ജെയിംസ് അഗസ്റ്റിന്
മലയാള സിനിമാഗാനങ്ങളെ പലരീതിയില്‍ വര്‍ഗീകരിച്ചിട്ടുണ്ട്. പ്രണയ ഗാനം, വിരഹഗാനം, നൃത്തഗാനം, ശാസ്ത്രീയം, അര്‍ദ്ധശാസ്ത്രീയം, താരാട്ടു പാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍, മൈലാഞ്ചിപ്പാട്ടുകള്‍ എന്നിങ്ങനെ. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വഞ്ചിപ്പാട്ടുകള്‍ അല്ലെങ്കില്‍ തോണിപ്പാട്ടുകള്‍. അതുപോലെ ക്രിസ്തീയ ഭക്തിഗാനശാഖയിലും കുറച്ചു വഞ്ചിപ്പാട്ടുകള്‍ ഉണ്ട്.
പുഴയും കായലും മത്സ്യബന്ധനവും മത്സ്യത്തൊഴിലാളികളും ക്രിസ്തുവുമായി എന്നും ചേര്ന്നുപോകുന്നതായിരുന്നല്ലോ. ക്രിസ്തു വഞ്ചിയില്‍ യാത്ര ചെയ്യുന്നതും കടലിനെ ശാന്തമാക്കുന്നതുമായ വിഷയത്തില്‍ അനേകം ഗാനങ്ങളുണ്ടെങ്കിലും രണ്ടു പാട്ടുകളുടെ സൃഷ്ടാക്കളെയാണ് നാം ഇന്ന് പരിചയപ്പെടുന്നത്.
കേരളാപൊലീസില്‍ ഡി.ജി.പി. ആയി സേവനം ചെയ്തിരുന്ന ടോമിന് തച്ചങ്കരി സംഗീതം നല്കിയ വചനം എന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ അതിപ്രശസ്തമാണ്. ഈ ആല്‍ബത്തിലെ ‘ഒരിക്കല്‍ യേശുനാഥന്‍’ എന്ന് തുടങ്ങുന്ന ഗാനം ക്രിസ്തീയ ഭക്തിഗാനശാഖയിലെ വഞ്ചിപ്പാട്ടുകളില്‍ നിന്നും ഓര്‍മയിലോടിയെത്തുന്ന ആദ്യഗാനങ്ങളില് ഒന്നാണ്.
ഒരിക്കല്‍ യേശുനാഥന്‍ ഗലീലി കടല്‍ത്തിരയില്‍
തോണിയേറി വലവീശിപ്പോണോരെക്കണ്ടേ(ഒരിക്കല്‍..)
അലകടലില് അലയും മുക്കുവരേ
ഒരുമയോടെ വരുവിന്‍ കര കയറാം
വലകള്‍ മാറിമാറി അലകടലില് വീശിനോക്കി
വെറുതേ തോണിയുമായ് അവരുഴറുമ്പോള്‍
ചെറുമീന്‍ പോലുമില്ലാതവരലയുമ്പോള്‍
വരുവിന്‍ വലയെറിയിന്‍ നിറയും വല വലിക്കിന്
മനസ്സിന്റെ അമരത്തെ ഗുരുവരുളുന്നു
മാനവരെ നേടുന്നോരായിരിക്കുക
ഇവിടെ മാനവര്‍ക്കു മോക്ഷദീപമാവുക നിങ്ങള്‍.
അറിയപ്പെടുന്ന പിന്നണി ഗാനരചയിതാവ് പി.കെ.ഗോപി എഴുതിയ ഈ ഗാനം ആലപിച്ചത് എം.ജി. ശ്രീകുമാര്‍ ആണ്. ഗാനം റിലീസ് ചെയ്തത് 1994-ലാണ്. ഈ ഗാനം നൃത്തരൂപത്തില്‍ ഏറെ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ആര്‍ച്ച്ബിഷപ് ഡോ.കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ എഴുതി ജോബ് ആന്‍ഡ് ജോര്‍ജ് സംഗീതം നല്കിയ ഒരു വഞ്ചിപ്പാട്ട് കെ.ജി. മാര്‍ക്കോസ് ആലപിച്ചിട്ടുണ്ട്.
‘പത്രോസിന് വഞ്ചിയില്‍ യേശുനാഥന്‍
ശിഷ്യന്മാരോടൊത്തു യാത്രയായി
അമരം പിടിച്ചു പത്രോസിരുന്നു
ശിഷ്യന്മാര് വഞ്ചി തുഴഞ്ഞു മെല്ലെ
ശക്തമാം കാറ്റൂതി അലകള്‍ പൊങ്ങി
ഓളത്തില്‍ വഞ്ചി വല്ലാതുലഞ്ഞു
ശാന്തപ്രശാന്തനാം യേശുനാഥന്‍
ശാന്തമായി വഞ്ചിയില്‍ നിദ്രകൊണ്ടു,
കല്ലോലമാലകള്‍ ആഞ്ഞടിച്ചു
വഞ്ചിയങ്ങാഴത്തില് മുങ്ങുമാറായി
അമരത്തിരിക്കും പത്രോസ് തളര്‍ന്നു
ശിഷ്യന്മാര് കൂട്ടക്കരച്ചിലായി
നാഥാ നീ ഞങ്ങളെ രക്ഷിക്കണേ
ആഴിതന്നാഴത്തിലാഴുമിപ്പോള്
ക്രിസ്തുവുണര്ന്നു കാറ്റിനെ ശാസിച്ചു
എല്ലാം ശാന്തമായി എല്ലാം ശാന്തമായി.
യേശുവിനേയും ശിഷ്യന്മാരെയും ഒരു പെയിന്റിങ്ങിലോ സ്ക്രീനിലോ കാണുന്ന പ്രതീതിയാണ് ഈ വരികള്‍ വായിക്കുമ്പോള്‍ നമുക്ക് തോന്നുന്നത്. അതിമനോഹരമായി സംഗീതം ചേര്‍ക്കപ്പെടുകയും ഓര്‍ക്കസ്ട്രേഷനില്‍ വ്യത്യസ്തത വരുത്തുകയും ചെയ്തതിനാല്‍ ഈ ഗാനം ആസ്വാദ്യകരമായി മാറി. ആര്‍ച്ച്ബിഷപ് കൊര്ണേലിയൂസിനു പ്രിയപ്പെട്ട ഗാനം കൂടിയായിരുന്നു ഇത്. ഈ ലോകം വിട്ടു പോയെങ്കിലും പാട്ടുകളിലൂടെ അതിന്റെ സൃഷ്ടാക്കളെ നാം ഓര്‍ക്കുകയാണ്.