വൈപ്പിൻ : വഖഫ് നിയമത്തിൻ്റെ പേരിൽ സ്വന്തം കിടപ്പാടത്തിൻ്റെ റവന്യൂ അവകാശങ്ങൾ നഷ്ടപ്പെട്ട മുനമ്പം – കടപ്പുറം ജനത നടത്തുന്ന നീതിക്കായുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ ഇന്ന് വൈകീട്ട് നാലിന് വൈപ്പിൻ മുതൽ മുനമ്പം – കടപ്പുറം സമരപന്തൽ വരെ കോട്ടപ്പുറം – വരാപ്പുഴ രൂപത കളുടെ നേതൃത്വത്തിൽ മനുഷ്യചങ്ങല സംഘടിപ്പിക്കുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയുടെയും കൊച്ചി രൂപതയുടെയും ക്രൈസ്തവവിഭാഗങ്ങളുടെയും വൈപ്പിനിലെ എല്ലാ സുമനസുകളുടെയും സഹകരണത്തോടെയാണ് മനുഷ്യചങ്ങല സംഘടിപ്പിച്ചിട്ടുള്ളത്.
വൈകീട്ട് നാലിന് ഫോർട്ട് വൈപ്പിനിൽ നടക്കുന്ന ഉദ്ഘാടനത്തിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ, സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ എന്നിവർ പങ്കെടുക്കും. മുനമ്പം – കടപ്പുറം സമരപന്തലിൽ നടക്കുന്ന സമാപന സമ്മേളനത്തെ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അഭിസംബോധന ചെയ്യും.
കോട്ടപ്പുറം രൂപതയിലെ അഞ്ച് ഫൊറോനകളിൽ നിന്നായി എല്ലാ ഇടവകകളും ചങ്ങലയിൽ പങ്കെടുക്കുന്നുണ്ട്.മുപ്പതിനായിരത്തോളം വരുന്ന ജനങ്ങള്‍ മനുഷ്യചങ്ങലയില്‍ അണിനിരക്കും. മനുഷ്യചങ്ങലക്കു ശേഷം വൈപ്പിൻകരയിലെ ഇടവകകളിൽ മുനമ്പം -കടപ്പുറം ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
മുനമ്പം – കടപ്പുറം ജനതയുടെ സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനുള്ള നിരാഹാര സമരം 85 ദിവസങ്ങൾ പിന്നിടുകയാണ്. ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.