ഫാ. സേവ്യര്‍ കുടിയാംശ്ശേരി
കൊന്നും കൊലവിളിച്ചും എത്രകാലം ഇങ്ങനെ….
മൂക്കില്‍ പല്ലു മുളച്ചില്ലേ. നിര്‍ത്താറായില്ലേ ഈ കൊലപാതക രാഷ്ട്രീയം?
കഴിഞ്ഞ ദിവസത്തെ ഒരു മുദ്രാവാക്യം കേള്‍ക്കൂ.
‘കൊലയാളികള്‍ സിന്ദാബാദ് പിന്നോട്ടില്ല പിന്നോട്ടില്ല, മുന്നോട്ട് മുന്നോട്ട്’
പെരിയ ഇരട്ട കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊലയാളികളെ പി. ജയരാജന്റെ നേതൃത്വത്തില്‍ പാര്ട്ടിക്കാര് ഒത്തുകൂടി ജയ് വിളിച്ചു ജയിലിലേക്കു പ്രവേശിപ്പിച്ചു. അവര്‍ മുഷ്ടി ചുരുട്ടി ആകാശത്തേക്കു കൈകളുയര്‍ത്തി ആവേശത്തോടെ വിളിച്ചു പറഞ്ഞു, ‘സിന്ദാബാദ് സിന്ദാബാദ് കൊലയാളികള്‍ സിന്ദാബാദ്. പിന്നോട്ടില്ല പിന്നോട്ടില്ല മുന്നോട്ട് മുന്നോട്ട്’.
കൊലപാതകത്തില്‍നിന്നു പിന്നോട്ടില്ല കൊലപാതകവുമായി മുന്നോട്ടുതന്നെ എന്നാണവര്‍ ജയ് വിളിച്ചതിനര്ത്ഥം. അതും സെന്‍ട്രല്‍ ജയിലിന്റെ മുന്നില്‍വച്ച്.
ഇത് ലോകത്തെവിടെയെങ്കിലും നടക്കുന്ന ഒന്നാണോ. ഇവിടെ നിയമ വ്യവസ്ഥ ഇല്ലേ. എന്തേ ഈ കലാപകാരികളെ അറസ്റ്റു ചെയ്തില്ല?
സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയംഗമാണെന്നും ജയില്‍ ഉപദേശകസമിതിയംഗമാണെന്നും അവകാശപ്പെട്ടുകൊണ്ടാണ് ജയരാജന് സകല സംവിധാനങ്ങളേയും ചോദ്യം ചെയ്യുന്ന ജയ് വിളി നടത്തിയതും ജയിലിനുള്ളില്‍ കടന്ന് കൊലപാതകികളെ അനുമോദിച്ചതും. ജയില്‍ ഉപദേശകസമിതി അംഗത്തിന് ഏതു സമയത്തും ജയിലില്‍ കയറാനുള്ള അനുവാദം ഇതാരു കൊടുത്തു. അത്തരത്തിലൊരധികാരം ജയിലിന്റെ സൂപ്രവൈസറി അധികാരമുള്ള ജില്ലാ ജഡ്ജിനു മാത്രമാണുള്ളത്.
ജയരാജനും കൂട്ടരും കാട്ടിക്കൂട്ടിയത് ശുദ്ധ തെമ്മാടിത്തരമാണ്. നിയമവാഴ്ചയുള്ള ഒരു രാജ്യത്തും ഇതു സമ്മതിക്കില്ല. എന്തുകൊണ്ട് ഇവരെ അറസ്റ്റു ചെയ്തില്ല. നിയമവാഴ്ചയേയും ഭരണസംവിധാനങ്ങളേയും വെല്ലുവിളിക്കുന്ന ഇത്തരം മുഷ്ക്കിനുമുന്നില്‍ സര്‍ക്കാര്‍ മുട്ടു മടക്കിക്കൂടാത്തതാണ്. ഇതൊക്കെ അനുവദിച്ചു കൊടുക്കുന്ന ഭരണകൂടം കലാപകാരികള്‍ക്കു കുഴലൂതുകയാണ്. ഇതെന്താ ഭരണകൂടവും പാര്‍ട്ടിയും വല്ല കൊള്ളസംഘമായി പരിണമിച്ചോ.
ഇത്തരം പ്രവൃത്തി വഴി ജയരാജന് ജയിലിനകത്തു കിടക്കാന്‍ യോഗ്യത നേടിയിരിക്കേ ഉപദേശക സമിതിയില്‍ ഇനിയും തുടരാന്‍ അനുവദിച്ചു കൂടാത്തതാണ്. ഇതു ജുഡീഷ്യറിയോടുളള അവഹേളനമാണ്. കോടതി സുവോ മോത്തോ കേസ് എടുക്കേണ്ടതാണ്. നിര്‍ദ്ദേശം കൊടുത്തവരാണു സിന്ദാബാദുകാരെന്ന് ഊഹിക്കുന്നതില്‍ തെറ്റൊന്നുമില്ല.
ഒരു പാര്‍ട്ടി നേതാവിന്റെ അഭിപ്രായ പ്രകടനം കേള്‍ക്കൂ. കുറ്റവാളികളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കേണ്ടതില്ല. അങ്ങനെ പുറത്താക്കാന്‍ തുടങ്ങിയാല്‍ പാര്‍ട്ടിയില്‍ പിന്നെ ആരും കാണുകയില്ല. സിപിഎം കള്ളന്മാരുടേയും കൊള്ളക്കാരുടേയും കൊലപാതകികളുടേയും കോട്ടയാണെന്നു സ്വയം പ്രഖ്യാപിക്കുകയായിരുന്നു. ഇത്തരത്തില്‍ സംസാരിക്കുന്നവര്‍ക്ക് വല്ല ബോധവുമുണ്ടോ. പറഞ്ഞു വയ്ക്കുന്നതിന്റെ അര്‍ത്ഥമറിയാമോ. എന്താണു സംസാരിക്കുന്നതെന്നു ബോധമുണ്ടോ.
കൊലപാതകികള്‍ക്ക് എല്ലാ സംരക്ഷണവും കൊടുക്കുന്നു. ഇനി ജയിലിലും വിഐപി പരിഗണന ലഭിക്കുമെന്നുറപ്പല്ലേ. ഇത് കോടതിയോടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്.
എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്യാന്‍ വഴിയോരുക്കിയവര് കുടുംബത്തോടൊപ്പമാണന്നു പറഞ്ഞതിന്റെ അര്‍ത്ഥം കേരളത്തിലാര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടോ?
പാലക്കാട്ടെ സഹകരണബാങ്കിനു മുന്നില്‍ ആത്മഹത്യ ചെയ്തു ബാബുവിന്റെ കാര്യത്തിലും ഭീഷണിപ്പെടുത്തിയവരും പണം തട്ടിയവരും പറഞ്ഞു. ഞങ്ങള്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ്. ഇതിന്റെ അര്‍ത്ഥവും ആര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടോ?
സജി ചെറിയാന് പറഞ്ഞില്ലേ പിള്ളേരല്ലേ അല്പം ലഹരിയൊക്കെ കഴിച്ചന്നിരിക്കും. ഇത്ര നിരുത്തരവാദത്തോടും ലാഘവത്തോടും മന്ത്രിമാര്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു വ്യക്തമായില്ലേ. നാടിനെ വീണ്ടെടുക്കാന്‍ ജനങ്ങള്‍ സംഘടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കോണ്‍ഗ്രസ്സും പ്രതിക്കൂട്ടില്‍
ഐ.സി. ബാലകൃഷ്ണന് എംഎല്‍എ, എന്‍.ഡി. അപ്പച്ചന്, ഡിസിസി ട്രഷററായിരുന്ന കെ.കെ. ഗോപിനാഥന് തുടങ്ങിയവര്‍ക്കെതിരേ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായിമായി ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പും കത്തുകളും പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ24ന് വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍കണ്ട എന്‍.എം. വിജയനും മകന് ജിജേഷും 27നാണു മരിച്ചത്. ബത്തേരി അര്‍ബന്‍ സഹകരണ ബാങ്ക്, സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ നിയമനങ്ങള്‍ക്കായി ഐ.സി. ബാലകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം 7 ലക്ഷം രൂപാ കൈപ്പറ്റിയെന്നും എന്‍.ഡി.അപ്പച്ചനുവേണ്ടി കോഴ വാങ്ങിയതിന്റെ പേരില്‍ 18 ലക്ഷം രൂപാ കടബാധ്യതയായെന്നും കത്തിലുണ്ട്. ഇത്തരത്തില്‍ കോണ്ഗ്രസ്സുകാര് ഉത്തരം പറയേണ്ട ഒത്തിരി കാര്യങ്ങള്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ്സുകാരുടെ ഭാഗത്തുനിന്നും നിരുത്തരവാദിത്വപരമായ ഉത്തരങ്ങളാണു പുറത്തു വരുന്നത്.
ആർഎസ്എസ് – ബിജെപി പ്രവര്‍ത്തകരും മുന്നോട്ടുതന്നെ
സിപിഎം കണ്ണപുരം ചൂണ്ട ബ്രാഞ്ചംഗം കണ്ണപുരത്തെ അലിച്ചി വീട്ടില്‍ റിജിത്ത് ശങ്കറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പതു ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം തടവും 1,11000 രൂപാ വീതം പിഴയും കോടതി വിധിച്ചു.
‘എല്ലാ അമ്മമാര്‍ക്കുംവേണ്ടി ഞാന്‍ കേണപേക്ഷിക്കുകയാണ്… ഈ രാഷ്ട്രീയ കൊലവിളി ഇനിയെങ്കിലും അവസാനിപ്പിക്കണം. എല്ലാവരും കത്തി താഴെവയ്ക്കണം. 19 കൊല്ലം മുമ്പു രാഷ്ട്രിയക്കൊലക്കത്തിക്കിരയായ മകനെയോര്‍ത്ത് നീറിക്കഴിയുന്ന ഒരപേക്ഷയാണിത്. റിജിത്ത് ശങ്കറിന്റെ അമ്മ, ജാനകി ജില്ലാ കോടതി വളപ്പില്‍നിന്നു വിതുമ്പി പറഞ്ഞ വാക്കുകളാണിവ. അവര്‍ കൂട്ടിച്ചേര്‍ത്തു,
കത്തി താഴെ വയ്ക്കൂ.