ഫാ. സേവ്യര്‍ കുടിയാംശ്ശേരി
വിലയിരുത്തലും പ്ലാനിങ്ങുമില്ലാതെ ഒരു സമൂഹവും വളരുകയില്ല. അതിനാല്‍ ബജറ്റുകള്‍ സര്‍ക്കാരുകള്‍ക്ക് വളര്‍ച്ചയുടെ രക്ത ധമനികളാണ്. ഈ ബജറ്റിങ്ങ് എത്രകണ്ടു ദാര്‍ശനികവും കാഴ്ചപ്പാടോടുകൂടിയതുമാണോ അത്രകണ്ടു ഫലംപുറപ്പെടുവിക്കും. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് 31 ജനുവരി 2025 ല്‍ പാര്‍ലമൊന്റിന്റെ ഇരു സഭകളിലും സാമ്പത്തിക സര്‍വ്വേ അവതരിപ്പിച്ചു. 2025 ഇന്ത്യയുടെ ജിഡിപി 6.4 ശതമാനം വളര്‍ച്ചയുണ്ടാക്കുമെന്നാണ് സൂചിപ്പിക്കപ്പെട്ടത്. നമ്മുടെ സാമ്പത്തികാവസ്ഥ മാറ്റമില്ലാതെ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ് വിലയിരുത്തപ്പെട്ടത്. 2025 ഫെബ്രുവരി 1 ന് ബജറ്റും അവതരിപ്പിച്ചു.
തുല്യത പാലിച്ചോ
ഡല്‍ഹി, ബീഹാര്‍ എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തില്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെട്ട ഒരുവാക്ക് ബീഹാര്‍, ബീഹാര്‍ എന്നതായിരുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് എല്ലാം വാരിക്കോരി നല്കി എന്ന് ആക്ഷേപവും ഉണ്ട്. കേരളം എന്ന വാക്കുപോലും ധനമന്ത്രി പറഞ്ഞില്ല എന്നാണ് പൊതുവേയുള്ള സംസാരം. വയനാടിന്റെ ദുരന്ത നിവാരണത്തിന് ഒരു സഹായവും ചെയ്യാതിരുന്ന കേന്ദ്രം ബജറ്റിലെങ്കിലും പരിഗണിക്കുമായിരിക്കും എന്നു പ്രതീക്ഷിച്ചു. അതുമുണ്ടായില്ല. യാതൊരുവിധ ന്യായീകരണവുമില്ലാത്ത അവഗണനയായിപ്പോയി. കേരളം ഇന്ത്യയിലല്ലേ. ഇവിടെ നിന്നു നല്കപ്പെടുന്ന നികുതിയില്‍ ഈ സംസ്ഥാനത്തിനും അവകാശമില്ലേ എന്നൊക്കെ ചോദ്യങ്ങളുയര്‍ന്നു. എന്തിന് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനുതന്നെ വിള്ളലുണ്ടാക്കുന്നു എന്നു പറയാതെ പറഞ്ഞു. ഇതിനിടയില്‍ കേന്ദ്രമന്തി ജോര്‍ജ് കുര്യന് കൃത്യമായ വാക്കുപിഴയോടെ പറഞ്ഞുവച്ച വസ്തുത വിവാദവുമായി. യാഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും ബജറ്റില്‍ പരിഗണിച്ചിട്ടുണ്ട്. വളര്ച്ചവേണ്ട ചില സംസ്ഥാനങ്ങളെ പ്രത്യേകം പരിഗണിച്ചിട്ടുമുണ്ട്. അതു തുല്യത പാലിക്കല്തന്നെ എന്നു ജോര്‍ജ് കുര്യനു പറയാം.
മധ്യവര്‍ത്തി പ്രീണനം
തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുതന്നെ മധ്യവര്‍ത്തികളെ പ്രീണിപ്പിക്കാന്‍ പാകത്തില്‍ 12 ലക്ഷം വരെ വരുമാനം ഉള്ളവരെ നികുതിയില്‍നിന്ന് ഒഴിവാക്കി. അതു ഡല്‍ഹിയില്‍ ബിജെപിക്കു ഗുണം ചെയ്തു എന്ന് ഡല്‍ഹി തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ വ്യക്തമായി. തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് മധ്യവര്‍ത്തികളാണ്. ഇക്കാര്യത്തില്‍ കേരളവും കോളടിച്ചിരിക്കുകയാണ്. നമുക്കും കൂടുതലും മധ്യവര്‍ത്തികളാണ്. അവര്‍ക്കെല്ലാം ഉണ്ടായിരിക്കുന്ന നേട്ടം കേരളത്തിനൊട്ടാകെ ലഭിച്ച നേട്ടംതന്നെയാണ്. നിശ്ചയമായും ബജറ്റിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാം. പക്ഷേ ബജറ്റു വഴി ലഭ്യമാകുന്ന സാധ്യതകള്‍ അങ്ങേയറ്റം പ്രയോജനപ്പെടുത്തണം. ഈ ഇളവുവഴി കേന്ദ്ര സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന ഭീമമയ നികുതി തുക നഷ്ടപ്പെടും. അതിനു മറുമരുന്നു കുറിച്ചിട്ടുമില്ല. അത് ബജറ്റിനു പുറത്ത് അനവസരത്തില്‍ ജനങ്ങളെ ഭാരപ്പെടുത്താനിടയാകാതിരുന്നാല് മതി.
രണ്ട് എന്‍ജിനുകള്‍
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് രണ്ട് എന്‍ജിനുകളുണ്ട് എന്നു ധനമന്ത്രി പറയുന്നു. ഒന്നാമത്തെ എന്ജിന് കൃഷിയാണത്രേ. കാര്‍ഷിക മേഖലയ്ക്ക് 1.71 ലക്ഷം കോടി അനുവദിക്കുകയും ചെയ്തിരിക്കുന്നു. രണ്ടാമത്തെ എന്ജിന് ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളാണ് (എം.എസ്.എം.ഇ.) രാജ്യവികസനത്തിനായുള്ള രണ്ടാമത്തെ എന്‍ജിനായി വിശേഷിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര ബഡ്ജറ്റ് കേരളത്തിന്റെ വ്യവസായ മേഖലയേയും ഉണര്വ്വുള്ളതാക്കും. ഇവിടെയാണ് കേരളത്തിനു പ്രതീക്ഷ. സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി 2022 ഏപ്രില്‍ മുതല്‍ 2024 ഡിസംമ്പര്‍ വരെ സംസ്ഥാനത്ത് 3,39540 സംരംഭങ്ങള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ എം.എസ്.എം.ഇ എന്ന കേന്ദ്ര രണ്ടാം എന്ജിന് പ്രയോജനപ്പെടുത്തിയാല്‍ കേരളത്തിനു കുതിക്കാനാവും. നേരത്തെ നിലവുലുള്ള മുദ്രാ ലോണുകളും കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ പാകത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നു.
കരുതല്‍
ചില പ്രത്യേക മേഖലകള്‍ക്കു കൂടുതല്‍ കരുതലുണ്ട്. അത് അമ്മനാടിന്റെ കരുതല്‍തന്നെയാണ്.
കുട്ടികള്‍ക്കു വാത്സല്യം
കുട്ടികള്‍ക്കുവേണ്ടിയുള്ള എന്‍.പി.എസ്. വാത്സല്യ പദ്ധതിക്കും ഇനി നികുതി ഇളവ്. രക്ഷിതാക്കള്‍ക്കു കുട്ടികളുടെ പേരില്‍ നാഷണല്‍ പെന്ഷന് സ്കീം എടുക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് എന്‍.പി.എസ്.
പണിതീരാത്ത വീടുകള്‍ക്കു സഹായം
പമിതീരാതെ പ്രതിസന്ധിയില്‍പ്പെട്ട വീടുകളുടെ നിര്‍മ്മാണം ലക്ഷ്യത്തിലെത്തിക്കാന്‍ 15,000 കോടി രൂപയുടെ സ്വാമിഹ് -2 ഫണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്പെഷ്യല്‍ വിന്‍ഡോ ഫോര്‍ അഫോഡബിള്‍ ആന്‍ഡ് ഹൗസിങ്ങ് സ്കീം ആണ് സ്വാമിഹ്-2. ഇതു വഴി ഒരു ലക്ഷം വീടുകള്‍കൂടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ധനകാര്യ മ്ര്രന്തി വ്യക്തമാക്കി.
ക്യാന്‍സര്‍ രോഗികള്‍ക്കു പകല്‍ കേന്ദ്രങ്ങള്‍
ക്യാന്‍സര്‍ രോഗികള്‍ക്കു പകല്‍ കേന്ദ്രങ്ങള്‍ വീട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് രോഗികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നും ചികിത്സാ ചെലവു കുറയ്ക്കുമെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡേകെയര്‍ സെന്ററുകള്‍ തുടങ്ങുന്നു.
ഫിഷറീസ് മേഖല
ഫിഷറീസ് സമുദ്രോല്പന്ന മേഖലയ്ക്കു ബജറ്റില്‍ നല്കിയ പരിഗണന സമുദ്രോല്‍പ്പന്ന കയറ്റുമതി മേഖലയില്‍ ഒട്ടേറെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിനു നേട്ടമാകും. മാത്രമല്ല 200 നോട്ടിക്കല്‍ മൈല്‍ വരെയള്ള ഇന്ത്യയുടെ പ്രത്യേക സമുദ്രസാമ്പത്തിക മേഖലയുടെ ക്രിയാത്മകമായ വിനിയോഗത്തിനാണു ശ്രമം. നിലവില്‍ 12 നോട്ടിക്കല്‍ മൈല്ദൂരത്തെ തീരക്കടല്‍ മത്സ്യബന്ധനമാണു പ്രദാനമായും നടക്കുന്നത്.
ഇന്‍ഷ്വറന്‍സ് മേഖലയ്ക്കും നേട്ടം
ഇന്‍ഷ്വറന്‍സ് രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനമാക്കാനുള്ള ബജറ്റ് പ്രഖ്യാപനം ഈ രംഗത്തെ വളര്‍ച്ചയ്ക്കു കരുത്തേകും.
തപാല്‍വകുപ്പിനെ പുതുക്കി പണിയുന്നു
കേന്ദ്ര ബജറ്റിലെ ഏറ്റവും ഭാവാത്മകമായ ഒന്ന് തപാല്‍ വകുപ്പിനെ പുതുക്കി പണിയാന്‍ തയ്യാറായതാണ്. ലോകത്തിലെ ഏറ്റവും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ഒന്നാണ് ഇന്ത്യാ പോസ്റ്റ്. കത്തെഴുത്തവസാനിച്ച ഇക്കാലത്ത് ഇന്ത്യാ പോസ്റ്റു തകരുമെന്നു കരുതിയവര്‍ക്കു തെറ്റി. ഇന്ത്യയുടെ ധനകാര്യ മന്ത്രി ലോജിസ്റ്റിക് സ്ഥാപനമാക്കി, സൂപ്പര്‍ പോസ്റ്റാക്കി ഉയര്‍ത്തുന്നു. ക
ത്തുകൈമാറ്റം മാത്രമല്ല ചരക്കു ഗതാഗതം ഉള്‍പ്പടെ കൈകാര്യം ചെയ്യുന്ന വന്‍ സ്ഥാപനമായി തപാല്‍ വകുപ്പിനെ മാറ്റുകയാണ്.കഴിഞ്ഞ സെപ്റ്റംമ്പറില്‍ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ മാറ്റത്തെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. രാജ്യത്തെ ഒന്നര ലക്ഷം ഗ്രാമീണ പോസ്റ്റോഫീസുകള്‍, ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്ക്, 24 ലക്ഷം തപാല്‍ സേവാ കേന്ദ്രങ്ങള്‍ എന്നിവയുടെ സംയോജനമാണ് ആദ്യപടി.
ഗ്രാമീണ മേഖലയില്‍ രൂപപ്പെടുന്ന പുതിയ സംരംഭങ്ങള്‍, സ്ത്രീ സ്വയം സഹായ സംഘങ്ങള്‍, സൂക്ഷ്മചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം പുതുഭാവം നല്‍കുന്നതാണ് പുതിയ രൂപമാറ്റം. ഗ്രാമീണ മേഖലയില്‍ പരമ്പാരാഗതസേവനങ്ങള്ക്കൊപ്പം കമ്യൂണിറ്റി സെന്ററുകള്കൂടിയായി മാറും. സൂക്ഷ്മ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കും ഇന്‍ഷ്വറന്‍സും മറ്റു ഡിജിറ്റല്‍ സേവനങ്ങളും ലഭ്യമാക്കും. ഇത്തവണത്തെ കേന്ദ്ര ബജറ്റിലെ ഏറ്റവും ശ്രദ്ധേയവും പ്രതീക്ഷനല്കുന്നതുമായ രൂപമാറ്റമാണ് ഇന്ത്യാ പോസ്റ്റിനു ലഭിക്കുക. നിര്‍മ്മല സീതാരാമന് അഭിനന്ദനങ്ങള്‍.
സംസ്ഥാന ബജറ്റ്
പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റാണ്. എന്നിട്ടും ഒരു ജനപ്രിയ ബജറ്റ് അവതരിപ്പിക്കാനായില്ല. കാരണം വ്യക്തം, സംസ്ഥാനം കടത്തില്‍ മുങ്ങി നില്ക്കുന്നു. സാധാരണ രീതിയനുസരിച്ച് ബജറ്റ് അവതരിപ്പിക്കുന്നതിനുമുമ്പ് സാമ്പത്തിക സര്‍വ്വേ അവതരിപ്പിക്കാറുണ്ട്. പക്ഷേ അതുണ്ടായില്ല. ബോധപൂര്‍വ്വമോ എന്തോ സാമ്പത്തിക സര്‍വ്വേ അവതരിപ്പി
ച്ചില്ല. ഒടുവില്‍ പ്രതിപക്ഷ നേതാവ് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ മേശപ്പുറത്തു വച്ചിരിക്കുന്നു എന്നു പറഞ്ഞു. അതവിടെ മേശപ്പുറത്തിരിക്കുന്നു എന്നേ നമുക്കും പറയാനാവൂ. നമ്മുടെ ധനകാര്യ മന്ത്രിയുടെ ആദ്യത്തെ നിരീക്ഷണം ലോകം മുഴുവന്‍ അക്രമം അരങ്ങറുമ്പോള്‍ നമ്മുടെ നാട്ടില്‍ സമാധാനം നിലനില്ക്കുന്നു എന്നാണ്. ധനമന്ത്രിക്ക് എന്തോ മാനസിക രോഗമുണ്ടെന്നല്ലാതെ ഇതേക്കുറിച്ച് എന്തു പറയാനാണ്. അക്രമവും കൊലപാതകങ്ങളും ആത്മഹത്യകളും നിറഞ്ഞു നില്ക്കിന്നിടത്താണ് ഇവിടെ സമാധാനമാണെന്ന് വിലയിരുത്തിയത്.
വമ്പന്‍ പ്രഖ്യാപനങ്ങളൊന്നുമില്ല. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം നടപ്പാക്കാന്‍ 750 കോടി. ലൈഫിലൂടെ ഒരു ലക്ഷംപേര്‍ക്കുകൂടി വീടു നല്കാന്1,160 കോടി. ആലപ്പുഴക്കാരുടെ രണ്ടു സംരംഭങ്ങള്‍ ബജറ്റു പ്രസംഗത്തില്‍ ഇടംനേടി. ചേര്‍ത്തലയിലെ ടെക്ജന്ഷ്യയായും ചെന്നിത്തലയിലെ ഏത്തക്ക ഉപ്പേരി നിര്‍മ്മാണ കമ്പനിയും. ഭൂമി നികുതി 50 ശതമാനം കൂട്ടി. 23 ഇനം കോടതി ഫീസുകള്‍ കൂട്ടി. 15 വര്‍ഷത്തിലേറെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ റോഡു നികുതി 50 ശതമാനംകൂട്ടി. കിഫ്ബി റോഡുകള്‍ക്കു ടോള്‍ വരുമെന്നു സൂചന. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ദ്ധിപ്പിച്ചു. ക്ഷേമ പെന്‍ഷന്‍കാരെ മറന്നു.
തീരത്തെ പൂര്‍ണമായും അവഗണിച്ച ബജറ്റ്. കുറെക്കാലമായി തീരപ്രദേശം അവഗണനയിലാണ്. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ തീരത്തെ ഉപേക്ഷിച്ചമട്ടാണ്. ഈ സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റെന്ന നിലയില്‍ മത്സ്യത്തൊഴിലാളികള്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. തീരത്തെ പരിപൂര്‍ണമായും അവഗണിച്ചുകൊണ്ടുള്ള ബഡ്ജറ്റാണ് ധനകാര്യ മന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതൊന്നും പരിഗണിക്കപ്പെട്ടില്ല. മത്സ്യമേഖലയ്ക്കായി ഒരു പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചില്ല. തീര സംരക്ഷണത്തിനായി ഒരു പദ്ധതിയുമില്ല.
കടല്‍ക്ഷോഭത്തില്‍ വീടും പറമ്പും നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ നടപടിയില്ല. കടല്‍ക്ഷോഭം പ്രകൃതി ദുരന്തമായിട്ടു പോലും അംഗീകരിച്ചിട്ടില്ല. മണ്ണെണ്ണ വില കുറച്ചില്ല എന്നു മാത്രമല്ല. മണ്ണെണ്ണ ആവശ്യത്തിനു ലഭ്യമാക്കാനും നടപടിയില്ല. മത്സ്യ ലഭ്യത ഇപ്പോള്‍ വളരെക്കുറവാണ്. ദാരിദ്ര്യമകറ്റാന്‍ ഒരു മാര്‍ഗവും ചൂണ്ടിക്കാണിച്ചില്ല. സീവാള്‍ ഇല്ലാത്തിടങ്ങളില്‍ സീ വാള് നിര്‍മ്മിക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇക്കാലത്ത് മീന്‍പിടിക്കാന്‍ പോകരുത് എന്നു സര്‍ക്കാര്‍ പറയുന്ന ദിവസങ്ങളില്‍ കോമ്പന്‍സേഷന്‍ നല്കേണ്ടതാണെന്നു മനുഷ്യാവകാശ കമ്മീഷന് പറഞ്ഞിട്ടു പോലും പരിഗണിച്ചില്ല. മണല്‍ ഖനനത്തിനെതിരേ മീന്‍പിടുത്തക്കാര്‍ പോരാടിക്കൊണ്ടിരിക്കുമ്പോഴാണ് മണല്‍ഖനനത്തിനായി 10 ലക്ഷം നീക്കി വച്ചിരിക്കുന്നത്. ഇതു പ്രതിഷേധാര്‍ഹമാണ്.
മത്സ്യത്തൊഴിലാളികള്‍ക്കായി നീക്കിവച്ചെന്നു പറയപ്പെടുന്ന 41.10 കോടി രൂപാ കൊണ്ട് ആര്‍ക്ക് എന്തു ലഭിക്കാനാണ്. 2465 കോടി രൂപാ മാറ്റി വച്ചിരിക്കുന്നത് ഫിഷറീസ് ആന്‍ഡ് അക്വ കള്‍ച്ചര്‍ ഡിവലപ്മെന്റിനു വേണ്ടിയാണ്. പാരമ്പര്യ മത്സ്യത്തൊഴിലാളികള്‍ അവിടേയും തഴയപ്പെടുന്നു. പൊന്തു വഞ്ചിക്കാരുടെ പ്രശ്നങ്ങളും ശ്രദ്ധിക്കപ്പെട്ടില്ല. മീന്‍പിടുത്തക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാതെ നിരുത്തരവാദിത്വപരമായാണ് ധനമന്ത്രി ബജറ്റവതരിപ്പിച്ചിരിക്കുന്നത്.
പുനര്ഗേഹത്തിനു വഴിയടഞ്ഞു
മത്സ്യത്തൊഴിലാളികള്‍ക്കു വീടൊരുക്കുകയെന്ന ലക്ഷ്യത്തോടെ 5 വര്‍ഷം മുമ്പ് ആരംഭിച്ച പുനര്‍ഗേഹം പദ്ധതി കാലോചിതമായി പരിഷ്കരിക്കുമെന്നു പ്രതീക്ഷിച്ചവര്‍ക്കു നിരാശ. എന്നാലും പ്രതീക്ഷയ്ക്കു വകയുണ്ട്. നമുക്കു കാത്തിരിക്കാം.