മോൺ. ഡോ. ഡി. സെല്‍വരാജനെ നെയ്യാറ്റിന്‍കര രൂപതയുടെ സഹബിഷപ്പായി (പിന്‍തുടര്‍ച്ചാവകാശമുളള ബിഷപ്പായി) ഫ്രാന്‍സിസ്പാപ്പ നിയമിച്ചു. നിലവില്‍ നെയ്യാറ്റിന്‍കര റീജിയണല്‍ കോ-ഓർഡിനേറ്ററും രൂപതയുടെ ജൂഡീഷ്യല്‍ വികാറുമാണ് മോൺ. ഡി. സെല്വരാജന്.
വലിയവിള ക്രൈസ്റ്റ് ദ കിംഗ് ഇടവകാഗമായ അച്ചന് വലിയവിള വെങ്കടമ്പ് ഒറ്റപ്ലാവിള ഡി.എം. സദനത്തില്‍ ദാസന്റെയും മുത്തമ്മയുടെയും ആറു മക്കളില്‍ രണ്ടാമനാണ്. ബിഷപ്പ് ബന്സിഗര് മെമ്മോറിയല്‍ എല്‍പിഎസ്, വ്ളാത്താങ്കര സെന്റ് പീറ്റേഴ്സ് യുപി എസ്, കുളത്തൂര്‍ ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക പഠനത്തിനു ശേഷം 1978 ജൂണ്‍ 11 ന് പാളയം സെന്റ് വിന്‍സെന്റ് സെമിനാരിയില്‍ വൈദിക പരിശീലനത്തിനു ചേര്‍ന്നു.
വലിയവിള ഇടവക വികാരി ജോര്‍ജ് ഡാലിവിളയാണ് ബാലനായ സെല്വരാജനിലെ ദൈവവിളി തിരിച്ചറിഞ്ഞത്. കർമ്മലഗിരി പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു. തുടര്‍ന്ന്, അഭിവന്ദ്യ മോണ്‍. മാര്‍ക്ക് നെറ്റോയില്‍ നിന്നും വൈദീകവസ്ത്രം സ്വീകരിച്ചു. മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ ദൈവശാസ്ത്രം പൂര്‍ത്തീകരിച്ചു.
തിരുവനന്തപുരം സെന്റ് ജോസഫ് കത്തീഡ്രലില്‍ വച്ച് അഭിവന്ദ്യ ജേക്കബ് അച്ചാരുപറമ്പില്‍ പിതാവില്‍ നിന്നും ഡീക്കന്‍ പട്ടം സ്വീകരിച്ചു. ഡയഗ്നേറ്റ് ശുശ്രൂഷ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഗോതുരുത്തിലും പൂര്‍ത്തിയാക്കി. 1987 ഡിസംബര്‍ 23-ന് അഭിവന്ദ്യ ജേക്കബ് അച്ചാരുപറമ്പില്‍ പിതാവിന്റെ കൈവെയ്പ്പ് വഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു. അന്നത്തെ പൗരോഹിത്യ സ്വീകരണ ചടങ്ങില്‍ ദിവ്യബലിക്കു വചനസന്ദേശം നല്‍കിയത് ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവലായിരുന്നു. 2000-ല്‍ ബെല്‍ജിയത്തിലെ ലുവൈന്‍ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഫ്രഞ്ച്, ലാറ്റിന്‍, ജര്‍മന്‍, ഗ്രീക്ക് എന്നീ ഭാഷകളില്‍ അച്ചന് പ്രാവിണ്യമുണ്ട്.
മുതിയാവിള സെന്റ്റ് ആല്‍ബര്‍ട്ട്സ് പള്ളി, തിരുവനന്തപുരം അതിരൂപതയില്‍ തൂത്തൂര്‍ ഫെറോനയിലെ ചിന്നത്തുറ സെന്റ് ജൂഡ് പള്ളി, മാണിക്യപുരം വിശുദ്ധ കൊച്ചുത്രേസ്യാ പള്ളി, മാറനല്ലൂര്‍ സെന്റ് പോള്‍സ് പള്ളി, നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ പള്ളി, ഓലത്താന്നി സേക്രഡ് ഹാര്‍ട്ട് പള്ളി, തിരുപുറം സെന്റ് സേവ്യേഴ്സ് തുടങ്ങിയ പള്ളികളിൽ അജപാലന ശുശ്രൂഷ നിര്‍വ്വഹിച്ചു. നിലവില്‍ പത്തനാവിള സെന്റ് ജോസഫ് പള്ളിയിൽ ഇടവക വികാരിയാണ് അദ്ദേഹം.
തിരുവനന്തപുരം അജപാലന സമിതി സുവിശേഷവത്കരണ കമ്മിഷന് എക്സിക്യൂട്ടീവ് സെക്രട്ടറി, നെയ്യാറ്റിന്‍കര രൂപത പാസ്റ്ററല്‍ മിനിസ്ട്രി ഡയറക്ടര്‍, രൂപത വിദ്യാഭ്യാസ ഡയറക്ടര്‍, കോര്‍പ്പറേറ്റ് മാനേജര്‍, രൂപതാ ഫിനാന്‍സ് കൗണ്‍സിലംഗം, സഭാ കോടതിയില്‍ ഡിഫന്‍ഡര്‍ ഓഫ് ദ ബോണ്ട് (വിവാഹ കൂദാശാനുകൂലമായി വാദിക്കുന്ന രൂപതാ ജഡ്ജ്), ലോഗോസ് പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ എന്നിങ്ങനെ മോൺ. ഡോ. ഡി. സെല്വരാജന് നിരവധി പദവികളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചു. 2007 മുതല്‍ മെത്രാന്റെ ഉപദേശക സമിതി അംഗമായും 2008 മുതല്‍ രൂപത ചാൻസിലറായും 2011 മുതല്‍ രൂപതയുടെ ജുഡീഷ്യല്‍ വികാറായും സേവനം അനുഷ്ടിച്ചുവരികയായിരുന്നു.