ഷാജി ജോര്‍ജ്
ചിലരുടെ സംഭാവനകള്‍ കാലാതീതമാണ്. അതിന്റെ ഫലം നമ്മള് അനുഭവിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അതിനു കാരണക്കാരായവരെ പലപ്പോഴും നമ്മള് ഓര്‍ക്കാറില്ല. മോണ്‍. ജോര്‍ജ് വെളിപ്പറമ്പിലിന്റെ പേരും അക്കൂട്ടത്തില്‍ പെടുത്താമെന്ന് എനിക്കു തോന്നുന്നു. ധിഷണാശാലിയായ പത്രപ്രവര്ത്തകന്, സംഘാടകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, ചിന്തകന്‍, ചരിത്രകാരന്, ഗ്രന്ഥകാരന് എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍. വരാപ്പുഴ അതിരൂപതയിലെ ചേരാനല്ലൂര്‍ ഇടവകയിലാണ് ജനിച്ചത്. 1961ല്‍ വൈദികനായി. 1962ല്‍ ഫാ. അലക്സാണ്ടര്‍ വടക്കുംതലയെ സഹായിക്കാന്‍ കേരള ടൈംസ് പത്രത്തില്‍ അസിസ്റ്റന്റ് മാനേജരായി നിയമിതനായി. 1965ല്‍ കേരള ടൈംസിന്റെ മാനേജരായി. ആ ദൗത്യം 1992 ഡിസംബര്‍ 3 വരെ തുടര്‍ന്നു. നീണ്ട 27 വര്‍ഷം കേരള ടൈംസിന്റെ മാനേജിംഗ് എഡിറ്റര്‍. കേരളത്തിലെ പത്രലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചതിനൊപ്പം കത്തോലിക്കാ മാധ്യമ ലോകത്ത് ശ്രേഷ്ഠമായ നേതൃത്വവും അദ്ദേഹം വഹിച്ചു. കാത്തലിക് പ്രസ് അസോസിയേഷന് ഇന്ത്യയുടെയും സൗത്ത് ഏഷ്യയുടെയും പ്രസിഡന്റായി സേവനം ചെയ്തു. കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. എസ്എന്‍ഡിപി നേതാവ് ഡോ. കെ.കെ രാഹുലന്, ടി.കെ.സി.വടുതല എന്നിവരോട് ചേര്‍ന്ന് രൂപീകരിച്ച പിന്നാക്ക സമുദായ മുന്നണി കേരള സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. കോളജ് സമരകാലത്ത് ദേശീയ നേതാക്കളുമായി സമരത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ക്ക് ഉണ്ടായിരുന്ന സമുദായസംഘടനകള്‍ പ്രവര്‍ത്തനരഹിതമായതോടെ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് രൂപീകരിക്കുന്നതിലും അദ്ദേഹം നിര്‍ണായകമായ പങ്കുവഹിച്ചു. 1962 മുതല്‍ കേരളാഗവണ്മെന്റിന്റെ വിവിധ പ്രസ് കമ്മിറ്റികളിലും കേരള പ്രസ് അക്കാദമിയുടെ പ്രഥമ അക്കാദമിക് കൗണ്‍സി ലിലും അംഗമായിരുന്നു; വിസിറ്റിങ് പ്രൊഫസറുമായിരുന്നു.
വിദ്യാര്‍ഥിയായിരുന്ന കാലംതൊട്ട് ചരിത്രാന്വേഷണകുതുകിയായിരുന്ന അദ്ദേഹം മുന്‍കൈയെടുത്ത് പ്രസാധനം ചെയ്തിട്ടുള്ള ഗ്രന്ഥങ്ങളാണ് ‘കേരളപത്രചരിത്രം (1977) ‘The Christian Heritage of Kerala’ (1981) എന്നിവ. ‘വരാപ്പുഴ അതിരൂപതാ ശതാബ്ദി സ്മരണിക” (1986) യുടെ എഡിറ്ററും, ‘സത്യനാദചരിത്രം,’ (1977) ‘ആദര്‍ശചിന്തകള്‍,’ (1984) കേരള സഭാചരിത്രം, ആത്മയാനം എന്നിവയുടെ രചയിതാവുമാണ്. വോക്സ് നോവയുടെ മാനേജിംഗ് എഡിറ്ററുമായിരുന്നു. മലയാള പത്രങ്ങളില്‍ ആദ്യമായി കളര്‍ പ്രിന്റിംഗ് ആരംഭിച്ചതും വെളിപ്പറമ്പില്‍ അച്ചന്റെ നേതൃത്വത്തില്‍ കേരള ടൈംസിലാണ്.
ക്ഷമിക്കണം, പുസ്തകപരിചയം ജീവചരിത്രമായി മാറിയതില്‍. ചിലരെ കുറിച്ച് വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. കാരണം, പൂര്‍വികര്‍ നിര്‍മ്മിച്ച സൗകര്യങ്ങളിലണ് നമ്മള് മുന്നോട്ട് ചരിക്കുന്നത് എന്ന കാര്യം പലപ്പോഴും വിസ്മരിക്കുന്നു.
മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ എഴുതിയ ‘കേരള സഭാചരിത്രം ‘ പുസ്തകമാണ് ഈയാഴ്ച പരിചയപ്പെടുത്തുന്നത്. 2010ല്‍ തിരുവനന്തപുരത്തെ കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിംഗ് ഹൗസാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 234 പേജുകള്‍ ഉള്ള പുസ്തകത്തില്‍ മൂന്ന് ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്ത് ക്രിസ്തുസഭാ സ്ഥാപനം, മതമര്‍ദ്ദനങ്ങള്‍, കാറള്‍സ്മാന്‍ ചക്രവര്‍ത്തി, മധ്യയുഗത്തിലെ സഭ പ്രൊട്ടസ്റ്റന്‍ഡ് മതവിപ്ലവം, സഭയുടെ പുത്തന്‍ പ്രഭാവഘട്ടം എന്നീ വിഷയങ്ങളാണ് പഠനവിധേയമാക്കിയിട്ടുള്ളത്.
രണ്ടാം ഭാഗത്ത് ഇന്ന് വളരെ പ്രസരിപ്പോടെ സ്ഥിതി ചെയ്യുന്ന കേരള ക്രൈസ്തവ സമൂഹത്തിന്റെ പ്രാരംഭ ദശയാണ് അപഗ്രഥിക്കുന്നത്. ഇരുളടഞ്ഞ കാലം, ഉദയംപേരൂര്‍ സൂനഹദോസ്, കൂനന്‍കുരിശ് സത്യം, പാദ്രോവാദവും കേരള സഭയും എന്നിങ്ങനെയുള്ള ശീര്‍ഷകങ്ങളില്‍ അവ വിവരിക്കുന്നു.
മൂന്നാം ഭാഗത്തെ ലേഖനങ്ങള്‍ കാലിക ചരിത്രവുമായി ബന്ധപ്പെട്ട് രചിച്ചിട്ടുള്ളവയാണ്. അനുരഞ്ജന ശ്രമങ്ങള്‍, കര്‍മ്മലീത്ത മിഷനറിമാര്‍, ലത്തീന്‍ ക്രിസ്ത്യന്‍ സമൂഹം, ഭാരതത്തിലെ ലത്തീന്‍ മിഷന് കേന്ദ്രങ്ങള്‍, പ്രൊപ്പഗാന്ത സംരംഭങ്ങള്‍, മലബാര്‍ വികാരിയത്ത്, പ്രഥമ ഏതദ്ദേശീയ മെത്രാന്, മഹാനായ ആഞ്ചലോ ഫ്രാന്‍സിസ്, മലബാര്‍ വികാരിയത്തിന്റെ പൈതൃകം, കൊച്ചി കൊടുങ്ങല്ലൂര്‍ വികാരിയത്തിന്റെ കീഴില്‍, മഹാനായ മെത്രാപ്പോലീത്ത, ഹയരാര്‍ക്കി സ്ഥാപനം, നവീകരണ പ്രസ്ഥാനങ്ങള്‍, വരാപ്പുഴയുടെ ആസ്ഥാനം എറണാകുളത്തേക്ക്, എയ്ഞ്ചല്‍ മേരിയും ജോസഫ് അട്ടിപ്പേറ്റിയും എന്നീ അധ്യായങ്ങളിലൂടെ സഭാചരിത്രത്തിലെ നിര്‍ണായ നാഴികക്കല്ലുകള്‍ അദ്ദേഹം അവതരിപ്പിക്കുന്നു. ഡോ. ജോണ്‍ ഓച്ചംതുരുത്തിന്റെ പ്രൗഢ ഗംഭീരമായ അവതാരികയും രണ്ട് അനുബന്ധങ്ങളും പസ്തകത്തിലുണ്ട്. ആദ്യ അനുബന്ധത്തില്‍ 2010ല്‍ കേരളത്തിലുണ്ടായിരുന്ന 10 ലത്തീന്‍ രൂപതകളുടെ ലഘുചരിത്രമാണ്. അനുബന്ധം രണ്ടില്‍ സമുദായത്തോട് ചേര്‍ന്ന് നില്ക്കുന്ന ആംഗ്ലോ ഇന്ത്യന്‍ സമുദായത്തെ കുറിച്ചുള്ള പഠനമാണ്.
കേരള സഭാചരിത്രം എഴുതാനിടയായ കാരണങ്ങളെക്കുറിച്ചും തുടര്‍ പഠനങ്ങള്‍ ഉണ്ടാകേണ്ടതിനെക്കുറിച്ചും മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ പുസ്തകത്തിന്റെ ആമുഖത്തിന് പറയുന്നുണ്ട്.
‘ലത്തീന്‍ ക്രിസ്ത്യാനികളുടെ ഇടയില്‍നിന്നും വിരളമായി ഉണ്ടായിട്ടുള്ള ചരിത്രകാരന്മാര് സുറിയാനി ചരിത്രകാരന്മാരെപോലെ സ്വന്തം വിഭാഗത്തിന്റെ പൗരാണികതയെക്കുറിച്ചും ആഭിജാത്യത്തെക്കുറിച്ചും അഥവാ സ്വന്തം രൂപതയുടെ മഹത്വത്തെക്കുറിച്ചും മാത്രമാണ് ഇതുവരെ എഴുതിയിട്ടുള്ളത്. നമ്പൂതിരി, നായര്‍, ചെട്ടി, ഈഴവര്‍, മുക്കുവര്‍, മുസ്ലീങ്ങള്‍, ഭരതര്‍, നാടാര്‍, പുലയര്‍, വേട്ടുവര്‍, സാമ്പവര്‍ മുതലായ സമുദായങ്ങളില്‍പ്പെട്ട നമ്മുടെ പൂര്‍വ്വികര്‍ സ്വീകരിച്ച വിശ്വാസം വിശപ്പും ദാഹവും സഹിച്ച് രക്തം ചിന്തി കാത്തുസൂക്ഷിച്ച വീരഗാഥ കണ്ടെത്താന്‍ കഴിയണം. പരിശുദ്ധ സിംഹാസനത്തിനു മുമ്പില്‍ ഫലപ്രദമായി അവതരിപ്പിക്കാനും കഴിയണം. ലത്തീന്‍ റീത്തു സ്വീകരിച്ചതുമൂലം പാശ്ചാത്യ മേല്‍ക്കോയ്മ സ്വീകരിച്ചുപോയ കൊടുങ്ങല്ലൂര്‍, കൊച്ചി, അര്‍ത്തുങ്കല്‍, കൊല്ലം എന്നിവിടങ്ങളിലെ മാര്‍ തോമാ ക്രിസ്ത്യാനികള്‍ക്ക് മാറിമാറിവന്ന രാഷ്ട്രീയ അധികാരികളില്‍നിന്നും അനുഭവിക്കേണ്ടിവന്ന നിഷ്ഠൂരമായ പീഡനങ്ങളുടെ കഥയും പുറത്തുവരണം. ഏറെക്കാലം ലത്തീന്‍ കത്തോലിക്കര്‍ തമ്മില്‍ കലഹിച്ചു കഴിഞ്ഞെങ്കിലും, ഇന്ന് നാം ഒരു ജനതയാണ്. ഒറ്റക്കെട്ടായി ഒരു നിരയായി പുരോഗതിയുടെ ഉദയഗിരിയിലേക്ക് നാം നടന്നടുക്കണം. മേല്‍ സൂചിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ ചെറുഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. ഇത് ഒരു ചരിത്ര ഗ്രന്ഥമല്ല, ഗവേഷണമല്ല, ഒരു പഠനംപോലുമല്ല. വെറും ഒരു പ്രവേശിക അഥവാ പഠനസഹായി ചരിത്ര പഠന കുതകികളായവര്ക്ക് ഒരു ചൂണ്ടുപലക.’
മോണ്‍. ജോര്‍ജ് വെളിപ്പറമ്പിലിന്റെ ഈ വിശിഷ്ട സഭാ ചരിത്ര പ്രവേശിക സമുദായംഗങ്ങള്‍ക്ക് മാറ്റിവെയ്ക്കാവുന്ന ഒരു പുസ്തകമല്ല; മറിച്ച് സ്വത്വബോധം വളര്‍ത്തുന്ന ഒന്നുതന്നെയാണ്.