ജെയിംസ് അഗസ്റ്റിന്
മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള അവാര്‍ഡുകളുടെ ചരിത്രത്തില്‍ ലോകത്തില്‍ തന്നെ അപൂര്വതയുള്ളൊരു റെക്കോര്‍ഡിനുടമയാണ് പദ്മവിഭൂഷണ് ഡോ. കെ.ജെ. യേശുദാസ്.
ദേശീയ അവാര്‍ഡുകള്‍ – 8, കേരള സംസ്ഥാന അവാര്‍ഡുകള്‍ -25, തമിഴ്നാട് സംസ്ഥാന അവാര്‍ഡുകള്‍ -5 , ആന്ധ്രാപ്രദേശ് സംസ്ഥാന അവാര്‍ഡുകള്‍ 4, കര്‍ണാടകയുടെയും ബംഗാളിന്റെയും അവാര്‍ഡുകള്‍ ഓരോ തവണ എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്റെ പുരസ്കാരപ്പട്ടിക.
മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ ലഭിച്ചിട്ടുള്ളത് ഡോ. യേശുദാസിനു തന്നെയാണ്. എസ്.പി.ബാലസുബ്രഹ്മണ്യം(6), കെ.എസ്. ചിത്ര (6), ശ്രേയ ഘോഷാല്‍ (5), ശങ്കര്‍ മഹാദേവന് (3), ഉദിത് നാരായണ്‍ (3)എന്നിവരാണ് ലിസ്റ്റില്‍ തൊട്ടുപിന്നിലുള്ളവര്‍.
ലോകസിനിമാ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഈ നേട്ടം കൈവരിച്ച കാട്ടാശേരി ജോസഫ് യേശുദാസിനു ലഭിച്ച ഫിലിം ഫെയര്‍, ഫിലിം ക്രിട്ടിക്സ് തുടങ്ങിയ പുരസ്കാരങ്ങള്‍ കണക്കുകള്ക്കുമപ്പുറത്തായിരിക്കും.
1969 -ലാണ് മലയാളസിനിമാ പുരസ്കാരങ്ങള്‍ നല്കിത്തുടങ്ങിയത്. കുമാരസംഭവം എന്ന ചിത്രത്തിലെ ‘പൊന്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവല്ശൈലാഗ്രശൃംഗത്തില്’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് അവാര്‍ഡുകളുടെ ലോകത്തേക്ക് യേശുദാസ് കടന്നു വരുന്നത്. 1970, 71, 73, 74, 75, 76 വര്‍ഷങ്ങളില്‍ വിവിധ ചിത്രത്തിലെ ഗാനങ്ങള്‍ യേശുദാസിനെ അവാര്‍ഡിന് അര്‍ഹനാക്കി. 1977 -ല്‍ ജഗദ്ഗുരു ആദിശങ്കരന്, അംഗീകാരം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കായിരുന്നു അവാര്‍ഡ്.
ഉള്‍ക്കടല്‍ എന്ന ചിത്രത്തിലെ എം. ബി. ശ്രീനിവാസന് സംഗീതം നല്കിയ ‘കൃഷ്ണതുളസിക്കതിരുകള്‍ ചൂടിയൊരശ്രുകുടീരം ഞാന്‍’ എന്ന ഗാനം അവാര്‍ഡിന് നിമിത്തമായി. 1980 ല്‍ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍, അങ്ങാടി, മേള എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും 81, 82, 83 വര്‍ഷങ്ങളില്‍ വിവിധ ഗാനങ്ങള്‍ക്കും അവാര്‍ഡ് തേടിയെത്തി.
1984-ല്‍ സ്വന്തം ശാരിക എന്ന ചിത്രത്തിലെ ‘ഈ മരുഭൂവില്‍ പൂമരമെവിടെ'(പി.ഭാസ്കരന് -കണ്ണൂര്‍ രാജന്) എന്ന ഗാനവും 1985 -ല്‍ ജോണ്സണ് മാസ്റ്റര്‍ ഒരു കുടക്കീഴില് എന്ന സിനിമയ്ക്കായി ഈണം നല്കിയ ‘അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ഗാനത്തിനും അമ്പട ഞാനേ എന്ന സിനിമയിലെ ഗാനങ്ങള്‍ക്കുമായിരുന്നു പുരസ്കാരലബ്ദി.
ബോംബെ രവി സംഗീതം നല്കിയ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലെ ‘ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ’ എന്ന ഗാനത്തിലൂടെ അവാര്‍ഡ് ലഭിച്ച ശേഷം തന്നെ കുറച്ചു നാള് അവാര്‍ഡുകള്‍ക്ക് പരിഗണിക്കേണ്ടതില്ല എന്ന് യേശുദാസ് അധികാരികളോട് നിര്‍ദേശം നല്കി.
1993 -ല്‍ നിര്‍മ്മാതാക്കളുടെയും സംഗീതസംവിധായകരുടെയും നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം അവാര്‍ഡിന് തന്റെ പേരും പരിഗണിക്കാന്‍ സമ്മതം നല്കി. ആകാശദൂത്, പാഥേയം, ചെങ്കോല്‍ എന്നീ സിനിമകളിലെ ഗാനങ്ങളായിരുന്നു ആ വര്‍ഷം അദ്ദേഹത്തെ അവാര്‍ഡിന് യോഗ്യനാക്കിയത്. പരിണയം(1995) എന്ന ചിത്രത്തിന് വേണ്ടി യൂസഫലി കേച്ചേരി- ബോംബെ രവി ടീം ഒരുക്കിയ ‘സാമജസഞ്ചാരിണീ’ എന്ന ഗാനവും 1995- ല്‍ നമ്പര്‍ 1 സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, മഴയെത്തും മുന്‍പേ, പുന്നാരം എന്നീ ചിത്രത്തിലെ ഗാനങ്ങളും യേശുദാസിനെ മികച്ച ഗായകനാക്കി. 1996 -ല്‍ ദേശാടനം, തൂവല്‍ക്കൊട്ടാരം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍, രവീന്ദ്രന് മാസ്റ്റര്‍ സംഗീതം നല്കിയ ആറാം തമ്പുരാന് (1997)എന്ന സിനിമയിലെ ‘ഹരിമുരളീരവം’ 1998 -ല്‍ ‘ഏതോ നിദ്രതന്‍ പൊന്മയില്പ്പീലിയില്’ (അയാള്‍ കഥയെഴുതുകയാണ്) എന്ന ഗാനങ്ങളും 2001-ല്‍ രാവണപ്രഭു എന്ന സിനിമയിലെ ‘ആകാശദീപങ്ങള്‍ സാക്ഷി’ (സംഗീതം: സുരേഷ് പീറ്റേഴ്സ് )എന്ന ഗാനവും പുരസ്കാരവുമായെത്തി.
ഒരു ഇടവേളയ്ക്കു ശേഷം 2009 -ല്‍ മധ്യവേനല്‍ എന്ന ചിത്രത്തി്നു വേണ്ടി കൈതപ്രം ദാമോദരന്‍ എഴുതി കൈതപ്രം വിശ്വനാഥന് സംഗീതം നല്കിയ’സ്വന്തം സ്വന്തം ബാല്യത്തിലൂടെ ഒന്നു പോകാന്‍ മോഹമില്ലാത്തവരുണ്ടോ, സ്വന്തം സ്വന്തം പ്രണയത്തിലൂടെ ഒന്നലയാന്‍ ഉള്ളില്‍ കൊതി തോന്നാത്തവരുണ്ടോ ‘ എന്ന ഗാനവും 2015 -ല്‍ വൈറ്റ് ബോയ്സ് എന്ന സിനിമയിലെ ‘ആദിത്യകിരണങ്ങള്‍ അഞ്ജനമെഴുതും അകക്കണ്ണുമായൊരമ്മ കണ്ണില്‍ ആയിരം കടലുള്ളോരമ്മ (രചന:എസ്.രമേശന് നായര്‍ സംഗീതം : രമേശ് നാരായണ്‍ )എന്ന ഗാനവും യേശുദാസിനെ മുന്നിലെത്തിച്ചു.
യേശുദാസിനു ദേശീയ അവാര്‍ഡുകള്‍ നല്കിയ ഗാനങ്ങള്‍:
മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു (അച്ഛനും ബാപ്പയും 1972)
പത്മതീര്‍ത്ഥമേ ഉണരൂ (ഗായത്രി 1973)
ഗോരി തേരാ ഗാവ് ബഡാ പ്യാരാ (ചിറ്റ്ചോര്‍ 1976)
ആകാശദേശന (മേഘ സന്ദേശം, തെലുങ്ക് 1982)
ഉണ്ണികളേ ഒരു കഥ പറയാം (ഉണ്ണികളേ ഒരു കഥ പറയാം 1987)
രാമകഥാ ഗാനലയം (ഭരതം 1991)
ക്ഷീരസാഗര (സോപാനം 1993)
പോയ്മറഞ്ഞ കാലം (വിശ്വാസപൂര്‍വം മന്‍സൂര്‍ 2017)
സംഗീതത്തിനായി സ്വയം സമര്‍പ്പിച്ച ജീവിതത്തിനു ലഭിച്ച പുരസ്കാരങ്ങള്‍ നമ്മുടെ പുതുതലമുറയോട് സ്വന്തം കഴിവുകള്‍ തേച്ചുമിനുക്കി പ്രശോഭിക്കാനുള്ള സന്ദേശമാണ് നല്‍കുന്നത്.