നെയ്യാറ്റിന്‍കര: രാജ്യത്തിൻ്റെ വളർച്ചയ്ക്കും പുരോഗതിക്കും ലത്തീൻ സഭ നൽകിയിട്ടുള്ള സംഭാവനകൾ ഒരുകാലത്തും വിസ്മരിക്കാനാവാത്തതാണെന്ന് ശശി തരൂർ എംപി പറഞ്ഞു.കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 44-ാം ജനറല്‍ അസംബ്ലി നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ പ്രത്യേകിച്ച് വിദ്യാഭ്യാസരംഗത്തും ആതുരാ ശുശ്രൂഷ രംഗത്തും പുത്തൻ സംസ്കാരം രൂപം കൊടുത്തവരാണ് ലത്തീൻ സമുദായം.
മുനമ്പം വിഷയം മനുഷ്യത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വിഷയമാണ്.തലമുറകളായി ആ ഭൂമിയിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആർക്കും അവകാശമില്ല. മുസ്ലിം സമുദായത്തിന്റെ അകത്തുള്ളവർക്ക് പോലും ഈ വിഷയം ന്യായമായ രീതിയിൽ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. മുനമ്പം ജനതയുടെ പൂർണ്ണമായ അവകാശത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും കൂടെയുണ്ടാകും.
ലത്തീൻ സമുദായത്തിന് റവന്യൂ വകുപ്പിൽ നിന്നും ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ ബിഷപ്പുമാർ നൽകുന്ന സാക്ഷ്യപത്രങ്ങൾ ഉദ്യോഗസ്ഥർ നിഷേധിക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല.
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളിൽ ലത്തീൻ കത്തോലിക്കാ സഭ സ്വീകരിക്കുന്ന നിലപാടുകളും നിർദ്ദേശങ്ങളും ഭരണരംഗത്തുള്ളവർക്കും ഉദ്യോഗസ്ഥർക്കും ഏറെ ഉപകാരപ്രദമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കെആര്‍എല്‍സിസി-കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. സമുദായം നേരിടുന്ന പ്രശ്നങ്ങളോട് രാഷ്ട്രീയ നേതൃത്വം അനുഭാവപൂർവ്വം പ്രതികരിക്കുമെന്നാണ് പ്രത്യാശയെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു.
നെയ്യാറ്റിന്‍കര രൂപത മെത്രാന് ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ ബിഷപ് ഡോ. ഡെന്നീസ് കുറപ്പശേരിയെ സമ്മേളനത്തില്‍ അനുമോദിച്ചു.
തുടര്‍ന്ന് ജൂബിലിയുടെ ചൈതന്യത്തില്‍ കേരള ലത്തീന്‍ സഭയുടെ നവീകരണവും മുന്നേറ്റവും എന്ന വിഷയത്തില്‍ ഷെവലിയര്‍ സിറിള്‍ ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. പൗരോഹിത്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, മോണ്‍. ജി. ക്രിസ്തുദാസ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിതനായ ഫാ. തോമസ് തറയില്‍ എന്നിവരെ ആദരിച്ചു.
കെആര്‍എല്‍സിസിയുടെ കര്‍മ്മപദ്ധതിയുടെയും നയപരിപാടികളുടെ നിര്‍വ്വഹണവും അവലോകനം ചെയ്യുന്ന അസംബ്ലി ആസന്നമാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നുണ്ട്. വൈകീട്ട് നടന്ന സമ്മേളനത്തില്‍ ലത്തീന്‍ സഭയിലെ വിവിധ കമ്മിഷനുകള്‍, സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്തുകയും ഭാവിപരിപാടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
നാളെ
(12, ഞായറാഴ്ച) രാവിലെ കെആര്‍എല്‍സിസിയുടെ അര്‍ദ്ധവാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ അവതരിപ്പിക്കും. പൊതു ചര്‍ച്ച പി.ആര്. കുഞ്ഞച്ചന് നിയന്ത്രിക്കും.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് രാഷ്ട്രീയ കാര്യസമിതിയുടെ റിപ്പോര്‍ട്ടും കെആർഎൽസിസി സെക്രട്ടറി പ്രബലദാസ് അസംബ്ലി റിപ്പോര്‍ട്ടും, ട്രഷറര്‍ ബിജു ജോസി അസംബ്ലിയുടെ പ്രസ്താവനയുടെയും അവതരണം നടത്തും. ഉച്ചയ്ക്ക് പ്രസിഡന്റ്്് ബിഷപ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ സമാപന സന്ദേശം നല്‍കും. സെക്രട്ടറി പാട്രിക് മൈക്കിള്‍ നന്ദി രേഖപ്പെടുത്തും.
സമുദായം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും വിശകലനം ചെയ്യുന്ന അസംബ്ലി ആവശ്യമായ പരിഹാര നടപടികള്‍ക്കും രൂപം നല്‍കും.
സമ്മേളനത്തിനു മുന്നോടിയായി ജനുവരി 10ന് ലത്തിന് കത്തോലിക്ക മെത്രാന് സമിതിയുടെ യോഗം നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ചേര്‍ന്നിരുന്നു.