ജെക്കോബി
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് നടക്കുമ്പോള്‍, പ്രധാനമന്ത്രി മോദി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ‘മാനവവര്‍ഗത്തിന്റെ ഏറ്റവും വലിയ വിശ്വാസസംഗമം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന മഹാകുംഭമേളയില്‍ പുണ്യനദികളായ ഗംഗയും യമുനയും അദൃശ്യയായ സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തി. നീല ട്രാക്ക് പാന്റ്സും കാവി ജാക്കറ്റും നീല ഷാളുമണിഞ്ഞ് കൈയില്‍ നീണ്ട രുദ്രാക്ഷമാലയുമായി സ്നാനഘട്ടത്തില്‍ മൂന്നുവട്ടം മുങ്ങുകയും, പിന്നീട് കറുത്ത കുര്‍ത്തയും കാവി അങ്കിയും ഹിമാചലി തൊപ്പിയുമണിഞ്ഞ് ഗംഗാ ആരതിയും പൂജാവിധികളും നടത്തുകയും ചെയ്ത പ്രധാനമന്ത്രിയുടെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ ദൃശ്യമാധ്യമങ്ങള്‍ക്ക് വോട്ടെടുപ്പ് ദിനത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആയതും സ്വാഭാവികം.
‘ദൈവികബന്ധത്തിന്റെ ധന്യനിമിഷം’ എന്നാണ് പ്രധാനമന്ത്രി ‘എക്സ്’ പോസ്റ്റില്‍ കുറിച്ചത്. ഇന്ത്യയുടെ ആധ്യാത്മിക, സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ദൃഷ്ടാന്തമെന്നാണ് പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്നുള്ള വാര്‍ത്താകുറിപ്പില്‍ പറഞ്ഞത്.
ജനുവരി മൂന്നിന് പൗഷ് പൂര്‍ണിമയില്‍ തുടങ്ങി ഫെബ്രുവരി 26ന് മഹാശിവരാത്രിയില്‍ സമാപിക്കുന്ന കുംഭമേളയില്‍ മൗനി അമാവസ്യ, വസന്ത പഞ്ചമി, മാഘി പൂര്‍ണിമ, മഹാ ശിവരാത്രി എന്നീ പുണ്യതിഥികളിലാണ് ‘ശാഹി സ്നാന്’ എന്ന പ്രധാന സ്നാനദിനങ്ങള്. ഡല്‍ഹിയിലെ പോളിങ് ദിനം നോക്കി പ്രധാനമന്ത്രി ത്രിവേണി സംഗമത്തില്‍ മാഘാഷ്ടമി പുണ്യസ്നാനം നടത്താന്‍ നിശ്ചയിച്ചത് ‘മതനിരപേക്ഷ ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദുത്വ ആചാര്യനായി സ്വയം പ്രതിഷ്ഠിക്കുന്ന’ മോദി ഭൂരിപക്ഷ മതവികാരമുണര്‍ത്തി ജനവിധിയെ സ്വാധീനിക്കാന്‍ ആവിഷ്കരിച്ച തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണെന്ന് ചില രാഷ് ട്രീയ നിരീക്ഷകര്‍ കരുതുന്നുണ്ട്. പ്രധാനമന്ത്രിയുടെ 2019-ലെ കേദാര്‍നാഥ് ഗുഹയിലെ മന്ത്രോച്ചാരണവും 2024-ലെ കന്യാകുമാരി വിവേകാനന്ദ പാറയിലെ ധ്യാനവ്രതവും ലൈവായി രാജ്യവ്യാപകമായി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടതും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണല്ലോ.
അഡ്വാന്‍സ്ഡ് സര്‍വെയ്ലന്‍സ്, ഡ്രോണ്‍ മോണിറ്ററിങ്, 40,000 വരുന്ന പൊലീസ് സേനാവ്യൂഹത്തോടൊപ്പം പാരാ മിലിറ്ററി, ഹോം ഗാര്‍ഡ് എന്നിവ ഉള്‍പ്പെടെ വന്‍ സുരക്ഷാസേനാ സന്നാഹങ്ങള്‍, 2,750 എഐ-അധിഷ്ഠിത സെക്യൂരിറ്റി ക്യാമറകള്‍, സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് മള്‍ട്ടി ഡിസാസ്റ്റര്‍ റെസ്പോണ്‍സ് വെഹിക്കിള്‍സ് എന്നിങ്ങനെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള ലോകോത്തര സംവിധാനങ്ങള്‍ ഒരുക്കിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിആര്‍ കാംപെയ്ന് സംഘങ്ങള്‍, 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത രാഷ് ട്രീയ പ്രതിച്ഛായനിര്മിതി യജ്ഞത്തിന്റെ ഭാഗമായി ഉദ്ഘോഷിച്ചുകൊണ്ടിരിക്കെ, എട്ടു കോടിയിലേറെ തീര്‍ഥാടകര്‍ വന്നെത്തുമെന്നു കണക്കാക്കുന്ന മൗനി അമാവാസ്യ സ്നാനദിനത്തില്‍ ത്രിവേണി സംഗമത്തിലേക്ക് വിവിഐപികളും അഘാഡ സംഘങ്ങളും കടന്നുപോകുന്നിടത്തെ ബാരിക്കേഡുകള്ക്കടുത്ത് തിക്കിലും തിരക്കിലും പെട്ട് അനേകം തീര്‍ഥാടകര്‍ മരിക്കുകയും ഒട്ടേറെപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് യോഗിക്ക് വലിയ ആഘാതമായി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമൊക്കെ ദുരന്തത്തില്‍ ഞെട്ടലും അനുശോചനവും പ്രകടിപ്പിച്ചിട്ട് ഏതാണ്ട് 17 മണിക്കൂര്‍ കഴിഞ്ഞാണ് പ്രയാഗ് രാജില്‍ ‘ചിലര്‍ക്ക് പരിക്കേറ്റ’ വിവരം യോഗിയുടെ ബിജെപി സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്.
30 പേര് മരിച്ചു, 60 പേര്‍ക്ക് പരിക്കേറ്റു എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ‘ജെസിബി മെഷീനുകള്‍ ഉപയോഗിച്ച് ട്രാക്റ്റര്‍ ട്രോളികളില്‍ നിറച്ച മൃതദേഹങ്ങള്‍ എവിടേയ്ക്കു കൊണ്ടുപോയെന്ന് നിശ്ചയില്ല’ എന്നാണ് യുപി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് ലോക്സഭയില്‍ ആരോപിച്ചത്. കുറെ മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളിയതായും, കാണാതായ 15,000 പേരെ കുടുംബാംഗങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കയാണെന്നും എസ്പി എംപിമാര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
മഹാകുംഭ് ദുരന്തത്തിന് ഇരയായവരുടെ എണ്ണവും പേരുവിവരവും സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നു.
ഡിജിറ്റല്‍ മഹാകുംഭ് എക്സ്പീരിയന്‍സ് സെന്റര്‍, ലക്ഷ്വറി ടെന്റുകള്‍ തുടങ്ങി ടൂറിസം പ്രമോഷനൊപ്പം മോദിയുടെയും യോഗിയുടെയും ഹിന്ദുത്വ രാഷ് ട്രീയ പ്രചാരണത്തിനുള്ള ഏറ്റവും വലിയ പ്ലാറ്റ്ഫോമായി മഹാകുംഭ് വേദിയെ മാറ്റിയതെങ്ങനെയെന്ന് ന്യൂയോര്‍ക്ക് ടൈംസ് (‘ദ് ഡിവൈന്‍, ദ് ഡിജിറ്റല്‍, ആന്‍ഡ് ദ് പൊളിറ്റിക്കല്‍ അറ്റ് ഹ്യുമാനിറ്റീസ് ലാര്‍ജസ്റ്റ് ഗാതറിങ്’) വിശകലനം ചെയ്യുന്നുണ്ട്. കുംഭമേളയ്ക്കു മുന്നോടിയായി കഴിഞ്ഞ ഡിസംബറില്‍ പ്രയാഗ് രാജിലെത്തിയ പ്രധാനമന്ത്രി 5,500 കോടി രൂപയുടെ 167 വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. 45 കോടി തീര്‍ഥാടകരെ പ്രതീക്ഷിക്കുന്ന മഹാകുംഭമേളയ്ക്കായി തയാറാക്കിയ 4,000 ഹെക്ടര്‍ വരുന്ന താത്കാലിക നഗരിയില്‍ ഒന്നര ലക്ഷം ടെന്റുകളുണ്ട്. ആ നഗരിയിലെങ്ങും മോദിയുടെയും യോഗിയുടെയും കൂറ്റന്‍ ഹോര്‍ഡിങ്ങുകള്‍ കാണാം. പ്രധാനമന്ത്രി സ്നാനത്തിന് എത്തിയ ബുധനാഴ്ച ഉച്ചവരെ 55 ലക്ഷം തീര്‍ഥാടകര്‍ സ്നാനഘട്ടങ്ങളിലുണ്ടായിരുന്നുവെന്നാണ് യുപി ഗവണ്മെന്റിന്റെ മഹാകുംഭ ഡേറ്റയില്‍ പറയുന്നത്. ഭൂട്ടാന് രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യാല്‍ വാംഗ്ചുക്ക് ചൊവ്വാഴ്ച പുണ്യസ്നാനത്തിന് എത്തിയിരുന്നു. അതിന്റെ തലേന്ന് വസന്ത് പഞ്ചമി അമൃത സ്നാനത്തിന് മൂന്നു കോടി തീര്ഥാടകരുണ്ടായിരുന്നുവെന്നാണ് കണക്ക്. രണ്ടുമാസത്തോളം, ഇത്രയും ബൃഹത്തായ തീര്ഥാടകപ്രവാഹത്തിനിടയില് ബിജെപി ഭരണകൂടവും സംഘപരിവാരങ്ങളും സനാതന ധര്‍മ്മസംരക്ഷണത്തിന്റെ പേരില്‍ ഏറ്റെടുത്തു നടപ്പാക്കുന്ന കര്‍മപരിപാടികളുടെ എണ്ണവും തോതും ഊഹിക്കാവുന്നതേയുള്ളൂ.
ഈ മഹാകുംഭത്തിന്റെ ചരിത്രപ്രാധാന്യവും ലോജിസ്റ്റിക്കല്‍ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ‘അഖണ്ഡ ഹിന്ദു രാഷ്ട്ര ഭരണഘടന’ വസന്ത പഞ്ചമിക്ക് ഹിന്ദു രാഷ്ട്ര സംവിധാന്‍ സമിതി എന്ന പേരില്‍ വാരാണസിയിലെ ശാംഭവി പീഠാധിപതി സ്വാമി ആനന്ദ് സ്വരൂപ് മഹാരാജിന്റെ നേതൃത്വത്തില്‍ പ്രയാഗ് രാജില്‍ അവതരിപ്പിക്കുന്നത്, ലോക്സഭയില്‍ പ്രധാനമന്ത്രി മോദി താന്‍ ഇന്ത്യന്‍ ഭരണഘടനയുടെ അരൂപിയില്‍ ജീവിക്കുന്ന നേതാവാണ് (ഹം സംവിധാന്‍ കോ ജീത്തേ ഹേ) എന്ന് സമര്ത്ഥിച്ചുകൊണ്ടിരുന്ന നേരത്താണ്.
ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികത്തില്‍, അതിനു ബദലായി ‘ഇന്ത്യയെ 2035-ല്‍ ഹിന്ദു രാഷ്ട്രമായി മാറ്റുന്നതിനുള്ള ഭരണഘടന’ മഹാകുംഭമേളയില്‍ നാലു ശങ്കരാചാര്യന്മാരുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതായി പരസ്യ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് നിയമനടപടി സ്വീകരിക്കാന്‍ അമിത് ഷായുടെ ഭാരതീയ ന്യായ സംഹിതയില്‍ വകുപ്പില്ലെന്നുണ്ടോ?
ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ സംസ്കൃത യൂണിവേഴ്സിറ്റി, വാരാണസിയിലെ സംപൂര്‍ണാനന്ദ് സംസ്കൃത യൂണിവേഴ്സിറ്റി, ബെനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ സനാതന ധര്‍മ്മ പണ്ഡിതന്മാര് ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ നിന്ന് 14 പേരും ദക്ഷിണേന്ത്യയില്‍ നിന്ന് 11 പേരും ഉള്‍പ്പെടെ 25 അംഗ വിദഗ്ധ സമിതിയാണ് 12 മാസവും 12 ദിവസവും കൊണ്ട് 501 പേജ് വരുന്ന അഖണ്ഡ ഹിന്ദു രാഷ് ട്ര ഭരണഘടന തയാറാക്കിയതെന്ന് സ്വാമി ആനന്ദ് സ്വരൂപ് അവകാശപ്പെടുന്നു. മനുസ്മൃതിയിലും രാമരാജ്യത്തിലും കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലും നിന്ന് ആര്‍ഷഭാരതസംസ്കൃതിയുടെ അടിസ്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഈ ഭരണഘടനയ്ക്ക് രൂപം നല്കിയിട്ടുള്ളതത്രേ.
”ലോകത്ത് 127 ക്രൈസ്തവ രാജ്യങ്ങളുണ്ട്, 57 മുസ് ലിം രാജ്യങ്ങളും 15 ബുദ്ധമത രാജ്യങ്ങളുമുണ്ട്. ജൂതന്മാര്ക്ക് ഇസ്രയേലുണ്ട്. എന്നാല്‍ 175 കോടി ഹിന്ദുക്കള്‍ക്ക് ഒരു ഹിന്ദു രാഷ്ട്രമില്ല,” ആനന്ദ് സ്വരൂപ് പറയുന്നു. ”കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ ഇന്ത്യന്‍ ഭരണഘടനയില്‍ 300 ഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ നിരവധി സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന നമ്മുടെ വേദഗ്രന്ഥങ്ങളില്‍ ഒരു മാറ്റവുമില്ല. അതാണ് സനാതന ധര്‍മ്മത്തിന്റെ മൂല്യം.”
കേള്‍ക്കുമ്പോള്‍ പരിഹാസ്യമെന്നു തോന്നുമെങ്കിലും ഹിന്ദുത്വ പ്രത്യയശാസ്ത്ര സംവാദത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ് ട്രീയ പ്രചാരണത്തിന്റെ മാര്‍ഗരേഖയായി മഹാകുംഭമേള വേദിയില്‍ നിന്ന് വിതരണം ചെയ്യുന്ന ഹിന്ദു രാഷ്ട്ര ഭരണഘടനയിലെ വ്യവസ്ഥകള്‍, ആര്‍എസ്എസിന്റെ ശതാബ്ദിയാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ വൈകാരിക പ്രതികരണങ്ങള്‍ ഉണര്ത്താതിരിക്കുകയില്ല. മുഖ്യധാരാ രാഷ് ട്രീയത്തില്‍ പൊതുആഖ്യാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഇത്തരത്തിലാണ്.
ഹിന്ദു രാഷ്ട്രത്തില്‍ ഹിന്ദു ധര്‍മ്മ പാര്‍ലമെന്റ് എന്ന പേരില്‍ 543 അംഗങ്ങളുള്ള ഏകമണ്ഡല (യൂണികാമറല്) നിയമനിര്‍മാണസഭയാണ് ഉണ്ടാവുക. ധാര്‍മിക് സംസദ് എന്ന പേരിലാകും എംപിമാര്‍ അറിയപ്പെടുക. സനാതന ധര്മ്മത്തില്പെട്ടവര്ക്കു മാത്രമേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുള്ളൂ. വേദ ഗുരുകുലങ്ങളില്‍ പരിശീലനം നേടിയ, 25 വയസു തികഞ്ഞവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. എന്നാല്‍ വോട്ടവകാശത്തിന്റെ പ്രായം 16 വയസാണ്. വോട്ടവകാശം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉദ്ഭവിച്ച ജൈന, സിഖ്, ബൗദ്ധ മതക്കാര്‍ ഉള്‍പ്പെടെയുള്ള സനാതന ധര്‍മ്മക്കാര്‍ക്കു മാത്രമാണ്. മണ്ഡലത്തിലെ 50,000 ആളുകളുടെ കൈയൊപ്പോടെയുള്ള അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ധര്‍മ്മ പാര്‍ലമെന്റ് അംഗത്തെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥയുണ്ട്.
രാഷ്ട്രാധ്യക്ഷന് എന്ന പേരില്‍ രാജ്യത്തെ ഭരണാധികാരിയെ ധര്‍മ്മ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനു തിരഞ്ഞെടുക്കും. ധര്‍മ്മശാസ്ത്രത്തിലും രാജശാസ്ത്രത്തിലും വൈദഗ്ധ്യവും അഞ്ചുവര്‍ഷമെങ്കിലും പ്രായോഗിക ഭരണപരിചയവും നേതൃത്വഗുണവും ആയുധാഭ്യാസ നൈപുണ്യവുമുള്ളയാളാകണം രാഷ് ട്രാധ്യക്ഷന്. യുദ്ധം വന്നാല്‍ ഈ നേതാവാണ് സൈന്യത്തെ നയിക്കേണ്ടത്.
രാജ്യത്തെ എല്ലാ പൗരര്‍ക്കും സൈനിക പരിശീലനം നിര്‍ബന്ധമാണ്. കൃഷിക്ക് പൂര്‍ണമായും നികുതി ഇളവു ലഭിക്കും. മോഷണത്തിനും മറ്റും കടുത്ത ശിക്ഷ നല്‍കും. ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും രാജ്യത്തു ജീവിക്കാനുള്ള അവകാശമുണ്ടാകും. എന്നാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ അതികഠിനമായിരിക്കും. ‘സര്‍വേ ഭവന്തു സുഖിനഃ’ (ഏവരും സന്തുഷ്ടരായിരിക്കട്ടെ), ‘വസുധൈവ കുടുംബകം’ (ലോകം ഒരു കുടുംബം) എന്നീ തത്ത്വങ്ങളാകും റിപ്പബ്ലിക്കിനെ നയിക്കുക. എന്നാല്‍ രാജ്യത്തെ ക്രിസ്ത്യാനികളും മുസ് ലിംകളും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്താകും എന്ന് സങ്കല്പിക്കാവുന്നതേയുള്ളൂ.
സനാതന ധര്‍മ്മമാണ് രാജ്യത്തിന്റെ മതം എന്ന് യുപി മുഖ്യമന്ത്രി റിപ്പബ്ലിക് ദിന പ്രഭാഷണത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. ഉത്തരാഖണ്ഡില്‍ ഇക്കഴിഞ്ഞ ജനുവരി 27ന് യൂണിഫോം സിവില്‍ കോഡ് നടപ്പാക്കി. പട്ടികവര്‍ഗക്കാര്‍ക്ക് ഭരണഘടനയുടെ 342-ാം വകുപ്പ് ബാധകമാകയാല്‍ അവരെ ഈ ഏകീകൃത സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കുന്നതായി അവിടത്തെ ബിജെപി മുഖ്യമന്ത്രി പറയുന്നു. ഹിന്ദു സിവില്‍ നിയമത്തിലെ പുരുഷാധിപത്യത്തിന്റെ പല വ്യവസ്ഥകളും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. ക്രൈസ്തവരുടെയും മുസ് ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും വ്യക്തിനിയമങ്ങളിലും പാരമ്പര്യ അവകാശങ്ങളിലും കൈകടത്തുന്നതിലൂടെ അതെങ്ങനെ ഏക സിവില്‍ നിയമമാകും?
ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ജീവനും സ്വത്തിനും ജീവസന്ധാരണത്തിനുമുള്ള അവകാശങ്ങളും സംരക്ഷിക്കേണ്ടത് ജുഡീഷ്യറിയാണ്. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഭരണകൂടം ക്രൈസ്തവരെ വേട്ടയാടുമ്പോള്‍ ഭരണഘടനാ കോടതികളില്‍ നിന്ന് തക്കസമയത്ത് സംരക്ഷണവും നീതിയും ലഭിക്കാത്ത രാഷ് ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഛത്തീസ്ഗഢിലെ ബസ്തറിലെ ഒരു ഗ്രാമത്തില്‍ തന്റെ പൂര്‍വികരെ അടക്കം ചെയ്ത ശ്മശാനത്തിലോ സ്വന്തം ഭൂമിയിലോ ഒരു ക്രിസ്റ്റിയന്‍ പാസ്റ്ററുടെ സംസ്കാരം നടത്തുന്നത് ഗ്രാമത്തിലെ ഭൂരിപക്ഷ സമുദായക്കാരും ഗ്രാമപഞ്ചായത്തും ജില്ലാ ഭരണകൂടവും പൊലീസും ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും തടഞ്ഞപ്പോള്‍, വര്‍ഗീയ ഉപരോധത്തിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ രണ്ടംഗ ബെഞ്ചിന് ഏകാഭിപ്രായത്തിലെത്താന്‍ കഴിഞ്ഞില്ല. മൂന്നാഴ്ച മോര്‍ച്ചറിയില്‍ കിടന്ന മൃതദേഹം 20 കിലോമീറ്റര്‍ അകലെയുള്ള ഒരു ക്രൈസ്തവ സെമിത്തേരിയില്‍ അടക്കം ചെയ്യാനുള്ള ഒരു അസാധാരണ ഉത്തരവാണ് ഭരണഘടനാലംഘനപ്രശ്നം വിശാല ബെഞ്ചിനു വിടാതെ അടിയന്തര ഒത്തുതീര്‍പ്പിലൂടെ ഉണ്ടായത്.
മഹാകുംഭസ്നാനത്തിന്റെ രാഷ്ട്രീയ ഫലശ്രുതി ഡല്‍ഹിയില്‍ എങ്ങനെ പ്രതിഫലിച്ചാലും ത്രിവേണി സംഗമത്തിലെ ഹിന്ദുത്വ അടിയൊഴുക്കുകള്‍ മോദിയുടെയും യോഗിയുടെയും പ്രത്യയശാസ്ത്ര ആഖ്യാനങ്ങളുടെ ഗതിമാറ്റുന്നത് മറഞ്ഞുകിടക്കുന്ന കൂറ്റന്‍ ഹിമാനിയുടെ ഊക്കോടെയാകും.