കൊച്ചി:എറണാകുളം സെൻ്റ് ആൽബർട്ട്സ് ഹൈസ്കൂൾ 1993 – 94 എസ്എസ്എൽസി ബാച്ച് നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമം
വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യസമിതി ഡയറക്ടർ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
ഓർമ്മയിൽ ഒരു കുളിർമ എന്ന പേരിൽ തൃപ്പൂണിത്തുറ വടക്കേക്കോട്ട സെൻ്റ് ജോസഫ് ഇടവക പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ
1993 94 ബാച്ചിലെ വിദ്യാർത്ഥികളും കുടുംബങ്ങളും അധ്യാപകരും പങ്കെടുത്തു.
തങ്ങൾക്ക് നല്ല മാതൃക പകർന്നു നൽകിയ അധ്യാപകരെയും അക്കാലയളവിൽ സ്കൂൾ മാനേജരായി സേവനമനുഷ്ഠിച്ചിരുന്ന ഫാ. ഫ്രാൻസിസ് സേവ്യറിനേയും വിദ്യാർത്ഥികൾ ആദരിച്ചു. 2019ൽ ആരംഭിച്ച സൗഹൃദ സംഗമം 5 വർഷം കൂടുമ്പോഴാണ് പൊതുപരിപാടി സംഘടിപ്പിക്കുന്നത്.
അധ്യാപകരായ ബേബി തദേവൂസ്, ജൂഡിത്ത്, മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. സംഗമത്തിൽ പങ്കെടുത്ത 64 അധ്യാപകരെ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. നിയാസ്, ഷിറാൻ, യേശുദാസ് എന്നിവർ നേതൃത്വം നൽകി.