ജെയിംസ് അഗസ്റ്റിന്
27 സംഗീതോപകരണങ്ങള്‍ താന്‍ സംഗീതം നല്കിയ പാട്ടിന്റെ റെക്കോര്‍ഡിങ്ങിനു വേണ്ടി വായിച്ച അമേരിക്കന്‍ സംഗീതജ്ഞനാണ് പ്രിന്‍സ്. പ്രിന്‍സ് റോജേഴ്സ് നെല്‍സണ്‍ എന്നാണ് പേരെങ്കിലും വേദികളില്‍ അദ്ദേഹം അറിയപ്പെടുന്നത് ‘ദി ആര്‍ട്ടിസ്റ്റ്’ എന്ന പേരിലാണ്.
ഗാനരചയിതാവ്,സംഗീതസംവിധായകന്,ഗായകന്, സംഗീതോപകരണ വാദകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം പ്രിന്‍സ് പ്രശോഭിച്ചിരുന്നു.
19 വയസ്സുള്ളപ്പോഴാണ് പ്രിന്‍സ് 27 സംഗീതോപകരണങ്ങള്‍ തന്റെ പാട്ടിനായി വായിക്കുന്നത്. അടുത്ത വര്‍ഷം തന്നെ ആല്‍ബം പ്രകാശനം ചെയ്തു. ‘ഫോര്‍ യൂ’ എന്നായിരുന്നു ആല്‍ബത്തിന്റെ പേര്. ഒന്‍പത് പാട്ടുകളാണ് ആല്‍ബത്തില്‍ ചേര്‍ത്തിരുന്നത്. എല്ലാ ഗാനങ്ങളും എഴുതി പ്രിന്‍സ് തന്നെ സംഗീതവും ഓര്‍ക്കസ്ട്രേഷനും നിര്‍വഹിച്ചു. ലീഡ് വോയിസും ബാക്കിങ് വോയിസും പ്രിന്സിന്റേതു തന്നെയായിരുന്നു. ഈ ആല്‍ബത്തെ ലോകശ്രദ്ധയില്‍ കൊണ്ട് വന്നത് 27 സംഗീതോപകരണങ്ങളും സംഗീതസംവിധായകന് തന്നെ റെക്കോര്‍ഡിങ്ങിനായി വായിച്ചു എന്നതാണ്.
ഇലക്ട്രിക് ഗിറ്റാര്‍, അക്കൗസ്റ്റിക് ഗിറ്റാര്‍, ഇലക്ട്രിക് പിയാനോ, അക്കൗസ്റ്റിക് പിയാനോ, മിനി മൂഗ്(അനലോഗ് സിന്തസൈസര്‍), പോളി മൂഗ്(ഹൈബ്രിഡ് പോളിഫോഗ് അനലോഗ് സിന്തസൈസര്‍),ബാസ്സ് സിന്തസൈസര്‍, എ.ആര്.പി.സ്ട്രിംഗ് അന്സാമ്പിള്(പോളിഫോണിക് മള്‍ട്ടി സിന്തസൈസര്‍),എ.ആര്.പി.സോളോയിസ്റ്റ്(ആദ്യത്തെ പ്രീസെറ്റ് സിന്തസൈസര്‍),ഒബെറിം ഫോര്‍ വോയിസ്(അനലോഗ് മിക്സര്‍ ആന്‍ഡ് കീബോര്‍ഡ്), ക്ലാവിനെറ്റ് (ഇലക്ട്രിക് ക്ലാവിക്കോര്ഡ്), ബേസ് ഗിറ്റാര്‍, ഫസ് ബേസ് ഗിറ്റാര്‍, ഡ്രംസ്,സിന് ഡ്രംസ്,വാട്ടര്‍ ഡ്രംസ്, സ്ലാപ് സ്റ്റിക്സ്, ബോന്ഗോസ്, കോങ്കാസ്, ഫിംഗര്‍ സിംബല്‍സ്, വിന്‍ഡ് ചൈമസ്, ഓര്‍ക്കസ്ട്രല്‍ ബെല്‍സ്, വുഡ് ബ്ലോക്സ്, ബ്രഷ് ട്രാപ്, ട്രീ ബെല്‍, ഹാന്‍ഡ് ക്ലാപ്സ്, ഫിംഗര്‍ സ്നാപ്സ് എന്നീ ഉപകരണങ്ങളാണ് പ്രിന്‍സ് വായിച്ചത്.
കടുത്ത പട്ടിണി അനുഭവിച്ചായിരുന്നു പ്രിന്‍സ് വളര്‍ന്നത്. സംഗീതകുടുംബത്തിലായിരുന്നു പ്രിന്‍സ് ജനിച്ചത്. സംഗീതോപകരണങ്ങള്‍ വായിക്കുന്നവരായിരുന്നു കുടുംബത്തിലെ എല്ലാവരും. ഏഴാം വയസ്സില്‍തന്നെ ഒരു ഗാനം എഴുതി സ്വന്തം ഈണത്തില്‍ പ്രിന്‍സ് പാടി നടന്നിട്ടുണ്ട്. പ്രിന്‍സിന്റെ കുട്ടിക്കാലത്തു അമേരിക്കയിലെ ‘കാപ്പിയും കടികളും’ കിട്ടുന്ന ടിം ഹോര്‍ട്ടന്‍സിന്റെ മുന്നില്‍ പോയി നില്ക്കുമായിരുന്നു എന്ന് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. പല നിറത്തിലുള്ള സ്നാക്സ് കാണാനും മണം ആസ്വദിക്കാനും മാത്രമേ അന്ന് തനിക്കു കഴിയുമായിരുന്നുള്ളൂ എന്നും തുടര്‍ന്നെഴുതി. കാപ്പി മേടിക്കാന്‍ ഗതിയില്ലാതിരുന്ന പ്രിന്‍സ് പിന്നീടു തന്റെ ഗായകസംഘത്തോടൊപ്പം വസ്ത്രാലങ്കാരത്തിനു മാത്രമായി പത്തു പേരെ കൂടെ കൂട്ടുന്ന ഉന്നതിയിലേക്കുയര്‍ന്നു.
എല്ലാ ദിവസവും ഒരു ഗാനം സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അതിലേറെയും റെക്കോര്‍ഡ് ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞു. ഈ ഗാനങ്ങളില്‍ നിന്നും 39 സ്റ്റുഡിയോ ആല്‍ബങ്ങള്‍ അദ്ദേഹം പുറത്തിറക്കി. 1985 ല്‍ എല്ലാ പാട്ടുകളും പ്രിന്‍സ് തന്നെ സ്ത്രീശബ്ദത്തില്‍ പാടി ഒരു ആല്‍ബം നിര്‍മ്മിക്കാന്‍ ശ്രമിച്ചെങ്കിലും പാതിവഴിയില്‍ പദ്ധതി ഉപേക്ഷിച്ചു.
1958 ജൂണ്‍ 7നു അമേരിക്കയിലെ മിനസോട്ടയിലാണ് പ്രിന്‍സ് ജനിച്ചത്. 2016 ഏപ്രില്‍ 21നു നിര്യാതനായി. ജന്മസിദ്ധമായ കഴിവിനെ കഠിനാധ്വാനത്തിലൂടെ വളര്‍ത്തിയെടുത്ത പ്രിന്‍സ് കൊച്ചുകലാകാരന്മാര്ക്കു പ്രചോദനമാണ്.