ബിജോ സില്‍വേരി
യുദ്ധം പ്രമേയമാക്കിയ അനേകം ചിത്രങ്ങള്‍ ലോക സിനിമയില്‍ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് 2023ലെ ജര്‍മന്‍ ചിത്രമായ ബ്ലഡ് ആന്‍ഡ് ഗോള്‍ഡ്. രണ്ടാം ലോക മഹായുദ്ധകാലമാണ് പ്രമേയം. 1945-ലെ വസന്തകാലം. യുദ്ധം ജര്‍മനി തോറ്റുകൊണ്ടിരിക്കുന്നു. സഖ്യസേന ജര്‍മന്‍ അധിനിവേശ രാജ്യങ്ങളെല്ലാം തിരിച്ചുപിടിച്ചു. അവര്‍ ജര്‍മനിയിലേക്ക് ഏതു നിമിഷവും എത്തപ്പെടാം. വ്യോമമാര്‍ഗത്തില്‍ അമേരിക്കയും ഒരു ഭാഗത്ത് ഫ്രഞ്ച് സേനയും മറുഭാഗത്ത് സോവിയറ്റ് സേനയും മുന്നേറിക്കൊണ്ടിരിക്കുന്നു. ജര്‍മനിയുടെ പ്രധാന കരസേനാവിഭാഗമായ എസ്എസ് സൈന്യം കയ്യില്‍ കിട്ടാവുന്നതെല്ലാമെടുത്ത് ജര്‍മനിയില്‍ നിന്നു പലായനം ചെയ്യുകയാണ്. അതിനിടയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമാണ്. ജനങ്ങള്‍ അരക്ഷിതരാണ്. സൈന്യം സ്വന്തം ജനത്തെ പോലും വെറുതേ വിടുന്നില്ല.
ഹെന്റിച്ച് (റോബര്‍ട്ട് മാസര്‍) ഒരു പഴയ എസ്എസ് സൈനികനാണ്. നാസി ക്രൂരതകണ്ട് അയാളുടെ മനസുമാറുകയും സൈന്യത്തില്‍ നിന്നു പിന്മാറുകയും ചെയ്തു. അയാളുടെ ചെറിയ മകളെയൊഴിച്ചുള്ള കുടുംബാംഗങ്ങളെയെല്ലാം ജര്‍മന്‍ സൈന്യം കൊന്നുകളഞ്ഞു. ചിത്രം തുടങ്ങുമ്പോള്‍ വിജനമായ ഒരു സമതലപ്രദേശത്തുകൂടി ഓടുന്ന ഹെന്റിച്ചിനെയാണ് കാണിക്കുന്നത്. അയാളുടെ തൊട്ടുപിന്നാലെ ജര്‍മന്‍ പട്ടാളക്കാരുമുണ്ട്. മതഭ്രാന്തനും അല്‍പ്പം വിഭ്രാന്തിയുള്ളവനുമായ ലെഫ്റ്റനന്റ് കേണല്‍ വോണ്‍ സ്റ്റാര്ന്ഫെല്ഡ് (അലക്സാണ്ടര്‍ ഷീര്‍), ക്യാപ്റ്റന്‍ ഡോര്ഫ്ലര് (ഫ്ളോറിയന്‍ ഷ്മിഡ്കെ) എന്നിവര്‍ നയിക്കുന്ന എസ്എസിന്റെ ഒരു പ്ലാറ്റൂണ്‍ ആണ് അയാളെ വാഹന ആയുധ സന്നാഹങ്ങളോടെ പിന്തുടരുന്നത്. ഒരു കാട്ടിനുള്ളിലേക്ക് അയാള്‍ പ്രാണരക്ഷാര്‍ഥം ഓടുന്നു. ഒരു സംഘട്ടനത്തിനു ശേഷം സൈന്യം അയാളെ പിടികൂടി. തൊട്ടടുത്തുളള ഒരു മരത്തില്‍ തന്നെ ക്യാപ്റ്റന്‍ വോണ്‍ അയാളെ തൂക്കിലേറ്റി. ആദ്യഘട്ടത്തില്‍ തന്നെ ലെഫ്റ്റനന്റ് കേണലും ക്യാപ്റ്റനും തമ്മില്‍ ക്രൂരതയുടെ പേരില്‍ പരസ്പരം മത്സരിക്കുന്നവരാണെന്നു കാഴ്ചക്കാര്‍ക്കു ബോധ്യപ്പെടും. സൈന്യം പോയതിനു തൊട്ടുപിന്നാലെ അവിടെ എത്തുന്ന യുവതി- എല്‍സ (മാരി ഹാക്കെ) തൂക്കുകയര്‍ മുറിച്ച് ഹെന്റിച്ചിനെ രക്ഷിക്കുന്നു. അവള് അയാളെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി ശുശ്രൂഷിക്കുന്നു. എല്സയ്ക്ക് ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സഹോദരന് പോളി (കോണര്‍ ലോംങ്) മാത്രമാണ് ഈ ലോകത്ത് ബന്ധുവായിട്ടുള്ളൂ. ശേഷിച്ചവര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു.
എല്‍സ താമസിക്കുന്ന ഗ്രാമത്തിലേക്കു തന്നെയാണ് എസ്എസ് സൈന്യവും എത്തുന്നത്. ജര്‍മനിയില്‍ നാസികള്‍ ജൂത വംശജരെ വേട്ടയാടിയിരുന്ന കാലത്ത് ഈ ഗ്രാമത്തില്‍ ഒരു ധനിക ജൂത കുടുംബം താമസിച്ചിരുന്നു. അവര്‍ തങ്ങളുടെ വീടിനുള്ളില്‍ എവിടെയോ ഒരു സ്വര്‍ണനിധി ശേഖരം സൂക്ഷിച്ചിരുന്നുവെന്നായിരുന്നു കിംവദന്തി. ജനക്കൂട്ടം ഈ വീട് ആക്രമിച്ച് അവിടെ ഉണ്ടായിരുന്നവരെയെല്ലാം വകവരുത്തി. വീടിനു തീയും വച്ചു. നിശേഷം തകര്‍ന്ന് കത്തിചാമ്പലായി കിടക്കുന്ന ഈ വീടിനുള്ളില്‍ നിധിക്കു വേണ്ടിയുള്ള തിരച്ചില്‍ നടത്താനാണ് ലെഫ്റ്റനന്റ് കേണല്‍ ഒബര്സ്റ്റുര്ംബാന്ഫ്യൂററിന്റെ നേതൃത്വത്തില്‍ ജര്‍മന്‍ പട്ടാളം എത്തിയിരിക്കുന്നത്. നിധി ലഭിക്കാനായി എന്തുക്രൂരതയും ആരോടും ചെയ്യാമെന്നും നിധി ലഭിച്ചാല്‍ അത് രാജ്യത്തിനല്ല, തങ്ങള്‍ക്കു തന്നെ വീതം വയ്ക്കാമെന്നും അദ്ദേഹം സൈനികര്‍ക്ക് സൂചന നല്‍കുന്നുണ്ട്.
ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാന്‍ ക്യാപ്റ്റന്‍ വോണ്‍ സ്റ്റാര്ന്ഫെല്ഡിന്റെ നേതൃത്വത്തില്‍ ഒരു സംഘം പട്ടാളക്കാര്‍ ഗ്രാമങ്ങളിലെ വീടുകളിലേക്കു പുറപ്പെട്ടു. അവര്‍ എല്സയുടെ വീട്ടിലുമെത്തി. അവിടെ തട്ടിന്മുകളിലാണ് ഹെന് റിച്ച് ഒളിവില്‍ പാര്‍ക്കുന്നത്. സൈനികര്‍ പോളിയെ അധിക്ഷേപിക്കുകയും എല്സയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഹെന്റിച്ച് ഇടപെടുന്നു, തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ സൈനികരെ ഹെന്റിച്ചും എല്‍സയും ചേര്‍ന്ന് കൊല്ലുന്നു. പക്ഷേ ക്യാപ്റ്റന്‍ ഫ്യൂറര്‍ രക്ഷപ്പെടുന്നു. ഇനി വീട്ടില്‍ നിന്നാല്‍ അപകടമാണെന്നു മനസിലാക്കിയ ഹെന്റിച്ചും എല്‍സയും പോളും കാട്ടിലേക്കു പോയി ഒളിക്കുന്നു. എന്നാല്‍ ബുദ്ധി ഭിന്ന ശേഷിക്കാരനായ പോള്‍, ഹെന്റിച്ചും എല്‍സയും കാണാതെ തിരികെ വീട്ടിലേക്കു വന്ന് തന്റെ പ്രിയപ്പെട്ട പശുവിനെ പരിപാലിക്കുന്നു. അതേസമയം പട്ടാളക്കാര്‍ക്കൊപ്പം അവിടെ തിരിച്ചെത്തിയ ഡോര്ഫ്ലര് പോളിനെ പിടികൂടി പള്ളിയ്ക്കു മുന്നിലെത്തിച്ച് ജനങ്ങളെ വിളിച്ചുകൂട്ടി അവരുടെ മുന്നില്‍ വച്ച് അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. അവന്റെ പശുവിനെ വെടിവച്ചു കൊന്നു.
അവനെ തൂക്കിക്കൊല്ലാന്‍ പള്ളി കോണിപ്പടിയുടെ മുകളിലേക്ക് പട്ടാളക്കാര്‍ എത്തുമ്പോള്‍ അവിടെ ഒളിച്ചിരുന്ന ഹെന് റിച്ച് അവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. പോള്‍ ഒരു സൈനികനെ പള്ളിയുടെ ടവറില്‍ നിന്ന് തള്ളിയിടുകയും അയാളുടെ യന്ത്ര തോക്ക് പിടിച്ചെടുത്ത് രണ്ടാമത്തെ സൈനികനെ കൊല്ലുകയും ചെയ്യുന്നു. പള്ളിക്കു മുകളില്‍ നിന്ന് സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നു.. ഒരു സ്നൈപ്പര്‍ റൈഫിള്‍ ഉപയോഗിച്ച് ലഫ്റ്റനന്റ് കേണല്‍ വോണ്‍ സ്റ്റാര്ണ്ഫെല്ഡ് പോളിനെ വധിക്കുന്നു. എല്സയെ അവര്‍ തട്ടിക്കൊണ്ടുപോകുന്നു. ഹെന്റിച്ചും ക്യാപ്റ്റന്‍ ഡോര്ഫ്ലറും തമ്മില്‍ ദീര്‍ഘമായ പോരാട്ടത്തിലാണ്. രണ്ടു പേര്‍ക്കും സാരമായി മുറിവേറ്റു. ഗ്രാമത്തിലെ വിധവയായ ഇര്ംഗാര്ഡ്നറുടെ വീട്ടില്‍ ഹെന്റിച്ച് അഭയം തേടുന്നു. ഗ്രാമത്തിലെ പള്ളിയിലെ വൃദ്ധനായ പുരോഹിതനും അവിടെ എത്തുന്നു. എസ്എസ് സൈനികര്‍ എന്തിനാണ് അവിടെ എത്തിയതെന്ന കാര്യം പുരോഹിതന് അറിയാം. എന്നാല്‍ അവരന്വേഷിക്കുന്ന സ്വര്‍ണഖനി സൂക്ഷിച്ചിരിക്കുന്നത് പള്ളിയുടെ അള്ത്താരയിലാണെന്ന രഹസ്യം അദ്ദേഹം വെളിപ്പെടുത്തുന്നു.
ഇതേ സമയം നാസി അനുഭാവികളായ മേയറും കൂട്ടാളി സോന്‍ജ എന്ന സ്ത്രീയും അവരുടെ സംഘാംഗങ്ങളായ രണ്ടു പേരും ചേര്‍ന്ന് നിധി കണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. നിധിയുടെ യഥാര്‍ത്ഥ ഉടമസ്ഥരായ ജൂതരില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിക്കുകയും അവരെ വീടടക്കം കത്തിക്കുകയും ചെയ്തത് ഇവരാണ്. പുരോഹിതന് ഈ സംഭവത്തിന് സാക്ഷിയാണ്. അദ്ദേഹം അവരില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് പള്ളിയില്‍ ഒളിപ്പിക്കുകയായിരുന്നു. എസ്എസിനെ ആകര്‍ഷിക്കാനും എല്സയെ മോചിപ്പിക്കാനും നിധി ഉപയോഗിക്കാന്‍ ഹെന്റിച്ച് പദ്ധതിയിടുന്നു.
എല്സയ്ക്ക് തന്റെ പൂര്‍വകാമുകിയോട് രൂപ സാദൃശ്യമുണ്ടെന്ന് അവളെ തട്ടിക്കൊണ്ടുപോയ ലഫ്റ്റനന്റ് കേണല്‍ വോണ്‍ അവളോടു പറയുന്നു. അവളെ അയാള്‍ മോതിരമണിയിച്ച് വിവാഹം ചെയ്തതായി പ്രഖ്യാപിക്കുന്നു. രാത്രിയില്‍ അയാളുടെ കഴുത്തിലെ മാലയിലെ ലോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സയനൈഡ് ക്യാപ്സ്യൂള്‍ (ഹിറ്റ്ലറടക്കം ജര്‍മന്‍ സൈനികരും അനുഭാവികളും ഇത്തരം ക്യാപ്സ്യൂള്‍ സൂക്ഷിച്ചിരുന്നു. ശത്രുക്കള്‍ പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ആത്മഹത്യ ചെയ്യാനാണിത്.) എല്‍സ തട്ടിയെടുക്കുന്നു. അതുപയോഗിച്ചു തന്നെ അയാളെ കൊല്ലുകയും ചെയ്യുന്നു.
പള്ളിയില്‍ സൂക്ഷിച്ചിരുന്ന നിധി ശേഖരത്തില്‍ ഹെന് റിച്ച് ഒരു ബോംബ് ഒളിപ്പിച്ചിട്ട് നിധി ശേഖരത്തിന്റെ വിവരം സൈനികര്‍ക്കു നല്കുന്നു. അവരത് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നു. അതേസമയം അവിടെ എത്തുന്ന സോന്‍ജയും സംഘവും നിധി തട്ടിയെടുക്കുന്നു. കൂട്ടാളികളെല്ലാം കൊല്ലപ്പെട്ടതോടെ നിധി സോന്ജയ്ക്ക് മാത്രം അവകാശപ്പെട്ടതായി. അവള് തന്റെ കാറില്‍ നിധിയുമായി രക്ഷപ്പെടുമ്പോള്‍ സഖ്യസേനയുടെ വെടിവയ്പില്‍ കൊല്ലപ്പെടുന്നു. ക്യാപ്റ്റന്‍ ഡോര്ഫ്ലറെയും വധിച്ച് ഹെന് റിച്ചും എല്‍സയും ഗ്രാമം വിടുന്നു. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വച്ച് ഹെന് റിച്ച് തന്റെ മകളെ കണ്ടെത്തുന്നു.
തുടക്കത്തില്‍ രസകരമായ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി തോന്നുമെങ്കിലും ഇടവേളയ്ക്കു ശേഷം കാര്യമായി വലിച്ചുനീട്ടപ്പെട്ട സിനിമയാണ് ബ്ലഡ് ആന്‍ഡ് ഗോള്‍ഡ്. അനേകം സംഭവവികാസങ്ങള്‍ ഒന്നിനു പിറകേ ഒന്നായി വരുന്നുണ്ടെങ്കിലും അതൊന്നും ആസ്വാദ്യകരമായ ട്വിസ്റ്റ് ആയി മാറുന്നില്ല. വെടിവെയ്പ്, കത്തിക്കുത്ത്, ബോംബേറ്, തീവെയ്പ്, സ്ഫോടനങ്ങള്‍ എന്നിവ ധാരാളമുണ്ട്;ആകെ മൊത്തം ചോരക്കളമെന്നു പറയാറില്ലേ ആ അവസ്ഥ. മിണ്ടാപ്രാണികളെയും ഭിന്നശേഷിക്കാരനേയും പുരോഹിതനേയുമൊക്കെ വധിക്കുന്നത് കാണിക്കുന്നതില്‍ ഒട്ടും മയമില്ല. അടിസ്ഥാന കഥ, ഏറെ സിനിമകളില്‍ കണ്ടുകഴിഞ്ഞതാണ് എന്നതായിരിക്കാം തൃപ്തി നല്‍കാത്തതിന് മറ്റൊരു കാരണം. പശ്ചാത്തല സംഗീതം പലപ്പോഴും അരോചകമാണ്. ലഫ്റ്റനന്റ് കേണല്‍ വോണിന്റെ വില്ലന്‍, തരം താഴ്ന്ന സിനിമകളിലെ കഥാപാത്രത്തെ പോലെ അത്യന്തം നാടകീയമായ ചലനങ്ങളിലൂടേയും ഡയലോഗുകളിലൂടേയും കാണികളെ വെറുപ്പിക്കും.