ഗാസ്പര്‍ സന്യാസി
ഫാ. ഫെലിക്സ് വില്‍ഫ്രെഡ് കടന്നുപോകുമ്പോള്‍, ദൈവശാസ്ത്രത്തിന്റെ ഇന്ത്യന്‍ ധൈഷണികധാരയിലെ ഒരു പ്രതീകം കൂടി ഇല്ലാതാകുകയാണ്. ഫാ. സാമുവല്‍ രായനെപ്പോലെ, ഫാ. കാപ്പനെപ്പോലെ, ബിഷപ് പൗലോസ് മാര്‍ ഗ്രിഗോറിയസിനെപ്പോലെ, ബിഷപ് പൗലോസ് മാര്‍ പൗലോസിനെപ്പോലെ, ഡോ. എം.എം. തോമസിനെപ്പോലെ, ഡോ. നൈനാന് കോശിയെപ്പോലെ, ഫാ. സ്റ്റയിന് സ്വാമിയെപ്പോലെ ഒരാള്‍ നമ്മളെ വിട്ടുപോകുന്നതുപോലെ തോന്നുന്നു. ഇന്ത്യയുടെ സഭാജീവിതത്തിന്റെ, വിശ്വാസ പാരമ്പര്യങ്ങളുമായുള്ള സംവാദങ്ങളുടെ, രാഷ്ട്രീയ നിലപാടുകളുടെ, ആത്മീയതയുടെ പ്രകാശനങ്ങളുടെ തിളക്കമുള്ള പേരുകളിലൊന്നാണ് ഫാ. ഫെലിക്സ് വില്ഫ്രെഡിന്റേത്.
തമിഴ്നാട്ടിലെ കോട്ടാര്‍ രൂപതയിലെ വൈദികനായി അഭിഷിക്തനായ ഫാ. ഫെലിക്സ് വില്‍ഫ്രെഡ്, മദ്രാസ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ഫിലോസഫി ആന്‍ഡ് റിലീജിയസ് തോട്ട് ചെയര്‍മാനായി വിശിഷ്ട സേവനം ചെയ്തു. മദ്രാസ് യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് ആര്‍ട്സിന്റെ ഡീനായും അദ്ദേഹം ഔദ്യോഗിക സ്ഥാനം വഹിച്ചു. കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങര്‍ (ബെനഡിക്ട് 16-ാമന്‍ പാപ്പാ) ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷന്റെ അധ്യക്ഷനായിരിക്കുമ്പോള്‍, ഫാ. ഫെലിക്സ് അതില്‍ അംഗമായിരുന്നു.
മദ്രാസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ഏഷ്യന്‍ സെന്റര്‍ ഫോര്‍ ക്രോസ്കള്‍ച്ചറല്‍ സ്റ്റഡീസിന്റെ (എസിസിഎസ്) സ്ഥാപക ചെയര്‍മാനെന്ന നിലയില്‍, പ്രസ്തുത സ്ഥാപനത്തെ മതാന്തര സംവാദ-സഹകരണങ്ങളുടെയും അക്കാദമിക പരിശീലനത്തിന്റെയും കേന്ദ്രമാക്കി അദ്ദേഹം വളര്‍ത്തിയെടുത്തു. ഐഐടി മദ്രാസിന്റെ സ്റ്റാറ്റിയൂട്ടറി എത്തിക്കല്‍ കമ്മിറ്റി മെംബറായിരുന്നു ഫാ. ഫെലിക്സ്. ആഗോളതലത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച പല ഉന്നത വിദ്യാകേന്ദ്രങ്ങളിലും അദ്ദേഹം വിസിറ്റിംഗ് ഫാക്കല്‍റ്റിയായിരുന്നു. എണ്ണപ്പെട്ട നിരവധി കൃതികളുടെ രചയിതാവുകൂടിയാണ് ഫാ. ഫെലിക്സ്. 2021-ല്‍ പാല്‍ഗ്രേവ് മക്മില്ലന് പ്രസിദ്ധീകരിച്ച ‘റിലീജിയസ് ഐഡന്റിറ്റീസ് ആന്‍ഡ് ഗ്ലോബല്‍ സൗത്ത്, പോറസ് ബോര്‍ഡേര്‍സ് ആന്‍ഡ് നോവല്‍ പാത്ത്സ്’ എന്ന കൃതി കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ ശ്രദ്ധയാര്‍ജ്ജിച്ചിരുന്നു. ‘ദി ഓക്സ്ഫഡ് ഹാന്‍ഡ്ബുക്ക് ഓഫ് ഏഷ്യന്‍ ക്രിസ്റ്റ്യാനിറ്റി’ 2014-ല്‍ പ്രസിദ്ധീകൃതമായി. ഫാ. ഫെലിക്സിന്റെ എഡിറ്റോറിയല്‍ ഉത്തരവാദിത്തത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ‘ജേണല്‍ ഓഫ് ഏഷ്യന്‍ ക്രിസ്റ്റ്യാനിറ്റി’ എന്ന പ്രസിദ്ധീകരണം അതിന്റെ അക്കാദമികമായ ഔന്നത്യത്തില്‍ ‘സ്കോപുസി’ല്‍ ഇടം നേടിയിരുന്നു.
മതാത്മക സ്വത്വത്തെപ്പറ്റിയുള്ള തന്റെ പഠനത്തില്‍ ഫാ. ഫെലിക്സ് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളില്‍ ‘റിലീജിയസ് കോസ്മൊപൊളിറ്റനിസം’ എന്നത് ഏറെ ശ്രദ്ധേയമാണ്. മതാന്തര സംവാദങ്ങളില്‍, നിലവില്‍ പ്രബലമായ അതിന്റെ മാതൃകയില്‍, ഓരോ മതവും അതിന്റെ തനിമയെപ്പറ്റിയാണ് ശ്രദ്ധയൂന്നുന്നത് എന്നതിനാല്‍, അപരത്വത്തിന്റെ ശ്രദ്ധേയമായ നിലപാടുകളെ അത് മനഃപൂര്‍വമായോ അല്ലാതെയോ അവഗണിക്കുന്നു എന്ന് ഫാ. ഫെലിക്സ് നിരീക്ഷിക്കുന്നു. ബഹുസ്വരമായ ഇന്ത്യന്‍ സമൂഹത്തില്‍, മതബഹുത്വത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ ക്രിസ്തീയതയ്ക്ക് സ്വീകരിക്കാവുന്ന പുതിയ മാതൃകയായി ‘റിലീജിയസ് കോസ്മൊപൊളിറ്റനിസം’ എന്ന ചിന്താധാര അവതരിപ്പിക്കപ്പെടുകയാണ്.
വേറൊരു സ്വത്വതനിമയിലേക്ക്, യാതൊരു ഉല്ക്കണ്ഠകളുമില്ലാതെ, നിരുപാധികമായി നടത്തുന്ന തീര്‍ത്ഥാടനമാണത്. പതിനാല് അധ്യായങ്ങളിലായി നടത്തുന്ന ധൈഷണികാന്വേഷണത്തില്, ‘റിലീജിയസ് ഐഡന്റിറ്റി’ എന്താണ് എന്ന്, ‘റിലീജിയസ് ഐഡന്റിറ്റി ആന്‍ഡ് ഗ്ലോബല്‍ സൗത്ത്’ എന്ന കൃതിയില്‍ ഫാ. വില്‍ഫ്രെഡ് വിശദമാക്കുന്നുണ്ട്. ‘പബ്ലിക് സിഗ്നിഫിക്കന്‍സ്’ എന്ന മാനദണ്ഡത്തെ അടിസ്ഥാനമാക്കിയുള്ള മതാത്മകതയെപ്പറ്റിയുള്ള വിശകലനം ശ്രദ്ധേയവും തനിമയുള്ളതുമാണ്. പൊതുസമൂഹത്തോട്, ഇതര മതപാരമ്പര്യങ്ങളോട്, രാഷ്ട്രനിയമങ്ങളോടും ഭരണഘടനയോടും സംവദിച്ചും സഹകരിച്ചും തന്റെ തനിമയെ കണ്ടെത്താത്ത മതാത്മകാനുഭവങ്ങള് സ്വയം പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയും, അവരവരുടെ വിശ്വാസജീവിതത്തിന് പോറലേല്പിച്ചും നടക്കുന്ന വിശ്വാസ സംരക്ഷണ മഹായജ്ഞങ്ങളുടെ കാലത്ത്, സംവാദത്തിന്റെയും സംഭാഷണത്തിന്റെയും പുതുക്കിയ മാതൃകകളെപ്പറ്റിയാണ് ഫാ. ഫെലിക്സ് എഴുതുന്നത്. ക്രിസ്തീയ ധൈഷണിക പാരമ്പര്യത്തിന്റെ ഇന്ത്യന്‍ സ്വരങ്ങളില്‍ പ്രബലമായ ഒരു സ്വരം കടന്നുപോകുമ്പോള്‍ അനുഭവപ്പെടുന്നത് നിസ്സഹായതയാണ്. എന്നിരിക്കലും, പാപ്പായുടെ ആത്മകഥാഖ്യാനം വായിക്കുമ്പോള്‍ ‘പ്രത്യാശ’യുടെ വെളിച്ചം വഴികാട്ടുന്നുണ്ട്.
പിന്കുറിപ്പ്:
‘മേശയ്ക്കുചുറ്റും ഒരുമിച്ചു കൂട്ടുന്ന സ്നേഹവിരുന്നാണ് നീ’ എന്ന് പ്രീമൂസ് സാര്‍ വിശുദ്ധ കുര്‍ബാനയെപ്പറ്റി ഉള്ളുരുകി എഴുതിയിട്ടുണ്ട്. ഒരുമിച്ചു കൂട്ടുന്ന സ്നേഹവിരുന്നിന്റെ മേശ, കേരള കത്തോലിക്കാ വിശ്വാസത്തിന്റ ഹൃദയത്തിലെ മുറിപ്പാടായി മറിഞ്ഞുകിടക്കാന് തുടങ്ങിയിട്ട് കുറച്ചുനാളുകളായി! സ്നേഹത്തിന്റെ മേശയുടെ ചുറ്റുമിരുന്ന് അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ വിശ്വാസവും വിശുദ്ധിയുമുള്ള ഒരാള്‍പോലും നിങ്ങളുടെ കൂട്ടത്തിലില്ലേ എന്ന് ഒരു ‘പരമ്പരാഗത അവിശ്വാസി’ ഞങ്ങളുടെ കോളജ് കന്റീനില്‍ ഇരുന്നു ചോദിക്കുമ്പോള്‍, തല കുനിച്ച് ഞാനിരിക്കുന്നു. രാത്രിയില്‍ സക്രാരിയുടെ കെടാവിളക്കിനു മുന്നില്‍ കണ്ണീര് തിളങ്ങുന്നു.