വെള്ളറട : പ്രസിദ്ധമായ വെള്ളറട കൂനിച്ചി കാർമ്മൽ ഹിൽ ഇക്കോ പിൽഗ്രിം കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സമാരംഭിച്ച പീസ് ഫെസ്റ്റ് – 2 k 24 സമാപിച്ചു. തെക്കൻ കുരിശുമല സംഗമ വേദിയിലും കൂനിച്ചി കാർമ്മൽ ഹിൽ ഇക്കോ ടൂറിസം കേന്ദ്രത്തിലുമായിട്ടാണ് പീസ് ഫെസ്റ്റ് നടന്നത്.
ആഘോഷമായ ദിവ്യബലികൾ, പ്രഭാഷണങ്ങൾ, വിവിധ ഇടവകകളും, സഭാ വിഭാഗങ്ങളും നേതൃത്വം നൽകിയശുശ്രുഷകൾ, സാംസ്കാരിക സംഘടനകൾ അവതരിപ്പിച്ച കലാവിരുന്നുകൾ, സിംപോസിയo വിവിധ സമ്മേളനങ്ങൾ, ബാഡ്മിന്റൻ ടൂർണമെന്റ്, കായിക മത്സരങ്ങൾ, പൊതുസമ്മേളനങ്ങൾ, വൈദ്യുത ദീപാലങ്കാരങ്ങൾ, വിവിധ ഗ്രൂപ്പുകൾ നിർമ്മിച്ച പുൽക്കൂടുകൾ, ക്രിസ്തുമസ് ട്രീ എന്നിവയാൽ വർണ്ണാഭമായിരുന്നു ഈ വർഷത്തെ പീസ് ഫെസ്റ്റ് .
സമാപന ശുശ്രൂഷകൾക്ക് തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രം ഡയറക്ടർ മോൺ. ഡോ. വിൻസെന്റ് കെ പീറ്റർ മുഖ്യ കാർമ്മികത്വം വഹിച്ചു.സമാധാനത്തിന് ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സമാധാനത്തിന്റെ പ്രഭുവായി ഈ ലോകത്തിലേയ്ക്ക് കടന്ന് വന്ന യേശുവിന്റെ സന്ദേശം പരിഹാരമാണെന്നും ഇത്തരം സമാധാനോത്സവങ്ങൾ മുറിവേറ്റ മാനവ ഹൃദയങ്ങൾക്ക് ആശ്വാസവും, ഔഷധവുമാണെന്നും സമാപന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
സ്പിരിച്വൽ ഡയറക്ടർ ഫാ.ഹെൻസിലിൻ ഒ. സി.ഡി. വചന സന്ദേശം നൽകി.ഫാ. അരുൺ പി. ജിത്ത് സ്വാഗതവും ജനറൽ കോർഡിനേറ്റർ ടി.ജി.രാജേന്ദ്രൻ കൃതഞ്ജതയും പറഞ്ഞു. തെക്കൻ കുരിശുമല തീർത്ഥാടന കമ്മിറ്റിയും, തിരഞ്ഞെടുത്ത വിവിധ കമ്മിറ്റികളും പീസ് ഫെസ്റ്റ് – 2 K 24ന് നേതൃത്വം നൽകി.