കൊച്ചി : കേരളത്തിലെ വിവിധ രൂപതകളുടെ കെ സി എസ് എൽ ഡയറക്ടർമാരുടെ സംഗമം കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ആസ്ഥാന കേന്ദ്രമായ പിഒസിയിൽ വച്ച് നടത്തപ്പെട്ടു. കേരള കത്തോലിക്ക വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ രക്ഷാധികാരി ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് സംഗമം ഉദ്ഘാടനം ചെയ്തു.
വിശ്വാസം പഠനം സേവനം എന്നീ മുദ്രാവാക്യങ്ങളിലൂടെ വിദ്യാർഥികളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാൻ കെസിഎസ് എൽ എന്ന സംഘടനയ്ക്ക് കഴിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മൂല്യച്യുതി സംഭവിച്ച് വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥി സമൂഹത്തെ ക്രൈസ്തവ മൂല്യങ്ങളിലേക്ക് നയിക്കേണ്ടത് കെസിഎസ്എൽ പ്രസ്ഥാനത്തിൻറെ വലിയ കടമയാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ഫാ.തോമസ് തറയിൽ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി അറക്കൽ, കെ സി എസ് എൽ സംസ്ഥാന ഡയറക്ടർ ഫാദർ ലിജോ ഓടത്തക്കൽ എന്നിവർ ഡയറക്ടേഴ്സ് സംഗമത്തിന് നേതൃത്വം നൽകി.