‍ത്തിയിലുള്ള തന്റെ മൂത്ത സഹോദരന്റെ വീട്ടില്‍ അധികപ്പറ്റായായിട്ടാണ് കഴിഞ്ഞുവരുന്നത്. അന്വേഷണത്തിനിടയില്‍ ആ വീട്ടില്‍ എത്തപ്പെടുന്ന ലിയയോട് ആച്ചി മരുമകളായ ടെക്ലയെ തനിക്ക് അറിയാമെന്നും അവളുടെ ഇസ്റ്റാംബൂളിലുള്ള വിലാസത്തില്‍ എത്തിക്കാമെന്നുമേറ്റു. മനസ്സില്ലാമനസ്സോടെയാണ് അവര്‍ അവന്റെ ഓഫര്‍ സ്വീകരിക്കുന്നത്. അവിടെ നിന്നും പുറപ്പെട്ട അവരിരുവരും ഇസ്താംബൂളിലെ നഗരപ്രാന്തങ്ങളിലെ വിലകുറഞ്ഞ താമസസ്ഥലങ്ങളില്‍ താമസിക്കുകയും പ്രതീക്ഷയില്ലാതെ അന്വേഷണം തുടരുകയും ചെയ്യുന്നു. അലച്ചിലിനിടയില്‍ ലിയയും ആച്ചിയും തമ്മിലുള്ള ബന്ധം മാതൃതലത്തിലേക്ക് വളരുന്നുണ്ട്. ഇരുവരുടെയും അന്വേഷണം അവരെ ഡെനിസ് ഡുമാന്ലി അവതരിപ്പിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷകയും ആക്ടിവിസ്റ്റുമായ എവ്രിമിലേക്ക് നയിക്കുന്നു. അവരുടെ യാത്രയില്‍ ഇപ്പോള്‍ എവ്രിമും ഒരു പ്രധാന സാന്നിധ്യമാണ്. നിയമ ബിരുദം പൂര്‍ത്തിയാക്കാന്‍ പോകുന്ന അവള്, ദരിദ്ര പ്രദേശങ്ങളിലെ വിവിധ കേസുകള്‍ അന്വേഷിക്കുന്ന ഒരു ട്രാന്‍സ് റൈറ്റ്സ് എന്‍ജിഒയില്‍ ജോലി ചെയ്യുന്നു. ആത്മവിശ്വാസമുള്ളവളും അനുകമ്പയുള്ളവളുമായ ഡെനിസ് ഡുമാന്ലിയുടെ കഥാപാത്രത്തിന്റെ ചിത്രീകരണം അസാധാരണവും മായമില്ലാത്തതുമാണ്.
ആധുനിക നഗരത്തിന്റെ അരികുകളില്‍ ജീവിക്കുന്ന അദൃശ്യരായ എണ്ണമറ്റ മനുഷ്യര്‍. പുറത്തുനിന്നുള്ളവരുടെയും, അഭയാര്‍ത്ഥികളുടെയും, പൂച്ചകളുടെയും മിശ്രിതമാണ് നഗരത്തിലെ തെരുവുകള്‍. സൂക്ഷ്മമായി പരിശോധിച്ചാല്‍ മാത്രം അവിടെ നിന്നും വീടില്ലാത്ത കുട്ടികളെയും, തെരുവ് വില്‍പ്പനക്കാരെയും, ലൈംഗികത്തൊഴിലാളികളെയും, കുടിയേറ്റക്കാരെയും കണ്ടെടുക്കാം. അവരില്‍ പലരും അതിജീവിക്കാന്‍ പാടുപെടുന്നു. ജൈവശാസ്ത്രപരമായി ബന്ധമില്ലാത്തവരാണെങ്കിലും, അവര്‍ പരസ്പരം ബന്ധപ്പെടുകയും പറ്റിപ്പിടിച്ചു കഴിയുകയും ചെയ്യുന്നു.
നമ്മള് ഇതുവരെ കാണാത്ത ഒരു ഇസ്താംബൂളാണ് സംവിധായകന് ഈ യാത്രയിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്. ഇതിനിടയില്‍ എവ്രിം തന്റെ ഒഴിവുസമയങ്ങളില്‍ കടല്‍ക്കൊള്ളക്കാരനായ, ടാക്സി ഓടിക്കുന്ന ഒരു യുവ വിദ്യാര്‍ത്ഥിയുമായി (സിയ സുഡാന്സിക്മാസ്) കണ്ടുമുട്ടുന്നു. ജോലി അന്വേഷിക്കുന്നതിനിടയില്‍, ആച്ചി അതേ ഹോസ്റ്റലിലിലെ ഒരു യുവതിയുമായി (ഡെര്യ ഗുനൈഡിന്) പ്രണയത്തിലാകുന്നു. ലിയ ജോര്‍ജ്ജിയന്‍ ഭാഷയില്‍ സംസാരിക്കുന്നത് കേട്ട്, മാസ് (ലെവന് ഗാബ്രിച്ചിഡ്സെ) എന്ന കുടിയേറ്റക്കാരന് അവര്‍ക്ക് അത്താഴം നല്കുന്നു… ഇത്തരം കാഴ്ചകളാണ് ‘ക്രോസിംഗ്’ എന്നതിനെ പൂരിപ്പിക്കുന്നത്. പല വീക്ഷണങ്ങളും കടുംപിടുത്തങ്ങളും ധാരണകളും പരസ്പരം മുറിച്ചു കടക്കുന്ന ‘ക്രോസിംഗ്’. ടെക്ലയെക്കുറിച്ചുള്ള അന്വേഷണം ഇവിടെ അവസാനിപ്പിക്കുന്നില്ല, മറിച്ച് ഇസ്താംബൂളില്‍ ട്രാന്‍സ് മനുഷ്യര്‍ ഒത്തുകൂടുന്ന തെരുവുകളിലൂടെ കാഴ്ചക്കാരെ കൊണ്ടുപോകുന്നു.
ഇസ്താംബൂളിന്റെ അതിശയകരമായ പശ്ചാത്തലത്തെ ആശ്രയിക്കുന്നതിനുപകരം, കഥാപാത്രങ്ങളുടെ വ്യക്തിപരമായ യാത്രകളിലേക്ക് പ്രേക്ഷകരെ ആഴത്തില്‍ ആകര്‍ഷിക്കാന്‍ സംവിധായകന് അകിന് അടുപ്പമുള്ള ഷോട്ടുകള്‍ ഉപയോഗിക്കുന്നു. വെറും ഒരു സിനിമ കാണുന്നതിനപ്പുറം, ബന്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും യഥാര്‍ത്ഥ നിമിഷങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നു. ഫിക്ഷനും യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള നേര്‍ത്ത രേഖയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. വെറും ഒരു കാഴ്ചക്കാരനല്ല, മറിച്ച് രംഗത്ത് ഒരു ഇടപെടുന്നയാളായി പ്രേക്ഷകനെ മുന്നില്‍ നിര്‍ത്തുന്നു. സങ്കീര്‍ണ്ണമായ വികാരങ്ങളുടെയും ബന്ധങ്ങളുടെയും ചിത്രീകരണം വളരെ സൂക്ഷ്മവും ശക്തവുമാണ്, അത് കാഴ്ചക്കാരനെ ആഴത്തില്‍ സ്പര്‍ശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു. അക്വിന്റെ ദീര്‍ഘ വീക്ഷണമുള്ള സംവിധാനവും, അഭിനേതാക്കളുടെ അസാധാരണ പ്രതിഭയും ‘ക്രോസിംഗ്’ എന്ന സിനിമയെ വേറിട്ടതാക്കുന്നു.
സൂക്ഷ്മമായ കഥപറച്ചിലും കഥാപാത്രങ്ങളുടെ വൈവിധ്യമാര്‍ന്ന വ്യക്തിത്വങ്ങളെ നിര്‍വചിക്കുന്ന മികച്ച പ്രകടനങ്ങളും, പ്രത്യേകിച്ച് അരെബുലിയുടെയും ഡുമാന്ലിയുടെയും അസാധാരണമായ അഭിനയവും സിനിമക്ക് വേറിട്ട ചാരുത നല്കുന്നു. ആച്ചിയുടെ അതിരുകളില്ലാത്ത നിഷ്കളങ്കതയെ രേഖപ്പെടുത്തുന്ന വിശാലമായ ഒരു മുഖമാണ് കങ്കവയ്ക്കുള്ളത്. ഇസ്താംബൂളിന്റെ ഊര്‍ജ്ജസ്വലവും എന്നാല്‍ പ്രക്ഷുബ്ധവുമായ പശ്ചാത്തലത്തെ തീരെ അലങ്കാരമില്ലാതെ എന്നാല്‍ യാഥാര്‍ത്ഥ്യബോധത്തോടെ പകര്‍ത്തിയ ഛായാഗ്രാഹകനായ ലിസബി ഫ്രിഡലിന്റെ ക്യാമറ ശ്രദ്ധേയമാണ്. നഗരത്തിലെ തിരക്കേറിയ പൊതുചത്വരങ്ങളും ഇടുങ്ങിയ ഇടവഴികളും പശ്ചാത്തലത്തെ സ്പഷ്ടമായി യാഥാര്‍ത്ഥ്യമാക്കുന്ന വിധത്തില്‍ ചിത്രീകരിച്ചിരിക്കുന്നു, ഇത് ആഖ്യാനത്തിനെ കൂടുതല്‍ അഴകുള്ളതാക്കുന്നു.
സ്വീഡനില്‍ ജനിച്ചു എങ്കിലും ജോര്‍ജിയന്‍ വംശജനാണ് സംവിധായകന് ലെവാന് അകിന് . 74-ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പനോരമ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രം LGBTQ പ്രമേയമാക്കിയ സിനിമകള്‍ക്കുള്ള ടെഡി അവാര്‍ഡ് കരസ്ഥമാക്കി. ഇന്ത്യയുടെ 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്ഐ ഗോവ ) ഐക്കഫ്ട് യുനസ്കോ ഗാന്ധി മെഡല്‍ ഇതിന് ലഭിച്ചു.
വിവിധ കഥാപാത്രങ്ങളേയും വ്യത്യസ്ഥമായ സംസ്കാരങ്ങളേയും ഒരുമിച്ച് കൊണ്ടുവരുന്ന, മനുഷ്യരെ വേര്‍തിരിക്കുന്ന വിഭജനങ്ങളെ മറികടക്കുന്ന ഹൃദയസ്പര്‍ശിയായ ചിത്രമാണ് ക്രോസ്സിങ്. സ്വത്വത്തെയും സ്വീകാര്യതയെയും കുറിച്ചുള്ള സിനിമയുടെ അന്വേഷണം അതിനെ സമകാലിക സിനിമയിലെ ഒരു മികച്ച ചിത്രമാക്കി മാറ്റുന്നു.