ജെക്കോബി
പഞ്ചാബിലെ ഫരീദ്കോട്ടില്‍ ഡല്ലേവാള്‍ ഗ്രാമത്തിലെ തന്റെ 17 ഏക്കര്‍ കൃഷിയിടത്തില്‍ നാല് ഏക്കര്‍ മകനും രണ്ട് ഏക്കര്‍ മകന്റെ ഭാര്യയ്ക്കും പത്തര ഏക്കര്‍ പേരക്കുട്ടിക്കുമായി ഭാഗംവച്ചിട്ടാണ് നൂറിലേറെ കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ് ട്രീയേതരം) കണ്‍വീനര്‍ ജഗജിത് സിങ് ഡല്ലേവാള്‍ 51 ദിവസം മുന്‍പ് പഞ്ചാബ്-ഹരിയാണ സംസ്ഥാനങ്ങളുടെ ഖനൗരി-ജീന്ത് അതിര്‍ത്തിയില്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. (മരുമകള്‍ക്കും സ്വത്തു പങ്കുവയ്ക്കുന്ന കര്‍ഷക നേതാവ് പഞ്ചാബില്‍ മറ്റൊരു സാമൂഹിക വിപ്ലവത്തിന്റെ നായകനുമാകുന്നു!) പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗിയായ ആ എഴുപതുകാരന് കര്‍ഷകര്‍ക്കുവേണ്ടിയുള്ള അന്തിമ പോരാട്ടത്തില്‍ (‘ആര് പാര് കീ ലഡായി’) ആത്മത്യാഗത്തിന് ഒരുങ്ങിത്തന്നെയാണ് അതിശൈത്യത്തിന്റെ പീഡകളും സഹിച്ച് ഖനൗരിയിലെ സമരപ്പന്തലില്‍ കിടക്കുന്നത്.
ജീവന് നിലനിര്‍ത്താനായി വെള്ളമിറക്കാന്‍ പോലുമാകാത്ത നിലയില്‍, സമ്പൂര്‍ണ അവയവ പരാജയത്തിന്റെ വക്കിലെത്തിയിട്ടും ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമങ്ങളെ ചെറുക്കുകയാണ് ഡല്ലേവാള്‍. രാജ്യത്തെ കാര്‍ഷിക മേഖലയും ഭക്ഷ്യവ്യവസായവും പൊതുവിതരണ സംവിധാനവും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള വമ്പന്‍ പദ്ധതികളുടെ ഭാഗമായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 2020-2021 കാലത്ത് ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരും കാര്‍ഷികതൊഴിലാളികളും നടത്തിയ ഐതിഹാസിക പ്രക്ഷോഭത്തിനൊടുവില്‍ ‘രാജ്യത്തെ അന്നദാതാക്കളോട്’ മാപ്പുചോദിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി 2021 നവംബറില്‍ ആ നിയമങ്ങള്‍ പിന്‍വലിച്ചപ്പോള്‍ നല്കിയ ഉറപ്പുകളൊന്നും നടപ്പാക്കിയില്ല എന്നാരോപിച്ച് ഡല്‍ഹിയിലേക്ക് ട്രാക്റ്ററുകളുമായി മാര്‍ച്ച് നടത്താനിറങ്ങിയ പഞ്ചാബിലെ കര്‍ഷകരെ ബിജെപി ഭരിക്കുന്ന ഹരിയാണയുടെ അതിര്‍ത്തിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച പ്രവര്‍ത്തകര്‍ 2024 ഫെബ്രുവരി മുതല്‍ ശംഭൂ-അംബാലാ, ഖനൗരി-ജീന്ത് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കയാണ്.
കര്‍ഷകരുമായി ചര്‍ച്ച നടത്താനോ അനുകമ്പ പ്രകടിപ്പിക്കാനോ സന്നദ്ധമാകാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ച സുപ്രീം കോടതി, കര്‍ഷകനേതാവ് ഡല്ലേവാളിന്റെ ജീവന് രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചാബിലെ ആം ആദ്മി ഭരണകൂടത്തോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഭരണഘടനാപരമായ നീതിശാസ്ത്രത്തില്‍, ചരിത്രപരമായും നിയമപരമായും സ്വീകാര്യമായ, ഇന്ത്യന്‍ ജനാധിപത്യത്തിന് മഹാത്മാ ഗാന്ധി നല്കിയ അതിശ്രേഷ്ഠമായ സഹനസമരമുറയാണ് നിരാഹാര സത്യഗ്രഹം. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ നിരാഹാരമനുഷ്ഠിക്കുന്നത് നിയമവിരുദ്ധമല്ലെന്നും അത് ക്രമസമാധാനഭഞ്ജനമായി കരുതാനാവില്ലെന്നും ഭരണഘടനാകോടതികളുടെ വിധികളുണ്ട്.
മണിപ്പുരില്‍ സായുധസേനാ വിശേഷാധികാര നിയമത്തിനെതിരെ 16 വര്‍ഷം നിരാഹാര സമരം നടത്തിയ ഇറോം ചാനു ശര്‍മ്മിളയെ – അഫ്സ്പാ റദ്ദാക്കുന്നതുവരെ ഭക്ഷണം കഴിക്കുകയോ പാനീയം കുടിക്കുകയോ മുടി ചീകുകയോ കണ്ണാടിയില്‍ നോക്കുകയോ ചെയ്യില്ലെന്നാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉപവാസ സമരം നയിച്ച ‘മനസ്സാക്ഷിയുടെ തടവുകാരി’ പ്രതിജ്ഞ ചെയ്തത് – 2000 നവംബറില്‍ നിരാഹാരം തുടങ്ങി മൂന്നാം നാളില്‍ ആത്മഹത്യാശ്രമത്തിന്റെ പേരില്‍ പൊലീസ് അറസ്റ്റുചെയ്ത് നേസോഗാസ്ട്രിക് ട്യൂബിലൂടെ നിര്‍ബന്ധിച്ച് ഭക്ഷണം നല്കാന് തുടങ്ങി. നാല്പത്തിനാലാം വയസില്‍ നിരാഹാരം അവസാനിപ്പിക്കും വരെ ഐപിസി വകുപ്പുകള്‍ പ്രകാരം എത്രയോവട്ടം ശര്‍മ്മിള ഇങ്ങനെ ആത്മഹത്യാശ്രമത്തിന് അറസ്റ്റിലായിട്ടുണ്ട്! സര്‍ക്കാരിന്റെ കാര്‍ഷികനയങ്ങള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള ഡല്ലേവാളിന്റെ അവകാശത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ആദരിച്ചുകൊണ്ടുതന്നെ പൗരന്റെ ജീവന് രക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്ന കാര്യമാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് എടുത്തുപറഞ്ഞത്. എന്നാല്‍, ഡല്ലേവാളിന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു എന്ന രീതിയില്‍ പഞ്ചാബ് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്തതായി കോടതി കണ്ടെത്തി.
”ആശുപത്രിയിലേക്കു നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത് അവിടെ ജീവന് അപകടത്തിലാകാതെ നിരാഹാര സമരം തുടരാനുള്ള മെഡിക്കല്‍ സൗകര്യം ലഭ്യമാകും എന്നതിനാലാണ്. കര്‍ഷക നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവന് വിലപ്പെട്ടതാണ്. ഞങ്ങള്‍ക്ക് അക്കാര്യത്തില്‍ ഉത്കണ്ഠയുണ്ട്. അദ്ദേഹത്തിന് രാഷ് ട്രീയ പ്രത്യയശാസ്ത്രങ്ങളോട് ഒരു ആഭിമുഖ്യവുമില്ല. കര്‍ഷകരുടെ താല്പര്യം മാത്രമാണ് അദ്ദേഹം നോക്കുന്നത്,” ഡല്ലേവാളിനെ ആശുപത്രിയിലേക്കു മാറ്റാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന് കോടതിയലക്ഷ്യനടപടി എടുക്കാന്‍ തീരുമാനിച്ചുകൊണ്ട് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. നിരാഹാര സമരം 50 ദിവസം പിന്നിട്ടിരിക്കെ, ഡല്ലേവാളിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഇക്കഴിഞ്ഞ ദിവസം പഞ്ചാബ് സര്‍ക്കാരിനുവേണ്ടി ഹാജരായ കബില്‍ സിബല്‍ ബോധിപ്പിച്ചതിനെ ജസ്റ്റിസ് സൂര്യകാന്തിന്റെയും ജസ്റ്റിസ് എന്‍. കോടിശ്വര്‍ സിങ്ങിന്റെയും ബെഞ്ച് അതിരൂക്ഷമായി വിമര്‍ശിച്ചു. സത്യഗ്രഹിയുടെ ജീവലക്ഷണങ്ങള്‍, ശാരീരിക പ്രക്രിയകളുടെ അടിസ്ഥാന മാനകങ്ങള്‍ ആശങ്കാജനകമായ നിലയിലാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുമ്പോള്‍, ഇത്രയും നാള് നിരാഹാരം കിടന്നതുകൊണ്ട് ആരോഗ്യനില മെച്ചപ്പെട്ടു എന്ന പ്രസ്താവന എത്ര വിചിത്രമാണ്! ഡല്ലേവാളിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഉടന്‍ ഹാജരാക്കണമെന്നും അത് പരിശോധിക്കാന്‍ എഐഐഎംഎസ് ഡയറക്ടര്‍ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു.
കര്‍ഷകര്‍ക്കുവേണ്ടിയുള്ള ദേശീയ കമ്മിഷന് ചെയര്‍മാനായിരുന്ന എം.എസ് സ്വാമിനാഥന് വിളകള്‍ക്ക് നിര്‍ദേശിച്ച മിനിമം താങ്ങുവില (എംഎസ്പി) നടപ്പാക്കുന്നതിന് നിയമപരമായ ഗാരന്റി പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ഷകരുടെ വായ്പാ കടങ്ങള്‍ എഴുതിതള്ളുക, കര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും പെന്ഷന്, വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാതിരിക്കുക, ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കുക, മുന്‍ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളും സംയുക്ത കിസാന്‍ മോര്‍ച്ച ഉയര്‍ത്തുന്നുണ്ട്. ദേശീയ തലസ്ഥാന അതിര്‍ത്തി അടച്ചുകെട്ടിയും റേസര്‍ വയറും കോണ്‍ക്രീറ്റ് ബാരിക്കേഡും കിടങ്ങുകളും കൊണ്ട് ദേശീയപാതയില്‍ മാര്‍ഗതടസം സൃഷ്ടിച്ചും റോഡില്‍ ഇരുമ്പാണിപ്പലകകള് നിരത്തി ട്രാക്റ്ററുകള്‍ക്ക് കെണിയൊരുക്കിയും കണ്ണീര്‍വാതക ഷെല്ലുകളും കെമിക്കല്‍ ബോംബുകളും വര്‍ഷിക്കുന്ന ഡ്രോണുകള്‍ വിന്യസിച്ചും ഡല്‍ഹി മാര്‍ച്ച് തടഞ്ഞെങ്കിലും 2020-ലെ പ്രക്ഷോഭകാലത്ത് കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ പലവട്ടം ചര്‍ച്ച നടത്തുകയുണ്ടായി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹി മാര്‍ച്ച് പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്രമന്ത്രിമാര്‍ രണ്ടുവട്ടം കര്‍ഷകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഇത്തവണ ഡല്ലേവാളിന്റെ നിരാഹാരസമരത്തെ കേന്ദ്രം പാടേ അവഗണിക്കുകയാണ്.
കര്‍ഷകര്‍ ഡല്‍ഹിയിലേക്കു മാര്‍ച്ച് നടത്തുന്നതില്‍ മോദി സര്‍ക്കാരിന് ഇത്രത്തോളം ഭയപ്പാട് എന്തിനാണ്? മഹീന്ദ്ര സിങ് ടികായത്തിന്റെ നേതൃത്വത്തില്‍ 1988 ഒക്ടോബറില്‍ അഞ്ചുലക്ഷം കരിമ്പുകൃഷിക്കാര്‍ ഡല്‍ഹി ബോട്ട് ക്ലബ് മൈതാനത്ത് ഒരാഴ്ച നീണ്ട റാലി നടത്തിയപ്പോള്‍ സൈന്യത്തെയോ ദ്രുതകര്മസേനയെയോ വിളിക്കേണ്ടിവന്നില്ല. അത്തരം പ്രകടനങ്ങളെ നേരിടാന്‍ ഇതിനു മുന്‍പത്തെ സര്‍ക്കാരുകള്‍ അമിത ബലപ്രയോഗമൊന്നും നടത്താതെ നോക്കിയിരുന്നു.
കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രാലയം ഇക്കഴിഞ്ഞ വര്‍ഷം ഏകപക്ഷീയമായി കൊണ്ടുവരാന്‍ ശ്രമിച്ച കാര്‍ഷിക പരിഷ്കാരങ്ങളില്‍, നവംബറില്‍ പ്രഖ്യാപിച്ച ദേശീയ കാര്‍ഷിക വിപണന നയ കരടുരേഖ (നാഷണല്‍ പോളിസി ഫ്രെയിംവര്‍ക്ക് ഓണ്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ്), ‘ഒരു രാജ്യം, ഒരു വിപണി’ എന്ന കോര്‍പറേറ്റ് അജണ്ടയിലേക്ക് രാജ്യത്തിന്റെ കാര്‍ഷിക വിപണന ആവാസവ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിടുന്നതാണ്. മൂന്നു വര്‍ഷം മുന്‍പ് കര്‍ഷകരുടെ അതിശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്ന മൂന്നു കാര്‍ഷിക നിയമങ്ങള്‍ മറ്റൊരു രൂപത്തില്‍ വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള ഗുഢതന്ത്രമാണ് ഇതിനു പിന്നില്‍. കൃഷിയും വ്യവസായവും സേവനങ്ങളും ബഹുരാഷ് ട്ര കുത്തകകള്‍ക്കും രാജ്യാന്തര മൂലധനശക്തികള്‍ക്കും പൂര്‍ണമായും തുറന്നുകൊടുക്കാനാണ് ശ്രമം. കോണ്ട്രാക്റ്റ് ഫാമിങ്, സ്വകാര്യ മൊത്തവ്യാപാരച്ചന്ത, മൊത്തക്കച്ചവടക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും ഭക്ഷ്യസംസ്കരണവ്യവസായികള്ക്കും കൃഷിയിടത്തില്‍ നിന്നു നേരിട്ട് ചരക്കെടുക്കാനുള്ള സംവിധാനം, വെയര്‍ഹൗസ്, സിലോസ്, കോള്‍ഡ് സ്റ്റോറേജ് എന്നിവ ഡീംഡ് മാര്‍ക്കറ്റായി പ്രഖ്യാപിക്കല്‍, സ്വകാര്യ ഇ-ട്രേഡ് പ്ലാറ്റ്ഫോം, സംസ്ഥാനതലത്തില്‍ ഏകീകൃത മാര്‍ക്കറ്റ് ഫീ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പോര്‍ട്ടല്‍ എന്നിവയെക്കുറിച്ച് കരടുനയരേഖയില്‍ പറയുന്നു. എന്നാല്‍ എംഎസ്പിയെക്കുറിച്ച് ഒരു വാക്കും അതിലില്ല.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് നവാബ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി – മുന്‍ ഡിജിപി ബി.എസ് സന്ധു, സാമ്പത്തികകാര്യ വിദഗ്ധന്‍ രഞ്ജിത് സിങ് ഘുമന്‍, കാര്‍ഷിക വിദഗ്ധന്‍ ദേവീന്ദര്‍ ശര്‍മ്മ, പഞ്ചാബ് അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയിലെ അഗ്രികള്‍ച്ചറല്‍ ഇക്കണോമിസ്റ്റ് സുഖ്പാല്‍ സിങ് എന്നിവര്‍ ഇതില്‍ അംഗങ്ങളാണ് – ഇക്കഴിഞ്ഞ നവംബറില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍, കര്‍ഷകരുടെ വരുമാനക്ഷയം, ചെലവുവര്‍ധന, പെരുകുന്ന കടബാധ്യതകള്‍, വിപണന സംവിധാനത്തിലെ അപര്യാപ്തതകള്‍ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഡല്ലേവാളുമായി ഖനൗരി അതിര്‍ത്തിയിലെ സമരപ്പന്തലില്‍ ജസ്റ്റിസ് നവാബ് സിങ്ങും കൂട്ടരും കൂടിക്കാഴ്ച നടത്തുകയുണ്ടായി. കര്‍ഷകരുടെ ആത്മഹത്യകള്‍ക്ക് അറുതിയുണ്ടാകാന്‍ തന്റെ ജീവന് ബലിയര്‍പ്പിക്കുന്നു എന്നാണ് ഡല്ലേവാള്‍ സമിതിയോടു പറഞ്ഞത്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡേറ്റ ശേഖരണം ആരംഭിച്ച 1995-നു ശേഷം ഇന്നേവരെ നാലു ലക്ഷത്തിലേറെ കര്‍ഷകരും കര്ഷകതൊഴിലാളികളും ആത്മഹത്യ ചെയ്തിട്ടുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു.
സ്വാമിനാഥന് ഫോര്‍മുല പ്രകാരം എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായി ഉറപ്പാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മൊത്തം ചെലവിനുമേല്‍ 50 ശതമാനം ലാഭവിഹിതം കൂടി കണക്കാക്കുന്നതാണ് എംഎസ്പി. കര്‍ഷകന്റെ എല്ലാ ചെലവുകളും കുടുംബത്തിന്റെ അധ്വാനവും കൃഷിഭൂമിയുടെ വാടകയും മൂലധനത്തിനുമേലുള്ള പലിശയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. മിക്ക വിളകള്‍ക്കും 25 മുതല്‍ 30 ശതമാനം വരെ എംഎസ്പി വര്‍ധന വരും. പെന്ഷന്, പ്രതിദിനം ചുരുങ്ങിയത് 700 രൂപ വേതനം, ദേശീയ തൊഴിലുറപ്പുപദ്ധതിക്കാരെ കൃഷിയിടങ്ങളിലും ഇറക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റിലും രാജ്യത്തെ സമ്പദ് വ്യവസ്ഥയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും ഭക്ഷ്യക്ഷാമത്തിനും ഇടവരുത്തുമെന്നു വാദിക്കുന്നവരുണ്ട്. നിലവിലുള്ള എംഎസ്പി ചട്ടത്തില്‍ വരുന്ന 23 വിളകള്‍ വാസ്തവത്തില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ 28 ശതമാനം മാത്രമാണ്. സര്‍ക്കാര്‍ വാങ്ങുന്ന വിളകള്‍ക്കു മാത്രമേ എംഎസ്പി ഗാരന്റി ചെയ്യാനാകൂ. വിപണിയില്‍ എത്തുന്ന എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവില ഗാരന്റി ചെയ്യാന്‍ സര്‍ക്കാരിനാവില്ല. വികാരവും രാഷ് ട്രീയവും മാറ്റിനിര്‍ത്തി യാഥാര്‍ഥ്യബോധത്തോടെ ചര്‍ച്ച നടത്തേണ്ട വിഷയമാണിത്.
ഡല്ലേവാളിന് അടിയന്തര മെഡിക്കല്‍ സഹായം നല്കാന് ഖനൗരിയിലെ സമരപ്പന്തലില്‍ നിന്ന് പത്തു മീറ്റര്‍ അകലെയായി താത്കാലിക ഹോസ്പിറ്റല്‍ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് പഞ്ചാബ് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിട്ടുള്ളത്. ഡല്ലേവാളിന് എന്തെങ്കിലും സംഭവിച്ചാല്‍, ഫെബ്രുവരി ആദ്യം ഡല്‍ഹിയില്‍ നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ മാത്രമല്ല, രാജ്യവ്യാപകമായി അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും എന്ന് ഖനൗരിയില്‍ ചേര്‍ന്ന മഹാപഞ്ചായത്തും മോഗയില്‍ ചേര്‍ന്ന പ്രമുഖ കര്‍ഷക സംഘടനകളും കേന്ദ്ര ഭരണകൂടത്തിന് മുന്നറിയിപ്പു നല്കി. വിവാദ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ഒരുമിച്ചു പൊരുതിയ സംഘടനയില്‍, ബല്‍ബീര്‍ സിങ് രാജേവാളിന്റെ നേതൃത്വത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഡല്ലേവാള്‍ നോണ്‍-പൊളിറ്റിക്കല്‍ എന്ന ബാനറില്‍ സംയുക്ത മോര്‍ച്ചയുടെ ഒരു വിഭാഗത്തെ കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. ഡല്ലേവാളിന്റെ ജീവന് രക്ഷിക്കുന്നതിന് മനുഷ്യത്വപരമായ ഒരു ഇടപെടലും നടത്താന്‍ കേന്ദ്ര ഭരണനേതൃത്വം തയാറാകാത്ത സാഹചര്യത്തില്‍ പ്രധാന കര്‍ഷകസംഘടനകള്‍ ദേശീയതലത്തില്‍ വീണ്ടും ഒരുമിക്കുകയാണ്. കറുത്ത വസ്ത്രങ്ങളണിഞ്ഞ് 111 കര്‍ഷകര്‍ ഡല്ലേവാളിന്റെ സമരപ്പന്തലിനടുത്ത് നിരാഹാരം തുടങ്ങുമ്പോള്‍ മുഖരിതമാകുന്ന അനശ്വരമന്ത്രം കേന്ദ്രത്തെ ഉലയ്ക്കണം: ഡല്ലേവാളിന് മരണമില്ല. ഒരായിരം ഡല്ലേവാള്മാര് ഇവിടെ ഉയിര്ത്തെഴുന്നേല്ക്കും!