ജെയിംസ് അഗസ്റ്റിന്
അന്തരിച്ച പ്രശസ്ത സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍ കഥകളും തിരക്കഥകളും നോവലുകളും നാടകവുമെല്ലാം രചിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ ലോകത്ത് ഗാനരചയിതാവായി എം.ടി.യുടെ പേരെഴുതപ്പെട്ടത് ഒരേ ഒരു സിനിമയിലാണ്. രണ്ടു സിനിമകള്‍ക്കായി അദ്ദേഹം ഗാനരചന നിര്‍വഹിച്ചെങ്കിലും ഒരു സിനിമ വെളിച്ചം കണ്ടില്ല.
എം.ടി വാസുദേവന്‍ നായര്‍ എഴുതി ഹരിഹരന് സംവിധാനം ചെയ്ത ‘വളര്‍ത്തുമൃഗങ്ങള്‍’ക്ക് ഗാനങ്ങള്‍ രചിക്കാന്‍ യൂസഫലി കേച്ചേരിയെയാണ് നിശ്ചയിച്ചിരുന്നത്. സംഗീതം നല്‍കാനായി ക്ഷണിച്ചത് എം.ബി. ശ്രീനിവാസനെയും. കോഴിക്കോട് ഒരു ഹോട്ടല്‍ മുറിയില്‍ ഗാനങ്ങളുടെ സൃഷ്ടിക്കായി എല്ലാവരും ഒത്തു ചേര്‍ന്നു. എം.ബി.ശ്രീനിവാസന് സംഗീതവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിദേശയാത്രയുള്ളതിനാല് അന്നുതന്നെ പാട്ടെഴുതി സംഗീതം നല്കേണ്ടിയിരുന്നു. അടുത്ത ദിവസം റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കിയ ശേഷം യാത്ര ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ കടുത്ത പനി ബാധിച്ച യൂസഫലിക്ക് പാട്ടെഴുതി നല്കാന് കഴിഞ്ഞില്ല. സംവിധായകന് ഹരിഹരന്റെ നിര്‍ബന്ധത്തിനു വഴങ്ങി എം.ടി. പാട്ടെഴുതാമെന്നു സമ്മതിക്കുകയായിരുന്നു. നാല് ഗാനങ്ങളാണ് ഈ സിനിമയ്ക്കായി എം.ടി. എഴുതിയത്. യേശുദാസും എസ്. ജാനകിയുമായിരുന്നു ഗായകര്‍.
എസ്. ജാനകി പാടിയ പാട്ടിന്റെ വരികള്‍.
‘ഒരു മുറി കണ്ണാടിയില്‍ ഒന്നു നോക്കി..
ഒരു മുറി കണ്ണാടിയില്‍ ഒന്നു നോക്കി..
എന്നേ ഒന്നു നോക്കി
അറിഞ്ഞില്ലാ ഞാനിന്നെന്നെ
അറിഞ്ഞില്ലാ.. അറിഞ്ഞില്ലാ
കണ്ണാടി പൊടി മറഞ്ഞു
രാവില്‍ കിനാവിലേതോ
ഇന്ദ്രജാലം നടന്നോ…
കണ്മഷി ചെപ്പു കണ്ടോ
എന്റെ നീല കണ്മഷി ചെപ്പു കണ്ടോ
കുങ്കുമ ചെപ്പു കണ്ടോ
പൊന്‍ പൊടിയിട്ട കുങ്കുമ ചെപ്പു കണ്ടോ
ആരാനുമെന് കുങ്കുമ ചെപ്പു കണ്ടോ
അന്തിക്കൊളിച്ചുവച്ച ഇന്നലത്തെ
മന്ദാര മൊട്ടു കണ്ടോ
എനിക്കു തന്ന മന്ദാര മൊട്ടു കണ്ടോ’
സര്‍ക്കസ് കൂടാരത്തില്‍ ചിത്രീകരിച്ച യേശുദാസ് പാടിയ കാക്കാലന്‍ കളിയച്ഛന് എന്നു തുടങ്ങുന്നൊരു ഗാനവും ഇതേ സിനിമയിലുണ്ട്.
കാക്കാലന്‍ കളിയച്ഛന് കണ്ണു തുറന്നുറങ്ങുന്നു
കരിമറക്കകം ഇരുന്നു വിരല്‍ പത്തും വിറയ്ക്കുന്നു
കിഴവന്റെ കൈത്തുമ്പില്‍ ചരടുകളിളകുമ്പോള്‍
കരയുന്നു ചിരിക്കുന്നു പൊരുതുന്നു മരിക്കുന്നു
കളിയരങ്ങത്തു നൂറു വീര ശൂര നായകന്മാര്
പളുങ്കു മുത്തുകള്‍ പഞ്ഞിക്കിരീടങ്ങള്
കിന്നരികളിലലിയാടുന്നൂ
പടയാടുന്നു യുവരാജന്
അണിയറപ്പടിയിലെ ചെറുവെട്ടപ്പൊളിയില്
അന്തപ്പുരത്തട്ടില് നിന്നൂ
നൂറു പ്രാര്ഥനപ്പൂ പൊഴിയുന്നു
പ്രാര്ഥനപ്പൂ പൊഴിയുന്നു.
യേശുദാസിന്റെ സ്വരത്തില്ത്തന്നെയാണ് ശുഭരാത്രി എന്ന് തുടങ്ങുന്ന ഗാനവും നാം കേട്ടത്.
ശുഭ രാത്രി ശുഭ രാത്രി നിങ്ങള്‍ക്കു നേരുന്നു ശുഭ രാത്രി (2)
ഊരു തെണ്ടുമീ ഏകാന്ത പഥികന്
കാവല്‍ നില്ക്കും താരസഖികളേ
നിങ്ങള്‍ക്കു നന്ദി ശുഭ രാത്രി ശുഭ രാത്രി.
കര്‍മത്തിന് പാതകള്‍ എന്ന് തുടങ്ങുന്ന ഗാനവും കൂടി യേശുദാസിനെക്കൊണ്ട് എം.ടി.യും എം.ബി.എസും ഹരിഹരനും പാടിച്ചു.
കര്മ്മത്തിന് പാതകള്‍ വീഥികള്‍
ദുര്ഗമ വിജനപഥങ്ങള്‍
കളിയുടെ ചിരിയുടെ വ്യഥയുടെ
ഭാണ്ഡക്കെട്ടുകള്‍ പേറി വരുന്നവര്‍
അനന്ത ദുഷ്കര വിജനപഥങ്ങള്ക്കകലത്തെ
കൂടാരങ്ങള്‍ തേടി വരുന്നവര്‍
അഭയം അഭയം തേടി വരുന്നവര്‍.
ഹരിഹരന് തന്നെ സംവിധാനം ചെയ്ത ‘എവിടെയോ ഒരു ശത്രു’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് എം.ടി. വീണ്ടും ഗാനരചന നിര്‍വഹിച്ചത്. സിനിമ പുറത്തിറങ്ങാതിരുന്നതിനാല്‍ പാട്ടുകള്‍ കേള്‍ക്കാന്‍ മലയാളികള്‍ക്ക് ഭാഗ്യമുണ്ടായില്ല.