പ്രഫ. ഷാജി ജോസഫ്
I’m Still Here (Brazil/137 minutes/2024)
Director: Walter Salles
1964 ഏപ്രിലില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ബ്രസീലിയന്‍ സായുധ സേന നടത്തിയ അട്ടിമറിക്ക് ശേഷം സ്ഥാപിതമായ സൈനിക സ്വേച്ഛാധിപത്യം 21 വര്‍ഷം നീണ്ടുനിന്നു, 1985 വരെ. ഭരണകൂടം വിപുലമായ സെന്‍സര്‍ഷിപ്പ് നടത്തി. മനുഷ്യാവകാശ ലംഘനങ്ങള്‍, പീഡനം, നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, തിരോധാനങ്ങള്‍ എന്നിവ പതിവായി. ബാഹ്യ സമ്മര്‍ദ്ദങ്ങളുടെ ഫലമായി 2014 ല്‍, രാഷ്ട്രീയ വിമതരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ഉള്‍പ്പെടെ, സ്വേച്ഛാധിപത്യകാലത്ത് തങ്ങളുടെ ഏജന്റുമാര്‍ നടത്തിയ അതിക്രമങ്ങള്‍ ബ്രസീലിയന്‍ സൈന്യത്തിന് ആദ്യമായി ലോകത്തോട് സമ്മതിക്കേണ്ടിവന്നു. വിമതരെ കൊല്ലുന്നതിനെക്കുറിച്ച് ബ്രസീലിയന്‍ സൈനിക ഭരണകൂടത്തിന്റെ നേതൃത്വത്തിന് പൂര്‍ണ്ണമായി അറിയാമായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇക്കാലത്ത് 434 പേര് കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതായും 20,000 പേര് പീഡിപ്പിക്കപ്പെട്ടതായും കണക്കാക്കപ്പെടുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റുള്ളവരും വാദിക്കുന്നത് യഥാര്‍ത്ഥ കണക്ക് വളരെ കൂടുതലായിരിക്കാമെന്നാണ്.
എക്കാലത്തെയും മികച്ച ബ്രസീലിയന്‍ ചലച്ചിത്ര സംവിധായകരില്‍ ഒരാളാണ് വാള്‍ട്ടര്‍ സാല്ലെസ്. കാന്‍ ഫിലിം ഫെസ്റ്റിവലിലും വെനീസ് ഫിലിം ഫെസ്റ്റിവലിലും മൂന്നു പ്രാവശ്യം വീതം പുരസ്കൃതനായി അദ്ദേഹം. രണ്ട് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍, ഒരു ഗോള്‍ഡന്‍ ബിയര്‍, ഒരു ഗോള്‍ഡന്‍ ഗ്ലോബ് എന്നിവയും, കൂടാതെ മൂന്ന് അക്കാദമി അവാര്‍ഡ് നോമിനേഷനുകളും നേടിയ അദ്ദേഹത്തിന്റെ സിനിമകളില്‍ സെന്‍ട്രല്‍ സ്റ്റേഷന് (1998), ബിഹൈന്‍ഡ് ദി സണ്‍ (2001), ദി മോട്ടോര്‍ സൈക്കിള്‍ ഡയറീസ് (2004), ഡാര്‍ക്ക് വാട്ടര്‍ (2005), ഓണ്‍ ദി റോഡ് (2012) എന്നിവ ഉള്‍പ്പെടുന്നു.
തന്റെ അവസാന ഫീച്ചര്‍ ഫിലിമിന് പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് സാല്ലെസ് ‘ഐ ആം സ്റ്റില്‍ ഹിയര്‍’ എന്ന സിനിമയുമായി വരുന്നത്. മാര്‍സെലോ റൂബന്‍സ് പൈവയുടെ ‘ഐന്ഡ എസ്റ്റൗ അക്വി’ എന്ന, പിതാവിനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പിനെ അടിസ്ഥാനമാക്കിയ സിനിമയുടെ തിരക്കഥ എഴുതിയത്, മുറിലോ ഹൗസറും ഹെയ്റ്റര്‍ ലോറെഗയും ചേര്‍ന്നാണ്.
1964-ലെ പട്ടാള അട്ടിമറിയെ തുടര്‍ന്ന് ആറ് വര്‍ഷത്തെ സ്വയം പ്രവാസത്തിന് ശേഷം ബ്രസീലിലെ റിയോ ഡി ജനീറോയിലേക്ക് മടങ്ങുന്ന റൂബന്‍സ് പൈവ ഭാര്യ യൂനിസിനും അവരുടെ അഞ്ച് കുട്ടികള്‍ക്കുമൊപ്പം ലെബ്ലോണ്‍ ബീച്ചിനടുത്തുള്ള ഒരു മനോഹരമായ വീട്ടില്‍ താമസിക്കുന്നു. തീവ്ര ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനങ്ങള്‍ സ്വിസ് അംബാസഡറെ തട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്ന്, ബ്രസീല്‍ രാഷ്ട്രീയ അസ്ഥിരതയെ അഭിമുഖീകരിക്കുന്ന ആ സമയം ജീവിതം വളരെ അപകടകരമാണെന്ന് തോന്നുന്നതിനാല്‍ ദമ്പതികള്‍ അവരുടെ മൂത്ത മകള്‍ വെറയെ (വാലന്റീന ഹെര്സേജ്) ലണ്ടനിലെ കുടുംബ സുഹൃത്തുക്കളോടൊപ്പം താമസിക്കാന്‍ അയയ്ക്കുന്നു.
പൈവയുടെ വീട്ടില്‍ ഒരു സൈനിക റെയ്ഡ് നടക്കുന്നു. അറസ്റ്റു ചെയ്യപ്പെട്ട അയാളെ കാണാതാവുന്നു. അദ്ദേഹത്തെ കൊണ്ടുപോകുന്ന രംഗം ലളിതമാണെങ്കിലും അദ്ദേഹം ശാന്തമായി കുടുംബത്തോട് വിടപറയുമ്പോള്‍ അത് അവസാനമായിരിക്കാമെന്ന് അവര്‍ക്ക് ആഴത്തില്‍ ബോധ്യപ്പെടുന്നുണ്ട്. തട്ടിക്കൊണ്ടുപോയവരോട് യൂനിസ് നിലവിളിക്കുന്നുണ്ട്, ‘എന്റെ ഭര്‍ത്താവ് എവിടെ’. പതുക്കെ, ഭയത്തിന്റെയും വരാനിരിക്കുന്ന അറസ്റ്റുകളുടെയും ഒരു മേഘത്തിന് കീഴിലായി ബാക്കി വരുന്ന കുടുംബാംഗങ്ങള്‍.
ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതായി പോലും സര്‍ക്കാര്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതോടെ, യൂനിസ് വിവരങ്ങള്‍ക്കായി അന്വേഷണം തുടരുന്നു. റൂബന്‍സ് എവിടെയാണെന്ന് യൂനിസിന്റെ പരസ്യമായ അന്വേഷണങ്ങള്‍ക്കിടെ അവളെ അറസ്റ്റുചെയ്യുകയും 12 ദിവസത്തോളം പീഡിപ്പിക്കുകയും ചെയ്യുന്നു. അവരുടെ കൗമാരപ്രായക്കാരിയായ മകള്‍ എലിയാനയെയും പട്ടാളം വെറുതെ വിടുന്നില്ല. നീണ്ട നിയമ പോരാട്ടങ്ങളുടെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം, 1996-ല്‍, യൂനിസിന് ബ്രസീലിയന്‍ ഗവണ്മെന്റില് നിന്നും നീതി ലഭിക്കുന്നു. റൂബന്‍സ് പൈവയുടെ ഔദ്യോഗിക മരണ സര്‍ട്ടിഫിക്കറ്റ്. നീതി തേടാനും തന്റെ ഓര്‍മ്മകള്‍ സംരക്ഷിക്കാനുമുള്ള യൂനിസിന്റെ ആജീവനാന്ത അന്വേഷണം ബ്രസീലിന്റെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്നു.
2014-ല്‍, മക്കളും കൊച്ചുമക്കളുമുള്പ്പെട്ട കുടുംബ സമ്മേളനത്തിനിടെ, അല്‍ഷിമേഴ്സ് രോഗവുമായി ജീവിക്കുന്ന 85 വയസ്സുള്ള യൂനിസ് പൈവയുടെ ചിതറിയ ഓര്‍മ്മകളിലാണ് സിനിമ അവസാനിക്കുന്നത്. കുടുംബം എടുത്ത ചിത്രങ്ങളും വീഡിയോകളും പരസ്പരം അവസാനമായി പ്രതിധ്വനിക്കുമ്പോള്‍, അത് ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളെ നമുക്ക് കാണിച്ചുതരുന്നു: യൂനിസിന്റെയും അവള് സ്നേഹിച്ച എല്ലാവരുടെയും… റൂബിന് പൈവ കുടുംബത്തെ നേരിട്ട് അറിയാവുന്നയാളായിരുന്നു സംവിധായകന് സാല്ലെസ്, കൗമാര കാലങ്ങളില്‍ ആ വീട്ടിലെ സന്ദര്‍ശകനും.
പട്ടാള ഭരണകൂടത്തിനെ കൂസാതെ, നേരറിയാന്‍ ജീവിതം മുഴുവന്‍ പടപൊരുതുന്ന ആക്ടിവിസ്റ്റ് യൂനിസ് പൈവയായി ഫെര്‍ണാണ്ടോ ടോറസും, അവരുടെ വാര്‍ധക്യകാലം ഫെര്‍ണാണ്ടോ മോണ്ടിനെഗ്രോയും അവതരിപ്പിക്കുന്നു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കര് നോമിനേഷന് നേടിയ ഫെര്‍ണാണ്ടോ ടോറസ്, ഇതിന് മുന്‍പ് ഇതേ ബഹുമതി ലഭിച്ച ബ്രസീലിയന്‍ നടി ഫെര്‍ണാണ്ടോ മോണ്ടിനെഗ്രോയുടെ മകളാണ്.
രസകരമായ കാര്യം ഫെര്‍ണാണ്ടോ മോണ്ടിനെഗ്രോയ്ക്ക് അവാര്‍ഡ് ലഭിച്ചത് സാല്ലെസിന്റെ മുന്‍ ചിത്രമായ സെന്‍ട്രല്‍ സ്റ്റേഷന് എന്നതിലാണെന്നതാണ്. പ്രതീക്ഷയോടെ ഭൂതകാലത്തെ പരിശോധിക്കുന്ന ഫെര്‍ണാണ്ട ടോറസിന്റെ ആകര്‍ഷകവും മനോഹരവുമായ പ്രകടനമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. സര്‍ക്കാരിനെ അവരുടെ കുറ്റം സമ്മതിപ്പിക്കാന്‍ കോടതികളില്‍ വളരെ സമയവും പരിശ്രമവും വേണ്ടിവന്നു. ലോകമെമ്പാടും വലതുപക്ഷ അധികാര കൈയേറ്റങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സമയത്താണ് ചിത്രം വരുന്നത്.
ദുരന്തത്തില്‍ പോലും അന്തര്‍ലീനമായ ശുഭാപ്തിവിശ്വാസം ഇതിലുണ്ട്. ഒന്നാമതായി, ഇത് ഒരു അമ്മയുടെ കഥയാണ്, ഹൃദയവേദനയിലും സന്തോഷം നല്കുന്ന ഒരു കുടുംബത്തിന്റെ ഓര്‍മ്മകളാണ്. സാല്ലെസ് അത് കൃത്യമായി നിര്‍വചിക്കുന്നു, ഫാസിസത്തിനെതിരെ വ്യക്തിപരമായ പ്രതിരോധശേഷിയുടെ മായാത്ത ചിത്രീകരണവും ‘ഐ ആം സ്റ്റില്‍ ഹിയര്‍’ സൃഷ്ടിക്കുന്നു. അമ്മ/ഭാര്യ/ മനുഷ്യാവകാശ പ്രവര്‍ത്തക എന്നീ വേഷങ്ങളിലൂടെയുള്ള യാത്ര എത്ര അനായാസമായാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. അസാധ്യമായ സാഹചര്യങ്ങളില്‍ കുടുംബത്തെ ഒരുമിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്ന അമ്മയുടെ ആന്തരിക ജീവിതം, ഏറ്റവും മികച്ച ഏകാധിപത്യ ശ്രമങ്ങള്‍ക്കിടയിലും ജീവിക്കാന്‍, മരണത്തില്‍ പോലും ഭര്‍ത്താവിനെ ജീവനോടെ നിലനിര്‍ത്താന്‍ ഒരു സമര്‍പ്പിത വീട്ടമ്മയില്‍ നിന്ന് അഭിഭാഷകയായും മനുഷ്യാവകാശ പ്രവര്‍ത്തകയായും ജീവിതം പുനര്‍നിര്‍മ്മിക്കുന്ന ഒരു സ്ത്രീയിലേക്കുള്ള യൂനിസിന്റെ പരിവര്‍ത്തനത്തെ ഈ ചിത്രം സംവേദനക്ഷമമായി ചിത്രീകരിക്കുന്നു.
സ്വേച്ഛാധിപത്യത്തിന്റെ ഭീകരതകളും വേദനയെ ശക്തിയാക്കി മാറ്റുന്ന ഒരു സ്ത്രീയുടെ പ്രതിരോധശേഷിയും ഇഴചേര്‍ന്ന ഈ ചിത്രം, ബ്രസീലിയന്‍ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൊന്നിന്റെയും അതിന്റെ അനന്തരഫലങ്ങളുടെയും ചിത്രീകരണത്തിലൂടെ പ്രേക്ഷകരെ ആവേശഭരിതരാക്കുന്നു. ശാന്തവും യാഥാര്‍ത്ഥ്യബോധമുള്ളതുമായ സ്വരങ്ങളാല്‍ അടയാളപ്പെടുത്തിയ ഛായാഗ്രഹണം, അട്ടിമറിക്ക് മുമ്പുള്ള പ്രത്യാശയുടെ ശോഭയുള്ള ദിവസങ്ങളും തുടര്‍ന്നുള്ള നിശബ്ദ വിലാപവും തമ്മിലുള്ള വ്യത്യാസം പകര്‍ത്തുന്നു.
ഒരു ശക്തയായ സ്ത്രീക്കും അവരുടെ കുടുംബത്തിനും ആദരാഞ്ജലി അര്‍പ്പിക്കുന്ന ആവേശകരമായ, ഹൃദയസ്പര്‍ശിയായ സിനിമ ഐഎഫ്എഫ്കെ 2024 ലെ ഉദ്ഘാടന ചിത്രം എന്ന നിലയില്‍ വമ്പിച്ച പ്രേക്ഷക പ്രശംസ നേടി.