കോട്ടപ്പുറം : ആഗോള കത്തോലിക്ക സഭയിൽ 2025 ജൂബിലി വർഷ ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം രൂപതയിൽ ജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ 29ന് വൈകിട്ട് നാലിന് ആരംഭം കുറിക്കും.
ഇതോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾ കോട്ടപ്പുറം മാർക്കറ്റിലെ പുരാതനമായ സെൻ്റ് തോമസ് കപ്പേളയിൽ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ അരംഭിക്കും. തുടർന്ന് ബിഷപ്പിൻ്റെ നേതൃത്വത്തിൽ വൈദീകർ , സന്യസ്തർ, സംഘടനാ ഭാരവാഹികൾ, മതാധ്യാപകർ, കുടുംബയൂണിറ്റ് ഭാരവാഹികൾ, തുടങ്ങിയ അൽമായരും ഒന്ന് ചേർന്ന് ജൂബിലി കുരിശുവഹിച്ച് പ്രദക്ഷിണമായി കത്തീഡ്രലിനു മുൻപിലെത്തും.
കത്തീഡ്രലിനു മുൻപിൽ നടക്കുന്ന തിരുകർമ്മങ്ങൾക്ക് ശേഷം മുഖ്യകാർമ്മികൻ ബിഷപ്പ് ഡോ. അംബ്രോസ് കത്തീഡ്രലിൻ്റെ മുഖ്യകവാടം തള്ളിതുറന്ന ശേഷം എല്ലാവരും കത്തീഡ്രലിലേക്ക് പ്രവേശിക്കും.. തുടർന്ന് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിക്ക് രൂപതയിലെ വൈദീകർ സഹകാർമ്മികരാകും.
ജൂബിലി വർഷത്തിൽ ഇടവക കേന്ദ്രീകരിച്ചുള്ള കർമ്മപരിപാടികൾക്കാണ് രൂപത ഊന്നൽ നൽകുന്നത്. 2024 ഡിസംബർ 29 മുതൽ 2025 ഡിസംബർ 28 വരെയാണ് രൂപതാതലത്തിൽ ജൂബിലി ആഘോഷങ്ങൾ നടക്കുന്നത്. പ്രത്യാശയുടെ തീർത്ഥാടകൾ എന്ന വിഷയം കേന്ദ്രീകരിച്ചാണ് ആഗോളസഭയിൽ ജൂബിലി ആഘോഷം നടക്കുന്നത്